- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോശ യുകെയെ കീഴടക്കുമോ?
ലണ്ടൻ: ഒന്നര വർഷം മുൻപ് ബ്രിസ്റ്റോളിൽ സായിപ്പ് ടിം ഡാർലിങ് ദോശക്കട നടത്തി നാട്ടുകാരുടെ രുചി മുകുളങ്ങളിൽ പുത്തൻ സ്വാദ് എത്തിച്ച വാർത്ത പുറത്തു വിട്ടത് അത്ഭുതത്തോടെയാണ് യുകെ മലയാളികൾ വായിച്ചത്. അടുത്തിടെ കവൻട്രിയിൽ ജാഗ്വർ ലാൻഡ് റോവറിലെ എഞ്ചിനീയർ മാർട്ടിൻ തട്ടുകട തുടങ്ങി മസാല ദോശ വിൽക്കാൻ തുടങ്ങിയ വാർത്തയും വെളിപ്പെടുത്തുമ്പോൾ അതൊരു നിശബ്ദ വിപ്ലവത്തിന്റെ തുടക്കം ആകുമെന്ന് ആരും കരുതിയിരുന്നില്ല. ഇപ്പോൾ കോറസ്വാൾ പ്രദേശം എന്നറിയപ്പെടുന്ന ഓക്സ്ഫോർഡ് മുതൽ ഗ്ലോസ്റ്ററും കടന്നു സൈറൻസ്റ്റർ വരെ ദോശക്കടകൾ വ്യാപിക്കുകയാണ്.
അതിനിടെയാണ് കഴിഞ്ഞ ദിവസം ഗ്ലോസ്റ്റർ എൻഎച്ച്എസ് ആശുപത്രി കാന്റീനിൽ ദോശയും സാമ്പാറും ചട്ണിയും എത്തി എന്ന വാർത്ത പരക്കുന്നത്. യുകെയിൽ ഏറ്റവും കൂടുതൽ മലയാളി നഴ്‌സുമാർ അടുത്തകാലത്തായി എത്തിയ ആശുപത്രികളിൽ ഒന്നെന്ന ഖ്യാതി നേടിയ ഗ്ലോസ്റ്ററിൽ തന്നെ കേരളത്തിന്റെ രുചിയും മണവുമായി ദോശയും സാമ്പാറും എത്തിയപ്പോൾ മലയാളികൾ അടക്കമുള്ള ജീവനക്കാർ നൽകിയത് വമ്പൻ വരവേൽപ് തന്നെയാണ്.
ചൂടപ്പം പോലെ വിറ്റുപോയത് 400 തട്ട് ദോശകൾ, കിടിലൻ സാമ്പാറും പച്ചമുളകരച്ച ചമ്മന്തിയും അകമ്പടി
ആശുപത്രികളിൽ എത്തുന്ന വിദേശ നഴ്‌സുമാരെ എങ്ങനെ ഇണക്കിയെടുക്കാം എന്ന ചിന്തയിൽ ഒട്ടേറെ വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ ട്രസ്റ്റിലും ഇപ്പോൾ സംഭവിക്കുന്നത്. ഇന്റർനാഷണൽ റിക്രൂട്മെന്റ് വിഭാഗം തന്നെ ഇത്തരം ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ഓണത്തിന് മിക്ക ആശുപത്രികളിലും കൈകൊട്ടിക്കളിയും പൂക്കളവും ഓണസാരിയും ഒക്കെ ആദ്യമായി എത്തിയത് ബ്രിട്ടീഷ് പ്രാദേശിക പത്രങ്ങളിൽ പോലും വാർത്ത ആയി മാറിയിരുന്നു. ഇപ്പോൾ അതിനെയൊക്കെ വെല്ലുന്ന വാർത്തയാണ് ഗ്ലോസ്റ്റർ ആശുപത്രി കാന്റീനിൽ നിന്നും എത്തുന്നത്. നൂറുകണക്കിന് ജീവനക്കാർ ദിവസവും ഭക്ഷണം കഴിക്കുന്ന എൻഎച്ച്എസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം 400 തട്ട് ദോശയും അതിനൊപ്പം സാമ്പാറും ചട്ണിയും വിറ്റുപോയെന്ന കണക്ക് ഞെട്ടിക്കുന്നതായിരുന്നു.
