തിരുവനന്തപുരം : പ്രളയ നിയന്ത്രണത്തിനെന്ന പേരിൽ കേരളത്തിലെ എല്ലാ നദികളിലും ഡാമുകൾ നിർമ്മിക്കാൻ സർക്കാരിന്റെ ഗൂഢപദ്ധതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുമായി ഇതിന്റെ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഡാമുകളിലെ ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

ഡാമുകൾ എവിടെയൊക്കെ നിർമ്മിക്കണമെന്ന് പഠിക്കാൻ സമിതിയെ ഉടൻ നിയോഗിക്കും. പരിസ്ഥിതി പ്രവർത്തകരുടെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ നദികളിൽ ഡാമുകൾ നിർമ്മിക്കാൻ ഏറെക്കാലമായി സർക്കാർ കരുക്കൾ നീക്കുകയാണ്. ഡാമുകൾ നിർമ്മിക്കാൻ ആയിരക്കണക്കിന് കോടി രൂപ ചെലവുണ്ട്. ഇതിൽ കണ്ണുവച്ചാണ് സർക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. 900കോടി രൂപയാണ് പുതിയ ഒരു ഡാം നിർമ്മാണത്തിനുള്ള ചെലവ്.

മഹാപ്രളയമുണ്ടായപ്പോൾ അണക്കെട്ടുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് സ്ഥിതി ഏറെ ഗുരുതരമാക്കിയത്. വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും പ്രളയജലം ഇരച്ചു കയറുകയായിരുന്നു. പത്തനംതിട്ടയിലടക്കം ഏതാനും അണക്കെട്ടുകൾക്കും ഗുരുതരമായ കേടുണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് പരിസ്ഥിതി സംരക്ഷകരുടെ എതിർപ്പും തള്ളി കേരളത്തിലാകെ ഡാമുകൾ പണിയാനുള്ള നീക്കം.

ആറുപതിറ്റാണ്ടിലേറെയായി ഫയൽക്കെട്ടിൽ കുരുങ്ങിക്കിടക്കുന്ന അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതി, തമിഴ്‌നാടുമായി സമവായമുണ്ടാക്കി നടപ്പാക്കാൻ ഒന്നാം പിണറായി സർക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിലൂടെ കേരളത്തിന് ലഭ്യമായ 2.87ടി.എം.സി കാവേരിജലം ഉപയോഗപ്പെടുത്തി 4255ഹെക്ടർ തരിശുഭൂമിയിൽ ജലസേചനത്തിനും ആദിവാസികൾക്ക് കുടിവെള്ളമെത്തിക്കാനും വ്യവസായങ്ങൾക്കും ഉപകാരപ്പെടുന്ന വമ്പൻ പദ്ധതിക്കാണ് ഒരുങ്ങിയത്.

ശിരുവാണി നദിക്ക് കുറുകെ 450മീറ്റർ നീളവും 52മീറ്റർ ഉയരവുമുള്ള ഡാം പണിയാനായിരുന്നു പദ്ധതി. പദ്ധതി യാഥാർത്ഥ്യമാവുന്നതോടെ കാവേരി നദീജലത്തിൽനിന്നും കേരളത്തിന് ഭവാനിപ്പുഴയിൽ ലഭിക്കേണ്ട ജലം പൂർണമായി വിനിയോഗിക്കാനാവുമെന്നാണ് സർക്കാർ വീരവാദം മുഴക്കിയതെങ്കിലും ഒന്നും നടന്നില്ല. പറമ്പിക്കുളം-ആളിയാർ കരാറുണ്ടെങ്കിലും തമിഴ്‌നാട് വെള്ളം വിട്ടുനൽകാത്തതിനാൽ ചിറ്റൂർ പുഴയിലേക്ക് വെള്ളമെത്താതെ കൃഷിനാശവും കുടിവെള്ളക്ഷാമവും പതിവാണ്.

പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം ഡാമുകളിൽ 16.5ടി.എം.സി ജലമെത്തിയാലേ കേരളത്തിന് 2.5ടി.എം.സി ജലം തമിഴ്‌നാട് നൽകൂ. ഇത് കിട്ടാറേയില്ല. ആനമലയാറിൽനിന്ന് കേരളം നൽകാമെന്നേറ്റ 2.5ടി.എം.സി വെള്ളം വിട്ടുനൽകണമെന്ന തമിഴ്‌നാടിന്റെ ദീർഘകാല ആവശ്യം അംഗീകരിച്ചാവും അട്ടപ്പാടി പദ്ധതിയിൽ സമവായമുണ്ടാക്കുക. മന്ത്രി കൃഷ്ണൻകുട്ടിയായിരുന്നു അന്നും ഈ പദ്ധതിയുടെ പിന്നിൽ.

2018ൽ കേരളം തയ്യാറാക്കിയ വിശദപദ്ധതിരേഖയിൽ(ഡി.പി.ആർ) തമിഴ്‌നാട് തടസവാദം ഉന്നയിച്ചതിനെത്തുടർന്ന്, കാവേരി കേസിൽ സുപ്രീംകോടതി ഉത്തരവും കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് പുതിയ ഡി.പി.ആറുണ്ടാക്കി കേന്ദ്ര ജലകമ്മിഷന് സമർപ്പിച്ചു. ഡിപിആർ പുതുക്കിയതിനാൽ തമിഴ്‌നാടിന്റെ തടസവാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് കേരളത്തിന്റെ നിലപാട്.