- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് വർഷത്തെ കരാർ തീർന്നപ്പോൾ ബാധ്യത മുഴുവൻ സുലൈമാൻ ഏറ്റെടുക്കണം; പറ്റില്ലെന്ന് പറഞ്ഞപ്പോൾ രേഖകൾ പിടിച്ചെടുത്ത് ഭീഷണി; വാടകക്കെട്ടിടത്തിന്റെ താക്കോൽ നൽകാതെ ചെക്കിൽ ഒപ്പിട്ടുവാങ്ങാനും ശ്രമിച്ചു; നിലമ്പൂരിലെ പാട്ണറെ ബോബി ചെമ്മണ്ണൂർ കൈകാര്യം ചെയ്യുന്നത് ഇങ്ങനെ; പരാതിയിൽ മൗനം ദീക്ഷിച്ച് പൊലീസും
മലപ്പുറം: ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ബിസിനസ് പങ്കാളിയുടെ പരാതി. ജൂവലറിയുടെ കടബാധ്യത പാട്ട്ണറുടെ തലയിൽകെട്ടിവെക്കുകയും, ഇത് അംഗീകരിക്കാതെ വന്നപ്പോൾ ചെക്കും മറ്റു വിലപിടിപ്പുള്ള രേഖകളും ലോക്കറിൽ നിന്നും ബോബിയുടെ ഗുണ്ടകൾ അടിച്ചുമാറ്റിയതായി കാണിച്ചായിരുന്നു പരാതി. നിലമ്പൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ചെമ്മണ്ണൂർ ജൂവലറിയു
മലപ്പുറം: ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ബിസിനസ് പങ്കാളിയുടെ പരാതി. ജൂവലറിയുടെ കടബാധ്യത പാട്ട്ണറുടെ തലയിൽകെട്ടിവെക്കുകയും, ഇത് അംഗീകരിക്കാതെ വന്നപ്പോൾ ചെക്കും മറ്റു വിലപിടിപ്പുള്ള രേഖകളും ലോക്കറിൽ നിന്നും ബോബിയുടെ ഗുണ്ടകൾ അടിച്ചുമാറ്റിയതായി കാണിച്ചായിരുന്നു പരാതി.
നിലമ്പൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ചെമ്മണ്ണൂർ ജൂവലറിയുടെ പാർട്ട്ണറും പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയുമായ വാഴംപറ്റ സുലൈമാൻ എന്നയാളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും സ്വാധീനമുള്ള ബോബിചെമ്മണ്ണൂരിനെതിരെ കേസെടുക്കാൻ ഇവിടെയും പൊലീസ് അമാന്തം കാണിക്കുകയാണ്. 2015 നവംബർ 12ന് ആഭ്യന്തര മന്ത്രി, ഡിജിപി, ഐ.ജി, മലപ്പുറം എസ്‌പി, പെരിന്തൽമണ്ണ ഡിവൈഎസ്‌പി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും കേസെടുത്തില്ല.
2004ൽ ആയിരുന്നു നിലമ്പൂരിൽ ബോബി ചെമ്മണ്ണൂരുമായി ചേർന്ന് സുലൈമാൻ ജൂവലറി വ്യാപാരം ആരംഭിച്ചത്. പത്ത് വർഷത്തെ കരാർ പ്രകാരമായിരുന്നു ബിസിനസ്. ഷോപ്പ് നിലനിൽക്കുന്ന കെട്ടിടം പതിനഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയായിരുന്നു വാടകയ്‌ക്കെടുത്തത്. ഇതിൽ പതിമൂന്നര ലക്ഷം രൂപ സുലൈമാനും ഒന്നര ലക്ഷം രൂപ ബോബിയും നൽകി കരാർ എഴുതിയായിരുന്നു കെട്ടിടം വാങ്ങിയത്. പിന്നീട് പത്ത് വർഷത്തിലധികം ഇവിടെ ബിസിനസ് തുടർന്നിരുന്നു. ലാഭത്തിൽ ഓടിയിരുന്ന ഇക്കാലയളവിൽ ബിസിനസ് പങ്കാളിയായ സുലൈമാനെ ഒഴിവാക്കാൻ പലതവണ ബോബിയും ഗുണ്ടകളും ശ്രമം നടത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ബിസിനസ് നിർത്തി പോകാനായി ഭീഷണിപ്പെടുത്തലും വാഹനത്തെ പിൻതുടർന്ന് ഗുണ്ടാസംഘങ്ങൾ എത്തലും പതിവായിരുന്നതായി സുലൈമാൻ പറയുന്നു.
എന്നാൽ ഭീഷണിക്കു മുന്നിൽ വഴങ്ങാതായതോടെ കരാർ കാലാവധി പൂർത്തിയാക്കാൻ ബോബി ചെമ്മണ്ണൂർ അധികൃതർ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ ബിസിനസ് പങ്കാളി അറിയാതെ ഇക്കാലയളവിൽ തൊട്ടടുത്ത് ചെമ്മണ്ണൂർ ജൂവലറിയുടെ ബ്രാന്റിൽ മറ്റൊരു ഷോറും തുറക്കുകയും നിലവിലുള്ള ഷോപ്പ് അടച്ചുപൂട്ടാൻ പറയുകയും ചെയ്തു. ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ മാനേജ്‌മെന്റ് സ്റ്റാഫുകളും അക്കൗണ്ട്‌സ് ഡിപ്പാർട്ട്‌മെന്റും സോഫ്റ്റ്‌വെയറും ഉപയോഗിച്ചായിരുന്നു ബിസിനസ് നടത്തിയിരുന്നത്. ഈ കാലയളിൽ ചെമ്മണ്ണൂർ ഗ്രൂപ്പ് മാനേജ്‌മെന്റ് പലതവണ തന്നെ ഉപദ്രവിച്ചതായും കലാവധി തീരും വരെ താൻ പിടിച്ചു നിൽക്കുകയായിരുന്നെന്നും സുലൈമാൻ പരാതിയിൽ വ്യക്തമാക്കുന്നു.
