കൊച്ചി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ മലപ്പുറം സ്വദേശിയായ ഷുഹൈബിന്റെ പ്രവർത്തികളിൽ ദുരൂഹത കണ്ട് അന്വേഷണ ഏജൻസികൾ. മാനസിക വിഭ്രാന്തിയിൽ ഇയാൾ വ്യാജ സന്ദേശം അയച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ വശങ്ങളും പരിശോധിക്കാനാണ് തീരുമാനം.

മുംബൈയിലെ എയർ ഇന്ത്യാ കോൾ സെന്ററിലാണ് ഇമെയിൽ ഭീഷണി സന്ദേശം കിട്ടിയത്. രാവിലെ 11.50 ന് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ 149 വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയത്. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു ഈ വിമാനം. ഭീഷണിയുടെ കാര്യം ഉടൻ തന്നെ കൊച്ചി വിമാനത്താവളത്തിന് കൈമാറി. സിയാൽ അടിയന്തര നടപടികളും എടുത്തു. ആളിന്റെ ഐഡന്റിറ്റി വ്യക്തമാക്കിയുള്ള സന്ദേശമായതു കൊണ്ടു കൂടിയായിരുന്നു ഭീഷണിയെ ഗൗരവത്തോടെ എടുത്തത്.

വിമാനത്താവളത്തിൽ സമഗ്ര പരിശോധന നടത്തി. ഇതിനിടെയാണ് വ്യാജ സന്ദേശം അയച്ച ആൾ കുടുംബവുമായി വിമാനം കയറാൻ നെടുമ്പാശ്ശേരിയിൽ എത്തിയത്. ഇതോടെ സുരക്ഷാ സേനയ്ക്ക് ആശങ്ക കൂടി. വിശദമായ പരിശോധനയും നടത്തി. ഇതോടെ എല്ലാം വ്യാജമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. മുമ്പ് എയർ ഇന്ത്യാ വിമാനത്തിലെ യാത്രയ്ക്കിടെ മകൾക്ക് ഭക്ഷ്യ വിഷ ബാധയുണ്ടായെന്നും ഇതിന് കാരണം വിമാനത്തിലെ മോശം ഭക്ഷണമാണെന്നും ആരോപിച്ചായിരുന്നു വ്യാജ ബോംബ് ഭീഷണി. മകളുടെ ജീവന് വില നൽകാത്ത എയർ ഇന്ത്യയിൽ യാത്ര ചെയ്യില്ലെന്നും വിമാനം ബോംബിട്ട് തകർക്കുമെന്നുമായിരുന്നു ഭീഷണി. അർദ്ധരാത്രിയാണ് മുംബൈ കോൾ സെന്ററിൽ സന്ദേശം എത്തിയത്. ഇതോടെ കൊച്ചിയിലെ എയർഇന്ത്യാ ഓഫീസിനേയം നെടുമ്പാശ്ശേരി വിമാനത്താവളത്തേയും പുലർച്ചെ ഒന്നരയോടെ വിവരം അറിയിച്ചു.

പ്രോട്ടോക്കോളുകൾ അനുസരിച്ച് ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി (ബിടിഎസി) ഉടൻ ചേർന്നു. എയർപോർട്ട് സെക്യൂരിറ്റി ഗ്രൂപ്പ്, എയർലൈൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ, ഇൻലൈൻ ബാഗേജ് സ്‌ക്രീനിങ് സംവിധാനങ്ങൾ എന്നിവർ സമഗ്രമായ സുരക്ഷാ പരിശോധനകൾ നടത്തി. മുംബൈ കോൾ സെന്ററിൽ ഭീഷണി റിപ്പോർട്ട് ചെയ്ത കോളറെ തിരിച്ചറിയാൻ ശ്രമവും തുടങ്ങി. എഐ 149ൽ ലണ്ടനിലേക്ക് പോകാനിരുന്ന കൊണ്ടോട്ടി മലപ്പുറം സ്വദേശി ഷുഹൈബ് (29) ആണ് വിളിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യക്കും മകൾക്കുമൊപ്പം ഷുഹൈബിനെയും കൊച്ചിൻ എയർപോർട്ടിൽ അന്വേഷകർ കണ്ടെത്തി. ഇതോടെ ഇവരെ ചോദ്യം ചെയ്യാനും തുടങ്ങി.

വിമാനം ഒറ്റപ്പെട്ട എയർക്രാഫ്റ്റ് പാർക്കിങ് പോയിന്റിലേക്ക് മാറ്റുകയും സമഗ്രമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിമാനം വിശദമായി പരിശോധിച്ച ശേഷം പറക്കലിന് അനുമതി നൽകുകയും ചെയ്തു. ഷുഹൈബിനൊപ്പമുണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും വിമാനത്താവള സുരക്ഷാ ഏജൻസികളും പൊലീസും ചോദ്യം ചെയ്ത് വരികയാണ്.

ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ ശേഷം ലണ്ടനിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ബോബ് ഭീഷണി. ഇതോടെ ഡൽഹിയിൽ വച്ച് വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതോടെ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.