- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നയാസ് ആരുമായും ഇടപഴകാത്ത വ്യക്തി എന്ന പ്രചാരണം കള്ളം; വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യൻ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി നേതാവ്; ചിത്രങ്ങൾ പുറത്ത്; പ്രസവം വീട്ടിൽ മതിയെന്ന് വാശി പിടിച്ച് ഷമീറയെയും കുഞ്ഞിനെയും കൊലയ്ക്ക് കൊടുത്തത് വ്യാജ ചികിത്സകരുടെ സ്വാധീനത്തിൽ
തിരുവനന്തപുരം: എളുപ്പത്തിൽ കാശുണ്ടാക്കാൻ വ്യാജ ചികിത്സ. വ്യാജന്മാരുടെ പിടിയിൽ ഈയാംപാറ്റകളെ പോലെ വീണ് ഇരകളാകുന്ന പാവങ്ങൾ. ജീവൻ പോലും നഷ്പ്പെടുന്നവർ. വീട്ടിൽ പ്രസവമെടുക്കാൻ ശ്രമിച്ച് അമ്മയും നവജാതശിശുവും മരിച്ച സംഭവത്തിൽ ഭർത്താവ് നവാസാണ് പ്രതി. പാലക്കാട് സ്വദേശിനിയായ ഷമീറ ബീവി(39)യുടെയും നവജാത ശിശുവിന്റെയും മരണത്തിലാണ് പൂന്തുറ സ്വദേശിയായ ഭർത്താവ് നയാസിനെതിരേ കൂടുതൽ ആരോപണമുയരുന്നത്. ഇയാൾ നിലവിൽ നേമം പൊലീസിന്റെ കസ്റ്റഡിയിലാണ്.
നയാസ് തിരൂർ സ്വദേശിയായ വ്യാജ അക്യുപങ്ചർ സിദ്ധന്റെ ശിഷ്യനാണെന്ന് ആരോപണമുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ഇവർക്ക് കേരളത്തിൽ പത്തോളം പഠനകേന്ദ്രങ്ങളുണ്ട്. കല്ലാട്ടുമുക്ക് പെട്രോൾ പമ്പിന് സമീപമാണ് തിരുവനന്തപുരത്തെ പഠനകേന്ദ്രം. അക്യുപങ്ചർ എന്ന പേരിൽ ഇവർ പ്രചരിപ്പിക്കുന്നത് യഥാർത്ഥ അക്യുപങ്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ചികിൽസയാണെന്നാണ് ആരോപണം. കേരളത്തിൽ ഇതിന് ഇരകളായി ഇതിനുമുൻപും നിരവധി പ്രസവ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വീടുകളിൽ വർധിച്ചുവരുന്ന പ്രസവത്തിനും അപകടങ്ങൾക്കും കാരണം ഈ വ്യാജ ചികിത്സകരുടെ സ്വാധീനമാണെന്നും ആക്ഷേപം ഉയർന്നിരുന്നു.
തിരുവനന്തപുരത്തുതന്നെ ഏതാനും നാളുകൾക്ക് മുൻപ് ചാല മാർക്കറ്റിലെ വ്യാപാരിയായിരുന്ന കല്ലാട്ടുമുക്ക് സ്വദേശി അമീർ ഹംസ വ്യാജ ചികിത്സയുടെ ഫലമായി മരണപ്പെട്ടിരുന്നു. വ്യാജ അക്യുപങ്ചർ ചികിത്സയാണ് ഇതിന് കാരണമെന്നും ആരോപണം ഉയർന്നിരുന്നു.
