- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉറക്കത്തിൽ കക്കൂസ് മാലിന്യം സ്വപ്നം കണ്ടാൽ അത് ചാത്തന്റെ അനിഷ്ടം; പാമ്പിനെ സ്വപ്നം കണ്ടാൽ സർപ്പകോപം; ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർക്ക് ദുരിതങ്ങൾ എന്ന് പേടിപ്പിക്കും; പേരാമംഗലം ക്ഷേത്ര പൂജാരി ഡോ കെ വി സുഭാഷ് തന്ത്രി വൻതുക വാങ്ങി ആഭിചാരകർമങ്ങൾ നടത്തുന്നുവെന്ന് ആക്ഷേപം
മൂവാറ്റുപുഴ: ഉറക്കത്തിൽ കക്കൂസ് മാലിന്യം സ്വപ്നം കാണുകയോ ആരും ചെലവഴിക്കാതെ സമ്പത്ത് നഷ്ടമാവുകയോ ചെയ്താൽ അത് ചാത്തന്റെ അനിഷ്ടം രക്തമാണ് കാണുന്നതെങ്കിൽ അത് ഭദ്രകാളിയുടെ കോപം. പാല പൂക്കാത്ത കാലത്ത് പാലപ്പൂമണമെത്തിയാൽ അത് യക്ഷി സാന്നിദ്ധ്യം. സന്ധ്യസമയത്ത് മുട്ടനാടിന്റെ ഗന്ധം അനുഭപ്പെട്ടാൽ ഉറപ്പിക്കാം, അത് ജിന്നുതന്നെ.
കലൂർ പേരാമംഗലം ക്ഷേത്രത്തിലെ പൂജാരി ഡോ.കെ വി സുഭാഷ് തന്ത്രിയുടെതാണ് കണ്ടെത്തൽ. അടുത്തിടെ ഒരു ചാനൽ പരിപാടയിലൂടെയാണ് അദ്ദേഹം തന്റെ ഈ കണ്ടെത്തൽ പ്രേക്ഷകരുമായി പങ്കിട്ടത്. ഇപ്പോൾ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉയർന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുഭാഷ് തന്ത്രികളുടെ കണ്ടെത്തലുകളും ചർച്ചയാവുന്നത്.
ആഭിചാര കർമങ്ങൾ നടത്തുന്നതായി ആക്ഷേപം
ഇതെ വീഡിയോയിൽ തന്നെ സർപ്പകോപം തിരിച്ചറിയാനുള്ള മാർഗ്ഗത്തെക്കുറിച്ചും സുഭാഷ് തന്ത്രി വിശദീകരിക്കുന്നുണ്ട്. ഉറക്കത്തിൽ പാമ്പിനെ സ്വപ്നം കാണുക, വീടിനകത്ത് പാമ്പ് കയറുക, പുരയിടത്തിൽ അടിക്കടി പാമ്പിനെ കാണുക തുടങ്ങിയ സർപ്പകോപത്തിന്റെ ലക്ഷണമാണെന്നാണ് തന്ത്രിയുടെ വലയിരുത്തൽ.
ഇത്തരത്തിൽ ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും തന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്. പാമ്പിനെ സ്ഥിരമായി കൊന്നുനടന്ന ആളിന്റെ ദേഹത്ത് പാമ്പിന്റെ ദേഹത്ത് കാണുന്നതുപോലുള്ള ശൽക്കങ്ങൾ രൂപപ്പെട്ടെന്നും താൻ ചെയ്ത കർമ്മത്തിന്റെ ഫലമാണ് അയാൾക്ക് ഈ ഗതിയുണ്ടായതെന്നും തന്ത്രി അവകാശപ്പെടുന്നു.
ക്ഷേത്രം കേന്ദ്രീകരിച്ച് അഭിചാര കർമ്മങ്ങൾ നടക്കുന്നതായുള്ള വിവരം അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിൽ എത്തി ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ തനിക്ക് മർദ്ദനം ഏറ്റതായി തൊടുപുഴ പെരുമാംകണ്ടം സ്വദേശി വിജയൻ വെളിപ്പെടുത്തിയിരുന്നു. യൂട്യൂബ് ചാനലിന് വേണ്ടിയാണ് താൻ വിവരങ്ങൾ ശേഖരിച്ചതെന്നും ദൃശ്യങ്ങൾ എടുത്തതിന്റെ പേരിൽ ക്ഷേത്രത്തിലുണ്ടായിരുന്നവർ കൂട്ടം ചേർന്ന് തന്നെ ആക്രമിച്ചെന്നും മൊബൈൽ പിടിച്ചുവാങ്ങിയെന്നുമാണ് വിജയൻ പറയുന്നത്.
