തിരുവനന്തപുരം: വിമർശിക്കുന്നവരുടെ നാവ് അരിയുക എന്നത് പിണറായി സർക്കാരിന്റെ മുഖമുദ്രയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി എസ് സി ചെയർമാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഇവിടെ ഒരു ഭരണഘടന നിലനിൽക്കുന്നുണ്ട് എന്നും മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനത്തെ പൂട്ടിക്കാൻ നടക്കുന്നവർ അത് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ സർക്കാരിന്റെ ഏറ്റവും പ്രധാനമായ മുഖമുദ്ര എന്താണെന്ന് ചോദിച്ചാൽ അസഹിഷ്ണുതയാണ് എന്നതാണ് ഉത്തരം. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരുടെ നാവ് അരിയുന്നതിന് വേണ്ടി എന്ത് ഹീനമാർഗവും ഉപയോഗിക്കുക എന്നത് ഒരു തന്ത്രമായി അദ്ദേഹവും പാർട്ടിയും കരുതിയിരിക്കുന്നുവെന്നും ഡോ. രാധാകൃഷ്ണൻ ആരോപിച്ചു. വാർത്തകൾ കൊടുക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ ജോലിയാണ്. വിമർശിക്കും, സർക്കാരിന്റെ ഭാഗത്തുനിന്നും തെറ്റായ നിലപാടുകൾ ഉണ്ടായാൽ അത് തുറന്നുകാണിക്കും. സർക്കാർ ശരിയല്ല എന്ന് അത് വ്യക്തിപരമായിട്ട് ഒരു സർക്കാരിനെ ആക്രമിക്കലല്ല.



ഭരണ സമ്പ്രദായത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണത്തിൽ വിയോജിപ്പുള്ള ഒരുപാട് ഭാഗങ്ങൾ ഉണ്ടെന്നും, ജനങ്ങൾക്ക് ആ വിയോജിപ്പ് ഉണ്ടെന്ന് ബോധ്യപ്പെടുത്തുക എന്ന ദൗത്യം നിർവഹിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്. വിശേഷിച്ച് ഇന്ത്യയിൽ.

അരക്കില്ലത്തിൽ വച്ച് പഞ്ചപാണ്ഡവരെയും കുന്തിയേയും അഗ്നിക്ക് ഇരയാക്കിയെന്ന വിവരം പ്രചരിപ്പിച്ചപ്പോൾ കള്ളദുഃഖം അഭിനയിച്ച ധൃതരാഷ്ട്രർക്ക് എതിരെ നഗര ഗ്രാമചതുരങ്ങളിൽ ജനങ്ങൾ ഒരുമിച്ച് കൂടി ഉച്ചത്തിൽ പ്രതിഷേധിച്ചു എന്ന് മഹാഭാരതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഒരുമിച്ച് കൂടി ഉച്ചത്തിൽ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് ഇന്ന് മാധ്യമങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.

അങ്ങനെ നിറവേറ്റുമ്പോൾ അതിൽ കുഴപ്പങ്ങൾ ഉണ്ടാകാം. അവർ അധിവാക്കുകൾ പറഞ്ഞിട്ടുണ്ടാകാം. അവർ പറഞ്ഞ കാര്യങ്ങളോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ടാകാം. പക്ഷെ അങ്ങനെ വിയോജിപ്പ് ഉണ്ടാകുമ്പോൾ മാധ്യമ പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക എന്നത് ശരിയായ രീതിയല്ല.

മാധ്യമ പ്രവർത്തനത്തിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാം. ആ തെറ്റുണ്ടെങ്കിൽ നിയമപരമായിട്ട് ആ തെറ്റിന് എതിരെ നടപടി എടുക്കണം. പക്ഷെ അതിന്റെ പേരിൽ ആ മാധ്യമത്തെയും ആ മാധ്യമസ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരെയും ഇല്ലായ്മ ചെയ്യുന്ന ഉന്മൂലന സിദ്ധാന്തം ജനാധിപത്യ വിരുദ്ധമാണ്.

ഷാജൻ സ്‌കറിയ പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പുള്ള ആളല്ല ഞാൻ. ഒരുപാട് വിയോജിപ്പ് ഉണ്ട്. ചിലപ്പോൾ പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ എന്നുകരുതി അദ്ദേഹത്തെപ്പോലെ ഒരു മാധ്യമ പ്രവർത്തകന് ഈ ഭൂമിയിൽ ജീവിച്ചിരിക്കാനെ പാടില്ല എന്ന രീതിയിൽ പെരുമാറുന്നത് തെറ്റാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആ നരേന്ദ്ര മോദി അദ്ദേഹത്തെ വിമർശിക്കുന്ന മാധ്യമങ്ങളോട് ഒന്നും ഇത്തരം നടപടി സ്വീകരിക്കാറില്ല. അപ്പോൾ ബിബിസിയുടെ കാര്യം ചോദിച്ചേക്കാം. ബിബിസി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആണ് നടപടി എടുത്തത്. ആ നികുതി വെട്ടിപ്പിന്റെ കാര്യം അവർ സമ്മതിച്ചു കഴിഞ്ഞു. അതിനാണ് നടപടിയെടുത്തത്.

മറുനാടൻ ഷാജൻ നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ നിയമപ്രകാരം നടപടിയെടുക്കാം. അല്ലാതെ അയാളുടെ സ്ഥാപനം പൂട്ടിക്കുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനം പ്രതിഷേധാർഹമാണ്. അത് ഒരു സർക്കാരിനും യോജിച്ചതല്ലെന്നും ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടായാൽ, വിയോജിപ്പ് ഉള്ളവർ വിമർശിക്കും. അതാണ് ജനാധിപത്യ രീതി. എന്നാൽ അഭിപ്രായം പറയുന്നവരെ ഉന്മൂലനം ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ജനപ്രതിനിധിയുടെ കടമകൾ മറന്ന് വിയോജിക്കുന്നവരെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

വാർത്തകൾ നൽകിയതിന്റെ പേരിൽ എല്ലാം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിക്കുന്ന പി വി അൻവർ എന്താ രാജാവാണോ? ചക്രവർത്തിയാണോ? ഇതൊക്കെ അവസാനിപ്പിക്കാനായിട്ട്. അൻവറെ ഇത് ജനാധിപത്യ രാജ്യമാണ്. ഈ രാജ്യത്ത് ഒരു ഭരണഘടനയും ഭരണഘടന അനുസൃതമായ സ്ഥാപനങ്ങളും ഉണ്ട്. അല്ലാതെ പിണറായി വിജയനും അൻവറും കൂടി അവിടെ കൂടിയിരുന്ന് തീരുമാനിച്ചാൽ കാര്യങ്ങൾ നടക്കില്ല. വിമർശിക്കുന്ന മാധ്യമങ്ങളെ ഇല്ലാതാക്കുന്ന ഉന്മൂലന സിദ്ധാന്തം മാർസിസ്റ്റ് പാർട്ടിയും പിണറായി വിജയനും ഉപേക്ഷിക്കണം എന്നാണ് പറയാനുള്ളതെന്നും ഡോ കെ എസ് രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.