- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
231 ഐഎഎസുകാർ വേണ്ടിടത്തുള്ളത് 144 പേർ മാത്രം; 172 ഐപിഎസുകാരിൽ കുറവുള്ളത് 82 പേർ; ഐഎഎസുകാരുടെ കുറവ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അധിക വകുപ്പുകൾ; അധികഭാരം മൂലം ഒന്നിലും ആർക്കും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ; സിവിൽ സർവ്വീസുകാരെ കിട്ടാതെ കേരളം; സാമ്പത്തികത്തിനൊപ്പം ഭരണ പ്രതിസന്ധിയിലേക്ക് ദൈവത്തിന്റെ സ്വന്തം നാട്
തിരുവനന്തപുരം . ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി തന്നെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞത് ഓരോ ഫയലും ഓരോ ജീവിതമാണെന്നും ഫയൽ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കരുതെന്നുമാണ്. എന്നാൽ ഐഎ എസ് ഉദ്യോഗസ്ഥരുടെ കുറവ് കാരണം ഓരോ വകുപ്പ് സെക്രട്ടറിമാർക്കും നൽകിയിരിക്കുന്നത് ആറ് വകുപ്പുകളുടെ വരെ ചുമതല. എല്ലാ വകുപ്പുകളിലും ഓടിയെത്താനോ ശ്രദ്ധിക്കാനോ ഐ എ എസ് ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.
സംസ്ഥാനത്തെ ഐ എ എസ് കേഡറിന്റെ അംഗീകൃത അംഗബലം 231 ആണ്. നിലവിൽ 87 ഐ എ എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. അതു കൊണ്ട് നിലവിലെ ഐഎ എസുകാർക്ക് കൂടുതൽ ചുമതല നൽകേണ്ടി വന്നിരിക്കുന്നത്. കേരള കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥരിൽ 22 പേർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിലെ ഇന്റർ കേഡർ ഡെപ്യൂട്ടേഷനിലും 6 പേർ സംസ്ഥാന സർക്കാരിന് കീഴിൽ തന്നെ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിലും ജോലി നോക്കുകയാണ്. ഐ എ എസുകാരുടെ കുറവ് സാമ്പത്തിക പ്രതി സന്ധിക്ക് ഒപ്പം ഭരണ പ്രതി സന്ധിയിലേക്കും കാര്യങ്ങൾ എത്തിക്കുകയാണ്. കൂടുതൽ പേർ ഡെപ്യൂട്ടേഷനിലും വിദേശ പഠനത്തിനുമായി പോകാൻ നിൽക്കുന്നതിനാൽ സ്ഥിതി കൂടുതൽ സങ്കീർണമായേക്കും. ഐ എ എസുകാരുടെ എണ്ണം മാത്രമല്ല ഐപിഎസുകാരും സംസ്ഥാനത്ത് കുറവാണ്. ഐ പി എസ് കേഡറിന്റെ സംസ്ഥാനത്തെ അംഗ ബലം 172 ആണ്. എന്നാൽ ഇതിൽ 82 ഐപിഎസുകാരുടെ കുറവാണ് ഉള്ളത്. ഇത് പൊലീസ് ഭരണത്തെയും കാര്യമായി ബാധിക്കുന്നുണ്ട്
സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം ഭരണ പ്രതിസന്ധി കൂടിയായാൽ വലിയ വെല്ലുവിളിയെ ആകും നേരിടേണ്ടി വരിക. നിലവിൽ പൊതു ഭരണ വകുപ്പ് സെക്രട്ടറിയായ കെ.ആർ ജ്യോതി ലാലിന് പൊതുഭരണത്തിന് പുറമെ വനം വന്യജീവി സംരക്ഷണം ,ഊർജ്ജം എക്സയിസ് ,വിവര പൊതുജന സമ്പർക്കം ,പ്രിന്റിങ് ആൻഡ് സ്റ്റേഷനറി തുടങ്ങിയ വകുപ്പുകളുടെ ചുമതലയുണ്ട്. പൊതുഭരണ വകുപ്പിൽ തന്നെ പിടിപ്പത് പണിയുള്ള അദ്ദേഹത്തിന് മറ്റ് വകുപ്പുകളിൽ ഓടി എത്താനാകുന്നില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐ എ എസ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ്. ആഭ്യന്തരത്തിന് പുറമെ വിജിലൻസ് ,പരിസ്ഥിതി ,ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പുകളുടെ ചുമതല കൂടി വഹിക്കുകയാണ്. ഇദ്ദേഹത്തിനും പൂർണ മനസോടെ എല്ലാ വകുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല.
