കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ക്ലിഫ്ഹൗസിൽ ഉടൻ പരിശോധനയ്ക്ക് എത്തും. ഇ.ഡിയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ക്ലിഫ്ഹൗസ് പരിശോധിക്കുക. ഇതിനുള്ള അനുമതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ഇ.ഡി നേടിക്കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച് ഇ.ഡി ക്ലിഫ്ഹൗസിലെത്തിയാൽ അത് സർക്കാരിന് വൻ പ്രതിസന്ധിയായി മാറും. സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വർണക്കടത്തിലെ ക്ലിഫ്ഹൗസ് ബന്ധം വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഇ.ഡി വിശദമായി അന്വേഷിക്കുന്നത്. ഇ.ഡി കൊച്ചി ജോയിന്റ് ഡയറക്ടർ മനീഷ് ഗോദ്രയുടെ നേതൃത്വത്തിലാണ് നടപടികൾ.

സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുണ്ടായിരുന്നത്. മുഖ്യന്ത്രിയും കുടുംബവുമായി താൻ പലതവണ ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്.

എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്. 2017ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു.

ഷാർജ ഭരണാധികാരി എത്തുമ്പോൾ വേണ്ട നടപടികളും ആശയവിനിമയവും മുഖ്യന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസിൽ താൻ എത്തിയിരുന്നുവെന്നും സ്വപ്ന അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും അതിന് അവസരം ഒരുക്കികൊടുത്തുവെന്നും അവർ പറയുന്നു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ നളിനി നെറ്റോ, എം.ശിവശങ്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.

കോൺസുൽ ജനറലിനും മുഖ്യന്ത്രിയും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിരിയാണി ചെമ്പുകൾ പോയിരുന്നത്. കോൺസുൽ ജനറലിന്റെ മിസ്തുബിഷി കാറിലാണ് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പുകൾ എത്തിയിരുന്നതെന്നും സ്വപ്ന കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കുറിച്ചിട്ടുണ്ട്.

ചെമ്പിന്റെ വലുപ്പം സംബന്ധിച്ചും സ്വപ്ന സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. സാധാരണത്തേതിലും വലുപ്പമുള്ള ഈ ചെമ്പ് ഫോയിൽഡ് പേപ്പറിൽ അടച്ചുകെട്ടിയതിനാൽ കൊണ്ടുപോകുന്നവർക്കും ഇതിൽ എന്താണ് ഉള്ളതെന്ന് വ്യക്തതയില്ല. നാലുപേർ ചേർന്നാണ് ചെമ്പ് പിടിച്ചത്. ക്ലിയറൻസുകളൊന്നുമില്ലാതെ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേക്കെത്തിക്കുന്നതിന് ശിവശങ്കർ നേതൃത്വം കൊടുത്തുവെന്നും ആരോപിക്കുന്നു. അത് എത്തുന്നത് വരെ കോൺസുൽ ജനറൽ അസ്വസ്ഥനായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലത്തിലെ ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിൽ കോടതിയിൽ സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ മൊഴിയുടെ ചുവടുപിടിച്ചുള്ള അന്വേഷണങ്ങളാണ് ഇ.ഡി നടത്തുന്നത്.