നയാസ് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി നേതാവ്
നയാസ് ആരുമായും ഇടപഴകാത്ത വ്യക്തി എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഇയാൾ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി നേതാവ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പൂജപ്പുരയിലെ ബാർ ഹോട്ടലിന് എതിരായ പ്രതിഷേധം മുതൽ പോപ്പുലർ ഫ്രണ്ട് ഡേ യൂണിറ്റി മാർച്ച് പരിപാടിയിൽ വരെ പങ്കെടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
വ്യാജ ചികിത്സകരുടെ പ്രചാരണത്തിന്റെ സാമ്പിളുകൾ
വീട്ടിലെ പ്രസവമാണ് വ്യാജ അക്യുപങ്ചറുകാരുടെ മോഹന വാഗ്ദാനം. ആശുപത്രിയിലെ സിസേറിയനിലെ പോലെ കുത്തി വയ്ക്കില്ല, പുഷ് ചെയ്യാൻ പറയില്ല, പ്രസവ ശേഷമുള്ള മറ്റുബുദ്ധിമുട്ടുകളില്ല എന്നിങ്ങനെ അനുഭവസ്ഥരുടെ പ്രചാരണവും ഉണ്ട്. ഒരു അനുഭവസ്ഥയുടെ വിവരണം ഇങ്ങനെ:
'ഞങ്ങളുടെ വീട്ടിൽ ഞങ്ങളുടെ ബെഡ്റൂമിൽ അക്യൂപങ്ചറിസ്റ്റിന്റെ സഹായത്തോടെ, വീട്ടിൽ പ്രസവിച്ചു. ഞങ്ങൾക്ക് നാല് മക്കളുണ്ട്. ആദ്യത്തേത് സിസേറിയനായിരുന്നു, രണ്ടാമത്തേത് പ്രകൃതി ചികിത്സയിലൂടെ സാധാരണ പ്രസവം, മൂന്നാമത്തേത് ആശുപത്രിയിൽ, നാലാമത്തേത് ഞാൻ വീട്ടിലാണ് പ്രസവിച്ചത്. സന്തോഷകരമായ കാര്യം.'
' ആശുപത്രിയിൽ വച്ച് പ്രസവം നടക്കുമ്പോൾ നമ്മൾ ശാരീരികമായും, മാനസികമായും തളരുന്നുണ്ട്. മരുന്ന് വച്ചിട്ട് വേദന വരുത്തിക്കുന്നുണ്ട്. നിർബന്ധപൂർവം പുഷ് ചെയ്യിപ്പിക്കുന്നുണ്ട്.സ്റ്റിച്ച് ഇടേണ്ടി വരുന്നുണ്ട്, വയറ് പിടിച്ച് തള്ളലുണ്ട്, ഇങ്ങനെ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പക്ഷേ വീട്ടിൽ ഞാൻ പ്രസവിച്ചപ്പോൾ ഇതൊന്നും ഞാൻ അറിഞ്ഞിട്ടില്ല. പുഷ് ചെയ്യേണ്ടി വന്നിട്ടേയില്ല. അവസാന സമയത്ത് കുട്ടി പുറത്തേക്ക് വരുമ്പോൾ ഉള്ള ചെറിയ വേദന മാത്രം.
പ്രസവത്തിന് ശേഷം ചില സ്ത്രീകൾക്കുണ്ടാകുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനെ വ്യാജ അക്യുപങ്ചർ ചികിത്സകൻ വിശദീകരിക്കുന്നത് ഇങ്ങനെ:
ഏറ്റവും വലിയ രസം എന്താന്നറിയോ...?സർജറി ടൈമിൽ നമ്മുടെ ബോഡിയിലേക്ക് ഇൻജെക്ട് ചെയ്യുന്ന Anastasia യുടെ സൈഡ് എഫക്ട് ആണത്രേ ഈ മാനസികാവസ്ഥ...ആ മരുന്നിന്റെ ഏറ്റവും വലിയ പാർശ്വഫലങ്ങളിൽ ഒന്നാണ് ഈ ഭീകരവസ്ഥ..അഥവാ 'പോസ്റ്റ് പാർട്ടം ഡിപ്രെഷൻ'
പോസ്റ്റിന്റെ പൂർണരൂപം
അനുഭവ കുറിപ്പ്...
സ്വാഭാവികമായ പ്രസവത്തെ കച്ചവടം ആക്കിയപ്പോൾ..പീഡനങ്ങൾ ഏറെ..
പോസ്റ്റ് പാർട്ടം ഡിപ്പ്രെഷൻ എന്ന് മെഡിക്കൽ ഫീൽഡ് ഓമനപ്പേരിട്ട് വിളിക്കുന്നൊരു മാനസികാവസ്ഥയുണ്ട് ??
അനുഭവിച്ചവർക്ക് മാത്രം തീവ്രത മനസിലാകുന്ന ഒരു അവസ്ഥ...
