- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോകരുതെന്ന് ഉപദേശിക്കും; ഗതാഗത മന്ത്രി പിണറായിയെ ധിക്കരിക്കുമോ?
കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേശ്കുമാറിനോട്് അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം സിപിഎം നൽകിയേക്കും. ഗണേശ് കുമാറിനെ സംഘാടകർ നേരിട്ടെത്തിയാണ് ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഗണേശിനെ ആ നിലയിലാണ് ക്ഷണിച്ചിരിക്കുന്നത്. എന്നാൽ സിപിഎം ഈ വിഷയത്തിൽ നിലപാട് എടുത്തിരുന്നു. അയോധ്യയിലേത് വിശ്വാസ പ്രശ്‌നമാണെങ്കിലും അതിൽ രാഷ്ട്രീയം കലർത്തുന്നതിൽ സിപിഎം ആശങ്ക കാണുന്നു. അതുകൊണ്ടാണ് സിപിഎം ക്ഷണം നിരസിച്ചത്. അത് ഗണേശിനേയും അറിയിക്കും. എന്നാൽ അയോധ്യയിൽ പങ്കെടുക്കണമോ എന്നതിൽ തീരുമാനം ഗണേശിന്റേതാകും.
താലത്തിൽ വെച്ചു നീട്ടിയ ക്ഷണപത്രം ഗണേശ് ചിരിയോടെ ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ മഹാസമ്പർക്കത്തിന്റെ ഭാഗമായി അയോധ്യയിൽ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നൽകിയാണ് മന്ത്രിയെ ക്ഷണിച്ചത്. ആർഎസ്സ്എസ് പ്രാന്ത സഹ സമ്പർക്ക പ്രമുഖ് സി.സി ശെൽവൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചൽ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തി ചടങ്ങിലേക്ക് ക്ഷണിച്ചത്. ഈ ചിത്രങ്ങൾ വൈറലാണ്. ഈ സാഹചര്യത്തിലാണ് സിപിഎം നിലപാട് ഗണേശിനെ അനൗദ്യോഗികമായി അറിയിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങൾ മന്ത്രിയോട് വിശദീകരിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ആയോധ്യയിലെ തന്റെ പക്ഷം പിണറായി മന്ത്രിയോട് പറയാനാണ് സാധ്യത.
പ്രാണപ്രതിഷ്ഠാ മഹാസമ്പർക്കത്തിന്റെ ഭാഗമായി അയോധ്യയിൽ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നൽകിയാണ് മന്ത്രിയെ ക്ഷണിച്ചത്.
എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായി ചുമതലയേറ്റെടുത്തതിനു തൊട്ടുപിന്നാലെയാണ് ഗണേശ് കുമാർ ഈ സന്ദർശനം അനുവദിച്ചതും അക്ഷതം ഏറ്റുവാങ്ങിയതുമെന്നത് ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്ത് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് സിപിഎം നേതാക്കളും അണികളും അകന്നു നിൽക്കും. ഈ സാഹചര്യത്തിൽ ഗണേശും പോകരുതെന്നതാണ് സിപിഎം നിലപാട്. എൻ എസ് എസ് നേതൃത്വത്തെയാകെ ചടങ്ങിലേക്ക് പരിവാരുകാർ വിളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എൻ എസ് എസ് നിലപാടും നിർണ്ണായകമാകും.
മുൻകൂട്ടി മന്ത്രിയുടെ അനുവാദം വാങ്ങിയതിനു ശേഷമായിരുന്നു ആർ എസ് എസ് നേതാക്കളെത്തിയത്. ഇതും സിപിഎമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ക്ഷണം ഉണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഗണേശ് ഒരിക്കലും പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. കേരളാ കോൺഗ്രസ് ബി ഇടതു പക്ഷത്തിനൊപ്പമാണ് നില കൊള്ളുന്നത്. നേരത്തെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ഈ ക്ഷണം യെച്ചൂരി നിരസിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നും മോഹൻലാൽ, മാതാ അമൃതാനന്ദമയി തുടങ്ങിയവർക്ക് പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മോഹൻലാലും അമൃതാനന്ദമയിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണഅ സൂചന.
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും. കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ബിജെപി നേതാവ് അർജുനമൂർത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അർജുനമൂർത്തി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചിരുന്നു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും ആർഎസ്എസും. ലക്ഷക്കണക്കിന് ആളുകൾ ക്ഷേത്രത്തിൽ എത്തുമെന്നത് ഉറപ്പാണ്. ഇവർക്ക് ഗതാഗതത്തിനായി ട്രെയിൻ, ബസ്, വിമാന മാർഗ്ഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യ റെയിൽവേ സ്റ്റേഷനാണ് പ്രധാനമായും സഞ്ചാരികതളെത്തുന്ന ഇടം. ലക്‌നൗ, ഡൽഹി, അലഹബാദ്, വാരണാസി, ഗോരഖ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും.
ഡൽഹിയിൽ നിന്നും അയോധ്യയിലേക്ക് വന്ദേ ഭാരത് എക്സ്‌പ്രസ് വഴി എത്താൻ സാധിക്കും. ലക്‌നൗവിൽ നിന്ന് അയോദ്ധ്യയിലേക്ക് എത്താനും സൗക്രയമുണ്ട്. അയോദ്ധ്യ വാൽമീകി അന്താരാഷ്ട്ര വിമാനത്താവളമാണ് പ്രധാന വിമാനത്താവളം. എന്നിരുന്നാലും ലക്‌നൗവിലെ ചൗധരി ചരൺ സിങ് വിമാനത്താവളം പ്രാഥമിക എയർ ഗേറ്റ്‌വേ ആയി പ്രവർത്തിക്കുന്നു. 130 കിലോമീറ്റർ അകലെയുള്ള അയോദ്ധ്യയിലേക്ക് യാത്രക്കാർക്ക് റോഡ് മാർഗം എത്തിച്ചേരാവുന്നതാണ്.