തിരുവനന്തപുരം: മാറനല്ലൂരിലും കണ്ടലയിലും ഭാസുരാംഗൻ ചെയ്ത ചതികൾ വിശദീകരിച്ച് ബിജെപി നേതാവ് എരുത്താവൂർ ചന്ദ്രൻ. കണ്ടലയിൽ സമരം ചെയ്ത പാവങ്ങൾക്ക് ആശ്വാസം നൽകാതെ ആഡംബരം കാട്ടിയെന്നും എരുത്താവൂർ പറയുന്നു. കണ്ടലയിൽ നിക്ഷേപിച്ച പാവങ്ങൾ സമരം ചെയ്യുകയായിരുന്നു. അവർക്ക് മുന്നിലേക്ക് അത്യാഡംബര കാറിൽ വന്നിറങ്ങുകയായിരുന്നു ഭാസുരാംഗൻ. അന്ന് അവിടെയുണ്ടായിരുന്ന അമ്മമാരുടെ നിലവളിയാണ് ഭാസുരാംഗനെ അഴിക്കുള്ളിലാക്കിയതെന്ന് എരുത്താവൂർ ചന്ദ്രൻ പറയുന്നു. മാറനെല്ലൂരിലെ സിപിഎം മുഖമായിരുന്ന എരുത്താവൂർ ചന്ദ്രനാണ് വർഷങ്ങൾക്ക് മുമ്പ് ഭാസുരാംഗന്റെ ചതികൾ ആദ്യം തിരിച്ചറിഞ്ഞത്. ഇതിന്റെ പേരിൽ എരുത്താവൂരിന് പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കി. അതിന് ശേഷമാണ് ബിജെപിയിൽ ചേർന്നത്. ഭാസുരാംഗനും മകനും ജയിലിലായതോടെ എരുത്താവൂർ ചന്ദ്രന്റെ പഴയ പോരാട്ടവും വാർത്തകളിൽ എത്തുകയായിരുന്നു. ആ പഴയ കഥ വിശദമായി തന്നെ മറുനാടൻ മലയാളിയുമായി എരുത്താവൂർ ചന്ദ്രൻ പങ്കുവച്ചു.

സിപിഐ നേതാവിന് ചേരാത്ത പലതും ഭാസുരാംഗൻ ചെയ്തു. മകന്റെ വിവാഹത്തിന് ചെന്നൈയിൽ നിന്നും കണ്ടൈനറിൽ അത്യാഡംബര കാറെത്തിച്ചു. ഏറ്റവും വിലപിടിപ്പുള്ള കാറായിരുന്നു അത്. കുതിരകളുടെ അകമ്പടിയിലാണ് ഈ കാറിൽ ഭാസുരാംഗന്റെ മകൻ വിവാഹ വേദിയിൽ എത്തിയത്. വലിയ ആടിനെ തൽസമയം കൊന്ന് കഷ്ണങ്ങളാക്കി ആളുകൾക്ക് വിഭവമായി നൽകി. ഇതെല്ലാം സിപിഐ നേതാവ് ചെയ്യാൻ പാടില്ലാത്തതായിരുന്നു. അത് കണ്ട് നിന്നു മറ്റ് സിപിഐ നേതാക്കളും. താൻ ഭാസുരാംഗനെതിരെ വർഷങ്ങൾക്ക് മുമ്പ് നിലപാടുകൾ എടുത്തപ്പോൾ സിപിഎം തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കി. ആരും എന്റെ ഭാഗം ചോദിച്ചില്ല. എല്ലാവരും ഭാസുരാംഗനൊപ്പമായിരുന്നു-എരുത്താവൂർ പറയുന്നു. 

