- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റേഷനിലെ ശുചിമുറി പുരുഷന്മാരുടേതെന്ന് പറഞ്ഞ് കുതന്ത്രം; വനിതാ റെസ്റ്റ് റൂമിൽ ആദ്യ തവണ പോയപ്പോൾ ലൈസോൾ കണ്ട് നാടകം പ്ലാൻ ചെയ്തു; ചാനൽ ക്യാമറകൾ സ്റ്റേഷനു മുന്നിൽ നിറഞ്ഞപ്പോൾ വീണ്ടും മൂത്ര ശങ്ക; ബാത്ത് റൂമിലെത്തിയ ഉടൻ അണുനാശിനി ഒരു കവിൾ കുടിച്ചു; ഛർദ്ദിച്ചത് പൊലീസിന്റെ മാനം കാത്തു; കാമുകനെ വളച്ചു കൊന്ന ഗ്രീഷ്മ പൊലീസിനേയും വഞ്ചിച്ചു
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെ ഗ്രീഷ്മയുടെ ലൈസോൾ കുടിയും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികളുടെ ഭാഗം? മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണം പോലെയാണ് ഇതും പൊലീസ് മനസ്സിലാക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഗ്രീഷ്മയെ. പൊലീസുകാരിൽ നിന്ന് ഇനി സംഭവിക്കുക എന്തെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. അറസ്റ്റുണ്ടാകുമെന്നും തെളിവെടുപ്പിന് കൊണ്ടു പോകുമെന്നുമെല്ലാം മനസ്സിലാക്കി. ഗ്രീഷ്മയുള്ള സ്റ്റേഷന് മുമ്പിൽ ചാനൽ ക്യാമറകളുമെത്തി. ഇവരുടെ മുമ്പിലൂടെയാണ് ഗ്രീഷ്മ രാവിലെ എട്ടരയോടെ ശുചിമുറിയിലേക്ക് പോയത്. നിശ്ചയിച്ചുറപ്പിച്ച പോലെ ലൈസോൾ കുടിക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വച്ചു തന്നെ എല്ലാം അവർ സമ്മതിച്ചു.
ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മയെ ആദ്യം കൊണ്ടു പോയത് സ്റ്റേഷനിലുള്ളവരുടെ ശുചി മുറിയിലായിരുന്നു. ആ ശുചിമുറിയിൽ പോയി വന്ന ഗ്രീഷ്മ അത് പുരുഷന്മാരുടേതാണെന്നും തനിക്ക് അവിടെ പോകാനാുള്ള ബുദ്ധിമുട്ടും അറിയിച്ചു. ഇതോടെ നെടുമങ്ങാട് സ്റ്റേഷനിലെ വനിതാ റെസ്റ്റ് റൂമിലേക്ക് കൊണ്ടു പോയി. ആ ബാത്ത് റൂം ഉപയോഗിച്ചു. ആ സമയം തന്നെ ആ മുറിയിൽ ശുചീകരണത്തിനുള്ള ലൈസോൾ ഉണ്ടെന്ന് ഗ്രീഷ്മ മനസ്സിലാക്കി. രാവിലെ എട്ടരയോടെ വീണ്ടും ശുചി മുറിയിൽ പോകണമെന്ന് പറഞ്ഞു. ചാനൽ ക്യാമറുടെ മുമ്പിലൂടെയാണ് ഗ്രീഷ്മ പോയതും. ഈ സമയം ശുചീകരണ തൊഴിലാളി ബാത്ത് റൂം വൃത്തിയാക്കി പോയതേ ഉണ്ടായിരുന്നുള്ളൂ. ബാത്ത് റൂമിൽ കയറി ഗ്രീഷ്മ ലൈസോൾ ഒരു കവിളാണ് കുടിച്ചത്. പെട്ടെന്നു തന്നെ ഛർദ്ദിക്കുകയും ചെയ്തു.
ഗ്രീഷ്മയുടെ ഛർദിൽ കേട്ട് പൊലീസുകാരികൾ ഓടിയെത്തി. ഈ സമയം താൻ ലൈസോൾ കുടിച്ചെന്ന് ഗ്രീഷ്മ തന്നെ സമ്മതിച്ചു. ഇതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സാധാരണ പ്രതികളെ സ്റ്റേഷനുള്ളിലെ ശുചിമുറിയാണ് ഉപയോഗിക്കാൻ അനുവദിക്കാറ്. ഇവിടേയും സമർത്ഥമായി ഗ്രീഷ്മ കളിച്ചു. പുരുഷ ബാത്ത് റൂമെന്ന സാധ്യത ഉയർത്തി പൊലീസുകാരേയും പറ്റിച്ചു. സ്നേഹമുണ്ടെന്ന് കാമുകനെ വിശ്വസിപ്പിച്ച് വിഷം കൊടുത്തു കൊന്ന ഗ്രീഷ്മയുടെ മനസ്സ് പൊലീസ് തിരിച്ചറിയാതെ പോയിടത്തായിരുന്നു ആത്മഹത്യാ ശ്രമം നടന്നത്. ഛർദ്ദിച്ചില്ലായിരുന്നുവെങ്കിൽ ലൈസോൾ കുടിച്ചതു പോലും പൊലീസ് അറിയില്ലായിരുന്നു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് പൊലീസിന് തീരാകളങ്കമായി മാറുമായിരുന്നു.