ചുറ്റിലും ഒരുപാട് പേർ ഉണ്ടായിട്ടും ഉള്ളിൽ ഒറ്റപ്പെട്ട് പോയപോലെ തോന്നും.., ഒരു തരത്തിലുള്ള ഐസൊലേഷനും, മൂകതയും മാത്രം നമുക്ക് കൂട്ടിരിക്കും..
ഇടക്കിടക്ക് കരയുന്ന കുഞ്ഞിനോടുപോലും പതിയെ പതിയെ മടുപ്പ് തോന്നിപ്പോകും... ????എല്ലാം വലിച്ചെറിഞ്ഞ് എവിടേക്കെങ്കിലും ഇറങ്ങിപ്പോകാൻ തോന്നും...
ഉറങ്ങാൻ കഴിയാത്ത, ചിരിക്കാൻ കഴിയാത്ത,
വേദനകൊണ്ട് എണീറ്റ് നടക്കാനോ ചരിഞ്ഞു കിടക്കാനോ പോലും കഴിയാത്ത അവസ്ഥ...
ഞാൻ അതിന്റെ ഒരു വിക്ടിമായിരുന്നു ??
ശെരിക്കും രണ്ടാമത്തെ മോനെ csection കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ ആദ്യത്തെ രണ്ട് ദിവസം വലിയ കുഴപ്പമില്ലാതെ പോയി... പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ജീവനോടെ പിടയുകയായിരുന്നു.. ശെരിക്കും ഇതെഴുതുമ്പോൾ കണ്ണുനീര് കൊണ്ട് എന്റെ കാഴ്ച മറയുകയാണ്.. ഒരു മനുഷ്യന് ഈ ലോകത്തുകൊടുക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ അവനെ ഒറ്റപ്പെടുത്തുക എന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു...
അങ്ങനെയുള്ളപ്പോൾ നമ്മുടെ സ്വന്തം മനസ് തന്നെ നമ്മളെ ഒറ്റപ്പെടുത്തിയാലുള്ള ഭീകരാവസ്ഥയെപ്പറ്റി സങ്കൽപ്പിക്കാനാവുന്നുണ്ടോ.. ??..?
ഭക്ഷണം കഴിക്കാൻ ടേബിളിൽ വന്നിരിക്കുമ്പോൾ നിറയുന്ന കണ്ണ് ആരും കാണാതിരിക്കാൻ പ്ലേറ്റിലേക്ക് തലതാഴ്ത്തി ഇരിക്കും.. എങ്ങനെയൊക്കെയോ രണ്ടുമൂന്നു പിടി വാരിക്കഴിക്കും..തൊണ്ടയിൽ നിന്നും താഴെക്കിറങ്ങാൻ വെള്ളം കുടിച്ചിട്ട് വേണം..അതിനാണെങ്കിലോ കണ്ണുനീരിന്റെ രുചിയും...
ശെരിക്കും എന്താണ് ഉള്ളിൽ നടക്കുന്നത് എന്ന് തിരിച്ചറിയാനാവാതെ.. പകച്ചു നിൽക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ...
ആരും ചോദിക്കില്ല എന്നതുപറ്റിയതാ എന്ന്... കാരണം പ്രസവം കഴിഞ്ഞ പെണ്ണിനെ സംബന്ധിച്ച് ഉറക്കക്കുറവും ക്ഷീണവും ഒക്കെ ഉണ്ടാവുമല്ലോ.. അതിന്റെ കൂട്ടത്തിൽ തീരും ബാക്കിയുള്ളവരുടെ സുഖാന്വേഷണം... ??
ഏകദേശം 3 ആഴ്ച ആയിട്ടുണ്ടാകും, ഒരിക്കൽ രാത്രിയിൽ ഞാൻ എന്റെ ഇക്കയോട് എന്തിനോ വല്ലാതെ ദേഷ്യപ്പെട്ടു... പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ തന്നെ എന്റെ മൂത്തമകനെ മാറ്റി നിർത്തിയിരുന്നു.. അവന് അന്ന് 1 വയസ് മാത്രേ പ്രായം ഉള്ളൂ.. എനിക്ക് കാണണം എന്ന് പറഞ്ഞിട്ടും അവനെ കൊണ്ടുവന്നില്ല അതായിരുന്നു കാരണം...