താനിപ്പോഴും കമ്യൂണിസ്റ്റുകാരനാണ്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരനല്ല. നല്ലൊരു കമ്യൂണിസ്റ്റുകാരന് ബിജെപിക്കാരനാകാമെന്നും എരുത്താവൂർ ചന്ദ്രൻ വിശദീകരിക്കുന്നു. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് അന്ന് സിപിഎം ജില്ലാ നേതൃത്വത്തിൽ ഭാസുരാംഗനുള്ള സ്വാധീനം കാരണമായിരുന്നു. ചില സിപിഎം നേതാക്കൾ ഭാസുരാംഗന്റെ വീട്ടിലെ നിത്യ സന്ദർശകരായിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് അന്ന് തന്നെ പുറത്താക്കിയത്. ഫ്‌ളക്‌സുകൾ വച്ചും ചാണകം പുരട്ടിയും കറുത്ത കൊടി കെട്ടിയും തന്നെ അപമാനിച്ചു. പലരും താൻ മരിച്ചുവെന്ന് പോലും അന്ന് കരുതിയെന്നും എരുത്താവൂർ പറയുന്നു. കോടിയേരി ബാലകൃഷ്ണൻ തന്നെ പാർട്ടിയിൽ തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചെന്നും എരുത്താവൂർ പറയുന്നു.

വിവിധ രാഷ്ട്രീയ പാർട്ടികളിലെ നിരവധി ജനകീയ നേതാക്കളെ തകർത്തു കൊണ്ടാണ്ടാണ് ഭാസുരാംഗൻ അഴിമതിയുടെ സാമ്രാജ്യം പടുത്തുയർത്തിയതെന്ന ആരോപണം ഉയരുമ്പോൾ ആദ്യ രണ്ടു ഭാര്യമാരുടെ മരണത്തിലും ദുരൂഹതകൾ ചർച്ചകളിലേക്ക് എത്തിയിരുന്നു. ഇഡി കേസിൽ ഭാസുരാംഗൻ ജയിലാണ്. ജാമ്യാപേക്ഷ തള്ളി. ഈ ഘട്ടത്തിലാണ് പുതിയ ആരോപണങ്ങൾ ഉയരുന്നത്. മാറനെല്ലൂരിലെ പ്രധാന സിപിഎം നേതാവായിരുന്ന എരുത്താവൂർ ചന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതും ഭാസുരാംഗന്റെ പകയാണെന്നാണ് ആക്ഷേപം. ബിജെപി സംസ്ഥാന സമിതി അംഗമായി ജനങ്ങൾക്കിടയിൽ ഒരു തോർത്തും തോളിലിട്ട് സാധാരണക്കാരനായി ഇന്നും ജീവിക്കുന്ന വ്യക്തിയാണ് എരുത്താവൂർ ചന്ദ്രൻ.

ഭാസുരാംഗന്റെ ആദ്യ ഭാര്യ അപകടത്തിലാണ് മരിച്ചത്. രണ്ടാമത്തെ ഭാര്യയുടേതും ദുരൂഹമരണമാണ്. ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടുകെട്ടികഴിഞ്ഞു. കുടുംബാംഗങ്ങളുടേതുൾപ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസിലാണ് ഇഡി നടപടി. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്. രണ്ടു മാസമായി എൻ ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്. കണ്ടല ബാങ്കിൽ 3.22 കോടി രൂപയുടെ ക്രമക്കേടാണ് ആരോപിക്കപ്പെടുന്നത്. 90 ലക്ഷം രൂപയാണ് മകന്റെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്റെ വായ്പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ മകൻ അഖിൽജിത്തിന്റെ പേരിൽ ബെൻസ് കാറുമുണ്ട്.

പ്രാഥമിക കുറ്റപത്രത്തിൽ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. 30 വർഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്നു ഭാസുരാംഗനെ പിന്നീട് ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.. പ്രതിയാണെന്ന് കണ്ടെത്തപ്പെട്ടതോടെ മുഖം രക്ഷിക്കാൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്നും സിപിഐ പുറത്താക്കിയിരുന്നു.കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങൾക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ കോടതി) കോടതിയിലാണ് ഇ ഡി കുറ്റപത്രം നൽകിയത്. ഭാസുരാംഗനെയും മകനെയും കൂടാതെ ഭാര്യയും രണ്ട് പെൺമക്കളും കേസിൽ പ്രതികളാണ്. ഇതിനൊപ്പമാണ് മറ്റ് ആരോപണങ്ങളും ഉയരുന്നത്.

