- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെല്ലിലെ ടോയ്ലറ്റിന്റെ അരമതിലിൽ കയറി ഉടുമുണ്ടു കൊണ്ട് കുരുക്കുണ്ടാക്കി; ബാത്ത് റൂം മേൽക്കൂരയുടെ ഉയരക്കുറവ് സാധ്യതയാക്കി; പുലർച്ചെ മൂത്രമൊഴിക്കാൻ എത്തിയ സഹതടവുകാരൻ കണ്ടത് പിടയുന്ന രാജേഷിനെ; ജയിലിൽ അവഗണിച്ചത് ശ്രദ്ധ വേണമെന്ന നിർദ്ദേശം; ലിവിങ് ടുഗദർ പങ്കാളിയെ കൊന്ന വില്ലൻ സ്വയം തീരുമ്പോൾ
തിരുവനന്തപുരം: വഴയിലയിൽ ലിവിങ് ടുഗദർ പങ്കാളിയെ കൊന്ന രാജേഷിന്റെ ആത്മഹത്യ കൃത്യമായ ആസൂത്രണത്തിനൊടുവിൽ. സെല്ലിലെ സാഹചര്യം പരമാവധി ഉപയോഗിച്ചായിരുന്നു ആത്മഹത്യ. രാത്രി എല്ലാവരും ഉറങ്ങി കിടന്നപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു രാജേഷ്. അപ്പോഴും കടുത്ത സുരക്ഷാ വീഴ്ചയാണ് ജയിലിൽ സംഭവിച്ചത്.
പുലർച്ചെ രണ്ടു മണിക്ക് മണിക്ക് മൂത്രമൊഴിക്കാൻ ജയിലിലെ സെല്ലിനകത്തെ ടോയ് ലറ്റിൽ എത്തിയ സഹതടവുകാരനാണ് ഉടുമുണ്ടിൽ ഉണ്ടാക്കിയ കുരുക്കിൽ പിടയുന്ന രാജേഷിനെ കണ്ടത്. ഉടൻ മറ്റു തടവുകാരെയും സുരക്ഷ വാർഡന്മാരെയും വിവരം അറിയിച്ചു. തടവുകാർ തന്നെ കുരുക്കഴിച്ച് രാജേഷിനെ തറയിലിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം. ബാത്ത് റൂമിലെ മേൽക്കൂരയ്ക്ക് ഉയരം കുറവാണ്. ഈ സാധ്യതയാണ് രാജേഷ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചത്.
രാജേഷിന്റെ മാനസിക നില മനസിലാക്കി റിമാന്റിന് എത്തിക്കുമ്പോൾ തന്നെ പൊലീസ് പ്രത്യേക ശ്രദ്ധ വേണമെന്ന് പേരൂർക്കട പൊലീസ് പറഞ്ഞിരുന്നതാണ്. നേരത്തെ ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും കൗൺസിലിംഗിന് വിധേയനായതും അടക്കം പൊലീസുകാർ എല്ലാം ജയിൽ അധികാരികളെ അറിയിച്ചിരുന്നു. എന്നാൽ ജയിലിൽ അധികൃതരുടെ ഭാഗത്തു നിന്നും ജാഗ്രത കുറവ് ഉണ്ടായി എന്നാണ് വിവരം.
30 പേരെ പാർപ്പിക്കുന്ന സെല്ലിൽ ഒരു മുൻ കരുതലുമില്ലാതെയാണ് രാജേഷിനെ പാർപ്പിച്ചത്. സെല്ലിനകത്തെ ടോയ് ലറ്റിൽ എന്ത് നടക്കുന്നുവെന്ന് പുറത്ത് ഡ്യൂട്ടിയിലുള്ള വാർഡന്മാർക്കും കാണാൻ പറ്റില്ല. ഒരു സെല്ലിൽ അരമതിൽ മറയിൽ ആറോ ഏഴോ ടോയ്ലെറ്റാണ് ഉണ്ടാകാറ്. സഹതടവുകാർ എല്ലാവരും ഉറങ്ങിയ ശേഷം ഈ അരമതിലിൽ കയറി നിന്നാണ് ടോയ്ലെറ്റിലെ ഗ്രില്ലിൽ രാജേഷ് കുരുക്ക് ഉണ്ടാക്കിയിരിക്കുന്നത്. പുലർച്ചെ 2മണി സമയമായതിനാൽ എല്ലാവരും നല്ല ഉറക്കമായിരുന്നുവെന്നാണ് തടവുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
റിമാന്റ് പ്രതികൾക്ക് ജയിൽ വസ്ത്രം നൽകാറില്ല. ഒറ്റമുണ്ടോ കൈയിലിയോ അനുവദിക്കും. ഒപ്പം തോർത്തും ഉയോഗിക്കാം. ജയിലിലെ സംവിധാനങ്ങളുടെ വീഴ്ച കാരണം ഒരു തടവുകാരന് ജീവിതം അവസാനിപ്പിക്കാൻ ഒരു തോർത്ത് തന്നെ ധാരാളമാണ് എന്നാണ് വാർഡൻ മാർ പറയുന്നത്. രാജേഷിന്റെ മരണത്തിന്റെ ദുരൂഹത നീക്കാൻ ഡി ഐ ജി റാങ്കിലുള്ള ഒരു ജയിൽ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാനാണ് സാധ്യത. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ ജാഗ്രത കുറവ് തെളിഞ്ഞാൽ അവർക്കെതിരെയും നടപടി ഉണ്ടാകും.
ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് വഴയിലയിലെ റോഡരികിൽ നാടിനെ നടുക്കിയ സിന്ധുവിന്റെ കൊലപാതകം നടക്കുന്നത്. കഴുത്തിനും തലക്കും വെട്ടേറ്റ് റോഡിൽ കിടന്ന് പിടഞ്ഞ സിന്ധുവിനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് പേരും മുൻപ് വിവാഹിതരാണ് കുട്ടികളും ഉണ്ട്. 12 വർഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി അകൽച്ചയിലാണ്. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നാണ് പിന്തുടർന്ന് വന്ന് വെട്ടിയതെന്നാണ് പ്രതി രാജേഷ് പൊലീസിനോട് പറഞ്ഞത്. കിളിമാനൂരിൽ പൊലീസ് സ്റ്റേഷന് സമീപം ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്.
വഴയിലയിലെ ഒരു സ്ഥാപനത്തിൽ രാവിലെ ജോലിക്കെത്താനിരുന്നതായിരുന്നു സിന്ധു. സ്ഥാപനത്തിന് അമ്പത് മീറ്റർ അകലെ വച്ചാണ് കൊലപാതകം നടക്കുന്നത്. പ്രണയം നിഷേധിച്ചതിലുള്ള പകയും സാമ്പത്തിക പ്രശ്നങ്ങളും ആസൂത്രിതമായ കൊലപാതകത്തിലെത്തിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്