തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി സ്ഥാനത്ത് നിന്നും രഞ്ജിതിനെ മാറ്റുമെന്ന സൂചന അതിശക്തം. ഇത്തവണത്തെ ചലച്ചിത്ര മേളയിലും സർക്കാരിന്റെ അതൃപ്തി രഞ്ജിത്തിന് വിനായാകും. ചലച്ചിത്ര മേളയിൽ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് ഇത്തവണ വേദിയൊരുക്കിയത് രഞ്ജിത്താണെന്നാണ് സിപിഎം വിലയിരുത്തൽ. സിനിമാ നയവുമായി ബന്ധപ്പെട്ട ഓപ്പൺ ഫോറത്തിൽ ബിജെപി ബന്ധമുള്ള സിനിമാക്കാരനേയും പങ്കെടുപ്പിച്ചു. ചലച്ചിത്ര വ്യവസായത്തോടുള്ള സർക്കാരിന്റെ ഇരട്ടത്താപ്പ് ഈ ഓപ്പൺ ഫോറത്തിൽ തുറന്നു കാട്ടുകയും ചെയ്തു. ഇതോടെ രഞ്ജിത്തിനെതിരായ അതൃപ്തി സർക്കാരിൽ ശക്തമാകുകയാണ്. നവകേരള സദസിന് ശേഷം വിവാദത്തിൽ തീരുമാനം ഉണ്ടാകുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനും അറിയിച്ചിട്ടുണ്ട്. അതിനിടെ സിനിമാ നയത്തിനെതിരായ ചർച്ച സിപിഎമ്മിന്റെ ശ്രദ്ധയിൽ രഞ്ജിത് വിരുദ്ധർ കൊണ്ടു വന്നിട്ടുണ്ട്.

ചിത്രാജ്ഞലി സ്റ്റുഡിയോ നവീകരണം ഇഴയുന്നതും കിഫ്ബിയുടെ സാമ്പത്തിക ഇല്ലായ്മയുടെ പ്രശ്നവുമെല്ലാം ഓപ്പൺ ഫോറത്തിൽ എത്തി. തിയേറ്ററുകളിലെ ടിക്കറ്റ് നിരക്കിൽ നിന്നും ജിഎസ് ടിക്ക് പുറമേ വിനോദ നികുതി ഈടാക്കുന്നതിനേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാവായ സുരേഷ് കുമാർ കുറ്റപ്പെടുത്തി. കൊച്ചിയിൽ മാത്രമായി സിനിമ കേന്ദ്രീകരിക്കുന്നതിന് പരോക്ഷ കുറ്റപ്പെടുത്തലും സർക്കാരിനായിരുന്നു. സ്വന്തമായൊരു സിനിമാ നയം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയായത്. പിണറായി അധികാരത്തിൽ എത്തിയിട്ട് ഏഴ് കൊല്ലമായി. മലയാള സിനിമയെ സഹായിക്കാൻ എന്തെങ്കിലും ഈ കാലത്തുണ്ടായോ എന്ന സംശയമാണ് ഈ ഓപ്പൺ ഫോറം ചർച്ചയാക്കിയത്.

എന്തിനാണ് ഇത്തരത്തിലൊരു വിഷയം ചലച്ചിത്ര മേളയിൽ ഉൾക്കൊള്ളിച്ചതെന്നതാണ് സിപിഎം അനുകൂലികളായ സിനിമാക്കാർ ഉയർത്തുന്ന ചോദ്യം. സർക്കാരിനെ ബോധപൂർവ്വം കരിവാരി തേയ്ക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം നേടിയ സിക്കിമിന്റെ സിനിമാ നയത്തെ കേരളത്തിനും മാതൃകയാക്കാവുന്നതാണെന്ന് ഫിപ്രസി ജനറൽ സെക്രട്ടറി പ്രേമേന്ദ്ര മജുംദാർ പറഞ്ഞത് ഇടതു സർക്കാരിന് നാണക്കേടായി എന്നാണ് വിലയിരുത്തൽ. അതായത് സിക്കിമിന്റെ ആലോചന പോലും സിനിമയ്ക്കു വേണ്ടി പിണറായി സർക്കാർ നടത്തുന്നില്ലെന്നാണ് ഓപ്പൺ ഫോറത്തിൽ ഉയർന്ന ചിന്ത. ഇത് സർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ഈ ഓപ്പൺ ഫോറത്തിൽ രഞ്ജിത്തും പങ്കെടുക്കേണ്ടതായിരുന്നു. സർക്കാർ വിരുദ്ധത നിറഞ്ഞ ഈ വേദിയിൽ രഞ്ജിത് എത്തിയതുമില്ല.

അതിനിടെ ചലച്ചിത്ര സംഘടനകൾ,അക്കാഡമി ,കെ എസ് എഫ് ഡി സി തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ചാവണം സിനിമ നയം രൂപീകരിക്കേണ്ടതെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് കൂട്ടിച്ചേർക്കുകയും ചെയ്തു. സിനിമാ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയുള്ള സിനിമാനയം അനിവാര്യമെന്നായിരുന്നു ഓപ്പൺ ഫോറം മുന്നോട്ട് വച്ച ആശയം. ഇതെല്ലാം സർക്കാർ വിരുദ്ധ നിലപാടുകളായി സിപിഎമ്മിലെ ഒരു വിഭാഗം വിലയിരുത്തുന്നു. ചലച്ചിത്ര അക്കാഡമിയിൽ രഞ്ജിത്തിന് ഭൂരിപക്ഷം നഷ്ടപ്പെട്ട നിലയുമുണ്ട്. സംവിധായകൻ ഡോ ബിജുവിനെതിരായ പരസ്യ വിമർശനമാണ് ഇതിനെല്ലാം കാരണമായത്. രഞ്ജിത്തിനെ മാറ്റണമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനം എടുക്കുമെന്നാണ് സൂചന.

