- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തി യുഡിഎഫ് അനുഭാവികള്‍; ഹെഡ് ഓഫീസില്‍ പിന്‍വലിച്ചത് ഒരു കോടിയോളം; പാറോപ്പടി ബ്രാഞ്ചില്‍ 60 ലക്ഷം; ആവശ്യത്തിന് പണം ഇല്ലാതായതോടെ പ്രതിസന്ധി; സിപിഎമ്മും വിമതരും പിടിച്ചെടുത്ത ചേവായൂര്‍ ബാങ്കിന് എട്ടിന്റെ പണി കൊടുത്ത് കോണ്‍ഗ്രസ്
സിപിഎമ്മും വിമതരും പിടിച്ചെടുത്ത ചേവായൂര്‍ ബാങ്കിന് എട്ടിന്റെ പണി കൊടുത്ത് കോണ്‍ഗ്രസ്
കോഴിക്കോട്: 100 കോടിയുടെ ആസ്തിയും, 504 കോടി നിക്ഷേപവുമുള്ള കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കായ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. കല്ലേറും സംഘര്‍ഷവുമുണ്ടാക്കി വോട്ടര്‍മാരെ വിരട്ടിയോടിച്ചും, ക്രമേക്കട് നടത്തിയുമാണ് ബാങ്ക് പിടിച്ചെടുത്തതെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ ഞായറാഴ്ച കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലും നടന്നു. ജനാധിപത്യ വിരുദ്ധമായി നടന്ന ബാങ്ക് തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരിക്കയാണ്.
സിപിഎമ്മിനാവട്ടെ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ലോട്ടറിയാണ്, ഈ നേട്ടം. പക്ഷേ ബാങ്ക് കൈയില്‍ നിന്ന് പോയതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഭരണസമിതിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കയാണ്. യുഡിഎഫ് അനുകൂല നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന് തിരിച്ചടിയായത്.
കൂട്ട പിന്‍വലിക്കലില്‍ ഞെട്ടല്‍
ബാങ്കിന്റെ ചേവായൂര്‍ ഹെഡ് ഓഫിസില്‍ ഒരു കോടിയോളം രൂപ പിന്‍വലിക്കണമെന്ന ആവശ്യമാണ് നിക്ഷേപകര്‍ ഉന്നയിച്ചത്. പാറോപ്പടി ബ്രാഞ്ചില്‍ നിന്ന് 60 ലക്ഷത്തോളം രൂപ പിന്‍വലിക്കണമെന്ന ആവശ്യവുമായ് നിക്ഷേപകരെത്തി. ബാങ്കിന്റെ മറ്റ് ബ്രാഞ്ചുകളിലും സമാന രീതിയില്‍ പണം പിന്‍വലിക്കണമെന്ന ആവശ്യവുമായ് നിക്ഷേപകര്‍ കൂട്ടത്തോടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ആവശ്യത്തിനുള്ള പണം ഇല്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ബാങ്ക് അധികൃതര്‍ ഇന്ന് വരാന്‍ ആവശ്യപ്പെട്ട് നിക്ഷേപകരെ മടക്കി അയച്ചു. ഇത് ചെറിയ തോതില്‍ വാക്ക് തര്‍ക്കത്തിനും ഇടയാക്കി.
കൂടുതല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കണമെന്ന ആവശ്യവുമായി നാളെ എത്തുമെന്നാണ് സൂചന. എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഒരുമിച്ച് പിന്‍വലിക്കുന്നത് ബാങ്കിനെ പ്രതിസന്ധിയിലാക്കുകയാണ്. ജനാധിപത്യ വിരുദ്ധമായ് പിടിച്ചെടുക്കുന്ന സഹകരണ ബാങ്കുകളോട് ഒരുവിധത്തിലും സഹകരിക്കേണ്ടെന്നും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ആലോചിക്കുമെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് യുഡിഎഫ് അനുഭാവികളായ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തിയത്.
കള്ളവോട്ടും സമ്മതിദായകരെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതും സംഘര്‍ഷവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന റിട്ടേണിംഗ് ഓഫിസര്‍, കോഴിക്കോട് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ എ.ഉമേഷ് എന്നിവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടരുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. സഹകരണ വാരാഘോഷം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പരിപാടികളും യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടുണ്ട്.
61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണ് കോണ്‍ഗ്രസ് വിമതരും സിപിഎമ്മും ചേര്‍ന്ന് പിടിച്ചെടുത്തിരിക്കയാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ സിപിഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും. 11 സീറ്റിലേക്കായി നടന്ന മത്സരത്തില്‍ വിജയിച്ചവരില്‍ ഏഴുപേര്‍ കോണ്‍ഗ്രസ് വിമതരും നാലുപേര്‍ സിപിഎം പ്രവര്‍ത്തകരുമാണ്.
