ഇടുക്കി: ഒരു ലക്ഷം രൂപ പാർട്ടി ഫണ്ടിലേയ്ക്ക് നൽകാത്തതിനാൽ പ്രവാസിയായ തോട്ടം ഉടമയെ കുത്തുപാളയെടുപ്പിക്കാൻ സി പി എം നീക്കം നടത്തുന്നതായി ആരോപണം. പാർട്ടി ശാന്തൻപാറ ഏരിയ കമ്മറ്റി സെക്രട്ടറി എൻ പി സുനിൽകുമാറിന്റെ അതിരുവിട്ട നടപടികൾ മൂലം ദുരിതത്തിലായിരിക്കുകയാണെന്നും തോട്ടത്തിലെ പണികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും തിരുവനന്തപുരം സ്വദേശിയും പ്രവാസിയുമായ ജേക്കബ് തോമസ് പറയുന്നു.

ഉടുമ്പൻചോലയ്ക്കടുത്ത് മൈലാടുംപാറയിൽ തന്റെയും ഭാര്യ ജെസിയുടെയും പേരിലായി 16 ഏക്കർ ഏലത്തോട്ടമുണ്ടെന്നും ഇവിടെ കൃഷിയുമായി മുന്നോട്ടുപോകണമെങ്കിൽ വർഷം തോറും പാർട്ടി ഫണ്ടായി ഒരു ലക്ഷം രൂപ നൽകണമെന്ന് സുനിൽകുമാർ നിർദ്ദേശിച്ചെന്നും ഇത് നൽകാത്തതിനാൽ പാർട്ടി തന്നോട് ശത്രുത മനോഭാവത്തോടെ പെരുമാറുകയാണെന്നുമാണ് ജേക്കബ്ബിന്റെ പരാതി.

അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിച്ച് പാർട്ടി പ്രവർത്തകർ തോട്ടത്തിലെ പണികൾ തടസപ്പെടുത്തുകയാണെന്നും പുറമെ നിന്നും പണിക്കുവിളിക്കുന്ന തൊഴിലാളികളെ ഉപയോഗിച്ചും ഇപ്പോൾ നാശനഷ്ടങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജേക്കബ് പറയുന്നു. പിരിവ് ആവശ്യപ്പെട്ട സംഭവത്തിൽ നിയമനടപടിയിലേയക്ക് കടന്നതോടെ പാർട്ടി പ്രവർത്തകർ ജീവനക്കാരോടാണ് വൈരാഗ്യം തീർക്കുന്നതെന്നും ഇന്നലെയുണ്ടായ ആക്രമണത്തിൽ ജീവനക്കാരായ രാജ ,ഗോപൻ എന്നിവർക്ക് പരിക്കേറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ 3 പേർക്കെതിരെ ഉടുമ്പൻചോല പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിച്ചില്ലന്നാണ് പരാതിക്കാരുടെ നിലപാട്. സ്ഥലത്തുണ്ടായരുന്ന പാർട്ടിനേതാക്കളെ ഒഴിവാക്കിയാണ് കേസെടുത്തതെന്നും പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നുമാണ് ഇക്കാര്യത്തിൽ പരാതിക്കാരുടെ പ്രതികരണം.

കഴിഞ്ഞ വർഷം ശാന്തൻപാറ ഏര്യകമ്മറ്റി ഓഫീസ് നിർമ്മാണ് ഫണ്ടിലേയ്ക്കായി ഒരു ലക്ഷം രൂപ നൽകണമെന്ന് സുനിൽകുമാർ ആവശ്യപ്പെട്ടു. രസീത് എഴുതി ഏൽപ്പിക്കുകയും ചെയ്്തിരുന്നു.ഇത് നൽകാത്തതിനെത്തുടർന്ന് പലതവണ വിളിച്ച് പലതരത്തിൽ സമ്മർദ്ദം ചെലത്തിയിരുന്നു.

വിഷയം ജില്ലാ സെക്രട്ടറിയേറ്റംഗം വി എൻ മോഹനന്റെ ശ്രദ്ധയിൽപ്പെടുത്തി.25000 രൂപ കെട്ടിട നിർമ്മാണത്തിനായി ഗുഗിൾ പേ വഴി നൽകുകയും ചെയ്തു.ഇതിന് പിന്നാലെ കോടതിയെ സമീപിക്കുകയും പാർട്ടി പ്രവർത്തകർ പിരിവിനും യൂണിയൻ പ്രവർത്തനത്തിനുമായി തോട്ടത്തിൽ പ്രവേശിക്കുന്നത് വിലക്കി കോടതി ഉത്തരവ് നൽകുകയും ചെയ്തു.ആക്രമണ ഭീഷിണി കണക്കിലെടുത്ത് കോടതി ഇടപെടലിൽ പൊലീസ് സംരക്ഷണവും ലഭിച്ചിരുന്നു.

ഇന്നലെ പൊലീസ് കാവലിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികളെ പാർട്ടി പ്രവർത്തകർ ആക്രമിച്ചത്. ഇത്തരത്തിൽ പാർട്ടി പ്രവർത്തകരുടെ ഭാഗത്തുനിന്നും ഇനിയും ആക്രമണം ഉണ്ടാകുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്. തോട്ടത്തിൽ പണികൾക്കായി ഇതിനകം വൻതുക ചിലവഴിച്ചു. ഈ തുക ബാങ്കിലിട്ടാൽ കിട്ടുന്ന പലിശയുണ്ടെങ്കിൽ കുടംബം കഴിഞ്ഞുപോകും. ഈ പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ട ആവശ്യവും ഇല്ല.കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് തോട്ടം വാങ്ങിയത്.ഇപ്പോൾ ഇതൊന്നും വേണ്ടിയിരുന്നില്ലന്ന് ചിന്തയിലാണ് എത്തിനിൽക്കുന്നത്. ജേക്കബ് വിശദമാക്കി.

എന്നാൽ ഇക്കാര്യം പാർട്ടി ഏര്യ സെക്രട്ടറി നിഷേധിച്ചു. പിരിവിനായി ജേക്കബിനെ സമീപിച്ചിട്ടില്ലന്നും പാർട്ടിക്കാരായ തോട്ടം തൊഴിലാളികളെ പിരിച്ചുവിടുന്നതിനുള്ള നീക്കമാണ് ആരോപണത്തിന് പിന്നിലെന്നുമാണ് സുനിൽകുമാർ മാധ്യമങ്ങൾ വഴി പങ്കുവച്ചിട്ടുള്ള വിവരം.