- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊടും ക്രൂരയുമായാണ് നിശ്ചയം ഉറപ്പിച്ചതെന്ന് മനസിലായത് ഷാരോൺ കൊലയ്ക്ക് ശേഷം; പ്രതിശ്രുത വധു തൃപ്പരപ്പിൽ താമസിച്ചത് അറിയില്ലെന്നും നാഗർകോവിലിലെ സൈനികൻ; ജമ്മുവിൽ നിന്ന് കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത് അച്ഛനൊപ്പമെത്തി; ആ കല്ല്യാണം ഇനി നടക്കില്ല; പ്രണയ വിഷത്തിൽ സൈനികന് പങ്കില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: ഗ്രീഷ്മയുടെ പ്രണയ വിഷത്തിൽ പ്രതിശ്രുത വരനായ സൈനികന് പങ്കില്ലെന്ന നിഗമനത്തിലേക്ക് തിരുവനന്തപുരം റൂറൽ പൊലീസിലെ ക്രൈംബ്രാഞ്ച്. ജമ്മുവിൽ നിന്നും പറന്നെത്തി ജില്ലാ ക്രൈംബ്രാഞ്ചിന് നാഗർകോവിലിലെ സൈനികൻ മൊഴി നൽകി. കൊടും ക്രൂരയുമായാണ് നിശ്ചയം ഉറപ്പിച്ചതെന്ന് മനസിലായത് ഷാരോണിന്റെ കൊലയ്ക്ക് ശേഷമെന്നാണ് മൊഴി. ഷാരോണിനൊപ്പം ഗ്രീഷ്മ തൃപ്പരപ്പിൽ താമസിച്ചതിനെ കുറിച്ച്് അറിയില്ല. ഗ്രീഷ്മയുമായുള്ള കല്ല്യാണത്തിൽ നിന്നും പിന്മാറിയെന്നും പുതിയ വിവാഹാലോചനകളുടെ തിരക്കിലാണെന്നും സൈനികന്റെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു.
ഷാരോൺ കൊലപാതകക്കേസിൽ ഗ്രീഷ്മയുടെ പ്രതിശ്രുത വരനായ നാഗർകോവിലിലെ സൈനികന് ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാണ് നോട്ടീസ് നൽകി ജമ്മു കാശ്മീരിൽ നിന്നും ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയത്. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കൈപറ്റി കമാന്റിങ് ഓഫീസറുടെ അനുമതി വാങ്ങി കഴിഞ്ഞയാഴ്ചയാണ് സൈനികൻ നാഗർ കോവിലിലെ തറവാട് വീട്ടിൽ എത്തിയത്. അതിന് ശേഷം പിതാവിനൊപ്പം രണ്ട് ദിവസം മുൻപ് റൂറൽ എസ്‌പി. ഓഫീസിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. സൈനികന്റെ മൊഴി പ്രകാരം ഗ്രീഷ്മയ്ക്ക് ഷാരോണുമായി അടുപ്പം ഉണ്ടായിരുന്നത് അറിയില്ലയായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ബന്ധുവഴി വന്ന വിവാഹാലോചന വിശദമായി അന്വേഷിച്ച ശേമാണ് ഉറപ്പിച്ചത്്.. നല്ല കുടുംബം പെൺകുട്ടിക്ക് നല്ല വിദ്യാഭ്യാസം, മോശമല്ലാത്ത സാമ്പത്തികം ഇതൊക്കെയാണ് വിവാഹം ഉറപ്പിക്കാൻ ഘടകമായി മാറിയത്. ജാതക കൈമാറ്റൽ ചടങ്ങിന് ശേഷം ദിനവും ഫോണിൽ സംസാരിച്ചിരുന്നു. അന്നൊന്നും അസ്വഭാവികത തോന്നിയില്ല. ഷാരോണിന്റെ മരണശേഷം യൂട്യൂബ് വഴിയാണ് കാര്യങ്ങൾ അറിഞ്ഞത്. പിന്നീട് ടിവി ന്യൂസിലും കാര്യങ്ങൾ അറിഞ്ഞു. ഇതിനിടയിൽ ഗ്രീഷ്മയെ ബന്ധപ്പെട്ടുവെങ്കിലും വാർത്തകളിൽ വരുന്നത് സത്യമല്ലന്ന് വാദിക്കാനാണ് അവൾ ശ്രമിച്ചത്. പിന്നീട്് ഒരു ബന്ധവും ഉണ്ടായിട്ടില്ല. അതോടെ ആ അദ്ധ്യായം അടഞ്ഞു. ഗ്രീഷ്മ ഷാരോണുമായി തൃപ്പരിപ്പിൽ പോയ ദിവസവും സൈനികനെ വിളിച്ചിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യമായി. ഇടയ്ക്ക് ലീവിന് വന്നപ്പോൾ പുറത്ത് വെച്ച് നേരിൽ കണ്ടിരുന്നതായും സൈനികൻ പറഞ്ഞു.
