- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണപുടം അടിച്ചു തകർത്ത കൊലപാതക ശ്രമം അടക്കം 30 ആരോപണങ്ങളിൽ 18ഉം തെളിഞ്ഞു; അതിക്രൂരനെ തിരിച്ചെടുക്കാൻ ദുർബല സമുദായ അംഗമെന്ന പരിഗണനയും ചർച്ചയാക്കി; കുടുംബത്തെ മഹാവിപത്തിൽ നിന്ന് രക്ഷിച്ചെടുക്കാൻ ജോലി തിരിച്ചു നൽകി മഹാമനസ്കത; ശ്രീമോനെ വീണ്ടും സിഐയാക്കിയത് ക്രിമിനൽ എന്ന് സമ്മതിച്ച്; സാഖറെയുടെ വിചിത്ര റിപ്പോർട്ട് മറുനാടന്
തൊടുപുഴ: കേസുകളിൽ അനാവശ്യമായി ഇടപെട്ട സംഭവത്തെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം സർവീസിൽ നിന്നു പിരിച്ചുവിട്ട സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.ശ്രീമോനെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് കുറ്റക്കാരനാണ് എന്ന ഉത്തമ ബോധ്യത്തിൽ. കോടതി നടപടികളെ തുടർന്ന് ശ്രീമോനെ ഡിസ്മിസ് ചെയ്യാനായിരുന്നു നടപടികൾ. എന്നാൽ എഡിജിപി വിജയ് സാഖറെയുടെ റിപ്പോർട്ട് തുണയായി. അതിവിചിത്രമാണ് ഈ റിപ്പോർട്ടിലെ പരാമർശങ്ങൾ. കുറ്റം ചെയ്ത സിഐയെ എങ്ങനെ തിരിച്ചെടുത്തുവെന്നത് കേരളാ പൊലീസിലെ മറ്റൊരു മുഖമാണ് തുറന്നു കാട്ടുന്നത്. രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് നിസംശയം പറയാവുന്ന തിരിച്ചെടുക്കൽ തന്നെയാണ് ഇത്.
ശ്രീമോനെ കാസർകോട് ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടറായാണ് നിയമിച്ചിരിക്കുന്നത്. മന്ത്രി ജി.ആർ.അനിലിനോടു കയർത്ത് സംസാരിച്ച വട്ടപ്പാറ പൊലീസ് ഇൻസ്പെക്ടറെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോന്റെ നിയമന ഉത്തരവും വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റേതാണ് ഉത്തരവ്. കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസ് സിഐ ആയിരിക്കുമ്പോഴാണ് ശ്രീമോനെ പിരിച്ചുവിട്ടത്. തൊടുപുഴ സിഐ ആയിരിക്കെ ശ്രീമോൻ വസ്തു ഇടപാട് കേസിൽ എതിർകക്ഷിക്കു വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിക്കു നൽകിയ പരാതി. ശ്രീമോനെതിരായ മുപ്പതോളം പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി വിജിലൻസ് ഐജിക്കു നിർദ്ദേശം നൽകിയിരുന്നു.
