- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹക്കിം ഫൈസി ആദ്യശേരിയെ ഒതുക്കാൻ കളികൾ മുമ്പേ; വിവാഹിതയായ സമസ്ത മുശാവറാ അംഗത്തിന്റെ ബന്ധുവിനെ മർകസിൽ നിന്നും പുറത്താക്കിയതോടെ നോട്ടപ്പുള്ളിയായി; സി ഐ സി ഉപദേശക ബോർഡിൽ നിന്ന് സമസ്തയുടെ തൽപരകക്ഷികളെ മാറ്റിയതും ഈർഷ്യയായി; സമസ്ത പുറത്താക്കിയെങ്കിലും ആദ്യശേരിക്ക് വലിയ വിഭാഗത്തിന്റെ പിന്തുണ
മലപ്പുറം: പുറമേ കാണുന്നത് പോലെയല്ല കാര്യങ്ങൾ. ഹക്കിം ഫൈസി ആദ്യശേരിയെ സമസ്ത വിലക്കിയതും, അതുമറികടന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിന് ഒപ്പം വേദി പങ്കിട്ടതുമാണ് വിവാദമായിരിക്കുന്നത്. സമസ്തയുടെ മലപ്പുറം ജില്ലാ മുശാവറാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി ആദ്യശേരി. പണ്ഡിതനും കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി(സിഐസി)യുമാണ് ഹക്കിം ഫൈസി ആദ്യശേരി.
വിലക്ക് ഒക്കെയുണ്ടെങ്കിലും, സമസ്തയിലേയും, മുസ്ലിംലീഗിലേയും വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഹക്കിം ഫൈസി ആദ്യശേരിക്കു രഹസ്യമായി ലഭിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. സമസ്ത മുശാവറയിലെ ഒന്നുരണ്ടു മുതിർന്ന പണ്ഡിതരുടെ തിട്ടൂരമനോഭാവവും വ്യക്തി വിരോധവുമാണു ആദ്യശേരിയെ ഇത്തരത്തിൽ സമസ്തയിൽനിന്നും മാറ്റിനിർത്താനുണ്ടായ കാരണമെന്നാണു സമസ്തയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില മുതിർന്ന നേതാക്കൾവഴി അറിയാൻ കഴിയുന്നത്. രണ്ടുകാരണങ്ങളാണു ഈ വ്യക്തിവിരോധങ്ങൾക്കു കാരണമായതെന്നാണു വിവരം.
സിഐസിയുടെ ഭരണഘടനാ മാറ്റം വർഷങ്ങളായി ഉയർന്നുവന്നിരുന്ന ആവശ്യമായിരുന്നു. മുൻകാലങ്ങളിൽ സിഐ.സിയുടെ അഡൈ്വറി ബോർഡിലെ മൂന്നു അംഗങ്ങളിൽ രണ്ടുപേരും സമസ്തയുടെ തൽപരകക്ഷികളായിരുന്നു. ഒന്നു പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റും, മറ്റൊന്നു സമസ്തയുടെ പ്രസിഡന്റുമായിരുന്നു. പിന്നെയുള്ള ഒരാൾ ജനറൽ ബോഡി തെരഞ്ഞെടുക്കുന്നതുമായിരുന്നു.
പിന്നീട് ജനറൽ ബോഡി തെരഞ്ഞെടുക്കുന്നവർ അഡൈ്വസറി ബോർഡിൽ വന്നാൽ മതിയെന്ന തീരുമാനത്തിലെത്തുകയും സമസ്ത പ്രസിഡന്റിനേയും, പട്ടിക്കാട് ജാമിഅ നൂരിയ പ്രസിഡന്റിനേയും ഒഴിവാക്കുകയും ചെയ്തു. ഇതോടെ സമസ്തയിലെ ഉന്നതർക്കു എതിർപ്പുയർന്നിരുന്നു. എന്നാൽ ഇക്കാര്യം ആദ്യമൊന്നും പരസ്യമായിരുന്നില്ല.
ഇതിന് പിന്നാലെയാണു സിഐസിക്കു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കണമെന്നും പഠനകാലയളവിൽ വിവാഹം കഴിക്കരുതെന്നും തീരുമാനിച്ചത്. ഓരോ വിദ്യാർത്ഥിയും പഠനത്തിനു ചേരുമ്പോൾ ഇക്കാര്യങ്ങൾ സത്യവാങ് മൂലത്തിൽ ഒപ്പിട്ടു നൽകുകയും ചെയ്യണം. ഈ നിയമം 2013 മുതൽ തന്നെ വളഞ്ചേരി മർക്കസിൽ നടപ്പിലാക്കി വന്നിരുന്നു. ഈ മർകസിന്റെ പ്രിൻസിപ്പലും ആദൃശ്ശേരി തന്നെയായിരുന്നു. പിന്നീടാണ് 2019ൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ നിയമം നടപ്പാക്കിയത്. എന്നാൽ വളാഞ്ചേരി മർക്കസിൽ പഠിക്കുകയായിരുന്ന മുതിർന്ന സമസ്ത മുശാവറാ അംഗത്തിന്റെ ബന്ധുവായ പെൺകുട്ടിയുടെ വിവാഹം പഠന സമയത്ത് കഴിഞ്ഞു. തുടർന്നു വിവാഹം കഴിഞ്ഞ പെൺകുട്ടി വീണ്ടും പഠിക്കാനെത്തി. എന്നാൽ പഠന സമയത്ത് വിവാഹം കഴിക്കാൻ പാടില്ലെന്ന നിബന്ധയുണ്ടായിരിക്കെ ഇതു ലംഘിച്ചതിന് ഈ പെൺകുട്ടിയെ ഉൾപ്പെടെ രണ്ടുപേരെ മർകസിൽനിന്നും ടി.സി നൽകി മറ്റൊരിടത്തേക്കു പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നു പേരുവെളിപ്പെടുത്താൻ കഴിയാത്ത സമസ്തയിലെ ഒരംഗം പറഞ്ഞു.
ഇതോടെ മുതിർന്ന മുശാവറാ അംഗത്തിന്റെ ബന്ധുവിനെ പുറത്താക്കാൻ മാത്രം ജില്ലാ മുശാവറാ അംഗം ആയോ എന്ന രീതിയിൽ വരെ ചർച്ചയായി. തുടർന്നു മുശാവറയിലെ നേരത്തെയുള്ള അസംതൃപ്തിയുള്ള മറ്റു ചിലരുമായി ഹക്കിം ഫൈസി ആദൃശ്ശേരിയെ പുറത്താൻ നീക്കം തുടങ്ങിയതെന്നുമാണ് ആരോപണം. 2019-20 കാലഘട്ടത്തിലായിരുന്നു ഇത്. എന്നാൽ പാണക്കാട് കുടുംബമായും ലീഗ് നേതാക്കന്മാരുമായും അടുത്ത ബന്ധമുള്ള ആദൃശ്ശേരി ഇക്കാര്യങ്ങളെല്ലാം ഇവരോടു പറയുകയും ചെയ്തു. പരാതി വന്ന ഉടൻ തന്നെ അന്നു പാണക്കാട് ഹൈദരലി തങ്ങളെ കണ്ടു വിഷയം ബോധ്യപ്പെടുത്തി. ആദൃശ്ശേരിക്കു അനുകൂലമായ മറുപടിയാണു ഹൈദരലി തങ്ങൾ നൽകിയതെന്നും മറ്റുകാര്യങ്ങളൊന്നും ഭയപ്പെടേണ്ടതില്ലെന്നും മറുപടി നൽകിയാണു തങ്ങൾ തിരിച്ചയച്ചതെന്നു ആദ്യശ്ശേരിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇതോടെ എതിർപ്പുണ്ടായിരുന്ന മുതിർന്ന മുശാവറ അംഗങ്ങൾ താൽക്കാലികമായി അടങ്ങിയെങ്കിലും ഹൈദരലി തങ്ങളുടെ മരണത്തിനു പിന്നാലെ വീണ്ടും രംഗത്തുവരികയായിരുന്നു.