മുതിർന്ന മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥയായ അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം ,ആരോഗ്യം ,കുടുംബ ക്ഷേമം ,മെഡിക്കൽ വിദ്യഭ്യാസം എന്നീ വകുപ്പുകൾ നോക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്ക് ഫിനാൻസ് ,പ്പോർ പർച്ചേഴ്സ് ,നികുതി , നികുതി (എക്സയിസ് ) ,പ്രിന്റിങ് ആൻഡ് സ്റ്റേഷനറി വകുപ്പുകളുടെ ചുമതലയുണ്ട്. ഡോ. എ.ജയതിലകിന് റവന്യൂ ,ദുരന്ത നിവാരണം , ഭവന നിർമ്മാണം , പിന്നാക്ക സമുദായം , പട്ടിക ജാതി പട്ടിക വർഗം , സാംസ്കാരിക കാര്യം തുടങ്ങിയ വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പ്രിൻസിപ്പൾ സെക്രട്ടറി ഇഷിത റോയ് ഐ എ എസിന് ഉന്നത വിദ്യാഭ്യാസത്തിന് പുറമെ അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ,മൃഗസംരക്ഷണം ,ക്ഷീര വികസനം എന്നീ വകുപ്പുകളുടെ ചുമതലയുണ്ട്. പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന് പൊതു വിദ്യാഭ്യാസ വകുപ്പിന് പുറമെ വ്യവസായ വാണിജ്യ വകുപ്പ് ,കയർ വ്യവസായം തുടങ്ങിയ വകുപ്പുകൾ കൂടി നൽകിയിട്ടുണ്ട്.
ഇങ്ങനെ ശിവശങ്കർ ഒഴികെ ഏകദേശം എല്ലാ വകുപ്പ് സെക്രട്ടറിമാരും ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നു. പ്രധാന വകുപ്പുകൾ തന്നെ ചുമതലയായി ലഭിച്ചതിനാൽ കാര്യമായി ശ്രദ്ധിക്കാൻ വകുപ്പ് സെക്രട്ടറിമാർക്ക് കഴിയാത്തത് ഭരണ രംഗത്തെ മെല്ലപ്പോക്കിന് വഴിവെച്ചിട്ടുണ്ട്.ഭരണ പ്രതി സന്ധിയുടെ സൂചന മുഖ്യമന്ത്രി അടുത്തിടെ നിയമസഭയിൽ നൽകിയ ഒരു മറുപടിയിൽ തന്നെ ഉണ്ട്.
കഴിഞ്ഞ മാർച്ച് വരെയുള്ള കണക്ക് പ്രകാരം സെക്രട്ടേറിയേറ്റിൽ 1.92 ലക്ഷം ഫയലുകൾ കെട്ടികിടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ഏപ്രിൽ മുതലുള്ള കണെക്കെടുത്താൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഇനിയും കൂടും. ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടികിടക്കുന്നത് തന്റെ വകുപ്പിൽ തന്നെയാണന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ മറുപടിയിൽ വ്യക്തമാണ്.
മന്ത്രിമാരായ ശിവൻകുട്ടി, ഗോവിന്ദൻ മാസ്റ്റർ, കെ. രാജൻ, വീണ ജോർജ് , ബാലഗോപാൽ എന്നിവരുടെ വകുപ്പുകളിലാണ് കൂടുതൽ ഫയലുകൾ കെട്ടികിടക്കുന്നത്.. പൊതു ഭരണ വകുപ്പ്, ആഭ്യന്തരം, വിദ്യാഭ്യാസം, തദ്ദേശ സ്വയം ഭരണം, റവന്യു, ആരോഗ്യം, ധനകാര്യം എന്നീ വകുപ്പുകളാണ് ഫയൽ തീർപ്പാക്കലിൽ ഏറ്റവും മോശം. മേൽ പറഞ്ഞ വകുപ്പുകുടെ സെക്രട്ടറിമാരെല്ലാം നാലും അഞ്ചും വരെ വകുപ്പുകളുടെ അധിക ചുമതല വഹിക്കുന്നവരാണ്. ഫയൽ കെട്ടികിടക്കുന്ന വിഷയം മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ മുഖ്യമന്ത്രി ഫയൽ തീർപ്പാക്കൽ യജ്ഞം പ്രഖ്യാപിച്ചിരിക്കുകയാണ്. സെപ്റ്റംബർ 30 വരെയാണ് ഫയൽ തീർപ്പാക്കൽ യജ്ഞം. സെക്രട്ടേറിയേറ്റിലും കളക്ടറേറ്റിലും മറ്റ് സർക്കാർ ഓഫിസുകളിലും പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ചകളിൽ പോലും ജീവനക്കാർ ജോലി ചെയ്യാൻ വന്ന് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ മുഴുകിയെങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്രട്ടേറിയേറ്റിലെ വിവിധ വകുപ്പുകളിലെ ഫയലുകളുടെ എണ്ണം ക്രോഡികരിക്കുന്നത് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ എ. ആർ 14 എന്ന സെക്ഷനിലാണ്. 31.3.22 വരെയുള്ള ഫയലുകളുടെ വിശദാംശങ്ങൾ ആണ് ഇതുവരെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൽ ക്രോഡികരിച്ചതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.
ക്രോഡികരിക്കുന്ന വകുപ്പിന്റെ കയ്യിൽ പോലും 31.3.22 ന്റെ കണക്കേ ഉള്ളു എന്നത് സെക്രട്ടേറിയേറ്റിലെ ഭരണ സ്തംഭനത്തെയാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധ വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകളുടെ എണ്ണം സംബന്ധിച്ച നിയമസഭാ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി നൽകി ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. സെക്രട്ടേറിയേറ്റിലെ ഫയലുകൾ സംബന്ധിച്ച് പുതുമുഖങ്ങളായ മന്ത്രിമാർക്ക് യാതൊരു പരിചയവുമില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിൽ പ്രഗൽഭരായ സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ ഇല്ലാത്തതും സർക്കാരിനെ കുഴക്കുന്നുണ്ട്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്