വിജിലൻസ് ഐജി എച്ച്.വെങ്കിടേഷ് 1000 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. തുടർന്ന് സസ്പെൻഡ് ചെയ്യാനും 5 മാസത്തിനുള്ളിൽ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. തുടർന്നായിരുന്നു സർവീസിൽ നിന്നു പിരിച്ചുവിട്ട് ഉത്തരവിറങ്ങിയത്. ശ്രീമോൻ നൽകിയ അപ്പീലിൽ ഐജി വിജയ് സാഖറെ അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമനമെന്നാണ് വിവരം. ഈ അന്വേഷണ റിപ്പോർട്ട് അതിവിചിത്രമാണ്. സിഐയ്ക്കെതിരെ ഉയർന്ന 30 പരാതികളിൽ 18 എണ്ണത്തിനും തെളിവുണ്ടെന്ന് സാഖറെയും പറയുന്നു. ഐജി വെങ്കിടേഷിന്റെ കണ്ടെത്തലുകളെ ശരിവച്ചു തന്നെ ശ്രീമോനെ തിരിച്ചെടുക്കാൻ ഉത്തരവിടുകയായിരുന്നു എഡിജിപി. ഇതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
30 ആരോപണങ്ങളാണ് ഉയർന്നത്. ഇതിൽ 18 കുറ്റങ്ങൾ തെളിഞ്ഞു. 17 എണ്ണത്തിന് നേരിട്ട് തെളിവുണ്ട്. 18-ാം ആരോപണം ഭാഗികമായാണ് തെളിഞ്ഞത്. ഈ 18 കുറ്റകൃത്യങ്ങളും എണ്ണി പറഞ്ഞാണ് എഡിജിപി വിജസ് സാഖറെ റിപ്പോർട്ട് തയ്യാറാക്കിയത്. എന്നാൽ കണ്ടെത്തലുകൾക്ക് ശേഷം നടപടി വിശദീകരിക്കുമ്പോൾ തന്ത്രപരമായ നിലപാട് സാഖറെ എടുക്കുന്നു. തെളിഞ്ഞ ഓരോ കേസും പ്രത്യേകം പ്രത്യേകമായി എടുത്താൽ ചെറിയ തെറ്റുകളാണെന്ന് മനസ്സിലാകും. ഇത്രയും ചെറിയ തെറ്റുകൾക്ക് ഡിസ്മിസൽ എന്ന വലിയ ശിക്ഷ പാടില്ലെന്നാണ് എഡിജിപിയുടെ വിശദീകരണം. അങ്ങനെ 18 കുറ്റങ്ങൾ ചെയ്ത സിഐയുടെ വകുപ്പ് തല നടപടി മൂന്ന് ഇൻക്രിമെന്റുകൾ തടയുന്നതിൽ തീരുകയായിരുന്നു.
അതിന് മാനുഷിക പരിഗണനയാണ് എഡിജിപി ഉയർത്തിക്കാട്ടുന്നത്. സാമൂഹികമായി ദുർബലമായി നിൽക്കുന്ന സമുദായത്തിൽ നിന്നുള്ള വ്യക്തിയാണ് ശ്രീമോൻ. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗം. ശ്രീമോനെ ഡിസ്മിസ് ചെയ്താൽ അത് കുടുംബത്തിന് മഹാ വിപത്തായി മാറും. അതുകൊണ്ട് ആ ശിക്ഷ വേണ്ടെന്നും ഇൻക്രിമെന്റുകൾ തടഞ്ഞാൽ മതിയെന്നും എഡിജി പിറയുന്നു. 18 കുറ്റങ്ങൾക്ക് 18 ഇൻക്രിമെന്റുകൾ തടയണമെന്ന് പോലും പറയാതെ ഏറ്റവും ചെറിയ ശിക്ഷ നൽകി രക്ഷിച്ചെടുക്കുകയാണ് ശ്രീമോനെ ഈ റിപ്പോർട്ടിലൂടെ. കാസർകോട്ടെ ക്രൈംബ്രാഞ്ചിലേക്ക് തന്നെ നിയമനവും നൽകി. അതായത് പൊലീസിലെ താക്കോൽ സ്ഥാനങ്ങളിൽ ഒന്നെന്നതാണ് വസ്തുത.