നിലവിലുള്ള സ്‌റ്റോക്ക് വീതിക്കുന്നതിനും അതുവരെയുള്ള കണക്കുകൾ സെറ്റിൽ ചെയ്യുന്നതിനുമായി 2015 ഏപ്രിൽ 17ന് നിലമ്പൂരിലെ ഷോപ്പിൽ എത്താൻ ബോബി ചെമ്മണ്ണൂർ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇതനുസരിച്ച് ഈ ദിവസം രാവിലെ 11ന് സുലൈമാനും മരുമകൻ സിയാഹുൽ ഹഖും ഇവിടേക്ക് എത്തുകയുണ്ടായി. ഷോപ്പിനുള്ളിൽ മുൻപരിചയമുള്ള പത്തോളം പേരും പരിചയമില്ലാത്ത 15 പേരും ഉണ്ടായിരുന്നു. ഇവർ കടക്കുള്ളിൽ പ്രവേശിച്ച ശേഷം ഷട്ടർ താഴ്‌ത്തി പത്തു വർഷത്തെ കണക്കുകൾ പരിശോധിച്ചു. മണിക്കൂറുകൾ നീണ്ട പരിശോധനക്കൊടുവിൽ 75 ലക്ഷം രൂപയോളം കടം കൊടുത്ത ഇനത്തിൽ ബാധ്യത വന്നതായി കണ്ടെത്തി. എന്നാൽ ഈ തുക പൂർണമായും സുലൈമാൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പുലർച്ചെ മൂന്ന് വരെ ഇവരെ തടഞ്ഞു വെയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം പരാതിയിൽ വിവരിക്കുന്നുണ്ട്.
ഭീഷണിക്കു വഴങ്ങാതെ വന്നതോടെ കടയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സൈലൈമാന്റെ പേരുലുള്ള വിലപിടിപ്പുള്ള രേഖകളും ബലമായി കൈവശപ്പെടുത്തിയ ശേഷം സുലൈമാനെയും മരുമകനെയും തുറന്നുവിട്ടു. സുലൈമാന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് ചെക്ക് ബുക്കും രേഖകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ചെക്കിൽ സുലൈമാന്റെ ഒപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയുടെ ഒപ്പുകൂടി വേണമെന്നാവശ്യപ്പെട്ട് ബോബിയുടെ ആളുകൾ പലതവണ ഇവരെ സമീപിച്ചിരുന്നു. മാത്രമല്ല, നിരന്തര ഭീഷണിയും ഉണ്ട്. പിടിച്ചെടുത്ത ചെക്കും രേഖകളും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ് വിവിധ പൊലീസ് മേധാവികൾക്ക് പരാതി നൽകിയിട്ടുള്ളത്.
ജൂവലറി നില നിന്നിരുന്ന കെട്ടിട ഉടക്ക് സുലൈമാൻ താക്കോൽ തിരിച്ചു നൽകിയെങ്കിലും ബോബി ഇതുവരെയും മടക്കി നൽകിയിട്ടില്ല. മടക്കി നൽകണമെങ്കിൽ ചെക്കിൽ ഭാര്യയുടെ ഒപ്പും അഡ്വാൻസ് തുകയിൽ നിന്നും പകുതി തുകയും നൽകണമെന്നായിരുന്നു കണ്ടീഷൻ. അഡ്വാൻസ് ഇനത്തിൽ പതിമൂന്നര ലക്ഷവും നൽകിയിരുന്നത് സുലൈമാനാണെന്നത് കരാറിൽ നിന്നും വ്യക്തമാണ്. താക്കോൽ തിരികെ തരണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ ബോബിക്കെതിരെ നിലമ്പൂർ സ്റ്റേഷനിൽ മറ്റൊരു പാരാതിയും നൽകിട്ടുണ്ട്. ബിസിനസ് നടത്തിയ കാലയളവിൽ അവരുടെ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയതായും പിടിച്ചെടുത്ത രേഖകൾക്കു പുറമെ തന്റെ ലക്ഷങ്ങൾ കവർന്നതായും പരാതിക്കാർ പറഞ്ഞു.
പരാതിന്മേൽ പൊലീസ് നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് പരാതിക്കാർ വ്യക്തമാക്കി. അതേസമയം, പാർട്ട്ണർമാർ തമ്മിലുള്ള പ്രശ്‌നമായതുകകൊണ്ട് പൊലീസ് ഇടപെടലിന് പരിമിതികളുണ്ടെന്നും ഇരു കൂട്ടരെയും വിളിച്ചു വരുത്തി പരാതിന്മേൽ സംസാരം നടന്നുകൊണ്ടിരിക്കുകയാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു.