കണ്ണൂർ: കാറിൽ ചാരിനിന്നതിന് ബലൂൺ വിൽപനക്കാരനായ ആറുവയസുകാരനെ ചവിട്ടിവീഴ്‌ത്തിയ സംഭവത്തിലെ പ്രതിയായ യുവാവിനെ സ്റ്റേഷനിൽ നിന്ന് രാത്രിയിൽ കൊണ്ടു പോയത് അമ്മയുടെ ഇടപെടൽ. ആറു വയസ്സുകാരനെ ചവിട്ടി തെറുപ്പിച്ച ശേഷം കാറുമായി പൊന്ന്യം സ്വദേശിയും ബിഫാം രണ്ടാംവർഷബിരുദ വിദ്യാർത്ഥിയുമായ ഷഫ്ഷാദ് മുങ്ങിയിരുന്നു. കാറിന്റെ നമ്പർ സിസിടവിയിലൂടെ കണ്ടെത്തി പൊലീസ് പ്രതിയോട് സ്‌റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. രാത്രി ഉമ്മയുമായാണ് ഷഫ്ഷാദ് എത്തിയത്. കൈയിൽ ഇൻഹെയിലറും കരുതിയിരുന്നു. ഗുരുതര ശ്വാസകോശ രോഗമുണ്ടെന്ന് സ്‌റ്റേഷനിലെ ഡ്യൂട്ടിക്കാരനെ ധരിപ്പിച്ചു. അങ്ങനെയാണ് രാത്രിയിൽ വീട്ടിലേക്ക് പോകാൻ ഉമ്മയേയും മകനേയും തലശ്ശേരി പൊലീസ് അനുവദിച്ചത്.

സ്‌റ്റേഷനിലെ സാഹചര്യത്തിൽ മകൻ നിന്നാൽ ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടാകുമെന്ന് ഉമ്മ വാദിച്ചു. ഇതോടെയാണ് കാർ ഒതുക്കിയിട്ട് മകനുമായി പോയി രാവിലെ വരാൻ ഉമ്മയ്ക്ക് പൊലീസ് അനുമതി കൊടുത്തത്. ആ സമയത്ത് പരാതിയൊന്നും ആരും നൽകിയതുമില്ല. എന്നാൽ സിസിടിവി ദൃശ്യമുള്ളതു കൊണ്ട് പൊലീസിന് സ്വമേധയാ കേസെടുക്കാൻ കഴിയുമായിരുന്നു. അത് ചെയ്തില്ല. ഇതിനൊപ്പം സിഐയെ വിവരം അറിയിക്കുകയും ചെയ്തില്ല. രാവിലെ വിവാദമുണ്ടായ ശേഷമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം രാജസ്ഥാൻ ബാലന് ചവിട്ടേറ്റത് അറിഞ്ഞത്. അതുകൊണ്ടു തന്നെ സ്‌റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് ചെറിയ പിഴവുണ്ടായി എന്നു തന്നെയാണ് വിലയിരുത്തൽ.

ഷഫ്ഷാദിന്റെ അച്ഛൻ ദുബായിലാണ്. പണമുള്ള പ്രവാസിക്ക് വേണ്ടി ആരോ വിളിച്ചെന്ന സംശയമാണ് കേസിനെ വിവാദമാക്കുന്നത്. വിവാദമായതോടെ ഷഫ്ഷാദിനെ പൊലിസ് വധശ്രമ കേസ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്‌ച്ച രാത്രി എട്ടുമണിയോടെ കുടുംബാംഗങ്ങളെയും കൂട്ടി ഈ മാസം ആറിന് നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി തലശേരിയിൽ വസ്ത്രമെടുക്കുന്നതിനായി പൊന്ന്യത്ത് നിന്നും കാറിൽ വന്നതായിരുന്നു ഷഫ്ഷാദ്. ഇതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെട്ടെന്നുള്ള പ്രകോപനമാണ് ഷഫ്ഷാദ് രാജസ്ഥാൻ സ്വദേശിയായ ഗണേശെന്ന ബാലനെ കാൽ ഉയർത്തി ചവിട്ടാൻ കാരണമെന്നും ഇതു ഗുരുതരമായകുറ്റമാണെന്നും പൊലിസ് പറയുന്നു. ഇതുകണ്ടു നിന്ന സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകനും നാട്ടുകാരും ഇയാളെ ചോദ്യം ചെയ്യുകയും പൊലിസ് സ്റ്റേഷനിൽ വിളിച്ചുപറയുകയും ചെയ്തിരുന്നു. ഇതാണ് നിർണ്ണായകമായത്.