തൊടുപുഴ മുൻ സർക്കിൾ ഇൻസ്പെക്ടറും ഇപ്പോൾ കോട്ടയത്ത് ക്രൈം ബ്രാഞ്ച് സിഐയുമായ എൻ.ജി.ശ്രീമോനെതിരെ നിരവധി ആരോപണമാണ് ഉയർന്നത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കിയാണ് സിഐയ്ക്കെതിരായ പരാതിയുമായി ആദ്യം എത്തിയത്. ഒരു വസ്തു ഇടപാട് കേസിൽ സർക്കിൾ ഇൻസ്പെക്ടറായ എൻ.ജി.ശ്രീമോൻ എതിർ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിന് ശേഷം നിരവധി പരാതികൾ വന്നു. വിവിധ കേസുകളിൽ ശ്രീമോൻ അനാവശ്യമായി ഇടപെട്ടത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉള്ളകാര്യവും കോടതിയുടെ ശ്രദ്ധയിൽ പെട്ടു. ഇതേ തുടർന്ന് എൻ.ജി.ശ്രീമോനെതിരായ മുപ്പതോളം പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിജിലൻസ് ഐജിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ശ്രീമോനെതിരായ പരാതികളിൽ പതിനെട്ടെണ്ണത്തിൽ കഴമ്പുണ്ടെന്ന് ഐജി വെങ്കിടേഷിന്റെ അന്വേഷണത്തിൽ വ്യക്തമായി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് ആയിരം പേജുള്ള അന്വേഷണ റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്. ഇതിൽ പതിനെട്ട് കേസുകളിൽ സിഐ അധികാരം ദുർവിനിയോഗിച്ചെന്ന് ചൂണ്ടികാട്ടുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയെ എൻ.ജി ശ്രീമോനെ അടിയന്തരമായി നീക്കാനുള്ള നിർദ്ദേശം ക്രൈംബ്രഞ്ച് എഡിജിപിക്ക് നൽകിയത്. അതുമായി ബന്ധപ്പെട്ട് ശ്രീമോൻ അപ്പീൽ നൽകി. അപ്പോഴും കുറ്റമെല്ലാം തെളിഞ്ഞു തന്നെ നിന്നു. പക്ഷേ ശിക്ഷ പേരിന് മാത്രമായി. ഈ റിപ്പോർട്ട് പരിഗണിച്ച് ശ്രീമോന് ഉചിതമായ നിയമനം നൽകണമെന്നും പൊലീസ് മേധാവിയോട് സാഖറെ ശുപാർശ ചെയ്തിരുന്നു.
ശ്രീമോനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. ശ്രീമോനെപ്പോലെയുള്ള ഉദ്യോഗസ്ഥർ സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. ശ്രീമോനെതിരെ കോടതികളിലും പൊലീസ് കംപ്ലയിന്റ് അതോരിറ്റിക്ക് മുമ്പിലും നിരവധി പരാതികൾ ഉണ്ടെന്നും സിഐക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും, ഇക്കാര്യം പൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ മുമ്പ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് മേധാവിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം
തൊടുപുഴ സി ഐ ആയിരുന്ന എൻ ജി ശ്രീമോൻ 2017 ജുലൈയിൽ കെ എസ് യു മാർച്ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മർദിച്ചുവെന്ന് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകിയിരുന്നു ഇതിനിടെയാണ് സിവിൽ കേസിന്റെ പേരിൽ ശ്രീമോൻ ഭീക്ഷണിപെടുത്തി പണം ആവശ്യപെടുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയെ സമീപിക്കുന്നത്. ബേബിച്ചന്റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്പൈന്റ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ടു. വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് നടത്തിയ ഈ അന്വേഷണത്തിൽ കോൺഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിദ്യാർത്ഥിളെ മർദിച്ചു, ഒരാളുടെ കർണപുടം
തകർത്തു എന്നിവയൊണ് കോൺഗ്രസ് നൽകിയ പരാതിയിൽ കണ്ടെത്തിയ കാര്യങ്ങൾ.
കർണപുടം തകർക്കുന്ന കൊലപാതക ശ്രമമാണ്. ഈ വിഷയത്തിൽ പൊലീസ് കേസെടുത്തതുമില്ല. അങ്ങനെയുള്ള ഗുരുതര കുറ്റങ്ങളെയാണ് പെറ്റി കേസുകളാക്കി വിജയ് സാഖറെ വിവരിക്കുന്നത്. അധികാര ദുർവിനിയോഗം അനധികൃത സ്വത്ത് സന്പാദനം കസ്റ്റഡി മർദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയിൽ പിരിച്ചു വിടുകയായരുന്നു. തുടർന്ന് ശ്രീമോൻ നൽകിയ അപ്പിലിന് ഒടുവിലാണ് ശ്രീമോനെ തിരിച്ചെടുക്കാൻ തീരുമാനമായത്. ശ്രീമോന്റെ സി പി എം ബന്ധമാണ് തിരിച്ചെടുക്കാൻ കാരണമായി കോൺഗ്രസ് ആരോപിക്കുന്നത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം
ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച്ചക്കുള്ളിൽ കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കും. ശ്രീമോനെതിരെ പരാതി നൽകിയ ബേബിച്ചൻ വർക്കിയും വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