മലപ്പുറം: മലപ്പുറത്ത് അരിവാൾ ചന്ദ്രക്കലയായി. സിപിഎം പച്ചയായി. മുസ്ലിംലീഗ് തട്ടമായ മലപ്പുറത്ത് ചുവപ്പിനെ ഭയന്ന് ബോർഡുകൾ പച്ചമയമാക്കി സിപിഎം. സിപി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് അഭിവാദ്യമർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളിലാണു പച്ചമയം. സംസ്ഥാനത്തെ മറ്റിടങ്ങളിലെല്ലാം വിപ്ലവ പാർട്ടി ചുവപ്പൻനിറം കൊണ്ട് ആറാടുമ്പോൾ, മലപ്പുറം ജില്ലയിലെ മഞ്ചേരി കച്ചേരിപ്പടിയിലെ ആധാർ ജംഗ്ഷനിൽ സ്ഥാപിച്ച രണ്ടു ഫ്ളക്സ് ബോർഡുകൾ മുസ്ലിംലീഗിന്റെ പച്ചയാണ്. മാത്രമല്ല മുസ്ലിംലീഗിന്റെ പച്ചക്കൊടി തോരണങ്ങൾക്കിടയിലാണ് ഈ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും.

എം വി ഗോവിന്ദൻ മാസ്റ്ററുടെ ഫോട്ടോയും ജാഥ അംഗങ്ങളുടെ ഫോട്ടോയും ഉൾപ്പെടെയുള്ള വലിയ ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്.കെ.എസ്.കെ.ടി.യു മഞ്ചേരി ഏരിയാ കമ്മിറ്റിയും, മറ്റൊന്ന് നിർമ്മാണത്തൊഴിലാളി യൂണിയൻ സിഐ.ടി.യു മഞ്ചേരി ഏരിയാ കമ്മിറ്റിയുമാണ് സ്ഥാപിച്ചിട്ടുള്ളത്. സിപിഎം മലപ്പുറത്തു പച്ചമയം ഒരുക്കുന്നത് ഇതാദ്യമായല്ല. സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതായാലും അങ്ങനെ തന്നെയാണ്. ചുവപ്പുമായി മലപ്പുറത്തുവന്നാൽ നിലംതൊടില്ലെന്ന് നേതാക്കൾക്കും നന്നായി അറിയാവുന്നതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നാണു ലീഗ് പ്രവർത്തകർ ഇതിനെകുറിച്ചു പറയുന്നത്.

നിലവിലെ മലപ്പുറം ജില്ലയിൽ ആകെയുള്ള നാലു എൽ.ഡി.എഫ് എൽ.എൽ.എമാരിൽ മൂന്നുപേരും മുൻകാലങ്ങളിൽ ലീഗിൽനിന്നും കോൺഗ്രസിൽനിന്നും വന്നവരാണ്. കെ.ടി.ജലീൽ മുൻ മുസ്ലിം യൂത്ത്ലീഗ് നേതാവായിരുന്നു. നിലവിലെ മന്ത്രിയായ വി.അബ്ദുറഹിമാനും, പി.വി.അൻവർ എംഎ‍ൽഎയും കോൺഗ്രസിൽനിന്നും വന്നവരുമാണ്. മാത്രമല്ല മലപ്പുറം ജില്ലയിൽ വിജയസാധ്യത കണക്ക്കൂട്ടുന്ന മണ്ഡലങ്ങളിൽ സിപിഎം നേതാക്കൾ ആരും തന്നെ നിയമസഭാ, ലോകസഭാ മണ്ഡലങ്ങളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാറുമില്ല. സ്വാതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിക്കാറുള്ളത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ പൊട്ടിപ്പോകുമെന്ന ഭയം തന്നെയാണ് ഇതിന് കാരണം. എന്നാൽ എന്തുവിലകൊടുത്തും വിജയിക്കണമെന്ന തന്ത്രം പയറ്റി ലീഗിൽ നിന്നും യു.ഡി.എഫിൽനിന്നും വിട്ടുവരുന്ന പണച്ചാക്കുകളായ നേതാക്കൾക്കു പാർട്ടി സീറ്റുകൾ വെച്ചുനീട്ടുന്നതും പതിവാണ്.

ഇതിന് ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ.പി. മുഹമ്മദ് മുസ്തഫ. മുസ്തഫ ഒരു പണച്ചാക്കു മാത്രമല്ല, മുസ്ലിംലീഗിന്റെ മലപ്പുറം നഗരസഭാ ചെയർമാനുമായിരുന്നു. മുസ്തഫ പെരിന്തൽമണ്ണയിൽ മത്സരിച്ചതോടെ മത്സരം കനക്കുകയും ചെയ്തിരുന്നു. എന്നാൽ പണച്ചാക്കിനു പാർട്ടി സീറ്റു നിൽകിയതിൽ വിയോജിപ്പുള്ള ഒരു വിഭാഗം സിപിഎം പ്രാദേശിക നേതാക്കൾ കാലുവാരിയതോടെ നാമമാത്രമായ വോട്ടിനു മുസ്തഫ പരാജയപ്പെട്ടു. തുടർന്നു കാലുവാരിയ നേതാക്കൾക്കെതിരെ പാർട്ടി നടപടിയുമെടുത്തു. ഇത്തരത്തിൽ മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്തു പച്ചയിലൂടെ തന്നെ പിടിച്ചുകയാറാനാണു ഇപ്പോഴും സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നാണു പാർട്ടി എതിരാളികൾ ആരോപിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്നാണ് ആരംഭിക്കുന്നത്. മഞ്ചേരിയിൽ സ്വീകരണം 28നാണ്. കുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മാർച്ച് 18ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ സഞ്ചരിക്കും.

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വർഗ്ഗീയഫാസിസ്റ്റ് സമീപനവും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങളും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുക എന്നതാണ് ജാഥയുടെ പ്രധാനലക്ഷ്യം. അതോടൊപ്പം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനവും സിപിഐഎം ചർച്ചയാക്കും. സംസ്ഥാന സർക്കാരിനെതിരെ നടക്കുന്ന പ്രതിപക്ഷ-മാധ്യമ പ്രചരണങ്ങളിലെ പൊള്ളത്തരവും ജാഥ ജനങ്ങളോട് വിശദീകരിക്കും. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജാഥയിൽ സംവദിക്കപ്പെടുമെന്നാണുമാണ് നേതാക്കൾ പറയുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജർ. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കെ ടി ജലീൽ എംഎൽഎ, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങൾ.