- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജരേഖയുണ്ടാക്കി കരാർ ജീവനക്കാരെ പിരിച്ചുവിട്ടു; പുതിയ കരാറിൽ ജോലിയിൽ പ്രവേശിപ്പിച്ചു; അനുവദിച്ച ശമ്പളം പൂർണമായി നൽകാറില്ല; അവധി അനുവദിക്കുന്നതിലും വിവേചനം; ആനുകൂല്യങ്ങൾ നൽകാതെ സി ഡിറ്റ് ദ്രോഹിക്കുന്നുവെന്ന് ജീവനക്കാർ
കോഴിക്കോട്: സി ഡിറ്റിന് കീഴിൽ ജോലി ചെയ്യുന്ന മോട്ടോർ വാഹന വകുപ്പിലെ കരാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതെ ദ്രോഹിക്കുന്നതായി പരാതി. ജീവനക്കാർക്ക് നൽകാനായി മോട്ടോർ വാഹന വകുപ്പ് നൽകുന്ന ശമ്പളം പൂർണമായി നൽകാറില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. സോണൽ മാനേജർ, നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, അസി. നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, അസി. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഹൗസ് കീപ്പിങ്്, ഹെൽപ് ഡെസ്ക് എന്നിവയിലായി ദീർഘകാലമായി ജോലി ചെയ്യുന്ന ജീവനക്കാരാണ് ഇതുമൂലം ദുരിതമമനുഭവിക്കുന്നത്.
സോണൽ മാനേജർക്ക് മോട്ടോർ വാഹന വകുപ്പ് 35,000 രൂപയാണ് പ്രതിമാസം ശമ്പളമായി സി ഡിറ്റിന് നൽകുന്നത്. എന്നാൽ ജീവനക്കാർക്ക് സി ഡിറ്റ് നൽകുന്നതാകട്ടെ 25,000 രൂപമാത്രം. നെറ്റ് വർക്ക് അഡ് മിനിസ്ട്രേറ്റർക്ക് 33,000 രൂപ പ്രതിമാസം വകുപ്പ് നൽകുമ്പോൾ സി ഡിറ്റ് ജീവനക്കാർക്ക് നൽകുന്നത് 23,000 രൂപ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർക്ക് 29,000 ലഭിക്കുമ്പോൾ ജീവനക്കാർക്ക് കിട്ടുന്നത് 21,000 രൂപ. അസി. സിസ്റ്റം അഡ് മിനിസ്ട്രേറ്റർക്ക് 16,000 ലഭിക്കുമ്പോൾ നൽകുന്നത് 13,000 രൂപ. ഹൗസ് കീപ്പിങ്ങിൽ ജോലി ചെയ്യുന്നവർക്കാകട്ടെ പ്രതിദിനം 320 രൂപ വച്ചാണ് സി ഡിറ്റ് വേതനം നൽകുന്നത്.
ഇതിനെല്ലാം പുറമേ കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ ഒരു ദിവസത്തെ ശമ്പളം ഏകപക്ഷീയമായ കുറക്കുകയും ചെയ്തു. ഓഗസ്റ്റിലെ ശമ്പളത്തിലാണ് ഒരു ദിവസത്തെ കുറവുണ്ടായത്. ജീവനക്കാരെ മുഴുവൻ ഓഗസ്റ്റ് 30ന് പിരിച്ചുവിട്ടതായി വ്യാജരേഖയുണ്ടാക്കിയാണ് ഇത് സാധ്യമാക്കിയതെന്ന് ജീവനക്കാർ ആരോപിച്ചു. ഇവരെ പിന്നീട് സെപ്റ്റംബർ ഒന്നിന് വീണ്ടും പുതിയ കരാറിൽ ജോലിയിൽ പ്രവേശിപ്പിച്ചതായും രേഖകളുണ്ടാക്കിയിട്ടുണ്ട്.
