- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ നെഞ്ചിലേക്ക് യുവ ഐപിഎസുകാരൻ തോക്കു ചൂണ്ടിയെന്ന ആരോപണം ചർച്ചയാക്കി ഗവർണ്ണർ ഡൽഹിക്ക് പറന്നു; ലോകായുക്താ ദിനാഘോഷം ചൊവ്വാഴ്ച സംഘടിപ്പിക്കുമ്പോൾ കേരളത്തിൽ ഉദ്ഘാടകനായി എത്തുന്നത് തമിഴ്നാട് ഗവർണ്ണർ; കണ്ണൂർ എസ് പിയായിരുന്ന മുൻ ഐപിഎസുകാരൻ തിരുവനന്തപുരത്ത് എത്തുന്നതിന് പിന്നിൽ 'രാജ്ഭവൻ ബുദ്ധി'! ആ സത്യം തെളിയുമോ?
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലോകായുക്ത ദിനാഘോഷം ചൊവ്വാഴ്ച സംഘടിപ്പിക്കുമ്പോൾ അതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇടമില്ല. പകരം എത്തുന്നത് തമിഴ്നാട് ഗവർണർ എൻ രവിയും. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരിപാടിയിൽ നിന്ന് മാറി നിൽക്കുമ്പോൾ എത്തുന്നത് തമിഴ്നാട് ഗവർണ്ണർ ആണെന്നത് ശ്രദ്ധേയമാണ്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അടുത്ത സുഹൃത്താണ് എൻ രവി.
ചൊവ്വാഴ്ച വൈകുന്നേരം 3ന് നിയമസഭാ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്. ചടങ്ങിൽ നിയമവകുപ്പ് മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിക്കും. സർക്കാരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പകരം തമിഴ്നാട് ഗവർണ്ണർ എത്തുമ്പോൾ കൗതുകം കൂടും. കണ്ണൂരിൽ യുവ ഐപിഎസുകാരന്റെ തോക്ക് ചൂണ്ടൽ പിണറായിയ്ക്കെതിരെ ഗവർണ്ണർ ചർച്ചയാക്കിയിരുന്നു. ആ ഓഫീസർ എൻ രവിയാണെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇത്തരമൊരു കഥയില്ലെന്നും കള്ളമാണെന്നും സിപിഎം പറഞ്ഞു വയ്ക്കുകയും ചെയ്തു.
പിണറായിയ്ക്കെതിരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ തോക്കു ചൂണ്ടിയിരുന്നു എന്ന തരത്തിൽ നേരത്തെ പ്രചരണം നടന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് വ്യക്തമാകുകയും ചെയ്തു. അതിനിടെയാണ് പിണറായി ആരെന്ന് തനിക്കറിയാമെന്നും തോക്ക് ചൂണ്ടിയ യുവ ഐപിഎസ് ഓഫീസറുണ്ടെന്നുമെല്ലാം പരോക്ഷമായി ഗവർണ്ണർ പറഞ്ഞത്. തമിഴ്നാട് ഗവർണ്ണറായ ഐപിഎസുകാരൻ രവിയാണ് അതെന്ന സൂചനകളും പുറത്തു വന്നു. ഈ വ്യക്തിയാണ് ലോകായുക്തയിൽ ഉദ്ഘാടകനായി എത്തുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സമാനമായി തമിഴ്നാട് സർക്കാരുമായി കൊമ്പു കോർക്കുന്ന ഗവർണ്ണർ കൂടിയാണ് രവി.
