- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ദൈവത്തിന്റെ കരങ്ങൾ ഇവിടെയുണ്ട്..
കൊല്ലം: ചെറിയൊരു വളവിൽ ബസ് തിരിഞ്ഞതും താഴേക്ക് ഒരാൾ പോകുന്നത് മിന്നായം പോലെ കണ്ടു.. പെട്ടെന്ന് കയറി പിടിച്ചു. പിടുത്തം കിട്ടിയില്ലായിരുന്നെങ്കിൽ... ഹൊ.. ചിന്തിക്കാൻ കൂടി വയ്യാ. ചവറ -അടൂർ റൂട്ടിലോടുന്ന സുനിൽ എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ബിജിത്ത് ലാലിന്റെ വാക്കുകളിൽ സന്തോഷവും വിറയലും ഒരു പോലെയുണ്ട്. ബസിലെ യാത്രക്കാരിലൊരാൾ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ പോയപ്പോൾ ഞൊടിയിടയിൽ കൈയിൽ പിടിച്ച് രക്ഷിക്കുകയായിരുന്നു ബിജിത്ത് ലാൽ. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിജിത്ത് മിന്നൽ വേഗത്തിൽ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചതിൽ മോട്ടോർ വാഹന വകുപ്പ് അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കാരാളി മുക്കിനും മാമ്പഴമുക്കിനും ഇടയിലായിരുന്നു സംഭവം. ചവറയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്നു ബസ്. കാരാളിമുക്കിൽ നിന്നുമാണ് ദൃശ്യങ്ങളിൽ കാണുന്ന അപകടത്തിൽ നിന്നും രക്ഷപെട്ട യുവാവ് കയറിയത്. ഇയാൾ വാതിലിന് തൊട്ടരികിലായാണ് നിന്നത്. ശാസ്താംകോട്ടയ്ക്കുള്ള ടിക്കറ്റ് എടുത്ത ശേഷം ബാലൻസ് തുക വാങ്ങുന്നതിനിടെയാണ് നിലതെറ്റി യുവാവ് ചവിട്ടു പടിയിലേക്ക് വീണത്.
ടിക്കറ്റ് നൽകുന്ന ജോലിക്കിടയിലും മിന്നൽപിണർ പോലെ ബിജിത്തിന്റെ കൈകൾ പ്രവർത്തിച്ചു. യുവാവിന്റെ കൈയിൽ പിടുത്തം കിട്ടി. പിന്നെ വലിച്ച് മുകളിലേക്ക് കയറ്റി. ഈ സമയം ബസിന്റെ ഡോറും തുറന്നിരുന്നു. ബിജിത്തിന്റെ കൈയിൽ പിടുത്തം കിട്ടിയില്ലാരുന്നെങ്കിൽ യുവാവിന് ജീവൻ പോലും നഷ്ടപ്പെട്ടേനെ. ദൈവത്തിന്റെ കരങ്ങൾ വന്ന് രക്ഷിക്കുന്ന പോലെയായിരുന്നു ബിജിത്തിന്റെ ഞൊടിയിടയിലെ നീക്കമെന്ന് കണ്ട് നിന്ന യാത്രക്കാർ പറഞ്ഞു.
എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്നായിരുന്നു ബിജിത്ത് മറുനാടനോട് പ്രതികരിച്ചത്. അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട യുവാവ് ആരാണെന്ന് അറിയില്ല എന്നും പേടിച്ചു പോയ യുവാവ് ശാസ്താംകോട്ടയ്ക്ക് മുൻപ് തന്നെ ബസ് ഇറങ്ങി പോയി എന്നും ബിജിത്ത് പറഞ്ഞു. തോപ്പിൽമുക്ക് സ്വദേശിയായ ബിജിത്ത് 12 വർഷമായി സ്വകാര്യ ബസ് ജീവനക്കാരനാണ്. മൊബൈൽ ഫോൺ കൈയിൽ പിടിച്ചതിനാലാണ് യുവാവിന് കമ്പിയിൽ ശരിയായി പിടിക്കാൻ കഴിയാതിരുന്നത്. ഈ സമയം ബസ് വളവ് തിരിഞ്ഞതോടെയാണ് നിലതെറ്റി താഴേക്ക് പോയത് എന്നും ബിജിത്ത് പറഞ്ഞു.
വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറായതോടെ പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഓയുടെ നിർദ്ദേശ പ്രകാരം കോഴഞ്ചെരി സ്‌ക്വാഡ് അംഗങ്ങളായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവിന്റെയും എ.എം വിഐ മാരായ എസ്.ശ്രീലാൽ, ജെ.എസ് സരിഗാ ജ്യോതി എന്നിവർ പന്തളം ബസ് സ്റ്റാന്റിലെത്തി ബിജിത്ത് ലാലിനെ പൊന്നാടയണിച്ച് ആദരിച്ചു.
ബിജിത്തിന്റെ സമയോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിക്കാൻ കാരണമായി. ജോലിക്കിടയിലും പകച്ചു നിൽക്കാതെ പ്രവർത്തിച്ചത് മറ്റുള്ളവർക്ക് ഒരു മാതൃക കൂടിയാണ്. അതിനാലാണ് ബിജിത്തിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജു പറഞ്ഞു.