തിരുവനന്തപുരം : പൊലീസിനെ വട്ടം ചുറ്റിച്ച എ കെ ജി സെന്റർ ആക്രമണ കേസിൽ പ്രതി പൊലീസ് പിടികൂടിയെങ്കിലും പ്രതി ജിതിൻ എത്തിയ ഡിയോ സ്‌ക്കൂട്ടർ കണ്ടെത്താനാകാത്തത് പൊലീസിന് തലവേദനയാണ്. വാഹനം എവിടെ എന്ന ചോദ്യം പരക്കെ ഉയരുന്നതിനിടെയാണ് പ്രതിക്ക് വാഹനം നൽകിയ വനിതാ നേതാവിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നത്. ആറ്റിപ്രയിലുള്ള വനിതാ നേതാവാണ് ജിതിൻ വാഹനം നൽകിയെന്നാണ് പൊലീസ് പറയുന്നത്.

വരും ദിവസങ്ങളിൽ ഈ നേതാവിനെ ചോദ്യം ചെയ്യാൻ ആലോചിക്കുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണമുണ്ടായ ജൂൺ 30ന് രാത്രി 11ന് ഗൗരീശപട്ടത്ത് കാറിലെത്തിയ ജിതിന് അവിടെവച്ച് ഒരു സുഹൃത്ത് സ്‌കൂട്ടർ എത്തിച്ചുകൊടുത്തു. ജിതിൽ കാറിൽനിന്നിറങ്ങി സ്‌കൂട്ടറിൽ കയറി എകെജി സെന്ററിനുമുന്നിലെത്തി. സെന്ററിനുനേരെ സ്ഫോടകവസ്തു എറിഞ്ഞശേഷം തിരികെ ഇതേസ്ഥലത്തെത്തി സ്‌കൂട്ടർ സുഹൃത്തിനു കൈമാറിയശേഷം കാറിൽ വീട്ടിലേക്ക് മടങ്ങിയെന്നാണ് കണ്ടെത്തൽ. ഈ സ്‌കൂട്ടർ എത്തിച്ചത് വനിതാ നേതാവാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ഇതേ തുടർന്നുള്ള അന്വേഷണമാണ് ആറ്റിപ്രയിലെ മുൻ യുഡിഎഫ് സ്ഥാനാർത്ഥിയിലേക്ക് എത്തിച്ചത്. തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറ്റവും അവസാനം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് ആറ്റിപ്രയിലായിരുന്നു. എൽ.ഡി എഫിന്റെ ശക്തി കേന്ദ്രമായ വാർഡിൽ കോൺഗ്രസ് സീറ്റ് അവസാനഘട്ടത്തിലാണ് ആർ എസ് പിക്ക് നൽകിയത്. എന്നാൽ ആർ എസ് പിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. പ്രദേശത്ത് ആർഎസ്‌പിക്ക് സ്വാധീനമില്ലാതിരിക്കെ സീറ്റ് ആർ എസ് പിക്ക് നൽകിയതിനെ ചൊല്ലി അന്ന് വിമർശനം ഉയർന്നിരിന്നു. അന്ന് നടന്ന ട്വിസ്റ്റാണ് ഇന്ന് പുറത്ത് വരുന്നത്.

സീറ്റ് ആർ എസ് പിക്ക് നൽകിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരുന്ന ജിതിൻ തന്റെ സുഹൃത്തുമായി ആർ എസ് പി ഓഫീസിലെത്തി. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷം രാത്രിയോടെ സീറ്റ് സുഹൃത്തിന് ജിതിൻ ഉറപ്പിച്ചു. പിന്നാലെ പ്രചരണത്തിലുടനീളം ജിതിനായിരുന്നു മുൻനിരയിൽ. ഇതോടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ ജിതിന് എതിരായി. ഫലം വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. എന്നാൽ ജിതിനൊപ്പം ആർ എസ് പി സ്ഥാനാർത്ഥിയും കോൺഗ്രസ് പ്രവർത്തകയായി.

യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകയായി. ജിതിന്റെ സഹായത്തോടെ ഉന്നത നേതാക്കളുമായി വരെ സൗഹൃദത്തിലായി. ജിതിനും ഉന്നത ബന്ധങ്ങളുടെ എണ്ണം വർദ്ധിച്ചു. ഇത് ജില്ലാ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ജിതിന് ശത്രുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു. ഇതിനിടെ ജിതിൻ യൂത്ത് കോൺഗ്രസിന്റെ പല സംസ്ഥാന നേതാക്കളുടെയും ആത്മമിത്രമായി. ഇതോടെ ജിതിന്റെ വളർച്ച പാർട്ടിക്കുള്ളിൽ ഉറപ്പായിരുന്നു. അത് തടയാൻ തക്കം പാർത്തിരുന്നവർക്കിടയിലേക്കാണ് എകെജി സെന്റർ ആക്രമണകേസ് എത്തുന്നത്. അവിടെയാണ് പാളയത്തിൽ പട ജിതിനെ ഒറ്റിയത്.

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ സ്ഫോടനക്കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും പടക്ക നിർമ്മാണം നടത്തുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഹോണ്ട ഡിയോ വാഹനങ്ങളുടെ വിവരം ഗതാഗത കമ്മിഷണറോട് ആവശ്യപ്പെട്ടും അന്വേഷണത്തിൽ യാതൊരു തുമ്പുമില്ലാതെ നിൽക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിന് ജിതിനെക്കുറിച്ചുള്ള വിവരം ചോർന്നുകിട്ടിയത്.

എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന്റെ ഗൺമാനായ പൊലീസുകാരന് കോൺഗ്രസിനുള്ളിൽ നിന്ന് വിവരം ചോർന്നു കിട്ടിയത്. ജിതിന്റെ വീടിനടുത്തെ പ്രദേശത്ത് താമസിക്കുന്നയാളാണ് ഈ പൊലീസുകാരൻ. വിവരം ഉടനേ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറുകയും
ഇതോടെ കഴിഞ്ഞ രണ്ടിന് ജിതിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ധരിച്ചിരുന്ന ഷൂസ് ധരിച്ചുള്ള ഫോട്ടോകൾ കണ്ടെത്തി. തുടർന്ന് ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നുമാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയത്. ജിതിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ തന്നെ പ്രതി ജിതിനാണെന്ന് സഹപ്രവർത്തകർ നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസിന്റെ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടാണ് ജിതിൻ എ.കെ.ജി സെന്ററിന് ബോംബെറിഞ്ഞതെന്നും സംഭവത്തിനു ശേഷം തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് ജിതിൻ ഇതുപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു. മണ്ഡലം പ്രസിഡന്റായ ജിതിൻ ജില്ലാ നേതൃസ്ഥാനത്തേക്ക് തന്നെ ഉയർത്തണമെന്ന് ആവശ്യപ്പെട്ടെന്നും ഇതിൽ പ്രകോപിതരായ ഒരു വിഭാഗം പ്രവർത്തകർ വിവരം പൊലീസിന് ചോർത്തിയെന്നുമാണ് വിവരം. രാഷ്ട്രീയ മൈലേജുണ്ടാക്കാൻ ജിതിൻ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നാണ് തങ്ങൾക്ക് രഹസ്യവിവരം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നുണ്ട്.