ലോകായുക്ത പരിപാടിയിൽ പങ്കെടുത്ത് ഗവർണർ എൻ രവിയും അഴിമതിക്കെതിരെ കൂടുതൽ വാചാലനാകാനാണ് സാധ്യത. ഇതിനൊപ്പം തോക്ക് വിവാദത്തിൽ വെളിപ്പെടുത്തൽ നടക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ലോകായുക്തയുടെ അവസാന ഭേദഗതി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടില്ല. മുഖ്യമന്ത്രിക്കെതിരെ ചില കേസുകൾ ലോകായുക്തയിൽ ഉണ്ട്. അതുകൊണ്ടാണ് പരിപാടിക്ക് മുഖ്യമന്ത്രിയെ വിളിക്കാത്തതെന്നും സൂചനയുണ്ട്. ഈ കേസുകളിൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിക്കെതിരെ വിധി വരാൻ സാധ്യതയുമുണ്ട്. കേരളത്തിലെ സ്വർണ്ണ കടത്ത് അടക്കമുള്ള വിഷയങ്ങളിൽ നല്ല ബോധ്യമുള്ള വ്യക്തി കൂടിയാണ് എൻ രവി. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് രവി പറയുന്ന ഓരോ വാക്കും നിർണ്ണായകമാകും.
പിണറായിയുടെ നെഞ്ചിലേക്ക് യുവ ഐപിഎസുകാരൻ തോക്കു ചൂണ്ടിയെന്ന ആരോപണം ചർച്ചയാക്കി കേരള ഗവർണ്ണർ ഡൽഹിക്ക് പറന്നുവെന്നതാണ് വസ്തുത. ലോകായുക്താ ദിനാഘോഷം ചൊവ്വാഴ്ച സംഘടിപ്പിക്കുമ്പോൾ കേരളത്തിൽ ഉദ്ഘാകനായി എത്തുന്നത് തമിഴ്നാട്ടിലെ ഗവർണ്ണർ എന്നതിൽ കേരളത്തിലെ രാജ്ഭവനും പങ്കുണ്ടെന്ന സംശയം സിപിഎമ്മിനുണ്ട്. കണ്ണൂരിൽ എസ് പിയായിരുന്ന മുൻ ഐപിഎസുകാരൻ തിരുവനന്തപുരത്ത് എത്തുന്നതിന് പിന്നിൽ 'രാജ്ഭവൻ ബുദ്ധി'യാണെന്നും അവർ സംശയിക്കുന്നുണ്ട്.
ഇന്നലെ ഡൽഹിക്ക് പോയ ഗവർണർ ആരിഫ് മുഹമ്മദ് ഈമാസം 20നാണ് മടങ്ങിയെത്തുക. അടിയന്തര പ്രാധാന്യമുള്ള ഔദ്ധ്യോഗിക പരിപാടികൾ ഗവർണർക്ക് ഡൽഹിയിൽ ഇല്ല. ഒഴിവാക്കാമായിരുന്ന തിരക്കുകൾ മാത്രമാണ് ഈ ദിവസങ്ങളിൽ ഗവർണർക്കുള്ളതെന്നാണ് വിവരം. എന്നിട്ടും ലോകായുക്തയിലെ ചടങ്ങിൽ പങ്കെടുക്കാതെ മാറി നിന്ന ഗവർണ്ണർ രവിയെ ഉദ്ഘാടകനായി നിർദ്ദേശിച്ചെന്നാണ് സൂചന. തമിഴ്നാട് ഗവർണർ എൻ രവി തമിഴ്നാട്ടിൽ സ്റ്റാൻലിൻ സർക്കാരുമായി കടുത്തപോരിലാണ്. കേരളത്തിൽ ഗവർണർ നിയമസഭ പാസാക്കിയ നാല് ബില്ലുകളാണ് പിടിച്ചുവച്ചിരിക്കുന്നതെങ്കിൽ തമിഴ്നാട്ടിൽ അത് ഇരുപതാണ്. സർക്കാരിന്റെ ബദ്ധശത്രുവാണ് എൻ രവി.
ലോകായുക്ത വേദിയിൽ വച്ച് തമിഴ്നാട് ഗവർണർ കേരള ഗവർണറെ പിന്തുണച്ച് സംസാരിച്ചാൽ അത് സർക്കാരിന് മറ്റൊരു പുലിവാലാകുമെന്ന് സർക്കാർ കേന്ദ്രങ്ങൾ തന്നെ ആശങ്കയിലാണ്. കഴിഞ്ഞ ലോകായുക്ത ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഉദ്ഘാടകൻ. പിന്നാലെ ലോകായുക്തയുടെ പല്ലുപറിക്കാൻ ഓർഡിനെനസ് സർക്കാർ കൊണ്ടുവന്നിരുന്നു. ലോകായുക്തയെ നിർജീവമാക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പിടതുതെന്ന് പ്രതിപക്ഷം ഉൾപ്പെടെ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അന്ന് സർക്കാരുമായി ഐക്യത്തിലായിരുന്ന ഗവർണർ അത് ഒപ്പിട്ടു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന നിയമോപദേശത്തെ തുടർന്നായിരുന്നു സർക്കാരിന്റെ ഭേദഗതി.
