- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ജ്യൂസ് ചലഞ്ച്' ഷൂട്ട് ചെയ്യിപ്പിച്ചതു കൊല്ലാൻ തീരുമാനിച്ച ശേഷം; കഷായത്തിൽ വിഷം നൽകിയ ശേഷം കാമുകന്റെ മരണ ദിവസം വരെ എണ്ണി ദിനങ്ങൾ തള്ളി നീക്കി; മജിസ്ട്രേട്ടിന് മുന്നിലും മൊഴി എതിരാകുന്നില്ലെന്ന് ഉറപ്പിച്ചത് പ്രണയം അഭിനയിച്ച് വശത്താക്കി
തിരുവനന്തപുരം: ഷാരോണിനെ കൊല്ലാൻ ഗ്രീഷ്മ മുന്നൊരുക്കം നടത്തിയത് ഒരു മാസത്തോളം. ആദ്യം കുറ്റസമ്മതം നടത്തിയത് സ്വന്തം അമ്മയുടെ മുന്നിലാണെന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഗ്രീഷ്മ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമ്മയും അമ്മാവനേയും കേസിൽ പ്രതി ചേർത്തത്. മകളുടെ പരിഭവം കണ്ടാണ് തെളിവ് നശിപ്പിക്കാൻ അമ്മയും അമ്മാവനും കൂട്ടു നിന്നതെന്നാണ് മൊഴി. എല്ലാ പ്രതികളും ഒരേ പോലെയാണ് സംസാരിക്കുന്നത്. അതുകൊണ്ടു കൂടിയാണ് സാഹചര്യ തെളിവുകൾ പോലും മുഖവിലയ്ക്കെടുക്കാൻ കഴിയാത്ത വിധം പൊലീസ് അമ്മയ്ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിക്കൽ കേസ് ചുമത്തേണ്ടി വന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. അതിനിടെയാണ് ചില സംശയങ്ങളെത്തുന്നത്. അങ്ങനെ കൊലക്കേസിൽ അമ്മയും അമ്മാവനും കൂടി കടന്നു വരികയാണെന്നാണ് സൂചന.
പൊലീസിന്റെ ചോദ്യങ്ങളെ ചിരിച്ചു കൊണ്ടു നേരിടുകയായിരുന്നു ഗ്രീഷ്മ. പൊലീസ് ചോദ്യം ചെയ്യലിൽ ഭാവ വ്യത്യാസമൊന്നും കാട്ടിയില്ല. കൊലപാതകം ആസൂത്രണം ചെയ്തത് ഗ്രീഷ്മയായിരുന്നു. ഇതിന് വേണ്ടി ജ്യൂസിനെ ആദ്യമേ മുമ്പിൽ നിർത്തി. എന്തു ജ്യൂസും കുടിക്കുന്ന വ്യക്തിയാണ് ഷാരോൺ എന്ന് വരുത്താൻ ചലഞ്ചുകൾ നടത്തി. സ്ഥിരമായി ജ്യൂസ് കുടിച്ചാൽ ആരോഗ്യ പ്രശ്നവും മരണവും പോലും സംഭവിക്കുമെന്ന പ്രചരണം പോലും നടത്തി. ഷാരോൺ ആശുപത്രിയിലായ ശേഷം ഇത് സ്ഥിരമായി നടത്തി. കലക്കി നൽകിയ കഷായം കുടിച്ചാൽ ആഴ്ചകൾക്കുള്ളിൽ മരണം സംഭവിക്കുമെന്ന് ഗ്രീഷ്മ മുൻകൂട്ടി തിരിച്ചറിഞ്ഞിരുന്നു. ഏറെ പഠനങ്ങൾ തന്നെ ഗ്രീഷ്മ നടത്തിയെന്നതാണ് വസ്തുത.
ജ്യൂസ് ചലഞ്ച് നടത്തിയതും അത് വീഡിയോയിൽ ചിത്രീകരിച്ചതും എല്ലാം ഗ്രീഷ്മയുടെ കൂടെ താൽപ്പര്യ പ്രകാരമായിരുന്നു. എന്നാൽ ആ വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്ത്രപരമായ നിലപാട് എടുത്ത് എല്ലാം ഷാരോണിന്റെ താൽപ്പര്യമാക്കി മാറ്റി. കഷായം കൂടിച്ച് വീട്ടിൽ നിന്ന് പോയ ഷാരോണുമായി നിരന്തരം സംസാരിച്ചു. ആരോഗ്യ പ്രശ്നങ്ങളിൽ തനിക്ക് പങ്കില്ലെന്ന് വരുത്താനായിരുന്നു അതെല്ലാം. ഈ തന്ത്രപരമായ ഇടപെടലാണ് മജിസ്ട്രേട്ടിന് മുമ്പിൽ മൊഴി നൽകുമ്പോഴും ഗ്രീഷ്മയെ കുറ്റം പറയാതിരിക്കാൻ ഷാരോണിനെ പ്രേരിപ്പിച്ചത്. തന്റെ കാമുകി തനിക്കൊപ്പമെന്ന് അപ്പോഴും ഷാരോൺ വിശ്വസിച്ചിരുന്നു. പട്ടാളക്കാരനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലെന്നും നവംബറിലെ ജന്മദിനം കഴിഞ്ഞാൽ വീടുവിട്ട് വരാമെന്നും ഷരോണിന് ഗ്രീഷ്മ ഉറപ്പു നൽകി. ഈ ഉറപ്പും കാമുകനെ കൊലപ്പെടുത്താൻ തീരുമാനിച്ച ശേഷം എടുത്തതായിരുന്നു.