വലിയ പ്രചാരണം ഒന്നും നൽകാതിരുന്നിട്ടും കേട്ടറിഞ്ഞ് എത്തിയവർക്ക് പോലും ദോശ വയറു നിറയെ നൽകാനായില്ല. ഇതോടെ ആവേശത്തിലായ കാന്റീൻ ജീവനക്കാർ ആഴ്ചയിൽ ഒരു ദിവസം ദോശയും സാമ്പാറും പതിവാക്കാനുള്ള ആലോചനയിലാണ്. പുതുതായി എത്തുന്ന ജീവനക്കാർക്ക് ഗൃഹാതുരത ഫീൽ ചെയ്യാൻ ദോശയേക്കാൾ മികച്ച മറ്റൊരു ചേരുവ ഇല്ലെന്നും ഇപ്പോൾ ഗ്ലോസ്റ്റർ ഹോസ്പിറ്റൽ തെളിയിക്കുകയാണ്. ഇതറിയുന്ന മറ്റു ആശുപത്രികൾ കൂടി ദോശ വിപ്ലവം ഏറ്റെടുത്താൽ യുകെയിലെങ്ങും ദോശ മണം പരക്കും എന്നുറപ്പാണ്.
ആശുപത്രി കാന്റീനിൽ പ്രൊഡക്ഷൻ ചുമതലയുള്ള ബെന്നി ഉലഹന്നാൻ, അരുൾ, ന്യൂയ്ഡ് എന്നീ ജീവനക്കാരാണ് ദോശ ഹിറ്റാകാൻ പ്രധാന കാരണം. അൽപം തമിഴ് രുചിയിലാണ് സാമ്പാർ എത്തിയതെന്നു ദോശ കഴിക്കാൻ എത്തിയ മലയാളികളുടെ ആദ്യ കമന്റ്. മൊരിഞ്ഞ ദോശയുടെ ശീലം ഇല്ലാത്ത കല്ല് ആയതിനാൽ ആദ്യം ചുട്ട ദോശകളിൽ പലതിനും അൽപം നിറ വ്യത്യാസം വന്നതും ചിലരുടെ എങ്കിലും മുഖം അൽപം കറപ്പിച്ചു.
എന്നാൽ ഈ പരാതി ഒക്കെ മാറ്റിയെടുത്താകും അടുത്ത ദിവസത്തെ ദോശ വരവെന്ന് ജീവനക്കാർ ഉറപ്പ് നൽകുന്നു. ബ്രിട്ടീഷുകാർ വരെ ദോശയുടെ ആരാധകരായി മാറിയതോടെ ജീവനക്കാർ വലിയ ആവേശത്തിലാണ്. ഇഫ്താർ വിരുന്നിന്റെ ഭാഗമായി ഹലാൽ ഭക്ഷണം വിളമ്പി ശ്രദ്ധ നേടിയ കാന്റീൻ ജീവനക്കാർ മലായളികളെ കയ്യിലെടുക്കാൻ ദോശയുമായി എത്തിയതോടെ സ്റ്റാഫ് റൂമുകളിൽ ഇപ്പോൾ കാന്റീൻ തന്നെയാണ് പ്രധാന ചർച്ചാ വിഷയം.
മെനുവിൽ നിറയുന്നത് ഇന്ത്യൻ രുചികൾ, അടുത്ത ഓണാഘോഷം ആവേശ ലഹരിയാകും
മലയാളി ജീവനക്കാരുടെ എണ്ണം കൂടിയതും കഴിക്കാൻ എത്തുന്ന ജീവനക്കാരിൽ മലയാളികൾ കൂടുതലായി എത്തി തുടങ്ങിയതും ബസ്മതി റൈസും കറികളും ഒക്കെ പതിവായി മെനുവിൽ പ്രത്യക്ഷപ്പെടാനും കാരണമായിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓണത്തിന് പല തരത്തിൽ ആശുപത്രിയിൽ നിരവധി പൂക്കളങ്ങൾ തീർത്ത മലയാളി നഴ്‌സുമാർ ആശുപത്രിയെ ഓണമുറ്റമാക്കി മാറ്റിയത് മാനേജമെന്റിന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. അതിനാൽ അടുത്ത ഓണത്തിന് വമ്പൻ ഓണസദ്യ തന്നെ ഗ്ലോസ്റ്റർ ആശുപത്രിയിൽ എത്താനുള്ള സാധ്യതയാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. മലായളികളുടെ തനതു ഓണാഘോഷം യുകെ ആശുപത്രികളെ ആഘോഷ ലഹരിയിലാക്കുന്ന ആവേശത്തിന് തുടക്കം ഉണ്ടായാൽ അത് ഗ്ലോസ്റ്ററിൽ നിന്നായിരിക്കും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന സൂചനകൾ.