രഞ്ജിത്തിനെ നീക്കണമെന്ന് ഒൻപത് ജനറൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവശവും പരിശോധിച്ചാകും തീരുമാനം. മുതിർന്ന സിനിമാക്കാരോടും മുഖ്യമന്ത്രി കൂടിയാലോചന നടത്തുമെന്നും സൂചനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ മികച്ച നിർദ്ദേശങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടാവണം സംസ്ഥാനത്ത് സിനിമാനയം രൂപീകരിരിക്കേണ്ടതെന്ന് സുരേഷ്‌കുമാർ ഓപ്പൺ ഫോറത്തിൽ അഭിപ്രായപ്പെട്ടിരുന്നു. ജെൻഡറിനും പ്രേക്ഷകർക്കും അർഹമായ പരിഗണന നൽകണമെന്നും മിക്ക സംസ്ഥാനങ്ങളിലേയും സിനിമാ നയത്തെ ടൂറിസം നയവുമായി ബന്ധപ്പെടുത്താറുണ്ടന്നും അഭിനേത്രി സജിത മഠത്തിൽ പറഞ്ഞു . പക്ഷേ ഇത് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കാതെ കലയുടെ പരിപോഷണത്തിന് ഉതകുന്നതായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമാ നയ രൂപീകരണത്തോടൊപ്പം അതിന്റെ നടപ്പാക്കലിലും പൂർണശ്രദ്ധയും സുതാര്യതയും വേണമെന്ന് സംവിധായിക മിനി ഐ ജി ഓപ്പൺ ഫോറത്തിൽ അഭിപ്രായപ്പെട്ടു. ട്രേയ്ഡ് യൂണിയൻ സംസ്‌കാരം മേഖലയിൽ കടന്നുവരേണ്ടതുണ്ടെന്നും സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ സമൂഹം തുടങ്ങിയ എല്ലാവരേയും കൂടുതലായി പരിഗണിക്കണമെന്നും അവർ പറഞ്ഞു. എന്നാൽ സർക്കാരിന് വേണ്ടി നിലപാട് വിശദീകരിക്കാൻ ആരും ഉണ്ടായില്ലെന്നതാണ് വസ്തുത. കേരളത്തിൽ സിനിമയ്ക്കായി സർക്കാർ ചെയ്തതൊന്നും ഈ ഓപ്പൺ ഫോറത്തിൽ ആരും ഒന്നും പറഞ്ഞില്ല.

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്‌കാരിക വകുപ്പിന്റെ മാസങ്ങൾക്ക് മുമ്പ് ഉത്തരവ് പുറത്തിറങ്ങിയിരുന്നു. കരട് സിനിമാ നയം രണ്ട് മാസത്തിനുള്ളിൽ സർക്കാരിൽ സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഷാജി എൻ. കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. കരട് സിനിമ നയം തയാറാക്കുമ്പോൾ കമ്മിറ്റി ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ ശിപാർശകൾ കൂടി പരിശോധിച്ച് ഉചിതമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്നും സിനിമയിലെ പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ, എക്സിബിഷൻ എന്നീ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു.

കൊല്ലം എംഎ‍ൽഎ എം.മുകേഷ്, നടിമാരായ മഞ്ജു വാര്യർ, പത്മപ്രിയ, നിഖില വിമൽ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, ചലച്ചിത്ര നിർമ്മാതാവ് സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്തത്. ഇതിൽ മഞ്ജു വാര്യരും രാജീവ് രവിയും പദവി ഏറ്റെടുത്തതുമില്ല. ഷൂട്ടിങ് തിരക്കുള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനായിരുന്നു തീരുമാനം. പക്ഷേ ഒന്നും ഒരിടത്തും എത്തിയില്ല. ഇതിനിടെയാണ് ചലച്ചിത്ര മേളയിൽ ഓപ്പൺ ഫോറം ഈ വിഷയം കൈകാര്യം ചെയ്തത്.

സിനിമാനയം, സിനിമയ്ക്ക് പ്രത്യേക അഥോറിറ്റി എന്നിവ കഴിഞ്ഞ സർക്കാരിന്റെകാലത്തെ പ്രഖ്യാപനങ്ങളാണ്. എന്നാൽ, അഥോറിറ്റിയോട് സിനിമാ മേഖലയിലെ സംഘടനകൾക്ക് താത്പര്യമില്ല. സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി ശുപാർശകളിൽ സിനിമാനയം തയ്യാറാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നത്. കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതിക്കെതിരേ വിമർശനമുയർന്നിരുന്നു. ചർച്ച നടത്താതെ സമിതിയെ നിയോഗിച്ചെന്നായിരുന്നു ഡബ്ല്യു.സി.സി.യുടെ പരാതി.