എന്നാല്‍ വ്യാപകമായ കള്ളവോട്ടും കൃത്രിമവും നടത്തിയാണ് ബാങ്ക് പിടിച്ചെടുത്തത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ശനിയാഴ്ച വലിയ സംഘര്‍ഷമാണ് പോളിങ്് കേന്ദ്രമായ പറയഞ്ചേരി സ്‌കൂളിനുമുന്നില്‍ നടന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെയും കയ്യേറ്റമുണ്ടായി.
കോണ്‍ഗ്രസിന് നഷ്ടം കോടികള്‍
കോഴിക്കോട് ജില്ലയിലെ ആദ്യ സൂപ്പര്‍ക്ലാസ് ബാങ്കാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. 100 കോടിയുടെ ആസ്തിയും 504 കോടി നിക്ഷേപവുമുള്ള ബാങ്ക് 224 കോടി രൂപയാണ് ലോണ്‍ നല്‍കിയിട്ടുള്ളത്. എട്ട് ബ്രാഞ്ചും മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റും മൂന്ന് നീതി മെഡിക്കല്‍ സ്റ്റോറുകളും സഞ്ചരിക്കുന്ന എ.ടി.എം. കോര്‍ബാങ്കിങ് സംവിധാനവും ഉള്ള ബാങ്കിന് തൊണ്ടയാട് 65 സെന്റ് സ്ഥലവും പാറോപ്പടിയിലും കോവൂരിലും സ്വന്തമായി ഭൂമിയും കെട്ടിടവുമുണ്ട്.
ചേവായൂര്‍, നെല്ലിക്കോട്, കോവൂര്‍, കോട്ടൂളി, പറയഞ്ചേരി എന്നീ അഞ്ച് സ്ഥലങ്ങളിലാണ് ബാങ്കിന് കീഴിലുള്ള ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. 36000-ത്തില്‍ അധികം എ ക്ലാസ് മെമ്പര്‍ ഉള്ള ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ 8500 മെമ്പര്‍മാരാണ് വോട്ട് ചെയ്തത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ബാങ്കുകളിലൊന്നാണിത്.
ഈ ബാങ്ക് കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമായി പറയപ്പെടുന്നത് നേതാക്കളുടെ ഈഗോ തന്നെയാണ്. ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ നല്ലരീതിയില്‍ ബാങ്ക് ഭരണം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കേ പാര്‍ട്ടിനേതൃത്വത്തിലെ ചിലര്‍ അനാവശ്യമായി ഇടപെട്ടതാണ് പ്രശ്‌നമായത്. ബാങ്ക്് ഭരണത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനാവശ്യമായി ഇടപെടുന്നതായിരുന്നു ഭരണസമിതിയെ പിന്തുണയ്ക്കുന്നവരെ പ്രകോപിപ്പിച്ചത്.
കെപിസിസി ജന. സെക്രട്ടറി കെ ജയന്തിന്റെ നേതൃത്വത്തില്‍ ഭരണസമിതിക്കെതിരെ നിരന്തര നീക്കങ്ങളുണ്ടായി. ഇതിന് പിന്തുണ നല്‍കുന്ന തരത്തിലായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എന്നിവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളും. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ ഇടതു നേതാക്കള്‍ക്കൊപ്പം ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാര്‍ പങ്കെടുത്തതാണ് ഡിസിസി നേതൃത്വത്തിന് നീരസമുണ്ടാക്കിയത്.
ഇതിനെത്തുടര്‍ന്നാണ് ഭരണ സമിതി അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. ബാങ്ക് പ്രസിഡന്റ് ജി സി പ്രശാന്ത് കുമാറിനെയും അദ്ദേഹത്തെ പിന്തുണച്ച കെപിസിസി മുന്‍ അംഗം കെ വി സുബ്രഹ്‌മണ്യന്‍ ഉള്‍പ്പെടെയുള്ളവരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഇതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വരികയും ചെയ്തു.
അതിനിടെ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ കൊലവിളിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോയെന്ന് ഓര്‍ക്കണമെന്നുമായിരുന്നു സുധാകരന്റെ ഭീഷണി. ഈ പ്രസംഗം ഉള്‍പ്പെടെ വിമത പക്ഷം ചര്‍ച്ചയാക്കുകയും ചെയ്തു.
സിപിഎമ്മാവട്ടെ കിട്ടിയ അവസരം മുതലെടുത്ത് വിമതര്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തു. ജയിച്ചതോടെ കോടികള്‍ ആസ്തിയുള്ള ബാങ്ക് ഫലത്തില്‍ സിപിഎമ്മിന്റെ കൈയിലായി. നേതാക്കള്‍ക്കിടയിലെ പ്രശ്‌നം രമ്യമായി പരിഹരിച്ചിരുന്നെങ്കില്‍, ഈ 500 കോടിയുടെ സ്വത്തുക്കള്‍ കോണ്‍ഗ്രസിന്റെ കൈയില്‍ തന്നെ നിന്നേനെ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്