അങ്ങനെ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞു വഴക്കിട്ടു.. അവസാനം എനിക്ക് ഉള്ള ലെവൽ കൂടി തെറ്റി,എനിക്ക് വീട് വിട്ട് ഇറങ്ങിപ്പോകാനോക്കെ തോന്നി..എനിക്കെന്തോ.. 12 am ആയിട്ടുണ്ടാകും ഞാനെന്റെ പർദ്ദയൊക്കെ എടുത്തിട്ടു പോകാൻ റെഡിയായി... എങ്ങോട്ടാണെന്ന് എങ്ങനെയെന്നോ അറിയില്ല.. ഒന്നറിയാം പോണം... ????അപ്പോൾ തന്നെ ഞാൻ എന്റെ ഇക്കയോട് ഫോൺ വിളിച്ചു പറഞ്ഞു.. ഇക്കാ ഞാൻ പോകുവാണ്.. എന്റെ ഈ മോനെ മക്കളില്ലാത്തവർക്ക് കൊടുത്തേക്ക് എന്നും പറഞ്ഞു.. എന്നിട്ട് call കട്ട് ചെയ്തു...
നിമിഷങ്ങൾക്കകം കള്ളൻ കയറിയ വീടുപോലെ എന്റെ വീട് ഉണർന്നു ??.. ഇക്ക ഫോൺ വിളിച്ചു പറഞ്ഞുവത്രേ...
ഉമ്മ എന്നെ കുറേ വഴക്ക് പറഞ്ഞു... അവർക്കറിയില്ലല്ലോ ശെരിക്കും ഉള്ള ഞാൻ അല്ല അപ്പോൾ എന്ന്... എനിക്ക് എന്ത് മറുപടി പറയണമെന്നോ.. കരയണോ.. സമാധാനിക്കണോ എന്ന് പോലും അറിയാതെ ഞാൻ മരവിച്ചിരുന്നു... കുറേ കഴിഞ്ഞപ്പോൾ മോൻ കരഞ്ഞു.. അവനെ ഫീഡ് ചെയ്ത് ഡയപ്പർ മാറ്റിയിട്ടു അടുത്ത് കിടത്തി കുറേ നേരം കരഞ്ഞു... ഒരുപാട്...
പിറ്റേന്ന് വൈകുന്നേരം ഇക്ക എന്നെ കാണാൻ വന്നു.. അന്ന് എന്തെന്നറിയില്ല എനിക്കറിയില്ല ആ മനുഷ്യനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു.. അന്നെനിക്ക് കുറച്ച് ആശ്വാസം കിട്ടി..പക്ഷേ വീണ്ടും അതുതന്നെ ആയിരുന്നു അവസ്ഥ...
പുറമെ ശാന്തമായിരുന്ന് ഉള്ളിൽ അലറിക്കരയുന്ന ഭീകരമായ കുറേ ദിവസങ്ങളായിരുന്നു അവയൊക്കെ... എന്റെ ജീവിതത്തിലെ കറുത്ത അധ്യായം എന്ന് ഞാൻ അവയെ വിശേഷിപ്പിക്കുന്നു
ആ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ 3മാസത്തോളം വേണ്ടി വന്നു...
തീവ്രമായ ഒരു 3 വർഷം പോലെ പിന്നീടെനിക്ക് ആ നാളുകൾ അനുഭവപ്പെട്ടു...
ആർക്കും ഇത്തരം ഒരു അവസ്ഥ വരാതിരിക്കട്ടെ...
ഏറ്റവും വലിയ രസം എന്താന്നറിയോ...?
സർജറി ടൈമിൽ നമ്മുടെ ബോഡിയിലേക്ക് ഇൻജെക്ട് ചെയ്യുന്ന Anastasia യുടെ സൈഡ് എഫക്ട് ആണത്രേ ഈ മാനസികാവസ്ഥ...ആ മരുന്നിന്റെ ഏറ്റവും വലിയ പാർശ്വഫലങ്ങളിൽ ഒന്നാണ് ഈ ഭീകരവസ്ഥ..അഥവാ 'പോസ്റ്റ് പാർട്ടം ഡിപ്രെഷൻ'
ഇതെന്റെ അനുഭവമാണ്.. എത്രപേർ ഇത്തരം അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അറിയില്ല...