ഇതോടെ 'ദ കേരള ലോക് ആയുക്ത' (ഭേദഗതി) ഓർഡിനൻസ് 2021 നിലവിൽവന്നു. ഇതോടൊപ്പം ലോകായുക്ത, ഉപലോകായുക്ത എന്നിവരുടെ യോഗ്യത, സർവീസ് കാലാവധി എന്നിവയും ഭേദഗതിചെയ്തു. 1999ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം ഉത്തരവിട്ടാൽ ആരോപിതരെ ഉടൻ അധികാര സ്ഥാനത്തുനിന്ന് നീക്കണം. ഇവിടെ അപ്പീലിന് പോലും അവകാശമില്ല. ഭേദഗതി പ്രകാരം വിധി വന്ന് മൂന്നുമാസത്തിനുള്ളിൽ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സർക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാനും അംഗീകരിക്കാനും അധികാരമുണ്ട്. യോഗ്യത മാറ്റാൻ നിയമത്തിലെ മൂന്നാം വകുപ്പിലെ രണ്ട്, മൂന്ന് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. നിലവിൽ സുപ്രീം കോടതി ജഡ്ജിയായിരുന്നയാളോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നയാളോ ആണ് ലോകായുക്ത ആയിരുന്നത്.
ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിപദവി വഹിച്ചയാൾക്കും ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിയോ വിരമിച്ച ജഡ്ജിയോ ആയിരുന്നു ഉപലോകായുക്ത. ഭേദഗതി പ്രകാരം വിരമിച്ച ഹൈക്കോടതി ജഡ്ജിക്കേ ഉപലോകായുക്ത ആകാനാകൂ. സേവന കാലാവധി അഞ്ച് വർഷമോ 70 വയസ്് വരെയോ ആക്കി ഭേദഗതി ചെയ്തു. ഇതിൽ ഏതാണോ ആദ്യം അതാകും പ്രാബല്യത്തിൽ വരിക എന്നായിരുന്നു വ്യവസ്ഥ. ഇതെല്ലാമാണ് ഓർഡിനൻസായത്. എന്നാൽ ഓർഡിനൻസിന്റെ കാലം കഴിയും മുമ്പേ ബിൽ അവതരിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല.സിപിഐയുടെ എതിർപ്പായിരുന്നു ഇതിന് കാരണം. ഇതോടെ ഓർഡിനൻസ് അസാധുവായി. വീണ്ടും ഓർഡിനൻസ് അയച്ചെങ്കിലും ഗവർണ്ണർ ഒപ്പിട്ടില്ല. പിന്നീട് ബില്ലാക്കി രാജ്ഭവന് അയച്ചു.
സിപിഐയെ പ്രകോപിപ്പിക്കാതിരിക്കാൻ ചില മാറ്റങ്ങളോടെയാണ് ബിൽ കൊണ്ടു വന്നത്. നിയമസഭ അംഗീകരിച്ച ഈ ബില്ലിലും ഗവർണ്ണർ ഒപ്പിട്ടില്ലെന്നതാണ് വസ്തുത. ദുരിതാശ്വാസ ഫണ്ട് സിപിഎം എംഎൽഎമാരുടെ ആശ്രിതർക്ക് നൽകിയത് സ്വജന പക്ഷപാതമാണെന്ന കേസ് ലോകായുക്തയുടെ മുമ്പിലുണ്ട്. മുഖ്യമന്ത്രിയാണ് പ്രതി. ഈ കേസിലെ വിധി എതിരായാൽ ഉടൻ രാജിവയ്ക്കാതിരിക്കാനാണ് ഭേദഗതിക്ക് സർക്കാർ തയ്യാറായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്