- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് പിന്നിലെ ഉപദേശകേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന ഹൈന്ദവ സംഘടനാ നേതാവായ അഭിഭാഷകൻ; രാമവർമ്മൻചറിയലെ വീട് തകർത്തതും അഡ്വക്കേറ്റ് ബുദ്ധിയെന്ന സംശയത്തിൽ പൊലീസ്; തലകുനിച്ച് വീട്ടിനുള്ളിൽ സംഭവിച്ചത് പൊലീസിനോട് വിശദീകരിച്ച് റാങ്കുകാരി കുട്ടി; നാട്ടുകാരുടെ മുന്നിലൂടെ നീങ്ങിയത് തലകുനിച്ച്; ജ്യൂസ് ചലഞ്ചിൽ ചതിയുണ്ടെന്ന് സമ്മതിച്ച് ഗ്രീഷ്മയും
തിരുവനന്തപുരം: ഷാരോൺ കേസിൽ ഗ്രീഷ്മയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം മധുരയിൽ പ്രാക്ടീസ് ചെയ്യുന്ന ഹൈന്ദവ സംഘടനാ നേതാവായ അഭിഭാഷകൻ. രാഷ്ട്രീയ ബന്ധങ്ങളുള്ള ഈ അഭിഭാഷകനാണ് ഗ്രീഷ്മയെ നിയമപരമായി പ്രധാനമായും സഹായിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ വച്ച് ഗ്രീഷ്മ ലൈസോൾ കുടിച്ചതും രാമവർമ്മൻചിറയിലെ വീട് കുത്തി തുറന്നതുമെല്ലാം ഈ അഭിഭാഷക ബുദ്ധിയാണെന്നാണ് പൊലീസ് സംശയം. പളുകൽ പൊലീസാണ് വീട്ടിനുള്ളിൽ കയറിയവരെ കണ്ടത്തേണ്ടത്. വീടിനുള്ളിൽ ആളു കയറിയതോടെ കേസ് അന്വേഷണത്തിലെ അട്ടിമറി പുതിയ തലത്തിലെത്തി. ഇനി ഈ വീട്ടിൽ നിന്ന് എന്തെങ്കിലും തെളിവ് കിട്ടിയാലും അത് മറ്റാരോ കൊണ്ടു വച്ചതാണെന്ന വാദം പ്രതിഭാഗത്തിന് ഉയർത്താനാകും. ഇതാണ് രാമവർമ്മൻചറിയിലെ സീൽ പൊളിക്കലിൽ സംഭവിക്കുന്നത്.
ആദ്യം മുതൽ തന്നെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കാനും മറ്റും ഗ്രീഷ്മയുടെ ഭാഗത്തു നിന്നും നീക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് വീട്ടിലെ സീൽപൊളിച്ച് ആളു കയറിയത്. പ്രഥമ ദൃഷ്ട്യാ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എങ്കിലും സീലു പൊളിച്ച സാഹചര്യത്തിൽ അകത്തെ തെളിവുകളിൽ കൃത്രിമം ഉണ്ടായി എന്ന് പ്രതിഭാഗത്തിന് വാദിക്കാം. ക്രൈം നടന്ന സ്ഥലം സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന് പ്രതിഭാഗത്തെ കുറ്റപ്പെടുത്താൻ കഴിയില്ല. അല്ലാത്ത പക്ഷം വീട്ടിൽ കയറിയെ കള്ളനെ കണ്ടെത്തണം. ഇതു ചെയ്യേണ്ടത് പളുകൽ പൊലീസാണ്. തമിഴ്നാട്ടിലാണ് മോഷണം നടന്നതെന്നതാണ് ഇതിന് കാരണം. അങ്ങനെ കള്ളനെ പിടിച്ചില്ലെങ്കിൽ ഗ്രീഷ്മയ്ക്ക് കോടതിയിൽ അതിശക്തമായ വാദങ്ങൾ ഉയർത്താൻ കഴിയും.
അതിനിടെ ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാൻ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്. കസ്റ്റഡിയിൽ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാൽ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസിൽ കലർത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ മൊഴിയെടുക്കൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് സൂചന. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നൽകിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം ഗ്രീഷ്മ ജ്യൂസ് നൽകിയിരുന്നതായാണ് കുടുംബം ആരോപിച്ചിരുന്നത്.
ഗ്രീഷ്മയ്ക്കൊപ്പം പുറത്തുപോയി ജ്യൂസ് കുടിച്ച ദിവസങ്ങളിൽ ഷാരോണിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഷാരോണിന്റെ മരണത്തിൽ ജ്യൂസിനും കഷായത്തിനും പങ്കുള്ളതായി ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്. എന്നാൽ ഇതിനെക്കുറിച്ച് ഷാരോൺ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ചലഞ്ച് എന്താണെന്ന് ചോദിക്കുമ്പോൾ പിന്നീട് പറയാമെന്നാണ് ഗ്രീഷ്മ മറുപടി നൽകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തരുതെന്നും ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിനും ലഭിച്ചിരുന്നു.
ഗ്രീഷ്മയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ, പ്രതിഭാഗം ശക്തമായി എതിർത്തിരുന്നു. മറ്റ് പ്രതികളെ അഞ്ച് ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും, അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ ഏഴ് ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കാനും, തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കാനുമാണ് കോടതിയുടെ നിർദ്ദേശം.
അതിനിടെ, ഷാരോൺ കൊലക്കേസിലെ തെളിവെടുപ്പിനായി ഗ്രീഷ്മയെ രാമവർമൻചിറയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ വീട്ടിലെത്തിയത്. പൊലീസ് വാഹനത്തിൽ മുഴുവൻസമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. വീട്ടിനുള്ളിൽ സംഭവിച്ചതെല്ലാം പൊലീസിന് മുമ്പിൽ ഗ്രീഷ്മ വിവരിച്ചു കൊടുത്തു.
തുടർന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേർ രാമവർമൻചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാൽ തമിഴ്നാട് പൊലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി. പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതർ തകർത്തിരുന്നു. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാണ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്