- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവയവങ്ങൾ എടുക്കാൻ മകനെ മരണത്തിന് വിട്ടുകൊടുത്തെങ്കിൽ അതിന് കൂട്ടുനിന്നവർക്കെല്ലാം ഈശ്വരൻ തക്ക ശിക്ഷ നൽകട്ടെ; ആശുപത്രിക്കും ഡോക്ടർമാർക്കും എതിരെയുള്ള കോടതി ഇടപെടൽ ദൈവനിശ്ചയം മാത്രം; ലേക്ക് ഷോർ ആശുപത്രിക്കെതിരെ എബിന്റെ മാതാവ് ഓമന
മൂവാറ്റുപുഴ: മരണപ്പെട്ടിട്ടാണ് മകന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകിയതെങ്കിൽ വിഷമമില്ല. അവർ ജീവിച്ചിരിക്കുന്നുണ്ടല്ലോ. അവയവങ്ങൾ എടുക്കാൻ അവനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നെന്നുള്ള സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. അങ്ങിനെയാണ് നടന്നതെങ്കിൽ അതിന് കൂട്ടുനിന്നവർക്കെല്ലാം ഈശ്വരൻ തക്കതായ ശിക്ഷ നൽകുമെന്നാണ് കരുതുന്നത്. ആശുപത്രിക്കും ഡോക്ടർമാർക്കുമെതിരെയുള്ള കോടതി ഇടപെടൽ ദൈവനിശ്ചയം മാത്രമാണ്. ലേക് ഷോർ ആശുപത്രിയിൽ വെച്ചു മരണപ്പെട്ട എബിന്റെ മാതാവ് കണ്ണീരോടെ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്.
എബിന്റെ മരണവുമായി ബന്ധപ്പെട്ട് എട്ടുഡോക്ടർമാർക്കെതിരെയും ലേക്്ഷോർ ആശുപത്രിക്കെതിരെയും എറണാകുളം ഒന്നാക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവ് ഇട്ടിരുന്നു. എബിന് മസ്തിഷ്‌കം മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി,അവയവങ്ങൾ ദാനം ചെയ്തെന്നും നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇത് നടന്നതെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ ഡോ. ഗണപതി ഇക്കാര്യത്തിൽ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് നിർണായക ഉത്തരവുണ്ടായിരിക്കുന്നത്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ എബിന്റെ മരണത്തെക്കുറിച്ചും പിന്നീട് നടന്ന സംഭവവികാസങ്ങളെക്കുറിച്ചും ആരാഞ്ഞപ്പോഴായിരുന്നു മാറാടി വാഴപ്പറമ്പിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഓമന ഇത്തരത്തിൽ പ്രതികരിച്ചത്. മരണം സംഭവിച്ചതായി അറിയിച്ച് അധികം കഴിയും മുമ്പെ ഇതേ ആശുപത്രിയിലെ ഒരു ഡോക്ടറാണ് മകന്റെ അവയവങ്ങൾ ദാനം ചെയ്യുന്ന കാര്യം തന്നോട് സൂചിപ്പിച്ചത്. മണ്ണിൽവച്ചാൽ ചീഞ്ഞുപോകുന്നതല്ലെ, ആർക്കെങ്കിലും പ്രയോജപ്പെടുന്നെങ്കിൽ അത് നല്ല കാര്യമല്ലെ എന്നാണ് ഇതുകേട്ടപ്പോൾ ചിന്തിച്ചത്. ഇക്കാര്യം ആ ഡോക്ടറോടും പറഞ്ഞെന്നാണ് തോന്നുന്നത്.
