- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്‌തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
തിരുവനന്തപുരം: ഇടതുമുന്നണിയെ പരസ്യമായി വിമർശിച്ച് കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി. ഗണേശ്‌കുമാർ എംഎൽഎ. ചർച്ചകളിൽ നിറയുന്നതിൽ സിപിഎമ്മിന് അടുത്ത അതൃപ്തി. അടുത്ത ഇടതു മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം അറിയിക്കും. താക്കീതും നൽകും. വീണ്ടും വിമർശനം തുടർന്നാൽ ഗണേശിനെ മുന്നണിയിൽ നിന്നും പുറത്താക്കും. ഗണേശിന്റെ പ്രസ്താവനകളെ എല്ലാം സിപിഎം കർശന നിരീക്ഷണത്തിലാക്കും. ദിവസങ്ങൾക്കുമുമ്പ് ഇടത് എംഎൽഎ.മാരുടെ യോഗത്തിൽ അദ്ദേഹം വിമർശനമുന്നയിച്ചിരുന്നു. പാർട്ടി സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഗണേശ് വീണ്ടും ഇടതുമുന്നണിക്കെതിരേ തിരിഞ്ഞത്. ഇതോടെ ഗണേശിന്റെ നിലപാട് പരസ്യമാകുകയും ചെയ്തു.
പാർട്ടിയിലെ നേതാക്കന്മാരെയും ജനങ്ങളെയും വഞ്ചിച്ച് പ്രവർത്തിക്കില്ല. സ്ഥാനമാനങ്ങൾക്കുവേണ്ടി പറയാനുള്ളത് പറയാതിരിക്കുകയുമില്ല. മുന്നണിയിൽ കൂടിയാലോചനകളോ വികസനമേഖലയിൽ ഉൾപ്പെടെ ആരോഗ്യകരമായ ചർച്ചകളോ ഇല്ല. അജൻഡയ്ക്കുപുറത്തുള്ള കാര്യങ്ങളിലും ചർച്ചയുണ്ടാകണമെന്നും ഗണേശ് പറഞ്ഞു. എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങൾ മെച്ചമാണെന്നുപറയാൻ അദ്ദേഹം മടിച്ചില്ല. റബ്ബർക്കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലംതലത്തിൽ പ്രതിഷേധപരിപാടികളാരംഭിക്കാൻ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. നേരത്തേയും എൽഡിഎഫുമായി ഗണേശ് കുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. വിമർശനം തുടർന്നാൽ പിണറായിയുടെ രണ്ടാം സർക്കാർ രണ്ടരക്കൊല്ലം പൂർത്തിയാകുമ്പോൾ മന്ത്രിസ്ഥാനം നൽകില്ലെന്ന് ഗണേശിനെ സിപിഎം അറിയിക്കും. ഗണേശിനെതിരെ സഹോദരി നൽകിയ സ്വത്ത് തർക്ക കേസ് കോടതിക്ക് മുമ്പിലുണ്ട്. ഗണേശിനെ മന്ത്രിയാക്കരുതെന്ന് സഹോദരി നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
സർക്കാരിനും കിഫ്ബിക്കുമെതിരേ കഴിഞ്ഞദിവസം നിയമസഭാകക്ഷിയോഗത്തിൽ ഉന്നയിച്ച വിമർശനങ്ങൾ ഇന്നലെ പരസ്യമായി തുറന്നടിച്ചതോടെ ഗണേശ്‌കുമാറും ഇടതുമുന്നണിയുമായുള്ള ബന്ധം കൂടുതൽ ഉലയുന്നുവെന്നതാണ് യാഥാർത്ഥ്യം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈകാര്യം ചെയ്യുന്ന മരാമത്തുവകുപ്പിനെ രൂക്ഷമായി വിമർശിച്ച ഗണേശ്, മന്ത്രി കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്യുന്ന പട്ടികജാതി/വർഗവകുപ്പിനെ പ്രശംസിച്ചു.സർക്കാരിന്റെ വികസനരേഖ മുന്നണിയിൽ ചർച്ചചെയ്തില്ലെന്നും പങ്കെടുക്കുന്നവരുടെ തിരക്കുമൂലമാകാമെന്നും ഗണേശ് പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറപ്പെടുവിക്കണം. സാമ്പത്തികപ്രതിസന്ധി വികസനത്തെ സാരമായി ബാധിച്ചു. ജില്ലാ/ബ്ലോക്ക് പഞ്ചായത്തുകൾക്കു പ്രവർത്തിക്കാൻ മതിയായ ഫണ്ടില്ല. റോഡ് പണികൾ തീർത്തും കുറവാണ്. അതേക്കുറിച്ചു പരാതിപ്പെടുന്നതിൽ രാഷ്ട്രീയമില്ല. താഴേത്തട്ടിൽ കൂടുതൽ വികസനമാണ് ആഗ്രഹിക്കുന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നില്ല. പട്ടികജാതി/വർഗവകുപ്പിന്റെ പ്രവർത്തനം പ്രശംസനീയമാണ്. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്നു കരുതി അഭിപ്രായം പറയാതിരിക്കുന്നയാളല്ല താൻ. ഒന്നും ലഭിച്ചില്ലെങ്കിലും പൊതുജനവികാരം തുറന്നുപറയും.