ഒരുപക്ഷെ.. ഈ വേദനകളൊക്കെയും തരണം ചെയ്തതിന്റെ പേരിലായിരിക്കണം പ്രപഞ്ചനാഥൻ എന്നെ ഈ സത്യത്തിന്റെ പാതയിലേക്ക് ചേർത്ത് നിർത്തിയത്... അൽഹംദുലില്ലാഹ്...
നീ തന്നതിനും തടഞ്ഞതിനും ഒരായിരം നന്ദി റബ്ബേ..
-അക്യുപങ്ചർ പഠിതാവ്,
വ്യാജ ചികിത്സ എന്ന ആപത്ത് തടയണ്ടേ? ഈ പോസ്റ്റ് കൂടി വായിക്കാം
കേരളത്തിലെ അക്യുപങ്ചർ ചികിത്സാ രംഗം കയ്യടക്കി വ്യാജന്മാർ:
ലോകത്ത് തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉള്ള കേരളത്തിൽ, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ പൊതുജനാരോഗ്യ ബില്ലും, കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്ടും, കേരളാ മെഡിക്കൽ പ്രക്ടീഷനഴ്സ് ആക്ട്ടും എല്ലാം നമ്മുടെ ഗവണ്മെന്റ് കൊണ്ടുവന്നത്.
കൊണ്ടുവന്നതിന് ശേഷം പ്രസ്തുത നിയമങ്ങൾ നടപ്പിലാക്കിയോ എന്ന ചോദ്യത്തിന്റെ ഉത്തരങ്ങളിൽ ഒടുവിലത്തെതാണ് ഇന്നലെ തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വ്യാജ അക്യുപങ്ചർ ചികിത്സക്ക് ഇരകളായി കൊല്ലപ്പെട്ട അമ്മയും നവജാത ശിശുവും.
ഇപ്പോൾ ലഭിച്ച ഈ ഉത്തരവും ഒടുവിലത്തേതാകും എന്നാൽ അവസാനത്തേത് ആകില്ല എന്ന് തിരിച്ചറിയുമ്പോൾ, ഇനിയും ശരിയായ ചികിത്സ ലഭിക്കാതെ ആരോഗ്യം തകർന്നു മരിക്കാൻ വ്യാജ ചികിത്സക്കു വേണ്ടി ക്യു നിൽക്കുന്ന അനേകായിരങ്ങളെ കാണുമ്പോൾ നിയമങ്ങൾ നടപ്പിലാക്കാനുള്ള നമ്മുടെ സംവിധാനങ്ങളുടെ ഇച്ഛാശക്തിയെ സംശയിക്കാതിരിക്കാൻ കഴിയില്ല.
കേരളത്തിലെ ആരോഗ്യ രംഗത്ത് ഇന്ന് ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത് അക്യുപങ്ചർ മേഖലയിലാണ്. ഈ മേഖലയിലും ഒർജിനൽ ഏതാണ്, ഏതാണ് വ്യാജൻ എന്ന് തിരിച്ചറിയാൻ സർക്കാര് സംവിധാനങ്ങൾക്ക് പോലും കഴിയുന്നില്ല.
അക്യുപങ്ചർ നിയമപ്രകാരം നിയന്ത്രിക്കപ്പെടാത്തതിനാൽ പരിശീലനം ലഭിച്ച ആർക്കും സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാം എന്ന 2017ലെ കേരളാ ഹൈക്കോടതി വിധിയാണ് യഥാർത്ഥത്തിൽ ഇവിടെ വില്ലനായത്.
വ്യാജ ചികിത്സകർ ഒന്നടങ്കം ഏതെങ്കിലും നിലയിൽ ഒരു അക്യുപങ്ചർ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സുരക്ഷിതരാകുന്നത് നിയമ വ്യവസ്ഥക്ക് നോക്കി നിൽക്കേണ്ടി വന്നു. അവസരം മുതലെടുത്ത സർട്ടിഫിക്കറ്റ് വ്യാപാരികൾ പതിനായിരങ്ങൾ ഫീസ് വാങ്ങി തങ്ങളുടെ കച്ചവടം പൊടിപൊടിച്ചു കോടീശ്വരന്മാരായി.