ഗ്രീഷ്മയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുന്നതായി ബന്ധുവഴി തന്നെ അവരെ അറിയിച്ചിരുന്നു. പിന്നീട് മറ്റ് വിവാഹാലോചനകൾ തുടങ്ങിയെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോടു സൈനികൻ വെളിപ്പെടുത്തി. ഷാരോണിനെ അറിയില്ലെന്ന് മാത്രമല്ല ഇവർ തമ്മിലെ അടുപ്പവും സൈനികൻ അറിഞ്ഞിരുന്നില്ലന്ന് അന്വേഷണ സംഘത്തിന് മനസിലായി. വിശദമായ മൊഴി നൽകിയ ശേഷം നാഗർ കോവിലിലേയ്ക്ക് മടങ്ങിയ സൈനികൻ രണ്ടു ദിവസത്തിനകം ജോലിസ്ഥലത്തേക്ക് മടങ്ങി പോകും.
ഗ്രീഷ്മയെ തെളിവെടുപ്പിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് സംഘം തമിഴ്‌നാട്ടിൽ എത്തിച്ച വാർത്ത പുറത്തു വന്നപ്പോഴാണ്്്് ഇവർ തൃപ്പരപ്പിൽ താമസിച്ച വിവരം സൈനികൻ അറിഞ്ഞത്. അതും ടിവിയിൽ ഫ്ലാഷ് ന്യൂസിലൂടെ. . ഷാരോൺ രാജിനെ കൊണ്ട് താലികെട്ടിച്ച ശേഷം ഹണിമൂണിന് തൃപ്പരപ്പിലെ ഗോൾഡൻ കാസ്റ്റിലിൽ ഇരുവരും എത്തുകയായിരുന്നു. ജൂണിലാണ് ഇവിടെ ആദ്യം എത്തിയത്. അന്ന് ഒരു പകൽ ചെലവഴിച്ച് ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങിയെന്ന വിവരവും ജമ്മുവിൽ ഇരുന്ന് മലയാളം ന്യൂസ് ചാനലുകൾ കണ്ടപ്പോഴാണ് സൈനികൻ അറിഞ്ഞത്. വാട്ടർ ഫാളിനോടു ചേർന്ന് ഒരു വർഷം മുൻപ് ആരംഭിച്ച ഹോട്ടലാണ് ഗോൾഡൺ കാസ്റ്റിൽ. ഒരു അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഇവിടെ ജൂലൈ മാസത്തിലും ഷാരോണമായി ചേർന്ന് റൂം എടുത്തതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. അന്ന് രണ്ട് ദിവസമാണ് താമസിച്ചത്. ഭാര്യ ഭർത്താക്കന്മാരെ പോലെ എത്തിയതിനാൽ മറ്റു സംശയങ്ങൾ തോന്നിയില്ലെന്നും ഹോട്ടൽ ജീവനക്കാരും മൊഴി നൽകിയിരുന്നു.
ഹോട്ടലിൽ താമസിച്ച ബെഡ് റൂം അടക്കം ഒരു കൂസലും കൂടാതെ ഗ്രീഷ്മ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തിരുന്നു. എന്നാൽ കേസിന്റെ തുടരന്വേഷണവും കുറ്റപത്രം സമർപ്പിക്കലും അടക്കമുള്ള കാര്യങ്ങൾ തമിഴ്‌നാട് പൊലീസിന് കൈമാറുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വന്നു. കേസിൽ കേരള പൊലീസ് തന്നെ കുറ്റപത്രം നൽകും.