ഇതിനിടെയിൽ ഇവിടെ നിന്നും ഷഫ്ഷാദ് രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത പാരലിൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു പൊലിസ് വാഹനനമ്പർ തിരിച്ചറിയും ഷഫ്ഷാദിനെ അന്നേ ദിവസം രാത്രി പതിനൊന്നുമണിയോടെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തത്. താൻ ചികിത്സയിലാണെന്ന കാരണത്താൽ പൊലിസ് കസ്റ്റഡിൽ നിൽക്കാൻ ആരോഗ്യപരമായി ബുദ്ധിമുട്ടുണ്ടെന്ന് ഇയാൾ പറയുകയായിരുന്നു. അമ്മയുമായി എത്തിയതും കൈയിലുണ്ടായിരുന്ന ഇൻഹെയിലറിനുമൊപ്പം ഷഫ്ഷാദ് കാണിച്ച മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഇയാളോട് പിറ്റേന്ന് രാവിലെ എട്ടുമണിക്ക് സ്റ്റേഷനിൽ ഹാജരാകണമെന്നു പറഞ്ഞ് പൊലിസ് വിട്ടയച്ചത്. കാറിന്റെ നമ്പർ കണ്ടെത്തിയും പ്രതിയെ തിരിച്ചറിഞ്ഞതും എല്ലാം അതിവേഗമായിരുന്നു. എന്നാൽ അവസാന നിമിഷം പൊലീസിനും പാളിച്ചയുണ്ടായി എന്നതാണ് വസ്തുത.

പാരലൽ കോളേജിലെ സിസിടിവി ദൃശ്യങ്ങൾ രാത്രിയിൽ തന്നെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെത്തി. പ്രതി പൊലീസ് സ്‌റ്റേഷനിൽ എത്തും മുമ്പ് തന്നെ വിവാദമാകുകയും ചെയ്തു. പ്രതിയെ വിട്ടയച്ചുവെന്നത് വിവാദം ആളിക്കത്തിക്കുകയും ചെയ്തു. ശ്വാസ കോശ പ്രശ്‌നങ്ങളുള്ള മകന് ഉറക്കം വിഷയമാണെന്നും മറ്റും അമ്മയും പൊലീസിനെ അറിയിച്ചു. ഇതിനൊപ്പം സ്ഥലത്തെ പ്രധാനിയും ഫോൺ വിളിച്ചെന്നും സൂചനകളുണ്ട്. ഇതെല്ലാം കാരണം പയ്യനെ രാത്രി പൊലീസ് സ്‌റ്റേഷനിൽ നിർത്താതെ പറഞ്ഞയയ്ക്കുകയായിരുന്നു ഡ്യൂട്ടിയിലെ പൊലീസുകാരൻ. വിവാദത്തെ തുടർന്ന് പൊലീസ് മേധാവി വീഴ്ചകളിൽ പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് വാങ്ങിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക.

പ്രതി നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്ന് മാറാതായതോടെ ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശേരിയിൽ തിരക്കേറിയ തെരുവിൽ നോ പാർക്കിങ് ഏരിയയിൽ ഇയാൾ വാഹനം നിർത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടർന്നാണ് പ്രകോപിതനായ പ്രതി കുട്ടിയെ തൊഴിച്ചത്. നിസ്സഹായരായി റോഡരികിൽ നിന്ന് നിലവിളിച്ച രാജസ്ഥാൻ സ്വദേശിക്കും ആറുവയസുകാരനായ മകനും താങ്ങും തണലുമായത് എസ്എഫ്‌ഐ മുൻ നേതാവും കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനുമായ അഡ്വ എം കെ ഹസ്സനായിരുന്നു. ഇത് പൊലീസിനും ആശ്വാസമാണ്.

ആശുപത്രിയിലെത്തിക്കുന്നത് മുതൽ പുലർച്ചെ നാല്മണിവരെ ഇവർക്കൊപ്പം സാന്ത്വന തണലായി സിപിഐ എം ചേറ്റംകുന്ന് ബ്രാഞ്ച് സെക്രട്ടറിയും തലശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ ഈ അഭിഭാഷകൻ നിന്നിരുന്നു. ആരുമില്ലെന്ന നിസ്സഹായാവസ്ഥയിലായ കുടുംബത്തിന് തുണയും സംരക്ഷണവുമായി ഒപ്പം നിന്നത് ഈ നേതാവാണ്. അഡ്‌മിറ്റായ ഉടൻ പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. രാത്രിയിൽ പ്രതി സ്റ്റേഷനിലുണ്ടായതിനും സാക്ഷിയാണ്. പരാതിക്കാരനില്ലെങ്കിൽ ഞാൻ പരാതി നൽകാമെന്നും കേസെടുക്കണമെന്നും പറഞ്ഞിരുന്നു. സ്വമേധായ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചതെന്നും എം കെ ഹസ്സൻ പറയുന്നു. പൊലീസിനെ പൂർണ്ണമായും ഹസൻ കുറ്റപ്പെടുത്തുന്നില്ലെന്നതാണ് വസ്തുത.