- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ ഡോക്ടറെ സ്ത്രീധന ആർത്തിയിൽ കൊലയ്ക്ക് കൊടുത്ത ബാപ്പയും കുടുംബവും ഒളിവിൽ തന്നെ; ആ ആത്മഹത്യാ കുറിപ്പ് ആദ്യം ഒളിപ്പിച്ച് വച്ചതിന് പിന്നിൽ 'ഡികെ ഫാൻസ്'; ഷഹ്നയ്ക്ക് നീതി നിഷേധിക്കാൻ ആദ്യം മുന്നിൽ നിന്നത് മെഡിക്കൽ കോളേജിലെ നിയമന മാഫിയയോ? ഇടയില വീട്ടിലുള്ളവർ ഒളിവിൽ സുഖവാസം തുടരുമ്പോൾ

തിരുവനന്തപുരം: ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് ഗുരുതര പരാമർശങ്ങളുമായാണ്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന വാദം കൂടി പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ ഈ ജാമ്യ ഹർജിയിലെ നിരീക്ഷണം കണ്ടിട്ടും കേട്ടിട്ടും പൊലീസിന് മാത്രം കുലുക്കമില്ല. കേസിലെ രണ്ടാം പ്രതിയും റുവൈസിന്റെ അച്ഛനുമായ കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അബ്ദുൾ റഷീദാണ് സ്ത്രീധനത്തിന് കൂടുതൽ സമ്മർദം ചെലുത്തിയതെന്ന് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വാട്സ്ആപ്പ് ചാറ്റുകളിലും വ്യക്തമായിരുന്നു. സ്ത്രീധനത്തിനായി കൂടുതൽ സമ്മർദ്ദം അബ്ദുൾ റഷീദ് ചെലുത്തിയെന്ന് ഷഹ്നയുടെ അമ്മയും പൊലീസിന് മൊഴി നല്കിയിരുന്നു. ഇതേത്തുടർന്നാണ് അബ്ദുൾ റഷീദിനെയും പ്രതിചേർത്തത്. എന്നാൽ അബ്ദുൽ റഷീദിനെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനാകാത്തത് പൊലീസ് ഒത്തുകളിക്കുന്നതിനാലെന്ന് ആരോപണമുയർന്നിട്ടുണ്ട്. നിർണായക തെളിവുകൾ കിട്ടിയെങ്കിലും ആദ്യം പൊലീസ് മറച്ചുവച്ചു. ഇത് പ്രതി രക്ഷപ്പെടാൻ കാരണമായി. ഇതിന് പിന്നിൽ മെഡിക്കൽ കോളേജിലെ 'ഡികെ ഫാൻസാണെന്നാണ്' ഉയരുന്ന ആക്ഷേപം.
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ഭരിക്കുന്നത് 'ഡികെ ഫാൻസ്' എന്ന കൂട്ടായ്മയാണ്. ഈ കൂട്ടായ്മയിൽ അംഗമായിരുന്നു പിജെ മെഡിക്കൽ വിദ്യാർത്ഥികളുടെ അസോസിയേഷൻ നേതാവ് കൂടിയായ റുവൈസ്. മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനെ നിയന്ത്രിക്കുന്നതും ഡികെ ഫാൻസാണ്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ എല്ലാം 'ഡികെ ഫാൻസ്' ചർച്ചകളിൽ എത്തി. അഴിമതിയും രോഗീ പീഡനവുമെല്ലാം നടത്തുന്ന ഈ വിഭാഗത്തിന് വലിയ രാഷ്ട്രീയ സ്വാധീനമുണ്ട്. മെഡിക്കൽ കോളേജിലെ നിയമനങ്ങൾ പോലും ഈ ഗ്രൂപ്പാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുമ്പ് വാട്‌സാപ്പ് ചാറ്റ് പുറത്തു വന്നതും തിരുവനന്തപുരം കോർപ്പറേഷനിലെ മാറ്റങ്ങളും എല്ലാം 'ഡികെ ഫാൻസ്' ചർച്ചകളിലൂടെയാണ്. അങ്ങനെ കുപ്രസിദ്ധരായ ഈ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്.
