മലപ്പുറം: ഫർഹാന പിതാവിന്റെപ്രായക്കാരനെ തേൻകെണിയിൽ വീഴ്‌ത്തിയത് 18വയസ്സാകും മുമ്പ്. ഹോട്ടലിലേക്ക് ക്ഷണിച്ച് അരുംകൊലചെയ്തത് 18വയസ്സം എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ. ദുർഗുണ പാഠശാലയിലേക്കു പോകേണ്ടവൾ ജയിലിലേക്കുപോയത് ആ എട്ടു ദിവസത്തെ വ്യത്യാസത്തിനാൽ.

ഹണിട്രാപ്പിൽപ്പെട്ട തിരൂർ സ്വദേശി മേച്ചേരി സിദ്ദീഖിനെ(58) അരുംകൊലചെയ്തത പ്രതി ഫർഹാനയുടെ വയസ്സ് സംബന്ധിച്ചു പൊലീസും ആദ്യം ഒന്നു ശങ്കിച്ചു. കണ്ടാൽ വയസ്സ് തോന്നിക്കുമെങ്കിലും 18വയസ്സ് മാത്രമാണുള്ളത്. ഇതോടെ ഫർഹാനയുടെ ഔദ്യോഗിക രേഖകൾ പരിശോധിച്ചപ്പോഴാണു ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നു. പെൺകുട്ടി ഹോട്ടലുടമയെ തേൻകെണിയിൽ വീഴ്‌ത്തി അരുംകൊലക്ക് ഇരയാക്കിയത് 18വയസ്സും എട്ടുദിവസവും മാത്രം പ്രായമുള്ളപ്പോഴാണ്. എട്ടുദിവസം മുമ്പാണ് ഈ കൃത്യം ചെയ്തിരുന്നതെങ്കിലും ഫർഹാനക്കു ജയിൽശിക്ഷയിൽ ഇളവ് കിട്ടുമായിരുന്നു.

പ്രായപൂർത്തിയാകാത്തവരെകൊണ്ടുപോകുന്ന കുട്ടികളുടെ ദുർഗുണ പാഠശാലയിലേക്കായിരിക്കും മാറ്റിയിരിക്കുക. അതുപോലെ പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ കുട്ടികൾക്കു അവകാശം മാനിച്ചു മാധ്യമങ്ങളിൽ മറ്റോ പേരും ഫോട്ടോയും ഒന്നും വരികയുമില്ലായിരിന്നു. എന്നാൽ ആ എട്ടു ദിവസത്തെ വ്യത്യാസം കൊണ്ട് കുട്ടി എന്ന രീതിയിൽ ലഭിക്കേണ്ട അവകാശങ്ങളെല്ലാം ഇവർക്കു നഷ്ടമായി. അതേ സമയം സിദ്ദീഖുമായി ഫർഹാനക്കു പ്രായപൂർത്തിയാകും മുമ്പു തന്നെ പരിചയവും ബന്ധവുമുണ്ടായിരുന്നു.

ഫോണിലൂടെ പലപ്പോഴും സംസാരിക്കാറും ഇത് പരിധിക്കപ്പുറത്തേക്കുപോകാറും ഉണ്ടായിരുന്നുവെന്നാണു വിവരം. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തെയ്യാറാക്കുന്നതും പെടുത്തുന്നതും. വലിയ തന്ത്രശാലികളെപോലെ ഫർഹാനയും സംഘവും പ്രവർത്തിച്ചെങ്കിലും എല്ലായിടത്തും പിഴവുകൾ മാത്രമായിരുന്നു. ഇതിനാൽ തന്നെ പൊലീസിനു കാര്യങ്ങൾ മനസ്സിലാക്കാൻ വേഗത്തിൽ സാധിക്കുകയും ചെയ്തു.

അതേ സമയം ഫർഹാന എല്ലാം ചെയ്തത് എം.ഡി.എം.എയുടെ ബലത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫർഹാന പ്രായപൂർത്തിയാകുന്നതിനു മുമ്പു തന്നെ പലപ്പോഴും എം.ഡി.എം.എ ഉപയോഗിക്കാറുണ്ട്. താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫർഹാന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ പെരിന്തൽമണ്ണ ചിരട്ടാമലയിൽ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എം.ഡി.എം.എ ഉപയോഗിച്ചതായി പ്രതി മൊഴി നൽകിയിട്ടുണ്ട്.

അന്നേദിവസം രാത്രി ചരട്ടാമലയിൽ കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതൽ പുലർച്ചെവരെ അവിടെ കാറിൽവെച്ചു എം.ഡി.എം.എ ഉപയോഗിച്ചതായി പ്രതി പൊലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അന്നു എം.ഡി.എം.എ വാങ്ങാനുള്ള പണം നേരത്തെ കൊലപ്പെടുത്തിയ സിദ്ദീഖിന്റെ എ.ടി.എം. കാർഡ് ഉപയോഗിച്ച് എടുത്ത പണമായിരുന്നുവെന്നും ഫർഹാന പൊലീസിനോട് സമ്മതിച്ചു.

ഫർഹാനക്കു നേരത്തെ മുതലുള്ള സിദ്ദീഖുമായുള്ള അടുപ്പത്തിലൂടെയാണു ഷിബിലിക്കു ഇയാളുടെ ഹോട്ടലിൽ ജോലിവാങ്ങിച്ചു നൽകുന്നത്്. എന്തു ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നു നേരത്തെ സിദ്ദീഖ് പറഞ്ഞിരുന്നുവെന്നു ഫർഹാന പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ആദ്യകണ്ടുമുട്ടലിൽ തന്നെ സിദ്ദീഖ് വിസിറ്റിങ് കാർഡ് കൈമാറിയതായും സൂചനകളുണ്ട്.

അതേ സമയം ഹണിട്രാപ്പിന് വഴങ്ങത്തതിനെ തുടർന്ന് ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസിൽ പിടിയിലായ മൂന്ന് പ്രതികളെയും കഴിഞ്ഞ ദിവസം മലപ്പുറം കോടതി റിമാൻഡ് ചെയ്തിരുന്നു. മൃതദേഹം കണ്ടെത്തിയ അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകുന്നുണ്ട്. സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്. തിരൂർ ഡിവൈ.എസ്‌പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് പാലക്കാടും കോഴിക്കോടുമടക്കം കൂടുതലിടങ്ങളിൽ തെളിവെടുപ്പ് നടത്താനുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.

പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കൾ, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദിഖിന്റെ കാർ ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദിഖിന്റെ ഫോൺ ഇനിയും കണ്ടെത്താനായിട്ടില്ല. സിദ്ദിഖിൽ നിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫർഹാന(18), ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.