തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ തോന്നയ്ക്കലിലെ എൽഎൻജി ഗ്യാസ് സ്റ്റോറേജിന് ഫയർഫോഴ്സിന്റെ എൻഒസിയിലില്ലെന്ന് ആരോപണം. ഇതു സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് ഉടൻ നൽകും. ഗുരുതരമായ ആരോപണമാണ് കമ്പനിക്കെതിരെ ഉയരുന്നത്. ഇതിൽ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതാണ് നിർണ്ണായകം. തോന്നയ്ക്കലിൽ വില്ലേജിൽ തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ സ്ഥാപിച്ചിട്ടുള്ള എൽഎൻജി ഗ്യാസ് സ്റ്റോറേജ് നിലകൊള്ളുന്നത് നിലവിൽ പ്രവർത്തിക്കുന്ന അംഗനവാടിക്കും ഹെൽത്ത് സെന്ററിനോടും ചേർന്നാണ് എന്നാണ് ആക്ഷേപം. കൂടാതെ ജനങ്ങൾ താമസിക്കുന്ന വീടുകളും ഇതിനോട് ചേർന്നുണ്ടെന്നും പറയുന്നു. ഫയർഫോഴ്സിന്റെ എൻഒസി ഇല്ലാത്തതാണ് ജനങ്ങളുടെ ഭീതി കൂട്ടുന്നത്.

ഫയർഫോഴ്സിൽ നിന്നും വിവരാവകാശ രേഖ പുറത്തു വന്നതാണ് നിർണ്ണായകമായത്. ഇതോടെയാണ് എൽഎൻജി ഗ്യാസ് സ്റ്റോറേജിന് അനുമതിയില്ലെന്ന് വ്യക്തമായത്. അംഗനവാടിയും ഹെൽത്ത് സെന്ററും മാറ്റി സ്ഥാപിക്കാമെന്ന ഉറപ്പിന്മേലാണ് പാരിസ്ഥിതിക സമിതിയിൽ നിന്നും പ്ലാന്റിനുള്ള അനുമതി കമ്പനി നേടിയത് എന്നാണ് സൂചന. എന്നാൽ തോന്നയ്ക്കൽ ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ഫാക്ടറിക്ക് അടുത്തുള്ള ഈ സ്ഥാപനങ്ങൾ ആരും മാറ്റിയില്ല. ഫയർ ആൻഡ് സേഫ്റ്റി അനുമതിയില്ലെന്ന വിവരാവകാശത്തോടെ സ്റ്റോറേജ് പ്ലാന്റ് നിയമ വിരുദ്ധമാണെന്ന് തെളിയുകാണ്. ഈ വിവരാവകാശത്തിന്റെ പകർപ്പ് മറുനാടന് കിട്ടി.

അതിനിടെ വിവാദം തണുപ്പിക്കാൻ എൻഒസി സ്വന്തമാക്കാനുള്ള ശ്രമവും കമ്പനി തുടങ്ങിയിട്ടുണ്ട്. ഇതിന് വേണ്ടി സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന ആവശ്യവും പ്രദേശ വാസികൾ ഉയർത്തുന്നുണ്ട്. സ്വാധീനക്കരുത്തിൽ എൻഒസി നേടാനാണ് ശ്രമമെന്നാണ് ആക്ഷേപം. മംഗലാപുരം പഞ്ചായത്ത് അനുമതി കൊടുത്ത സ്ഥലത്തല്ല ഈ ഗ്യാസ് സ്റ്റോറേജ് പ്രവർത്തിക്കുന്നത് എന്നാണ് പരാതി. ഈ യൂണിറ്റിന് ഫയർ ആൻഡ് സേഫ്റ്റി എൻഒസി പോലും ഇല്ലെന്നും പറയുന്നു.