ഏതാനും ദിവസത്തെ അക്യുപങ്ചർ പഠനം കൊണ്ട് ഒരു നിയന്ത്രണവും കൂടാതെ രോഗികളെ ചികിത്സിക്കാം എന്ന അവസ്ഥ വന്നപ്പോൾ ഡിപ്ലോമയും മാസ്റ്റർ ഡിപ്ലോമയും പിജിയും ഒറ്റവർഷം കൊണ്ട് നൽകിയ ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെ കേരളത്തിലുണ്ട്.
അതിൽ ഏറ്റവും വിദഗ്ധൻ ആയിരുന്നു മലപ്പുറം തിരൂർ, മുസലിയാരങ്ങാടി സ്വദേശിയും സിദ്ധനുമായ വിദ്വാൻ, ടിയാനും ചില കൂട്ടുകാരും ചേർന്ന് പഠിപ്പിക്കാനും പഠിക്കാനും അല്പം പ്രയാസമുള്ള ചൈനീസ് അക്യുപങ്ചറിനെ വെട്ടി ഇന്ത്യൻ അക്യുപങ്ചർ എന്ന പേരിൽ പുതിയ ഒരു രീതി പ്രചരിപ്പിച്ചു,
ഏതാനും ദിവസം കൊണ്ട്, എന്നുപറഞ്ഞാൽ വെറും പത്തോ, പന്ത്രണ്ടോ ദിവസം കൊണ്ട് പഠിപ്പിച്ചു യോഗ്യരാക്കി പതിനായിരക്കണക്കിന് ശിഷ്യന്മാരെ കേരളത്തിലെ ആരോഗ്യ മേഖലയിലേക്ക് ഇറക്കിവിട്ടു.
ഫലം മാറാ രോഗങ്ങളും തങ്ങൾ ചികിത്സിച്ചു മാറ്റും എന്ന ഇവരുടെ പ്രചരണങ്ങളിൽ കുടുങ്ങി ജീവൻ നഷ്ടപ്പെട്ടവരും, ജീവഛവങ്ങൾ ആയവരുമായി അനേകായിരങ്ങൾ.
ആദ്യം തന്നെ ജീവൻ രക്ഷാ ഔഷധങ്ങൾ ഉൾപ്പെടെ എല്ലാവിധ മരുന്നുകളും നിർത്തിച്ചുകൊണ്ടു മാത്രം ചികിത്സ തുടങ്ങുന്ന ഇവർ രോഗിയെ ഒരു വിധ ലാബ് ടെസ്റ്റുകൾക്കും അനുവദിക്കാറുമില്ല.
ഡയബറ്റിക് ന്യുറോപ്പതി ബാധിച്ചു വ്രണമായ കാലുമായി വരുന്ന രോഗികളെ പോലും ഇംഗ്ലീഷ് മരുന്നുകൾ നിർത്തിച്ച്, ഒടുവിൽ വ്രണത്തിൽ പുഴുവരിക്കാൻ തുടങ്ങിയപ്പോൾ അത് ശരീര മാലിന്യങ്ങളെ പുഴുക്കൾ തിന്ന് തീർക്കുന്നതാണ് എന്ന് പറഞ്ഞു വീണ്ടും ചികിത്സ നിഷേധിച്ചു രോഗിയുടെ അവയവങ്ങൾ മുറിച്ചു മാറ്റേണ്ടി വന്ന സംഭവങ്ങളും നിരവധിയാണ്.
കിഡ്നി രോഗങ്ങൾക്ക് സൂചികുത്തി ഒടുവിൽ നിവർത്തിയില്ലാതെ ആധുനിക വൈദ്യ ശാസ്ത്രത്തിൽ അഭയം പ്രാപിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയ രോഗികൾ നിരവധി.
