- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും'; ഓണപ്പരീക്ഷക്ക് ചോര്‍ന്നപോലെ ക്രിസ്മസ് ചോദ്യപേപ്പറും ചോര്‍ന്നു; പിന്നില്‍ ഓണ്‍ലൈന്‍ എഡ്യുപ്ലാറ്റ്ഫോമുകളുടെ കിടമത്സരം; പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാര്‍ വരെ വന്‍തുക പറ്റി സമാന്തര ജോലിചെയ്യുന്നു; അന്വേഷണം വന്നതോടെ അങ്കലാപ്പ്; ശിവന്‍കുട്ടിയുടെ ചോദ്യങ്ങള്‍ ചോരുന്നത് ഇങ്ങനെ
കോഴിക്കോട്: കോവിഡ്കാലത്തിനുശേഷം കേരളത്തില്‍ വളര്‍ന്ന പുതിയൊരു സംഭവമാണ് ഓണ്‍ലൈന്‍ എജുക്കേഷന്‍ പ്ലാറ്റ്ഫോമുകള്‍. യു ട്യൂബിലൂടെയും, വാട്സാപ്പിലൂടെയും, ആപ്പുകളിലൂടെയും ഇവര്‍ നടത്തുന്ന ട്യൂഷന് ഏറെ വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ തമ്മിലുള്ള കിടമത്സരം വര്‍ധിച്ചതോടെ ഇപ്പോള്‍ ചോദ്യപേപ്പര്‍വരെ ചോരുകയാണ്. ഓണപ്പരീക്ഷയെ പ്രഹസനാമാക്കികൊണ്ട് പത്താംക്ലാസിലെ പരീക്ഷയുടെ ചോദ്യങ്ങള്‍ യുട്യൂബില്‍ ഇവര്‍ ചോര്‍ത്തിയിരുന്നത് വിവാദമായിരുന്നു.
ഇപ്പോഴിതാ ക്രിസ്മസ് പരീക്ഷയുടെ പത്താംക്ലാസില്‍ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണില്‍ ഗണിതത്തിന്റെയും ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കയാണ്്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി പല പ്രമുഖ ഓണ്‍ലൈന്‍ ആപ്പുകാരും, യു ട്യൂബ് എജുപ്ലാറ്റ്ഫോമുകാരും ചോദ്യപേപ്പര്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണമുണ്ട്. ഒരു പ്രമുഖ യുട്യൂബ് എഡു ടീമിന്റെ ബൂസ്റ്റര്‍ ക്ലാസില്‍ പറഞ്ഞ അതേ ചോദ്യങ്ങള്‍ തന്നെ പരീക്ഷകളില്‍ ആവര്‍ത്തിച്ച സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. 'ഇന്ന് പറയുന്ന അതേ ചോദ്യങ്ങള്‍ നാളെ പരീക്ഷക്ക് വരും' എന്ന് കട്ടായം പറഞ്ഞായിരുന്നു അവരുടെ ക്ലാസ്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലിയുള്ള പ്രമുഖ അധ്യാപകര്‍ തൊട്ട് എഇഒമാരും ഡിഇഒമാരും വരെ ഇത്തരം ഓണ്‍ലൈന്‍ ആപ്പുകളില്‍ വന്‍ തുക ശമ്പളം പറ്റി സമാന്തര ജോലി നോക്കുന്നുണ്ട്. ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതും ഈ വഴിക്കാണെന്നാണ് സംശയം. ഇതില്‍ പലരും ഇടത് അധ്യാപക സംഘടനകളുടെയുമൊക്കെ നേതാക്കളാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ ജീവനക്കാര്‍ അങ്കലാപ്പിലാണ്.
ചോര്‍ച്ച എവിടെനിന്ന്
ചോദ്യക്കടലാസ് ചോര്‍ന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍. സര്‍ക്കാര്‍ ശമ്പളംപറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എ.ഇ.ഒ., ഡി. ഇ.ഒ.മാര്‍ക്ക് നിര്‍ദേശംനല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇവര്‍ക്കെതിരേ നടപടിയെടുക്കാനും നിര്‍ദേശിച്ചു. ''ചില വിഷയങ്ങളിലെ ചോദ്യക്കടലാസാണ് കൂടുതല്‍ പുറത്തുപോവുന്നത്. ചില യുട്യൂബ് ചാനലുകളും സ്വകാര്യ ട്യൂഷന്‍ നടത്തുന്നവരും താത്കാലികലാഭത്തിന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു.അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. പരീക്ഷകള്‍ കൂടുതല്‍ കുറ്റമറ്റതാക്കുന്നത് ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതലയോഗം ചേരും'' -മന്ത്രി അറിയിച്ചു.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. പത്താംക്ലാസില്‍ ഇംഗ്ലീഷിന്റെയും പ്ലസ് വണ്ണില്‍ ഗണിതത്തിന്റെയും ചോദ്യങ്ങളാണ് ചോര്‍ന്നത്. ചോദ്യക്കടലാസ് തയ്യാറാക്കുന്നതിലും അച്ചടിയിലുമൊക്കെ രഹസ്യസ്വഭാവമുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. എന്നിട്ടും ചോര്‍ന്നത് ശരിക്കും ഞെട്ടിക്കുന്നതാണ്.
ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് യു ട്യൂബിലുടെ തലേന്ന് പുറത്തുവിട്ടുവെന്ന ആരോപണത്തില്‍ നിയമ നടപടിയുമായി സഹകരിക്കുമെന്ന് ആരോപണ വിധയേരായ ഐഎസ് സൊലുഷന്‍സ് യുട്യൂബ് ചാനല്‍ സിഇഒ ഷുഹൈബ് പ്രതികരിച്ചു. ചോദ്യക്കടലാസുകള്‍ ചോര്‍ത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചില്ല. ചാനലിന്റെ വളര്‍ച്ചയില്‍ അസൂയയുള്ള മറ്റ് ലേണിങ്ങ് പ്ലാറ്റ്ഫോമുകളാണ്, ഈ ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് ഷുഹൈബ് പറയുന്നത്. ഓണപ്പരീക്ഷാ സമയത്തും, ഒട്ടേറെ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ചോദ്യക്കടയാണ് ചോര്‍ച്ചാ ആരോപണം വന്നിരുന്നുവെന്നും എന്നാല്‍ തങ്ങളെ മാത്രമാണ് പൊലീസ് ചോദ്യം ചെയ്തത് എന്നുമാണ് ഇവര്‍ പറയുന്നത്.