മകന്റെ അവയവങ്ങളുമായി രണ്ടുപേർ ജീവിച്ചിരിക്കുമല്ലോ ,അവരെ കാണാമല്ലോ എന്ന ചിന്തയും മനസിൽ ഉണ്ടായി. അപ്പോഴത്തെ മാനസീക നിലയിൽ മറ്റൊന്നും ചിന്തിച്ചില്ല. അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് നൽകുകയായിരുന്നു. മകന്റെ അവയവങ്ങൾ സ്വീകരിച്ചവരെ കാണണമെന്നുണ്ടായിരുന്നു. ഈ ആഗ്രഹം ആശുപത്രിക്കാരെ അറിയിച്ചിരുന്നതുമാണ്. എന്നാൽ അത് ഇന്നുവരെ സാധിച്ചിട്ടില്ല. ഇന്നും വലിയ വിഷമമായി ഇത് മനസിൽ അവശേഷിക്കുന്നുണ്ട്. ഭർത്താവ് തങ്കച്ചൻ നേരത്തെ മരണപ്പെട്ടിരുന്നു. നാട്ടിലെ കിണറ്റിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ വിഷവാതകം ശ്വസിച്ച് മരണപ്പെടുകയായിരുന്നു.
ഇതെത്തുടർന്ന് ജോലിയുടെ സൗകര്യാർത്ഥം താമസം ഇടുക്കി ഉടുമ്പൻചോലയിൽ നിന്നും മൂവാറ്റുപുഴ മാറാടിയിലേയ്ക്ക് മാറുകയായിരുന്നു. ഭർത്താവ് മരണപ്പെട്ടതിന്റെ ആഘാതം വിട്ടൊഴിയും മുമ്പാണ് രണ്ടാമത്തെ മകനെയും നഷ്ടമായത്. മൂവാറ്റുപുഴയിലെ ഡെൻകെയർ എന്ന സ്ഥാപനത്തിലാണ് മരണപ്പെട്ട എബിന്റെ സഹോദരൻ ബിബിനും താനും ജോലി ചെയ്തിരുന്നത്. എബിൻ പഠിപ്പ് കഴിഞ്ഞ് ജോലിക്ക് പല സ്ഥാപനങ്ങലിലും ശ്രമിച്ചുവരികയായിരുന്നു.
്അപകടത്തിൽ ബിബിനും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതുവരെ 11 ലക്ഷത്തോളം രൂപ ചികത്സയ്ക്ക് ചെലവായി. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും മകന്റെ ചികത്സയ്ക്കുമായി വല്ലാതെ വിഷമിച്ചു. ഇളയകുട്ടിക്ക് അന്ന് 10 വയസായിരുന്നു പ്രായം. ബിബിൻ സാധാരണ നിലയിലേയ്ക്ക് ഏറെക്കുറെ മടങ്ങിയെത്തിയിട്ടുണ്ട്. ഇപ്പോഴും മരുന്നുകൾ കഴിയിക്കുന്നുണ്ട്.
ഇപ്പോൾ ഒരു തയ്യൽക്കട നടത്തുന്നുണ്ട്. ഇതാണ് ഉപജീവനത്തിനുള്ള മാർഗ്ഗം. ഒരമ്മയ്ക്കും എന്റെ ഗതിയുണ്ടാവരുതെ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥന.അനുഭവിച്ച ദുരിതങ്ങൾക്കും ഒഴുക്കിയ കണ്ണുനീരിനും കണക്കില്ല. ഓമന വാക്കുകൾ ചുരുക്കി. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കറുകടത്ത് 2009 നവംബർ 29 നാണ് എബിനും ബിബിനും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. രാജകുമാരിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം എബിനും മൂത്തസഹോദരൻ ബിബിനും മാറാടിയിലേയ്ക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പാതയോരത്തെ ഇലട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഉടൻ ഇതുവഴിയെത്തിയ കാർ യാത്രക്കാർ ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ എത്തിച്ചു.നില ഗുരുതരമായതിനാൽ പിന്നീട് എറണാകുളം ലേക്ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികത്സയിലിരിക്കെ മൂന്നാം ദിവസം പുലർച്ചെ 3 മണിയോടടുത്ത് എബിൻ മരണപ്പെട്ടതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
എബിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. 2009 നവംബർ 29 നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.