തിരുവനന്തപുരം: നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പരാതി കിട്ടിയാൽ പൊലീസ് കേസെടുക്കും. പട്ടികജാതി അധിക്ഷേപ നിയമം അടക്കം ചുമത്തുന്നതിലെ നിയമ വശങ്ങളും പരിശോധിക്കും. ആർ എൽ വി രാമകൃഷ്ണനെതിരെയല്ല തന്റെ പരാമർശമെന്ന് സത്യഭാമ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല വസ്തുതയെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ കേസെടുക്കും.

കറുത്തവൻ, സൗന്ദര്യമില്ലാത്തവൻ എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള സഹിക്കൂല എന്ന പ്രയോഗം നടത്തിയ അവർ മനസ്സിലാക്കേണ്ടത് കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞാണ് എന്നതാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. 'ഞാനെന്ന വ്യക്തിയെ മാറ്റി നിർത്തിയാലും കറുത്ത നിറമുള്ള കലാകാരന്മാരെ അധിക്ഷേപിക്കുന്ന പ്രയോഗം അവർ നടത്തിയത് ശരിയല്ല. കാക്കയെപ്പോലെ കറുത്തവൻ സൗന്ദര്യമില്ലാത്തവൻ മോഹിനിയാട്ടം ചെയ്യാൻ പാടില്ല എന്നും പറയുന്നത് കലാലോകത്തേക്ക് വരുന്ന കറുത്ത നിറമുള്ളവരെ മാനസ്സികമായി പീഡിപ്പിക്കുന്ന വാചകങ്ങളാണ്', രാമകൃഷ്ണൻ പറഞ്ഞു. തന്റെ പേര് പറഞ്ഞില്ലെങ്കിലും ചാലക്കുടിയിലെ മോഹിനിയാട്ടം കലകാരൻ ആയ നൃത്താധ്യാപകൻ കേരള സംഗീത നാടക അക്കാദമിയിൽ കെപിഎസി ലളിതയുമായി വാഗ്വാദം നടത്തിയ അദ്ധ്യാപകൻ എന്ന് പറഞ്ഞതിലൂടെ ഉദ്ദേശിച്ചത് തന്നെയാണെന്ന് വ്യക്തമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്മാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവർ മത്സരത്തിന് വരരുത്. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോൾ പലരും മത്സരങ്ങൾക്ക് വരുന്നതെന്നും സത്യഭാമ വീണ്ടും ആവർത്തിച്ചിട്ടുണ്ട്. വർണവെറി നടന്നുവെന്നതിന് പൊലീസിനും കോടതിക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. പരാമർശത്തിൽ ഒരു കുറ്റബോധവും ഇല്ല. ഞാൻ ഇനിയും പറയും. എന്റെ കലയുമായി വരുന്ന പ്രശ്‌നങ്ങളിൽ ഞാൻ പ്രതികരിക്കും-ഇതാണ് സത്യഭാമയുടെ വാദം.

ലിംഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ചിലർക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.

പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് 'ചാലക്കുടിക്കാരൻ' ആണെന്നും സത്യഭാമ പറഞ്ഞു.