ഈ കമ്പനിയിൽ നിർഭാഗ്യവശാൽ എന്തെങ്കിലും സംഭവമുണ്ടായാൽ സർക്കാരിന്റെ സൽപേരിനെ ബാധിച്ചേക്കാമെന്ന ആശങ്കയും പരാതിക്കാർ ഉയർത്തുന്നു. അതുകൊണ്ട് എൽഎൻജി ഗ്യാസ് സ്റ്റോറേജ് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് ആവശ്യം. തെളിവ് സഹിതമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്. ഗ്യാസ് സ്റ്റോറേജിന്റെയും അംഗനവാടി ഹെൽത്ത് സെന്റർ എന്നിവയുടെ ഫോട്ടോകളും മുഖ്യമന്ത്രിക്ക് പരാതിക്കാർ കൈമാറും. ഇവ പരിശോധിച്ച് മുഖ്യമന്ത്രി എടുക്കുന്ന നിലപാടും നിർണ്ണായകമാകും.

എൽഎൻജി സംഭരണ കേന്ദ്രവും അംഗനവാടിയും തമ്മിൽ നൂറ് മീറ്റർ പോലും അകല വ്യത്യാസമില്ല. ഇതിനെ വേർതിരിക്കാൻ നല്ലൊരു മതിൽ പോലും ഇല്ല. വേലി കെട്ടിയാണ് ഇവിടെ വേർതിരിച്ചിരിക്കുന്നത്. മതിയായ സുരക്ഷയുണ്ടോയെന്ന് ഉറപ്പ് വരുത്തിയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് അനുമതി നൽകേണ്ടത്. ഇതിന്റെ ഫയർഫോഴ്സ് എൻഒസി അനിവാര്യമാണ്. അതുകൊണ്ടാണ് ഇതില്ലെന്നത് നാട്ടുകാരിൽ ആശങ്കയായി മാറുന്നത്. പരാതിയിൽ നടപടികളുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

നേരത്തെ തോന്നയ്ക്കലിലെ യൂണിറ്റിന് തന്നെ അഗ്‌നിരക്ഷാ സേനയുടെ എൻഒസി ഇല്ലെന്ന് തെളിഞ്ഞിരുന്നു. ഇപ്പോഴും ആ സ്ഥിതി തുടരുന്നുവെന്നാണ് സൂചന. അതിനൊപ്പമാണ് എൽഎൻജി സംഭരണ കേന്ദ്രത്തിനെതിരേയും പരാതി വരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത ഈ പ്ലാന്റ് എല്ലാവർക്കും ഭീതിയായി മാറുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാൽ വൻ ദുരന്തത്തിനും സാധ്യത ഏറെ. ഈ സാഹചര്യത്തിലാണ് പ്ലാന്റ് മാറ്റണമെന്ന ആവശ്യം ചർച്ചകളിൽ നിറയുന്നത്. മുഖ്യമന്ത്രിക്ക് നൽകുന്ന പരാതിയിൽ പരിഹാരമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അതിനിടെ പൂട്ടിക്കിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ വേളിയിലെ ഫാക്ടറിയുടെ സ്ഥലം സർക്കാർ ഏറ്റെടുത്ത് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ സാധ്യതും തെളിഞ്ഞിട്ടുണ്ട്.

തോന്നയ്ക്കലിലാണ് നിലവിൽ കമ്പനിയുടെ പ്ലാന്റ്. ഇവിടെ 300ലേറെ ജീവനക്കാരുണ്ട്. അഗ്‌നിരക്ഷാ സേനയുടെ എൻഒസി ഇല്ലാതെ പഞ്ചായത്ത് ലൈസൻസ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെ അനുമതി എന്നിവ എങ്ങനെ കമ്പനിക്ക് ലഭിച്ചുവെന്നത് ദുരൂഹമാണ്. അധികൃതരുടെ എൻഒസിയില്ലാതെ ഐഎസ്ഒ സർട്ടിഫിക്കറ്റ് എങ്ങനെ നേടിയെന്നതും വ്യക്തമല്ല.