ഈ ഗ്രൂപ്പാണ് റുവൈസിന് വേണ്ടി ആദ്യം രംഗത്തു വന്നത്. മെഡിക്കൽ കോളേജ് പൊലീസിനും ഇവരെ ഭയമാണ്. ഇവർക്കെതിരെ നിലപാട് എടുത്താൽ ആ പൊലീസുകാരനോ ഉദ്യോഗസ്ഥനോ പിന്നീട് ആ സ്റ്റേഷനിൽ തുടരാനാകില്ല. അതുകൊണ്ടാണ് ഷഹ്നയുടെ ആത്മഹത്യാ കുറിപ്പ് അടക്കം ആദ്യം പൊലീസ് മറച്ചു വച്ചത്. റുവൈസിനെ അറസ്റ്റുചെയ്യുമെന്ന് വന്നതോടെ അബ്ദുൾ റഷീദ് വീട്ടിൽ നിന്ന് കാറിൽ രക്ഷപ്പെടുകയായിരുന്നു. മുൻകൂർ ജാമ്യത്തിനും ശ്രമിക്കുന്നതായാണ് സൂചന. ഇയാൾ ഫോൺ ഉപയോഗിക്കുന്നില്ല. അതിനാൽ കണ്ടെത്താനാകുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. റഷീദിനെതിരെ നിർണായ തെളിവുകൾ കിട്ടിയെങ്കിലും അത് മറച്ചുവെക്കുന്ന നിലപാടാണ് ആദ്യം പൊലീസ് സ്വീകരിച്ചത്.
ഷഹ്നയുമായുള്ള വിവാഹത്തിൽ നിന്ന് അവസാന നിമിഷമാണ് റുവൈസ് പിന്മാറിയത്. ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ. ഷഹ്ന ഡോ. റുവൈസിന് വാട്സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഷഹ്ന ആത്മഹത്യ ചെയ്യാൻ പോകുന്നതായി അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിന് സംഭവിച്ചത് വൻ വീഴ്ചയാണ്. കേസിലെ രണ്ടാം പ്രതിയും ഡോ. റൂവൈസിന്റെ പിതാവുമായ അബ്ദുൽ റഷീദിനും കുടുംബത്തിനും മുങ്ങാൻ അവസരമൊരുക്കിയത് അന്വേഷണ സംഘത്തിന്റെ നിസംഗതയാണ്.
റുവൈസിനേക്കാൾ ബാപ്പയാണ് ഡോ ഷഹ്നയുടെ ആത്മഹത്യയിലെ പ്രധാന കുറ്റക്കാരൻ എന്ന് വ്യക്തമായി കഴിഞ്ഞു. കരുനാഗപ്പള്ളി സ്വദേശിയായ റുവൈസിന്റെ അച്ഛൻ കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽ നിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. അതേസമയം ആത്മഹത്യാ കുറിപ്പും ചാറ്റുകളും മറച്ചുവച്ച് മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച മെഡിക്കൽ കോളജ് എസ്എച്ച്ഒ പി.ഹരിലാൽ സമൂഹമാധ്യമ കുറിപ്പിലൂടെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയതും വൈറലാകുന്നുണ്ട്.
ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപമാണെന്നും അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നുമായിരുന്നു ആക്ഷേപം. എന്നാൽ മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കാത്തിനെതിരെയായിരുന്നില്ല ആക്ഷേപം. പ്രതിയുടെ അച്ഛനെ രക്ഷിക്കാൻ അവസരമൊരുക്കിയതിലായിരുന്നു. ഇത് ഇപ്പോൾ ചർച്ചകളിൽ സജീവമാണ്. പ്രതികളെക്കുറിച്ചു വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസ് എടുക്കാത്തതും അന്വേഷണം നടത്താത്തതും എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ല. ഷഹ്നയുടെ മാതാവും സഹോദരിയും മാധ്യമങ്ങൾക്കു മുന്നിലടക്കം സ്ത്രീധന പ്രശ്നം ഉന്നയിച്ചതോടെയാണ് പൊലീസ് ആ രീതിയിൽ അന്വേഷണം നടത്താൻ തയാറായത്. മാധ്യമ ഇടപെടലായിരുന്നു ഇതിന് കാരണം.
കരുനാഗപ്പള്ളിയിലെ കോഴിക്കോടുള്ള ഇടയില വീട് പൂട്ടിയ നിലയിൽ. ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ റുവൈസിന്റെ വീടും അത്യാഡംബരത്തിന്റേതാണ്. പൂട്ടിക്കിടക്കുന്ന വീട്ടിന്റെ കാർപോർച്ചിൽ ഇപ്പോഴുള്ളത് സാന്‌ട്രോ കാർ മാത്രം. ഈ കാറിനൊപ്പം ഒരു ബുള്ളറ്റും ഫാസിനോ എന്ന ഇരുചക്ര വാഹനവും ഉണ്ട്. കിയാ സെൽത്തോസ് വണ്ടിയും ഈ വീട്ടിലുണ്ട്. ഈ സെൽത്തോസിലാണ് കുടുംബത്തേയും കൊണ്ട് ഡോ റുവൈസിന്റെ ബാപ്പ അബ്ദുൽ റഷീദ് മുങ്ങിയത്. സിസിടിവി ദൃശ്യ പരിശോധനയിലൂടെ ഈ കാറിന്റെ യാത്രാ വഴി കണ്ടെത്താവുന്നതേയുള്ളൂ. കോഴിക്കോട്ടെ ഇടയില വീട്ടിൽ ഇപ്പോൾ ആരുമില്ല.


