- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൈറ്റ് പട്രോളിങ്ങിനിടെ കണ്ടത് ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും; മോഷ്ടാക്കൾ എന്ന് കരുതി അയൽ വീട്ടുകാരെ വിളിച്ചുണർത്തിയപ്പോൾ കണ്ടത് കോൺവെന്റിന്റെ മതിൽ ചാടി ഓടുന്ന യുവാക്കളെ; കഠിനംകുളം മഠത്തിലെ പീഡനം പുറത്ത് എത്തിച്ച എസ്ഐയുടെ കഥ
തിരുവനന്തപുരം. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എൽ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴ്ച വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിർത്തി പ്രാഥമിക പരിശോധനയിൽ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണർത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നിൽക്കവേ തന്നെ തൊട്ടടുത്ത കോൺവെന്റിന്റെ മതിൽ രണ്ട് യുവാക്കൾ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു.
മതിൽ ചാടി കടന്ന് ഓടിയ യുവാക്കളെ പിൻതുടർന്ന് എസ്ഐ സുധീഷ് കീഴ്പ്പെടുത്തി. മൽപിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തിൽ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോൺവെന്റിലെ മതിൽ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാൻ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണർന്ന് എത്തി. നാട്ടുകാർ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്. മജീഷ്യനാകാനായിരുന്നു സുധീഷ് ആഗ്രഹിച്ചിരുന്നത്. ഇതിനൊപ്പം പൊലീസ് കുപ്പായവും മോഹിച്ചു. ആഗ്രഹിച്ച ജോലി കിട്ടിയപ്പോൾ മാജിക്ക് വിട്ട് പൊലീസുകാരനായി. വിതുര സ്റ്റേഷനിൽ നിന്നാണ് കഠിനംകുളത്തേക്ക് മാറിയെത്തിയത്. വിതുരയിൽ എസ് ഐ ആയിരിക്കെ ആദിവാസി മേഖലയിൽ അടക്കം ഇടപെടലുകൾ നടത്തി. ആ മേഖലയിലെ പെൺകുട്ടികളുടെ ആത്മഹത്യകളും മറ്റും ഇല്ലായ്മ ചെയ്യാൻ മുമ്പിൽ നിന്നു. പഠിക്കുന്ന കുട്ടികൾക്ക് സഹായം ഏറെ നൽകി. കഠിനംകുളത്ത് സ്ഥലം മാറി എത്തിയ ശേഷവും ജനകീയ ഇടപെടലുകൾ തുടർന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിലായതായി കഠിനംകുളം പൊലീസും അറിയിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശികളായ 23 കാരൻ മേഴ്സൺ, 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരൻ അരുൺ, 20 വയസ്സുള ഡാനിയൽ എന്നിവരാണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. വാച്ചറുടെ കണ്ണ് വെട്ടിച്ച് കോൺവെന്റിന്റെ മതിൽ ചാടി പെൺകുട്ടികൾ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നൽകി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെൺകുട്ടികൾ കോൺവെന്റിൽ എത്തിയത്. ഇതിൽ ഒരു പെൺകുട്ടിയുടെ സുഹൃത്ത് മതിൽ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാൾ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെൺകുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികൾ മഠത്തിൽ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികൾ പുലർച്ചെ ആണ് മടങ്ങി പോയിരുന്നത്.
പീഡനത്തിന് ശേഷം മഠത്തിന്റെ മതിൽ ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പിൽപ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേർ കൂടി അറസ്റ്റിലായത്. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളവർക്ക് മറ്റു ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മഠത്തിലെ തന്നെ മറ്റാർക്കെങ്കിലും കേസുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് കഠിനംകുളം പൊലീസ് എസ് എച്ച് ഒ സാജു ആന്റണി പറഞ്ഞു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്