പ്രതിഷേധവുമായി എസ്എൻഡിപി
ഇതിനിടെ തന്ത്രി ഗുരുദേവനെ അവഹേളിച്ചതായികാണിച്ച് എസ്എൻഡിപിയും പ്രതിഷേധവുമായി രംഗത്തെത്തി. ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപിച്ച് ഡോ.സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തിലേക്ക് എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സുഭാഷ് തന്ത്രി ലക്ഷക്കണക്കിന് വരുന്ന ഗുരുദേവ വിശ്വാസികളുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തിയിരിക്കുന്നതെന്നും ഇക്കാര്യം അയാളെ ബോദ്ധ്യപ്പെടുത്തി തിരുത്താൻ ശ്രമിച്ചപ്പോൾ ധിക്കാരവും സംസ്‌ക്കാരശൂന്യവുമായ ഭാഷയിലുള്ള മറുപടിയാണ് ലഭിച്ചതെന്നും എസ് എൻ ഡി പി യോഗം ഭാരവാഹികൾ പറഞ്ഞു.
തന്ത്രിയുടെ വാക്കുകളും പ്രവർത്തികളുമെല്ലാം വീണ്ടും ജനശ്രദ്ധയിലെത്താൻ ഈ രണ്ടുസംഭവങ്ങളും വഴി തെളിച്ചിരിക്കുകയാണ്. അന്ധവിശ്വാസവും അനാചാരങ്ങളും പ്രചരിപ്പിച്ച് മാന്ത്രിക ഏലസ് കച്ചവടവും ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടത്തി സർവ്വകാര്യ സിദ്ധി വാഗ്ദാനം ചെയ്ത് തന്ത്രിയും കൂട്ടരും വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് എസ്എൻഡിപി ഉൾപ്പെടെ സുഭാഷ് തന്ത്രികളെ വിമർശി്ക്കുന്നവരുടെ പ്രധാന ആരോപണം.
ഏജന്റുമാർ വഴിയാണ് ഇയാൾ ഇരകളെ വീഴ്‌ത്തുന്നതെന്നാണ് ആക്ഷേപം. ഇക്കാര്യം ഇയാൾ പങ്കെടുത്ത ചാനലിലെ ജ്യോതിഷ പരിപാടിയുടെ യൂട്യൂബ് ലിങ്കിൽ നിന്നും വ്യക്തമാണ്. പരിപാടിക്കിടെ ഓരോ സ്ഥലങ്ങളിൽ നിന്നും ബന്ധപ്പെടേണ്ട മൊബൈൽ നമ്പറുകൾ എഴുതി കാണി്ക്കുന്നുണ്ട്.
പൂജയ്ക്ക് 56000 രൂപവരെ വാങ്ങുന്നതായി കേൾക്കുന്നു ..ഇതെക്കുറിച്ച് ഒന്നുവിശദീകരിക്കാമോ എന്ന് ചാനൽ അവതാരകയുടെ ചോദ്യത്തിന് ഇയാൾ ഒരു ഡ്രൈവറുടെ ശമ്പളത്തെ താരതമ്യപ്പെടുത്തിയാണ് മറുപടി നൽകിയത്.
2008 -ൽ താൻ പൂജ ആരംഭിക്കുമ്പോൾ 60000 രൂപയാണ് വാങ്ങിയിരുന്നത്. അന്ന് ഒരു വലിയ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് ഒരു ദിവസം ലഭിച്ചിരുന്നത് 150 രൂപയാണ്. 2021-ൽ ഇത് 1500 മുതൽ 1800 വരെയായി ഉയർന്നു.അപ്പോൾ പൂജയുടെ നിരക്ക് 56000 ആയി കുറയ്ക്കുകയായിരുന്നു. പൂജയ്ക്ക് തുക കൂട്ടി എന്ന് പറയുന്നവർ ദൈവികതയെക്കുറുച്ച് ഒന്നും അറിയാത്തവരാണ്. ഇതായിരുന്നു അവതാരകയുടെ ചോദ്യത്തിനുള്ള തന്ത്രിയുടെ മറുപടി.