ബ്രേക്ഫാസ്റ്റ് ഓഫ് ദിഡേ എന്ന ആശയത്തിൽ പിടിച്ചു പരീക്ഷണ അടിസ്ഥാനത്തിലാണ് ഗ്ലോസ്റ്റർ ഹോസ്പിറ്റലിൽ ദോശ എത്തിയത്. സാമ്പാറും പച്ചമുളകിട്ട തേങ്ങാ ചമ്മന്തിയും കൂട്ടിനു വന്നതോടെ ദോശക്കാര്യം നാട്ടിലെങ്ങും പാട്ടായ അവസ്ഥയാണ്. മാസങ്ങളായി ദോശയൊന്നും കഴിക്കാൻ പറ്റാതെ ആശുപത്രി അക്കോമഡേഷനിൽ കഴിയുന്ന ജീവനക്കാർക്ക് ആണ് പുതിയ മെനു കൂടുതൽ സന്തോഷം എത്തിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ ദോശ കഴിക്കാനായാൽ നാട്ടിലെ അമ്മയുടെ അടുക്കള അടുത്തില്ലല്ലോ എന്ന പ്രയാസം ഒക്കെ ഒരു പരിധി വരെ പമ്പ കടക്കും എന്നാണ് പുത്തൻ ജീവനക്കാരിൽ പലരും നൽകുന്ന ഫീഡ്ബാക്.
നഴ്‌സുമാർ അടക്കമുള്ള സ്റ്റാഫിന് പ്രത്യേക ഡിസ്‌കൗണ്ട് ഉള്ളതിനാൽ ഇപ്പോൾ കാന്റീൻ ഭക്ഷണം പലർക്കും വലിയ ആശ്വാസമാണ്. വീടുകളിൽ തയ്യാറാകുന്നതിനേക്കാൾ ലാഭത്തിൽ കാന്റീനിൽ നിന്നും കഴിക്കാം എന്നുവരെ കരുതുന്നവരും കുറവല്ല. രാവിലെ ഏഴു മുതൽ 11 വരെ സൗജന്യമായി പോറിഡ്ജും ഉച്ചക്ക് സൗജന്യ സൂപ്പും ഒക്കെ വന്നതോടെ കാന്റീൻ വേറെ ഒരു ലെവലിലേക്ക് എത്തുകയാണ്. മുൻപ് എൻഎച്ച്എസ് സ്റ്റാഫ് റൂമുകളിൽ പാലും ബ്രെഡും വെണ്ണയും ഒക്കെ സൗജന്യം നൽകിയിരുന്നത് 2008 ലെ കുപ്രസിദ്ധമായ മാന്ദ്യത്തോടെയാണ് ഇല്ലാതായത്. ജീവനക്കാർക്കുള്ള സൗജന്യങ്ങൾ ഇല്ലാതാക്കി എങ്ങനെ പണം ലാഭിക്കാം എന്ന് ചിന്തിച്ച ട്രസ്റ്റുകൾ തന്നെ ഇപ്പോൾ എങ്ങനെ പണം മുടക്കി ജീവനക്കാരെ ആകർഷിക്കാൻ കഴിയും എന്ന ഗവേഷണമാണ് നടത്തുന്നത് എന്നോർമ്മിപ്പിക്കുകയാണ് ഗ്ലോസ്റ്റർ ആശുപത്രി കാന്റീൻ.
