പാലക്കാട്: പോക്സോ കേസിൽ ഇരയ്ക്ക് നിയമസഹായം നൽകിയതിന്റെ പേരിൽ തന്നെ ക്രൂശിക്കുന്നതായും ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നതായും വിമുക്തഭടന്റെ പരാതി. പ്രതിയുടെ ബന്ധുക്കളാണ് തന്നെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിൽ ക്രൂശിക്കുന്നതെന്ന് കൂറ്റനാട് സ്വദേശി ഷിനിൽ പറയുന്നു.

ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈവർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് സംഭവം. വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ 13കാരിയായിരുന്നു പോക്‌സോ കേസിലെ ഇര. സംഭവത്തെ കുറിച്ചു പൊലീസിലും ചൈൽഡ് ലൈൻ വിഭാഗത്തിലും പരാതി നൽകിയതോടെ പ്രതി അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ഇരയെയും കുടുംബത്തെയും സ്റ്റേഷനിൽ വരുത്തിയതുൾപ്പെടെ പോക്സോ കേസിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ അവഗണിച്ചതിനെതിരെ താൻ രംഗത്തുവന്നിരുന്നു. പിന്നീട് കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയതോടെയാണു ബന്ധുക്കൾ തനിക്കെതിരെ തിരിഞ്ഞത്.

സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനായ പ്രതിയുടെ ബന്ധുവിന്റെ സഹായത്തോടെ തനിക്കെതിരെ പൊലീസിൽ പരാതി നൽകി. ഇതിന് പുറമെ മാനസികമായി പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും തനിക്കു നീതിവേണമെന്നും വിമുക്തഭടൻ പറയുന്നു. ഇരയെ സഹായിച്ചതിനെ ചൊല്ലി നിരന്തരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിന്, പുറമെ രോഗിയായ തന്റെ ഭാര്യക്കുനേരെ അക്രമം അഴിച്ചുവിടുകയാണ്. ഇതിനെ തുടർന്നു ഭാര്യ ചികിത്സ തേടി. സംഭവത്തിന്റെ നിജിസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും തനിക്കും കുടുംബത്തിനും എതിരായ അക്രമത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കു തക്ക ശിക്ഷ ലഭിക്കണമെന്നും വിമുക്ത ഭടനായ ഷിനിൽ പറയുന്നു.

സംഭവത്തെ കുറിച്ച ഷിനിൽ പറയുന്നത്

പോക്സോകേസിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതത്തോടെ ഞാൻ പൊലീസിനെ വിവരം അറിയിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ഏകദേശം രണ്ടു മണിക്കൂർ അവിടെ നിർത്തിയശേഷം സിഐ പറഞ്ഞു വേണമെങ്കിൽ കുട്ടിയുടെ മാതാപിതാക്കൾ നേരിട്ട് വന്ന് പരാതി തന്നാൽ സ്വീകരിക്കാമെന്ന്. അവിടെനിന്നും ഇറങ്ങിയ ഞാൻ ഈ വിവരങ്ങൾ പാലക്കാട് ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചു. അവർ കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ട് സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി പൊലീസിനോട് കേസെടുക്കാൻ പറഞ്ഞു.

ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. അപ്പോഴാണ് ഇതിനുമുമ്പും പ്രതി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന രീതിയിൽ മൊഴി ലഭിച്ചത്. ഇത് മനസ്സിലാക്കിയപ്പോൾ പ്രതിയെ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഏകദേശം രാത്രി 8:30ന് പൊലീസ് ഇരയുടെ മാതാപിതാക്കളോട് അർജന്റായി പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ ആവശ്യപ്പെട്ടു. പേടിച്ചുപോയ മാതാപിതാക്കൾ എന്റെ സഹായം തേടി. എന്റെ കാറിലാണ് അവർ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. അവിടെ ചെന്നപ്പോൾ പ്രതിയുടെ ബന്ധുവായ ഉന്നത സർക്കാർ ഉദ്യോഗസ്ഥനും സ്റ്റേഷനിൽ ഉണ്ടായിരുന്നു.

പൊലീസും പ്രതിയുടെ ആൾക്കാരും ഇരയുടെ മാതാപിതാക്കളോട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും അവർ തയ്യാറായില്ല. സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ഇരയുടെ അമ്മയെ പ്രതിയുടെ ബന്ധു തടഞ്ഞുനിർത്തി പരാതി പിൻവലിക്കണമെന്ന് പറഞ്ഞു. എന്നാൽ അവർ അതിനു തയ്യാറാവാതെ കാറിൽ കയറി. പ്രതിയുടെ മറ്റൊരു ബന്ധു എന്നെ ഭീഷണിപ്പെടുത്തുകയും നിന്നെ ഞങ്ങൾ കാണിച്ചു തരാം എന്നും പറഞ്ഞു. എന്നാൽ ഞാൻ അത് കാര്യമായി എടുത്തില്ല.

അന്ന് രാത്രി ഉന്നത സർക്കാർ ഉദ്യോഗസ്ഥനായ പ്രതിയുടെ ബന്ധുവും കൂട്ടരും ഇരയുടെ വീട്ടിൽ കയറി അവരോട് പരാതി പിൻവലിക്കണമെന്ന് പറഞ്ഞ് അപേക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇയാളുടെ കൂട്ടുകാർ പലരും എന്നെ ഫോണിൽ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രി 11:30 ഓടെ പ്രതിയുടെ ബന്ധുവിന്റെ സ്വകാര്യ വാഹനത്തിൽ ഇരയുടെ അച്ഛനെയും അമ്മാവനെയും കൂട്ടി തഹസിൽദാർ സ്റ്റേഷനിലേക്ക് പോയി പരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ എഫ്ഐആർ ഇട്ടതിനാൽ പരാതി പിൻവലിക്കാൻ സാധിച്ചില്ലെന്നും മനസ്സിലായി.

പിന്നീടങ്ങോട്ട് ഇരയുടെ കുടുംബം പ്രതികളുടെ വലയത്തിലായി. സമ്മർദ്ദത്തിൽ അടിമപ്പെട്ടുപോയ അവർ പരാതി പിൻവലിക്കാൻ തയ്യാറായി. കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞു പ്രതിക്ക് അന്നുതന്നെ ജാമ്യവും കിട്ടി. ഈ വിവരങ്ങൾ സി.ഡബ്ല്യൂ.സിയിൽ ഞാൻ പറയുമെന്ന് മനസ്സിലായ പ്രതിയുടെ ആൾക്കാർ എന്റെ കുടുംബത്തെ വേട്ടയാടുകയാണ്. ചൈൽഡ് ലൈൻ സി.ഡബ്ല്യൂ.സി ക്ക് കൊടുത്ത റിപ്പോർട് പ്രകാരാം സി.ഡബ്ല്യൂ.സി ചാലിശ്ശേരി എസ്.എച്ച്.ഒ യോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സ്വാധീനവും പണവും ഉണ്ടെങ്കിൽ എന്തും നടക്കും എന്ന അവസ്ഥ ശരിയല്ലെന്നും പല സംഘടനകളും ഇതിൽ ഇടപെട്ട് കുറ്റക്കാർക്ക് തക്ക ശിക്ഷ മേടിച്ചു കൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിമുക്തഭടനായ ഷിനിൽ പറയുന്നു.