സർട്ടിഫിക്കറ്റ് വ്യാപാരം ലോക്കൽ ആണെന്ന് കരുതിയെങ്കിൽ തെറ്റി, മുടക്കാൻ പണം ഉണ്ടെങ്കിൽ അന്താരാഷ്ട്ര Phd ഡോക്ടറൽ സർട്ടിഫിക്കറ്റ് വരെ ഇവർ സംഘടിപ്പിച്ചു നൽകും. പണം മുടക്കുന്നവരെ വിശ്വസിപ്പിക്കാൻ ജന പ്രതിനിധികളെയും, രാഷ്ട്രീയ നേതാക്കളെയും മന്ത്രിമാരെയും വരെ വേദിയിൽ വിശിഷ്ടാതിഥികൾ ആയവർ പ്രതിഷ്ടിക്കും.
അലർജി മുതൽ കാൻസറും എയിഡ്സും വരെ മാറ്റിത്തരാം എന്നവകാശപ്പെടുന്ന ഈ വ്യാജന്മാർ കാരണം പെട്ടുപോയത് വർഷങ്ങൾ നീണ്ട പഠനങ്ങളിലൂടെയും, ശരിയായ മാർഗ്ഗങ്ങളിലൂടെയും ശരിയായ അക്യുപങ്ചർ പഠിച്ചു പ്രാക്ടീസ് ചെയ്തിരുന്നവർ കൂടിയാണ്.
ഇത്തരം ദുരവസ്ഥകൾക്ക് കടിഞ്ഞാണിടാൻ കൂടിയാണ് ഗവണ്മെന്റ് കേരളാ പബ്ലിക് ഹെൽത്ത് ആക്ടും മുൻപ് പറഞ്ഞ നിയമങ്ങളും നടപ്പിലാക്കിയത്,
പ്രസ്തുത നിയമങ്ങൾ പ്രകാരം ഒരാൾക്ക് ചികിത്സ നടത്തണമെങ്കിൽ അയാൾക്കൊപ്പം അല്ലെങ്കിൽ ആ സ്ഥാപനത്തിൽ അംഗീകൃത യോഗ്യതയുള്ള ഡോക്ടർ ഉണ്ടായിരിക്കണം എന്ന് നിർബന്ധമാണ്. അക്യുപങ്ചർ ഉൾപ്പെടെ ഏത് വിഭാഗത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളിലും അംഗീകൃത ഡോക്ടർ ഉണ്ടായിരിക്കണം. അല്ലാതെ ചികിത്സ നടത്തുന്ന വ്യക്തികൾക്ക് 2 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ പിഴയും 1 മുതൽ 10 വർഷം വരെ തടവും ആണ് ശിക്ഷ, അത്തരം വ്യാജ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന അസോസിയേഷനുകൾക്ക് ഓരോ അംഗത്തിനും 5 ലക്ഷം രൂപ വീതം നിയമപ്രകാരം പിഴ ചുമത്താം.
എന്നാൽ ഈ നിയമം പാസ്സായി വർഷങ്ങളായിട്ടും ഏതാനും ചില പ്രഹസനക്കാഴ്ചകൾ അല്ലാതെ നമ്മുടെ നിയമ സംവിധാനങ്ങൾ വേണ്ട രീതിയിൽ ഒരു നടപടികളും എടുത്തിട്ടില്ല.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയും നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകാം, അതാത് പ്രദേശത്തെ DMO മാർക്ക് തങ്ങളുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളെ കുറിച്ച് മുകളിലേക്ക് റിപ്പോർട്ട് ചെയ്യാം.
എന്നാൽ ഇതൊന്നും നടക്കുന്നില്ല എന്നുമാത്രമല്ല വ്യാജന്മാർ ഏറ്റവും ഒടുവിലായി കൈവച്ച പ്രസവ ചികിൽസയിലൂടെ അമ്മമാരും നിരപരാധികളായ നവജാത ശിശുക്കളും ഉൾപ്പെടെ ഇവിടെ കൊല്ലപ്പെടുന്നു. 2024ലെ ഒരു പക്ഷേ പുറത്തറിഞ്ഞ ആദ്യ സംഭവം ആകാം തിരുവനന്തപുരത്ത്, കാരക്കാമണ്ഡപത്തേത്, 2023ൽ ഇത്തരം മുപ്പതിലധികം മരണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
മറുനാടന് മലയാളി ബ്യൂറോ