നാടെങ്ങും ദോശമണം പരക്കുന്ന സാധ്യത, ചെറുകിട പട്ടണങ്ങളിൽ പോലും ദോശക്കടകൾ
യുകെയിൽ ആഭ്യന്തര ടൂറിസ്റ്റുകൾ എത്തുന്ന പ്രധാന പ്രദേശമാണ് കോട്സ് വാൾ. ഓക്സ്ഫോർഡും ഗ്ലോസ്റ്ററും ഒക്കെ അതിരിടുന്ന വിശാലമായ ഈ നാടൻ പ്രദേശങ്ങൾ ബ്രിട്ടീഷ് സാംസ്‌കാരിക പശ്ചാത്തലത്തിൽ സമ്പന്നമാണ്. കോട്സ് വാളിലെ പ്രധാന പട്ടണങ്ങളിൽ ഒന്നായ സിറിൻസ്റ്ററിൽ അടുത്തിടെ അടച്ചു പൂട്ടിയ പ്രധാന റെസ്റ്റോറന്റ് വീണ്ടും തുറന്നതു ദോശ മണവും ആയാണ്. പ്രധാനമായും ബ്രിട്ടീഷുകാർ മാത്രമുള്ള ഈ പ്രദേശത്തെ കടയിൽ ദോശ ലഭിക്കുക എന്നത് അത്ഭുതം തന്നെയാണ്.
ഓക്സ്ഫോർഡിൽ വിജയം കണ്ട ദോശ പാർക്ക് എന്ന രണ്ടു കടകളിൽ നിന്നുമാണ് സിറിൻസ്റ്ററിൽ കൂടി ദോശ വിൽപന ആരംഭിക്കാനുള്ള ആവേശം ഉണ്ടായത്. ദോശ മാത്രമല്ല ഇഡലിയും വടയും ബിരിയാണിയും അടക്കം സമ്പൂർണ ഇന്ത്യൻ രുചിയുമായിട്ടാണ് ദോശ പാർക്കിന്റെ വരവ് എന്നതും പ്രത്യേകതയാണ്. സാധാരണ റെസ്റ്റോറന്റുകളെ അപേക്ഷിച്ചു ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്ന സമ്പൂർണ പാക്കേജുമായാണ് ഞങ്ങളുടെ വരവ് എന്നാണ് ദോശ പാർക്ക് ഉടമ ഒമർ റഹിം പറയുന്നത്. ദോശ ക്കടകളിൽ ആരാധകർ കൂടുതൽ ഉരുളക്കിഴങ്ങ് അകത്തു നിറച്ചെത്തുന്ന മസാല ദോശക്ക് തന്നെയാണ്. രുചിക്കൊപ്പം കഴിച്ചാൽ വയർ നിറയും എന്നത് മറ്റൊരു കാരണവും ആകുകയാണ്.
യഥാർത്ഥ ഇന്ത്യൻ രുചി ലഭിക്കുന്ന റെസ്റ്റോറന്റുകൾ തേടി നടക്കുന്ന ബ്രിട്ടീഷുകാർക്ക് ആശ്വാസമാണ് ദോശ പാർക്ക് പോലെയുള്ള കടകൾ. മസാല ദോശയുടെ രുചിയും ഗുണവും അറിയുന്ന ബ്രിട്ടീഷുകാർക്ക് കുറഞ്ഞ വിലയിൽ ലഭിക്കുന്നു എന്ന ആകർഷണം കൂടി ആയി മാറുമ്പോൾ ഫിഷ് ആൻഡ് ചിപ്സ് കടകളെ ഭാവിയിൽ തോൽപ്പിക്കാൻ ദോശക്കടകൾ മതിയാകും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് പറഞ്ഞാലും അതിശയോക്തി വേണ്ടി വരില്ല.
കാരണം പല പ്രധാന നഗരങ്ങളിലും ഇപ്പോൾ യുകെയിൽ ദോശ ലഭിക്കുക എന്നത് വലിയ പ്രയാസം ഉള്ള കാര്യമല്ല. നാടെങ്ങും പിറക്കുന്ന മലയാളി റെസ്റ്റോറന്റുകളിലും ദോശ ഹിറ്റാവുകയാണ്. കുട്ടികളെ രസിപ്പിക്കുന്ന ഹാറ്റ് ദോശകൾ വന്നതോടെ ഇന്ത്യൻ റെസ്റ്റോറന്റുകൾ ഏവർക്കും ഒഴിവാക്കാനാകാത്ത ഡെസ്റ്റിനേഷൻ കൂടി ആയി മാറുകയാണ്.