15 വർഷത്തിൽ അധികമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഉൾപ്പെടെയാണ് ഇത്തരത്തിൽ രേഖയുണ്ടാക്കി പിരിച്ചുവിട്ടിരിക്കുന്നതും വീണ്ടും അപ്പോയന്റ് ചെയ്തിരിക്കുന്നതും. മോട്ടോർ വകുപ്പിന് കീഴിൽ ജീവനക്കാർക്ക് 20 കാഷ്വൽ ലീവ് അനുവദിക്കപ്പെടുമ്പോൾ സി ഡിറ്റ് തങ്ങളുടെ കരാർ തൊഴിലാളികൾക്ക് നൽകുന്നത് 12 എണ്ണം മാത്രമാണ്. അതുതന്നെ അതാത് മാസം കൃത്യമായി എടുത്തുതീർത്തില്ലെങ്കിൽ ലാപ്സാവുന്ന വ്യവസ്ഥയിലുമാണ്.
അതായത് സംസ്ഥാനത്തെ തൊഴിൽ നിയമങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിൽ അരങ്ങേറുന്നതെന്ന് ചുരുക്കം. എല്ലാ സ്ഥാപനത്തിലും 12 സിക്ക് ലീവ് അനുവദനീയമാണെങ്കിലും സി ഡിറ്റിന് അതും ബാധകമല്ല. തങ്ങൾ അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ലേബർ കമ്മിഷ്ണർക്കും സി ഡിറ്റ് ഡയരക്ടർക്കുമെല്ലാം പരാതി നൽകി മറുപടിയും കാത്തിരിക്കുകയാണ് ജീവനക്കാർ.
ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകളാണ്. സർക്കാർ സർവിസിൽ ഭാര്യയുടെ പ്രസവത്തിന് 10 ദിവസം പറ്റേണിറ്റി ലീവായി ഭർത്താക്കന്മാർക്ക് അനുവദിക്കുന്നുണ്ടെങ്കിലും ഇതും സി ഡിറ്റിലെ പുരുഷ ജീവക്കാർക്ക് നൽകാത്ത സ്ഥിതിയാണ്. മറ്റുള്ള വകുപ്പുകളിലും അർധ സർ്ക്കാർ സ്ഥാപനങ്ങളിലുമെല്ലാം ശമ്പളം കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെടുമ്പോൾ സി ഡിറ്റ് ജീവനക്കാർ ഇതിന്റെയും പുറമ്പോക്കിലാണ്.
ജോലിക്കായി കയറുന്ന ഒരാൾക്ക് ആദ്യ ശമ്പളം ലഭിക്കുക 30 ദിവത്തിന് പകരം 45 ദിവസത്തിന് ശേഷമാണ്. ഈ മാസം 16 മുതൽ അടുത്ത മാസം 15വരെയെന്ന രീതിയിലാണ് ശമ്പളം കണക്കുകൂട്ടുന്നത്. എന്നാൽ ഇതാവട്ടെ നൽകുന്നത് അതിനെ തുടർന്നു വരുന്ന മാസത്തിലും ഉദാഹരമണമായി ഓഗസ്റ്റിൽ ജോലിക്കു കയറിയാൽ ഒക്ടോബർ അഞ്ചിനു മാത്രമേ ശമ്പളം കൈയിൽകിട്ടൂ. സി ഡിറ്റിൽ ജോലി സയമവും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണ്.
സർക്കാർ ജീവനക്കാർക്ക് 10 മുതൽ അഞ്ചുവരെയാണ് ജോലിയെങ്കിൽ സി ഡിറ്റിലെ കരാർ ജീവനക്കാർക്ക് 9.15 മുതൽ 6.15 വരെ ഒൻപത് മണിക്കൂറാണ്. എം ബി എയും ബി ടെകുമെല്ലാം കഴിഞ്ഞവരാണ് ഇവിടുത്തെ ഉയർന്ന തസ്തികയിലെ ജോലിക്കാർ. എന്നിട്ടും ഇത്തരത്തിൽ കടുത്ത വിവേചനമാണ് സി ഡിറ്റിന് കീഴിൽ ജീവനക്കാർ വർഷങ്ങളായി അനുഭവിക്കുന്നത്. തങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാൻ സി ഡിറ്റ് അധികാരികൾ തയാറായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്