കോൺഗ്രസ് നേതാവായിരുന്ന സ്വന്തം അമ്മാവൻ കൃഷ്ണപ്പണിക്കരുടെ കൈപിടിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഭാസുരാംഗൻ ഒടുവിൽ അദ്ദേഹത്തേയും വെട്ടി മുന്നേറി. വി.കെ മണികണ്ഠൻ നായരുടെ വിശ്വസ്തനായി നടന്ന് അവസാനം അദ്ദേഹത്തിന്റെ പതനത്തിലേക്ക് വഴി തെളിച്ചുവെന്നും ആരോപണമുണ്ട്. മറ്റൊരു കോൺഗ്രസ് നേതാവിന്റെ ഭാര്യ കണ്ടല ബാങ്കിലെ ജോലി രാജിവച്ചുപോയി കാരണം ഇന്നും ദുരൂഹമാണ്. മറ്റൊരു കോൺഗ്രസ് നേതാവ് അപകടത്തിൽ മരിച്ചതും ദുരൂഹം. ഭാസുരാംഗന്റെ ആദ്യ രണ്ടു ഭാര്യമാരുടെ മരണത്തിലും ദുരൂഹത തുടരുന്നു. ഈ ആരോപണങ്ങളെല്ലാം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

തുടക്കത്തിൽ കോൺഗ്രസിലെ ചില ഉന്നതന്മാരെ കയ്യിലെടുത്ത് ഭരണതണലിൽ അഴിമതിയുടെ കോട്ട കെട്ടി തുടങ്ങിയ ഭാസുരാംഗൻ കോൺഗ്രസിനെ സ്വന്തം കൈപ്പിടിയിലൊതുക്കി. അതിനിടെ കേരള ഭരണം എൽഡിഎഫിന്റെ കയ്യിലായി. ഭാസുരാംഗൻ പെട്ടെന്ന് എൽഡിഎഫിലെത്തി. എരുത്താവൂർ ചന്ദ്രൻ എന്ന നേതാവിന്റെ എതിർപ്പുമൂലം സിപിഎമ്മി ലേക്കുള്ള ഭാസുരാംഗന്റെ വഴി എളുപ്പമായില്ല. ഭാസുരാംഗൻ പതുക്കെ സിപിഐയിൽ കയറി. ചില എംഎൽഎ സ്ഥാനാർത്ഥികളെ തോല്പിക്കാൻ കരുക്കൾ നീക്കി.. ഗ്രൂപ്പില്ലാതിരുന്ന തിരുവനന്തപുരം സിപിഐയിൽ ഗ്രൂപ്പുണ്ടാക്കി.

മാറനല്ലൂരിൽ ഇടതുപക്ഷത്തിലെ തന്റെ വളർച്ചക്കു എരുത്താവൂർ ചന്ദ്രൻ എന്ന നേതാവ് തടസമാണെന്ന് മനസിലാക്കിയ ഭാസുരാംഗൻ പിന്നെ എരുത്താവൂർ ചന്ദ്രനെ തകർക്കാൻ ശ്രമം തുടങ്ങി. സിപിഎമ്മിലെ ചില നേതാക്കളെ വരുതിയിലാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റു കൂടി ആകാൻ മോഹം തുടങ്ങി. കണ്ടല ബാങ്ക്, ക്ഷീര, സഹകരണ ആശുപത്രി, ജില്ലാ സഹകരന്ന ബാങ്ക് എന്നിവകളുടെ പ്രസിഡന്റ് പദവികൾ ഇതിനുള്ളിൽ തരപ്പെടുത്തി. ഇനി പഞ്ചായത്ത് പ്രസിഡന്റു കൂടി ആയാൽ എല്ലാം ആകുമെന്ന് ഭാസുരാംഗൻ ഉറപ്പിച്ചു. നേതൃത്വത്തോട് എരുത്താവൂർ ചന്ദ്രൻ പറഞ്ഞത് കേൾക്കാൻ അന്ന് സിപിഎം നേതൃത്യം തയ്യാറായില്ല.

