-മലപ്പുറം: ആറുപേരെ ഐ.എസിലേക്കുകൊണ്ടുപോയ ഒരു'മിനി സിറിയ' ഗ്രാമമുണ്ട് കേരളത്തിലെന്നു പറഞ്ഞു വീണ്ടും നിലമ്പൂര്‍ ചാലിയാര്‍ അത്തിക്കാട് ഗ്രാമത്തെ കുറിച്ചു സോഷ്യല്‍ മീഡയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും വന്‍ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ സംഭവത്തിന്റെ യഥാര്‍ഥ്യം അറിയാന്‍ മറുനാടന്‍ നേരിട്ട് ഗ്രാമത്തിലെത്തി. യാഥാര്‍ഥ്യം അറിയാന്‍ നാട്ടുകാരുമായി സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്വേഷണ ഏജന്‍സികളുമായി നേരിട്ടു ബന്ധപ്പെട്ടു. എന്നാല്‍ എല്ലാം കെട്ടുകഥകളാണെന്നാണു അന്വേഷണ ഏജന്‍സികളും, നാട്ടുകാരും പറയുന്നത്.

നിലവില്‍ ഇതുവരെ അത്തിക്കാട് ഗ്രാമത്തെ കുറിച്ചു തീവ്രവാദ ബന്ധമുള്ളതായ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നു അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഐ.എസില്‍ ചേരാന്‍പോയ കാസര്‍കോട്ടെ കുടുംബങ്ങള്‍ നിലമ്പൂരില്‍ അത്തിക്കാട് സലഫി ഗ്രാമത്തിലെത്തി. ദമ്മാജ് സലഫി ആശയവുമായി ആരംഭിച്ച അത്തിക്കാട്ട് സലഫി ഗ്രാമത്തില്‍ നടക്കുന്നത് തീവ്രവാദങ്ങള്‍ക്ക് കുട പിടിക്കലാണെന്നാണ് ആക്ഷേപം.

ശ്രീലങ്കയില്‍ 253 പേരെ ചാവേര്‍ സ്ഫോടനങ്ങളിലൂടെ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിന് നിലമ്പൂര്‍ അത്തിക്കാട്ടെ ദമ്മാജ് സലഫി ഗ്രാമവുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇവിടെ എന്‍.ഐ.എയും എത്തിയിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള സലഫി പണ്ഡിതന്‍മാര്‍ ഇവിടെയെത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം നടത്തിയത്.

2015ല്‍ ഇവിടെ താമസമാക്കിയ വ്യക്തിയുടെ പ്രവൃത്തികളില്‍ സംശയമുണ്ടെന്ന് ഇവിടുത്തെ താമസക്കാരനായ യാസിര്‍ 2016ജൂണ്‍ 23ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. മതവിഷയങ്ങളില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെയും ഒപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധതയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നായിരുന്നു പരാതി.

എന്നാല്‍ വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നുള്ള പരാതിയെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. ഇത്തരത്തില്‍ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന അത്തിക്കാട് ഗ്രാമത്തെ കുറിച്ച കഴിഞ്ഞ ദിവസമാണു ഡോ. പൂര്‍ണിമ എന്ന ഒരു അക്കൗണ്ടില്‍നിന്നും വിവാദപരമായ പരാമര്‍ശങ്ങളുണ്ടായതും ഇത് വലിയ ചര്‍ച്ചയായി മാറിയതും.




അത്തിക്കാട് വില്ലേജ് മിനി സിറിയയാണെന്നും, മൊബൈലും ടി.വിയും, സ്‌കൂളും കോളജും, ഇലക്ഷനുമെല്ലാം ഇവിടെ നിരോധിച്ചിട്ടുണ്ടെന്നുമുള്ള രീതിയിലായിരുന്നു ഇവരുടെ പോസ്റ്റ് വന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം തേടി മറുനാടന്‍ അത്തിക്കാട്ടെ ഗ്രാമത്തില്‍ നേരിട്ടെത്തുകയും താമസക്കാരുമായും, അയല്‍ക്കാരുമായി നേരിട്ട് സംസാരിക്കുകയും ഇവരുടെ താമസ സ്ഥലങ്ങളും ക്യാമറയില്‍ വിശദമായി പകര്‍ത്തുകയും ചെയ്തു.

അത്തിക്കാട് ഗ്രാമവാസികള്‍ക്കു പറയാനുള്ളത് മറുനാടന്‍ എക്സ്‌ക്ലൂസീവില്‍ യൂട്യൂബ് ചാനലിലുണ്ട്.

മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പിനു ശേഷം കെ.എന്‍.എം വിഭാഗത്തിനൊപ്പം നിന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനും മതപണ്ഡിതനുമായ സുബൈര്‍ മങ്കടയാണ് സംഘടന ആവശ്യമില്ലെന്നു പറഞ്ഞ് ദമ്മാജ് സലഫി ആശയവുമായി അത്തിക്കാട്ട് സലഫി ഗ്രാമം ആരംഭിച്ചത്. ചാലിയാര്‍ പുഴയുടെ തീരത്ത് വനത്തോട് ചേര്‍ന്ന വിജനമായ ഭാഗത്ത് മൂന്നേക്കര്‍ ഭൂമി വാങ്ങി സമാന ആശയക്കാരായ 18 കുടുംബങ്ങളുമായി ഇവിടെ പ്രത്യേക വിഭാഗമായി ജീവിക്കുകയായിരുന്നു.