കഴി്ക്കുന്ന ആഹാരത്തിന് പോലും കണക്കെഴുതി സൂക്ഷിക്കുന്നവരുണ്ടെന്നും പുഷാഞ്ജലിക്ക് 3 രൂപ മുടക്കിയാൽ പോലും കണക്കുപറയുന്നവരുണ്ടെന്നും ഉൾപ്പെടെ ഉപമകളും താരതമ്യങ്ങളുമൊക്കെയായി തന്റെ പൂജ നിരക്ക് വർദ്ധനയെ ന്യായികരിച്ചുകൊണ്ടാണ്് ഇക്കാര്യത്തിൽ തന്ത്രി വിശദീകരണം അവസാനിക്കുന്നത്.
മറ്റുക്ഷേത്രങ്ങളേക്കാൾ ഫലസിദ്ധിയെന്നും പ്രചാരണം
മറ്റ് ഏത് ക്ഷേത്രങ്ങളിൽ പോകുന്നതിനേക്കാൾ ഫലസിദ്ധി ഉണ്ടാകുമെന്ന് പ്രചരിപ്പിച്ചാണ് ഇയാൾ ഭക്തരെ സൃഷ്ടി്ക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുരാതന കാലം മുതൽ ഇയാൾ ക്ഷേത്രം സ്ഥാപിച്ചിട്ടുള്ള പ്രദേശത്ത് ഏതെങ്കിലും മൂർത്തികളുടെ ചൈതന്യം കണ്ടെത്തിയതായി ഒരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് നാട്ടുകാർ പങ്കിടുന്ന വിവരം.
തന്നെ കാണാൻ എത്തുന്നവരെ ജോത്സ്യവും വാസ്തുദോഷവും പറഞ്ഞ് ഭയപ്പെടുത്തി,പരിഹാരമയി മാന്ത്രിക കർമ്മങ്ങൾ നടത്തണമെന്നും ഇതുവഴി ദോഷപരിഹാരം ഉണ്ടാവുമെന്നും ഭക്തരെ വിശ്വസിപ്പിച്ചാണ്് ഇയാൾ സാമ്പത്തിക നേട്ടം കൊയ്യുന്നതെന്നം ആക്ഷേപം ഉയർന്നിട്ടുണ്ട്.
സ്ത്രീകളെ പൂജാ വിദ്യ പഠിപ്പിച്ച വ്യക്തിയെന്ന രീതിയിലും ഇയാൾ വാർത്തമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. സ്വയമെ ഒരു ആൾദൈവമെന്ന പരിവേഷം സൃഷ്ടിക്കാൻ ഇയാളും കൂട്ടാളികളും സാമൂഹിക മാധ്യമങ്ങളെ വലിയൊരളവിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണം.
പുറമെ നിന്ന് വിവരങ്ങൾ തിരക്കിയെത്തുന്നവർക്ക് തന്ത്രി ദർശനം നൽകാറില്ലന്നാണ് സൂചന. ആഗതർക്ക് പൂജ കാര്യങ്ങളിലാണ് താൽപര്യമെങ്കിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്ത്രി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുമെന്നുമാണ് നാട്ടിൽ പരസ്യമായ രഹസ്യം.
പേരാമംഗലം കവലയിൽ നിന്നും അൽപ്പം മാറിയാണ് തന്ത്രിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുരയിടത്തിൽ കാടുവെട്ടിത്തെളിച്ച് പലസ്ഥലത്തായി പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ചെറുതും വലുതുമായി നിരവധി കെട്ടിടങ്ങൾ ഉണ്ട്. ഇതിലൊന്ന് ഇവിടുത്തെ ക്ഷേത്രത്തിലേ്ക്കുള്ള പൂജ വസ്തുക്കൾ വിൽക്കുന്ന സ്റ്റോറാണ്.
കേട്ടുകേൾവിയുടെ നിജ സ്ഥിതി തേടി മറുനാടൻ ക്ഷേത്രത്തിലെത്തിയെങ്കിലും തന്ത്രി ഇന്ന് ആരെയും കാണുന്നില്ലന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. ഈ സമയം ഇവിടെ ചുറ്റും നിരക്ഷിച്ച് നിരവധി പേർ നിൽക്കുന്നുണ്ടായിരുന്നു. വാഹനവുമായി ഈ ലേഖകൻ തിരകെപ്പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവർ പിൻതിരിഞ്ഞത്.
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ നാഗരാജനാണെന്നാണ് അറിയുന്നത്. ഇപ്പോൾ പ്രദേശത്ത് ഇയാൾ 29 ക്ഷേത്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും നിലവിലെ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി ഇയാൾ വാങ്ങിക്കൂട്ടുന്നതായും മറ്റുമുള്ള പ്രചാരണവും ശക്തമാണ്.
മറുനാടന് മലയാളി ലേഖകന്.