ചില സിപിഎം നേതാക്കൾ ഭാസുരാംഗന്റെ സഹായത്തോടെ എരുത്താവൂർ ചന്ദ്രനെ ഇല്ലാതാക്കാൻ പദ്ധതികൾ തയ്യാറാക്കാൻ തുടങ്ങി. ശ്മശാനത്തിന് ഭുമി, കല്യാണ മണ്ഡപം, ലക്ഷം വീട് ഒറ്റ വിടാക്കൽ, ഹെൽത്ത് കാർഡ്, പട്ടികജാതി സങ്കേതം ദത്തെടുക്കൽ, കുടുംബശീ തുടങ്ങിയ ജനകീയ പദ്ധതികളിലൂടെ മാറനെല്ലൂരിലെ ഗ്രാമമായ എരുത്താവൂരിൽ തിളങ്ങിയ എരുത്താവൂർ ചന്ദ്രന്റെ വളർച്ചയും ഭാസുരാംഗന് പിടിച്ചില്ല. ഒരു പണിയും ഏശുന്നില്ലെന്നു കണ്ടപ്പോൾ ഊമകത്തുകൾ തലങ്ങും വിലങ്ങും അയച്ച് കരുക്കൾ നീക്കി. പതുക്കെ സിപിഎമ്മിൽ ഭാസുരാംഗന് കാര്യങ്ങൾ എളുപ്പമായി മാറി.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൂടി ഭാസുരാംഗന് അടിയറവു വച്ചപ്പോൾ ഭാസുരാംഗനല്ലാതെ സിപിഐയിൽ നിന്ന് മറ്റാരെയെങ്കിലും പ്രസിഡന്റാക്കണമെന്ന എരുത്താവൂർ ചന്ദ്രന്റെ ആവശ്യം അംഗീകരിക്കാതെ സിപിഎമ്മും സിപിഐയും ഒരുമിച്ചു. സിപിഎം കൺട്രോൾ കമ്മിഷൻ വരെ പരാതിയുമായി എരുത്താവൂർ ചന്ദ്രൻ പോയെങ്കിലും ഫലം കണ്ടില്ല. പ്രസിഡന്റ് തെരഞ്ഞെട്ടപിൽ എരുത്താവൂർ ചന്ദ്രൻ ഭാസുരാഗന് വോട്ട് ചെയ്തത് പേരെഴുതി ഒപ്പിടാത്തതെ. ഇതു കാരണം വോട്ട് അസാധുവായി ഭാസുരാംഗൻ തോറ്റു. ഭാസുരാംഗന്റെ പ്രസിഡന്റ് മോഹം പൊലിഞ്ഞതോടെ സിപിഎം എരുത്താവൂർ ചന്ദനെ വിശദീകരണം പോലും കേൾക്കാതെ പുറത്താക്കി.

എരുത്താവൂർ ചന്ദ്രൻ പിന്നീട് എത്തിയത് ബിജെപിയിലാണ്. എരുത്താവൂരിന്റെ ബിജെപിയിലെ സ്വാധീനവും കേന്ദ്ര ഏജൻസികളുടെ ഇടപെടിന് കാരണമായി. അവസാനം ജനങ്ങളുടെയും നിക്ഷേപകരുടെയും നിലവിളി കേട്ടു കേന്ദ്രത്തിന്റെ ഇടപെടലിൽ ഇ ഡി വന്നു ഭാസുരാംഗനും മകനും ജയിലേക്ക് പോയി. സിപിഐയിലെ പ്രമുഖനായിരുന്നു അറസ്റ്റിലാകുമ്പോൾ ഭാസുരാംഗൻ. തിരുവനന്തപുരത്തെ ചില നേതാക്കളുടെ തിരഞ്ഞെടുപ്പിന് ഫണ്ട് നൽകിയത് പോലും ഭാസുരാംഗനായിരുന്നുവെന്നതും ചർച്ചകളിലുണ്ട്.