റോഡുകളുടെ അറ്റകുറ്റപ്പണി തീരാത്തതിനാൽ എംഎൽഎമാർക്കു മണ്ഡലങ്ങളിൽ പോകാനാവാത്ത സാഹചര്യമാണ്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ മടിയില്ല. പത്തനാപുരത്തെ ജനം വോട്ട് ചെയ്യുന്നതുകൊണ്ടാണു താൻ നിയമസഭയിലെത്തുന്നത്. പത്തനാപുരത്ത് ഇടതുമുന്നണിക്കും യു.ഡി.എഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്നു കരുതി ഒപ്പമുള്ളവരെയോ ജനങ്ങളെയോ വഞ്ചിക്കില്ല. ഒരു സ്ഥാനവും വേണ്ട. ഇടതുമുന്നണിയിൽ വികസനരേഖ സംബന്ധിച്ചുപോലും ചർച്ചകൾ നടന്നില്ല. അഭിപ്രായം ചോദിക്കുക മാത്രമാണു ചെയ്തതെന്നും ഗണേശ് പറഞ്ഞു.
മുന്നണിയിൽ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാണ് മുന്മന്ത്രികൂടിയായ ഗണേശ് പറയുന്നത്. സ്ഥാപകനും പിതാവുമായ അന്തരിച്ച ആർ ബാലകൃഷ്ണപിള്ളയുടെ കാലത്ത് കഴിഞ്ഞ 15 വർഷക്കാലമായി ഇടതുമുന്നണിയിലാണ് കേരളകോൺ.ബി. എന്നാൽ മുന്നണിയിൽ കഴിഞ്ഞ കുറച്ചുകാലമായി അസ്വാതന്ത്ര്യം അനുഭവിച്ചുവരികയാണ് കേരളകോൺഗ്രസ്. ഇനിയും ഇത് അനുവദിച്ചുകൊടുക്കാൻ കഴിയില്ലെന്ന സൂചനയാണ് ഗേണേഷിന്റെ തുറന്നുപറച്ചിലിലുള്ളത്. മുന്നണിയിലല്ലെങ്കിൽ പിന്നെ എവിടെയാണ് താൻ കാര്യങ്ങൾ പറയുന്നതെന്നും പറയാൻ അനുവദിക്കില്ലെന്നുമാണ് ഗണേശിന്റെ പരിദേവനം. എന്നാൽ സിപിഎം നേതൃത്വം ഇത് കണ്ടമട്ട് നടിക്കുന്നില്ല.
മുന്നണി യോഗത്തിൽ ഇക്കാര്യം ഗണേശ് തുറന്നടിച്ചപ്പോൾ സിപിഎം നേതാക്കൾ മിണ്ടിയില്ലെന്നാണ് അറിയുന്നത്. നടൻദിലീപിനെതിരായ കേസിലും ഗണേശ് നിരാശയിലാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഗണേശിനോട് താൽപര്യമില്ലെന്നും റിപ്പോർട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