കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെതിരെ അണിയറ നീക്കങ്ങൾ ശക്തമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപിലെ തോൽവി വിലയിരുത്താൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ഇപി ജയരാജനെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്. എൽ.ഡി. എഫ് കൺവീനർ സ്ഥാനത്തിരിക്കുന്ന ഇപി ജയരാജൻ വൻ പരാജയമാണെന്നും തൽസ്ഥാനം രാജിവയ്ക്കാൻ തയ്യാറാകണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ജില്ലയിൽ ഒതുങ്ങിയാണ് ഇ.പി. പ്രവർത്തിച്ചത്.

സംസ്ഥാന അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ഇ.പി. ജയരാജന്റെ സാന്നിദ്ധ്യം മുന്നണി പരിപാടികളിൽ ഉണ്ടായില്ല കാസർകോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഇപിക്ക് സ്വന്തം മണ്ഡലമായ കല്യാശേരിയിൽ നിന്നു പോലുമുണ്ടായ വോട്ടു ചോർച്ച തടയാൻ കഴിഞ്ഞില്ല പാർട്ടിയെയും മുന്നണിയെയും നിരന്തരം പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളാണ് ഇപി. ജയരാജൻ നിരന്തരം നടത്തിയതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ മുതിർന്ന നേതാക്കളിലൊരാൾ പറഞ്ഞു. മുസലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്ന വിധത്തിൽ ഇപി മൂന്നിലേറെ തവണ പ്രസ്താവന നടത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നിട്ടും ഈ കാര്യത്തിൽ പിന്നോട്ടു പോയില്ല.

ബിജെപി സ്ഥാനാർത്ഥികളിൽ യോഗ്യന്മാരുണ്ടെന്ന ഇ.പിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് കാലത്ത് അണികളിൽ ആശയക്കുഴപ്പമുണ്ടാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം എൽ.ഡി.എഫും ബിജെപിയുമാണെന്ന് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത് ആർക്കാണ് ഗുണം ചെയ്തതെന്ന് ആലോചിക്കണം. ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിൽ ബിജെപി കേരള പ്രഭാരി അജിത് ജാവദേക്കറുമായി കൂടിക്കാഴ്‌ച്ച നടത്തിയ ഇപിയുടെ നടപടി പാർട്ടിയോട് അടുത്തു നിൽക്കുന്ന കാന്തപുരം വിഭാഗത്തിന്റെ ഉൾപെടെ വോട്ടു ചോർത്തുന്ന സാഹചര്യമുണ്ടാക്കി. ജാവദേക്കറുമായി താൻ കൂടിക്കാഴ്‌ച്ച നടത്തിയെന്ന് ഇപി വെളിപ്പെടുത്തിയത് പോളിങ് ദിവസത്തിലാണ്.

മാധ്യമങ്ങൾ ഇതു വലിയ വാർത്തയാക്കിയതോടെ പാർട്ടിയെ കുറിച്ചുള്ള അവമതിപ്പുണ്ടാക്കി. ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ ദല്ലാൾ നന്ദകുമാർ മുഖേനെ ശോഭ സുരേന്ദ്രനുമായി രഹസ്യ കുടിക്കാഴ്‌ച്ച നടത്തിയെന്ന വാർത്തകൾ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിലും പാർട്ടി നടത്തുന്ന ബിജെപി വിരുദ്ധ പോരാട്ടങ്ങളെ ദുർബലമാക്കി. ഇപിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള വൈദേകം റിസോർട്ട് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയ്ക്ക് പങ്കാളിത്തമുള്ള നിരാമയ ഏറ്റെടുത്തത് വലതു പക്ഷ മാധ്യമങ്ങൾ വലിയ വാർത്തകളായി ആഘോഷിച്ചുവെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണമുയർന്നു.

തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണമായി ഇ.പി ജയരാജനെ പ്രതികൂട്ടിൽ ചർച്ചയിൽ പങ്കെടുത്തപ്പോഴും കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന് അനുകൂലമായി ഒരു വാക്കുപോലും അവലോകനയോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞില്ലെന്നാണ് ശ്രദ്ധേയം. എന്നാൽ മുഖ്യമന്ത്രി പിണറായ വിജയനെതിരെയുള്ള വിമർശനങ്ങൾ പ്രതിരോധിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി തുടർഭരണം കിട്ടിയത് പിണറായി വിജയന്റെ നേതൃത്വത്തിന് കീഴിലാണെന്ന് മറക്കരുതെന്നും തോൽവിയുടെ പേരിൽ പഴിചാരുന്നത് ശരിയല്ലെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

പാർട്ടിയിലും സർക്കാരിലും നെടുംതൂണാണ് സഖാവ് പിണറായിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഫലത്തിൽ കണ്ണൂരിൽ മുതിർന്ന നേതാവായ ഇ.പി. ജയരാജനോടൊപ്പം ഭാര്യാ സഹോദരിയും കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി മാത്രമേയുള്ളു. ഒരു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കൈയും പാർട്ടിയിലെ രണ്ടാമനുമായ ഇ.പിയുടെ പാർട്ടിക്കുള്ളിലെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വൈകാതെ അദ്ദേഹം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപായി എൽ.ഡി.എഫ് കൺവീനർ പദവി രാജിവെച്ചേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയൻ പോലും കൈവിട്ട പാർട്ടിയിലെ കരുത്തന് സ്വന്തം തട്ടകത്തിൽ പോലും കാലിടറുന്ന കാഴ്‌ച്ചയാണുള്ളത്. കണ്ണൂരിൽ മാത്രമല്ല ഏർണാകുളം പോലുള്ള മറ്റു ജില്ലാ കമ്മിറ്റിയോഗങ്ങളിലും ഇപി ജയരാജനെതിരെ വിമർശനമുയർന്നിട്ടുണ്ട്.