ഷാരോണിന്റെ കൈയിലുള്ള വീഡിയോ പുറത്തു പോയാൽ എന്തും സംഭവിക്കാമെന്ന് ഗ്രീഷ്മ കരുതിയിരുന്നു. വീഡിയോ ഷാരോൺ ഡിലീറ്റ് ചെയ്യാത്തതാണ് പക കൂട്ടിയത്. എന്നാൽ ചിരിച്ചു കൊണ്ട് ചേർന്ന് നിന്ന് കൊല്ലനായിരുന്നു ഗ്രീഷ്മ പദ്ധതി തയ്യാറാക്കിയത്. ഇതെല്ലാം പൊലീസിനോടും പ്രതി വിശദീകരിച്ചു. വീഡിയോ കണ്ടും മറ്റും എല്ലാം മനസ്സിലാക്കി. വിഷം കൊടുത്ത ശേഷം ഓരോ ദിവസവും എണ്ണിയെണ്ണി മുന്നോട്ട് പോയി. പത്താം ദിവസം മരിച്ചു. മജിസ്ട്രേട്ടിന് കൊടുത്ത മരണമൊഴി ആത്മവിശ്വാസം കൂട്ടി. കേസ് അട്ടിമറിക്കാൻ പാറശ്ശാല എസ് ഐയെ നിരന്തരം ഫോണിൽ വിളിച്ചു. നിരപരാധിത്വം തെളിയിക്കാനായി പലതും പറഞ്ഞു. പിടിക്കപ്പെട്ട ശേഷം ബന്ധുക്കളെ രക്ഷിക്കാനായിരുന്നു തന്ത്രം. അമ്മയും അമ്മാവനും ജയിലിലായാൽ തന്നെ ആരു പുറത്തിറക്കുമെന്ന ചിന്തയായിരുന്നു ഇതിന് കാരണം.
എന്നാൽ പൊലീസ് അന്വേഷണം വീട്ടുകാരിൽ എത്തുമെന്ന് ഗ്രീഷ്മ ഭയന്നു. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ കുറ്റം സമ്മതിച്ചു. ഇനിയും പൊലീസ് ചോദ്യം ചെയ്താൽ എല്ലാം പറയേണ്ടി വരുമെന്ന് മനസ്സിലാക്കി. അങ്ങനെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വച്ച് ലൈസോൾ കുടിച്ചതും ആത്മഹത്യയ്ക്ക് ശ്രമിച്ചതും. അതും സാഹചര്യമെല്ലാം മനസ്സിലാക്കിയുള്ള ബോധപൂർവ്വ ശ്രമമായിരുന്നു. ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മൊഴി നൽകാനെത്തിയതു നന്നായി ഗൃഹപാഠം ചെയ്തശേഷമെന്ന് അന്വേഷണസംഘം പറയുന്നു. അറസ്റ്റ് നീളാൻ കാരണവും അതുതന്നെ. ചോദ്യംചെയ്യലിനെ എങ്ങനെ നേരിടാമെന്നു ഗൂഗിളിൽ തെരഞ്ഞ ഗ്രീഷ്മ, ഇക്കാര്യങ്ങൾ മാതാപിതാക്കളെയും പഠിപ്പിച്ചിരുന്നു.
ആദ്യഭർത്താവ് മരിക്കുമെന്ന വിശ്വാസത്തിൽനിന്നു ചോദ്യംചെയ്യലിൽ പിന്നാക്കം പോയ ഗ്രീഷ്മ, ഷാരോണിനെ മോശക്കാരനാക്കി ചിത്രീകരിക്കാനാണു പിന്നീട് ശ്രമിച്ചത്. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യചിത്രങ്ങളും വീഡിയോയും ഉണ്ടായിരുന്നെന്നും തിരികെ നൽകിയില്ലെന്നുമാണു പൊലീസിനോടു പറഞ്ഞത്. വിവാഹാലോചന വന്നപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചു. അതിനു മുന്നോടിയായി സ്വകാര്യചിത്രങ്ങളും വീഡിയോയും തിരികെ ആവശ്യപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ ഷാരോണിനോടു പകയായി. പ്രണയം ഭാവിവരൻ അറിയുമോയെന്ന ആശങ്കയാണു കൊലപാതകത്തിലേക്കു നയിച്ചത്.
ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങാതിരുന്നതോടെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ തീരുമാനിച്ചു. കൊലപാതകശേഷം ചോദ്യംചെയ്യലിനെ എങ്ങനെ നേരിടാമെന്നു ഗൂഗിളിൽ തെരഞ്ഞു. ഷാരോണിന്റെ മരണമൊഴിയിൽ തന്നെ കുറ്റപ്പെടുത്താത്തതു ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാമെന്നും കരുതി. ഷാരോണിന്റെ മരണശേഷമുള്ള പ്രതികരണങ്ങൾ ഈ കണക്കുകൂട്ടലിലായിരുന്നു. പത്തുമണിക്കൂറോളം ചോദ്യംചെയ്യലിൽ പിടിച്ചുനിന്നതു ഗൃഹപാഠത്തിന്റെ മികവിലാണ്.
ആവശ്യമെങ്കിൽ നുണപരിശോധനയടക്കം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. മാതാപിതാക്കളെയും ബന്ധുക്കളെയും ഗ്രീഷ്മയ്ക്കൊപ്പമിരുത്തി ചോദ്യംചെയ്യും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്