ഗ്രീഷ്മ പൊലീസ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വന്നു കഴിഞ്ഞു. പ്രതിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് റൂറൽ എസ് പി ഡി ശിൽപ പറഞ്ഞു.സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയല്ല ഗ്രീഷ്മ ഉപയോഗിച്ചതെന്നും എസ് പി വ്യക്തമാക്കി. ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാത്തതിനാലാണ് നടപടിയെന്ന് എസ് പി കൂട്ടിച്ചേർത്തു. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.താൻ അണുനാശിനി കുടിച്ചതായി യുവതി സമ്മതിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോദ്യം ചെയ്യൽ ആരംഭിക്കും.
പുലർച്ചെ ഒരു മണിയോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. യുവതിയുടെ കാവലിനായി വനിതാ എസ് ഐ അടക്കം നാല് പൊലീസികാരാണ് ഉണ്ടായിരുന്നത്. ഗ്രീഷ്മയുടെ ആത്മഹത്യാ ശ്രമം നാടകമാണെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ പിതാവ് പ്രതികരിച്ചു. ജീവനൊടുക്കാൻ നോക്കിയത് നാടകമാണെന്ന് തന്നെയാണ് പൊലീസിന്റേയും അനുമാനം. പൊലീസ് സ്റ്റേഷനിലെ ബാത്റൂം അടക്കം പരിശോധിച്ച് ഉറപ്പു വരുത്തിയശേഷമാണ് ഗ്രീഷ്മയെ നെടുമങ്ങാട് സ്റ്റേഷനിലെത്തിച്ചത്. എന്നാൽ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസുകാർ അവളെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തിയ ബാത്റൂമിന് പകരം വേറൊരു ബാത് റൂമിലേക്കാണ് കൊണ്ടുപോയത്. അവിടെ ഉണ്ടായിരുന്ന ലായനി ഗ്രീഷ്മ കുടിക്കുകയായിരുന്നുവെന്നും എസ്പി പറഞ്ഞു.
അതിനിടെ ഗ്രീഷ്മയ്ക്ക് ഷാരോണിനെക്കൂടാതെ വേറെയും പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജൻ ആരോപിക്കുന്നു. ഞങ്ങൾ തിരക്കിയപ്പോൾ അറിഞ്ഞത് മൂന്നാമത്തെ ആളാണ് ഷാരോൺ എന്നാണ്. ഗ്രീഷ്മയ്ക്ക് വേറെയും ലൈനുണ്ടായിരുന്നു നേരത്തെ. കൊല്ലാൻ പറ്റിയ ചെറുക്കൻ തന്റെ മകനാണെന്ന് പറഞ്ഞിട്ടാണ് മകനെ ഇതിലേക്ക് വലിച്ചിഴച്ച് കൊന്നു കളഞ്ഞതെന്നും ജയരാജൻ പറഞ്ഞു. ആചാരത്തിന്റേയും അന്ധവിശ്വാസത്തിന്റേയും പേരിലായിരുന്നു ഇതു ചെയ്തത്. ഗ്രീഷ്മയുടെ അമ്മയ്ക്ക് എല്ലാം അറിവുണ്ടായിരുന്നു. അല്ലെങ്കിൽ വിവാഹം ഉറപ്പിച്ച മകളെ ഒറ്റയ്ക്കാക്കി പുറത്തുപോകില്ലല്ലോ. ഷാരോൺ വരുന്നതിന് അഞ്ചു മിനുട്ടു മുമ്പേ അമ്മ പുറത്തുപോയി. ഷാരോൺ വഴിയിൽ വെച്ച് കണ്ടിരുന്നു. ഷാരോൺ വീട്ടിലേക്ക് വന്നപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരമ്മയും വീട്ടിലേക്ക് തിരിച്ചു വരും.
എന്നാൽ ആ അമ്മ തിരിച്ചു വന്നില്ല. അതിൽ നിന്നു തന്നെ എല്ലാം ഗ്ലാസ്സിൽ സെറ്റു ചെയ്തു വെച്ചിട്ട് പുറത്തുപോയതാണെന്ന് ജയരാജൻ ആരോപിച്ചു. കഷായത്തിന്റെ പേരു പറഞ്ഞ് മകനു കൊടുക്കുകയായിരുന്നു. വിഷപാനീയം ഗ്ലാസ്സിൽ കൊടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്. ഗ്രീഷ്മയും ഷാരോണും സ്നേഹത്തിലാണെന്ന് അവളുടെ അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്ക് പുറമേ, അമ്മയുടെ സഹോദരനും ഇതിൽ പങ്കുണ്ട്. തുരിശ് വാങ്ങിയത് അമ്മാവനാണെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഓട്ടോ അങ്കിളിന് കഷായം കൊടുത്തുവെന്നാണ് നേരത്തെ താൻ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്.
അത് കള്ളമാണെന്ന് തെളിഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം നാടകമാണെന്ന് ജയരാജ് പറഞ്ഞു. സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും ജയരാജൻ പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്