സമസ്തയുടെ അധികാരം കുറയ്ക്കുന്ന തരത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടു വന്നതു അംഗീകരിക്കാനാവില്ലെന്ന നിലപാടാണു ആദ്യം എടുത്തത്. അതോടൊപ്പം സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുള്ളതായും ചൂണ്ടിക്കാട്ടിയാണു പുറത്താക്കൽ നടന്നത്. പിന്നീടാണ് അദ്യശ്ശേരിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ യുവജനവിഭാഗം അറിയിച്ചിരുന്നത്. സമസ്ത നടപടി സ്വീകരിച്ചവരെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നത് ശരിയല്ലെന്നും അദൃശ്ശേരിയെ പരിപാടികൾക്ക് ക്ഷണിക്കാൻ പാടില്ലെന്നും നേതാക്കൾ അദൃശ്ശേരിയുമായി സഹകരിക്കാൻ പാടില്ലെന്നുമായിരുന്നു എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് സംയുക്ത യോഗത്തിൽ തീരുമാനിച്ചിരുന്നത്. സംഭവത്തിൽ പ്രശ്നപരിഹാരത്തിന് പാണക്കാട് സാദിഖലി തങ്ങൾ ഇടപെട്ടിരുന്നുവെങ്കിലും ഭിന്നത അവസാനിച്ചിരുന്നില്ല. പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് സമസ്തയുടെ സ്ഥാനങ്ങളിൽ നിന്നും അദ്യശ്ശേരിയെ നീക്കം ചെയ്യുകയും ചെയ്തു.
അതേ സമയം സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്നത് ചിലരുടെ വ്യക്തി താൽപര്യമെന്നാണു വിഷയത്തിൽ അബ്ദുൽ ഹക്കീം ഫൈസി ആദ്യശേരി പറയുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം പറയാനുള്ള ചെറിയ അവസരം പോലും കിട്ടിയില്ല. പറയാൻ അവസരം നൽകണമെന്ന് യാചിച്ചെങ്കിലും കിട്ടിയിട്ടില്ല. ചിലരുടെ വ്യക്തിവൈരാഗ്യവും ശാഠ്യങ്ങളുമാണ് നടപടിക്ക് പിന്നിലെന്നും അദ്ദേഹം പറയുന്നു. തന്റെ വാദം കേട്ടാൽ നിക്ഷിപ്ത താൽപര്യക്കാർക്ക് അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല എന്നതുകൊണ്ടാണ് തന്നെ കേൾക്കാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറാകുമെങ്കിൽ തെറ്റിദ്ധാരണകൾ നീങ്ങുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസം, കരിക്കുലം പരിഷ്‌കരണം തുടങ്ങി ഇക്കാലത്ത് നടക്കേണ്ട മാറ്റങ്ങൾ നടക്കണം എന്ന് സിദ്ധാന്തിക്കുന്നതുകൊണ്ടാണ് തനിക്കെതിരെ ഈ വിവാദങ്ങളെല്ലാം ഉയർന്നുവന്നത്. സമസ്തക്കെതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ല. ഞാൻ സമസ്തക്കാരനാണ്, അതിനർത്ഥം ഞാൻ മുസ്ലിമാണ്. സി ഐ സി നേതൃ സ്ഥാനത്ത് നിന്ന് നീക്കാൻ ഔദ്യോഗിക സമിതി തീരുമാനം വന്നാൽ അംഗീകരിക്കും. തന്നെ മാറ്റി നിർത്തണമെന്ന് സമസ്തയുടെ മുഴുവൻ ആവശ്യമല്ല. സിഐസിയുടെ ഭാഗമായി നിൽക്കുന്നവരെല്ലാം സമസ്തക്കാരാണെന്നും ആദ്യശേരി പറയുന്നു.
അതേ സമയം ഹക്കീം ഫൈസി അദ്യശ്ശേരിയുമായി സാദിഖലി തങ്ങൾ വേദി പങ്കിട്ടത് യാദൃശ്ചികമാണെന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം വേദിപങ്കിട്ടു എന്നത് ദുഷ്പ്രചാരണമാണെന്നും സമസ്തയുമായി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുടെ തീരുമാനങ്ങളെ ലീഗ് തള്ളിപ്പറയില്ല. ഏതെങ്കിലും കാര്യങ്ങളിൽ ഭിന്നത ഉണ്ടെങ്കിൽ അത് ചർച്ച ചെയ്തു പരിഹരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്