തമിഴ്‌നാട്ടിലെ നെയ്യൂരിൽ കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു. 50 ഡോളോ ഗുളികകൾ പൊടിച്ച് മാങ്ങാജ്യൂസിൽ കലർത്തിയായിരുന്നു വധശ്രമം. എന്നാൽ ഷാരോൺ ഈ കെണിയിൽ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയ ഷാരോൺ ഇത് തുപ്പിക്കളഞ്ഞു എന്നാണ് ഗ്രീഷ്മ മൊഴി നൽകിയത്. നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും പ്രണയത്തിൽ നിന്ന് ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ഗ്രീഷ്മ ശ്രമം തുടങ്ങിയത്. . നെയ്യൂർ ക്രിസ്റ്റ്യൻ കോളേജിൽ വച്ചായിരുന്നു ആദ്യ വധശ്രമം. കടയിൽ നിന്ന് വാങ്ങിയ മാങ്ങാ ജ്യൂസ് കുപ്പിയിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി ഷാരോണിന് കുടിക്കാൻ നൽകി. കയ്പ് കാരണം ജ്യൂസ് തുപ്പിക്കളഞ്ഞതുകൊണ്ടാണ് ഷാരോൺ രക്ഷപ്പെട്ടത്.
ക്രിസ്റ്റ്യൻ കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് ജ്യൂസ് നൽകിയത്. ആശുപത്രിയിലും കോളേജിലും ഗ്രീഷ്മ ജ്യൂസ് വാങ്ങിയ കടയിലും അടക്കം അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ മാങ്ങാ ജ്യൂസ് നൽകി വധിക്കാൻ ശ്രമമുണ്ടായി. . ഇത് രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി ഷാരോണിനെ വകവരുത്തിയത്.
രാമവർമ്മൻചിറയിലെ വീട്ടിലും താലികെട്ടിയ വെട്ടുകാട് പള്ളിയിലും പരിസരത്തും വേളി ടൂറിസ്റ്റ് വില്ലേജിലും പൊലീസ് ഗ്രീഷ്മയുമായി തെളിവെടുപ്പ് നടത്തിയിരുന്നു. പാറശാല പൊലീസിന് കേസിൽ ആദ്യഘട്ടത്തിൽ ഗുരുതര വീഴ്ച പറ്റിയിരുന്നു. ഷാരോൺ കഴിച്ച കാഷായത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്, അന്വേഷണത്തിന്റെ തുടക്കത്തിലേ പൊലീസ് ഉഴപ്പി. പൊലീസിന്റെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാൻ എഡിജിപി തന്നെ പാടുപെട്ടത് മാധ്യമങ്ങൾ കണ്ടതാണ്.
ഷാരോണിന്റെ മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിനോൺ ചൂണ്ടിക്കാട്ടുന്നു. ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഴിച്ച കഷായത്തിൽ വീട്ടുകാർ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചു.ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വീട്ടുകാർ ഉന്നയിച്ച സംശയങ്ങൾ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കിൽ, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതിച്ച കേസിൽ, ദിവസങ്ങളായി വീട്ടുകാർ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ എഡിജിപി എംആർ അജിത് കുമാർ നല്ല പോലെ ബുദ്ധിമുട്ടി. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും.
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ആയിരുന്നു.. ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയെന്നും പൊലീസ് കണ്ടെത്തി. ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്ന് തന്നെ ക്രൈം ബ്രാഞ്ചിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു.എം എഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്ഗ്രീഷ്മ (22).മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തിൽ നിർണായകമായി.
ഒക്ടോബർ 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഷാരോൺ മരിക്കുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കേസിൽ പിടിയിലായ ഗ്രീഷ്മയും അമ്മ സിന്ധുവും അട്ട കുളങ്ങര വനിത ജയിലിലാണ്. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ ജില്ലാ ക്രൈം ബ്രാഞ്ചിൽ പുരോഗമിക്കുകയാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്