തിരുവനന്തപുരം: കനകക്കുന്നിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എല്ലാ വർഷവും സംഘടിപ്പിക്കുന്ന വസന്തോൽസവത്തിന് സി പി എം നേതാവ് കരമന ഹരിയുടെ നേതൃത്വത്തിൽ ചെക്ക് വെച്ചപ്പോൾ സർക്കാരിന് നഷ്ടം കോടികൾ. എല്ലാവർഷവും ഡിസംബർ 23 മുതൽ ഡി. ടി.പി.സിയാണ് കനകക്കുന്നിൽ വസന്തോൽസവം എന്ന പേരിൽ പുഷ്‌പോൽസവം സംഘടിപ്പിക്കുന്നത്.

കോവിഡ് വന്ന കഴിഞ്ഞ രണ്ടു വർഷം ഒഴിച്ച് മുൻ വർഷങ്ങളിലെല്ലാം മേള സുന്ദരമാക്കുകയും കോടികൾ സർക്കാരിലേക്ക് എത്തിക്കുകയും ചെയ്തുന്നു. ഇത് ഇല്ലാതാക്കാൻ സി പി എം നേതാവ് കരമന ഹരിക്ക് ഒപ്പം ടൂറിസം വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഒത്തു കളിച്ചുവെന്നാണ് ആക്ഷേപം. സാധാരണ ഗതിയിൽ ഫ്‌ളവർ ഷോ നടക്കുന്നതിനാൽ ഡിസംബറിലെ അവധിക്കാലം വേറെ ബുക്കിങ് അനുവദിക്കില്ല. എന്നാൽ മൂന്നു മാസം മുൻപ് തന്നെ റോസ് സൊസൈറ്റിക്കായി കരമന ഹരി തന്നെ നേരിട്ട് കനകക്കുന്ന് ബുക്ക് ചെയ്യുകയായിരുന്നു. ഇതോടെ എല്ലാ വർഷവും വസന്തോൽസവം നടത്തുന്ന ഡി ടി പി സി ഔട്ടായി.

സംഭവം വിവാദമായതോടെ വിഷയത്തിൽ ടൂറിസം മന്ത്രി ഇടപെട്ടു. ഒടുവിൽ കനകക്കുന്നിലെ ടിക്കറ്റ് വരുമാനത്തിന്റെ 30 ശതമാനം ഡി ടി പി സി ക്ക് കൈമാറാമെന്ന് കരമന ഹരി സമ്മതിച്ചു. എന്നാൽ ടിക്കറ്റിന്റെ വിതരണ നിയന്ത്രണം പൂർണമായും റോസ് സൊസൈറ്റിക്ക് ആയതിനാൽ അവർ പറയുന്ന കണക്ക് ഡി ടി പി സി അംഗീകരിക്കേണ്ടി വരും. കോവിഡിന് മുൻപുള്ള വർഷത്തിൽ ഡി ടി പി സി ക്ക് ടിക്കറ്റിൽ നിന്നും 75 ലക്ഷവും സ്റ്റാളുകളിൽ നിന്നും 25 ലക്ഷവും ഉൾപ്പെടെ 1 കോടിയാണ് വരുമാനമായി ലഭിച്ചത്. ഇത്തവണത്തെ തിരക്കും തിക്കും പരിഗണിക്കുമ്പോൾ വരുമാനം 3 കോടി കവിയുമെന്നാണ് പ്രതീക്ഷ.

എന്നാൽ റോസ് സൊസൈറ്റി നൽകുന്ന തുക വാങ്ങി വെറുതെ ഇരിക്കേണ്ട ഗതികേടിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സാധാരണ ഗതിയിൽ നഗരത്തിൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുമ്പോൾ ടിക്കറ്റ് വിലയുടെ 15 ശതമാനം കോർപ്പറേഷന് വിനോദ നികുതി നൽകണം. ഇതൊഴിവാക്കാൻ കരമനഹരി കോർപ്പറേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്നാൽ പരിപാടിയിൽ വ്യക്തമായ പങ്കാളിത്തമോ ഇടപെടലോ നടത്താൻ കഴിയാത്തതു കൊണ്ട് തന്നെ മേയറും കലിപ്പിലാണ്.

കോർപ്പറേഷനെ നോക്കുകുത്തിയാക്കി റോസ് സൊസൈറ്റി നടത്തുന്ന നാടകത്തിലെ അതൃപ്തി മേയറും പാർട്ടി കേന്ദ്രങ്ങളെ അറിയിച്ചുവെന്നാണ് വിവരം. നഗരത്തിൽ ദീപാലങ്കാരം നടത്തിയിരിക്കുന്നത് ടൂറിസം വകുപ്പാണ്. ഫലത്തിൽ ഇതിന്റെ ഗുണവും ലഭിച്ചിരിക്കുന്നത് നഗര വസന്തം പരിപാടിക്കാണ്. കൂടാതെ സർക്കാരിന്റെ പരിപാടിയാണെന്ന ധാരണയിൽ മാധ്യമങ്ങളും മേളയ്ക്ക് വലിയ പ്രചരണം നൽകുന്നുണ്ട്. ടൂറിസം വകുപ്പിന്റെ ദീപാലങ്കാരത്തെ പുകഴ്‌ത്തി സോഷ്യൽ മീഡിയയിൽ വീഡിയോസ് വന്നതും കനകക്കുന്നിലേക്കുള്ള തിരക്ക് കൂട്ടിയിട്ടുണ്ട്.

ട്രിവാൻഡ്രം'... സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വാചകങ്ങളാണിത്. ഇവയ്ക്കൊപ്പം ചിത്രങ്ങളുമുണ്ട്. ക്രിസ്മസ് എന്ന ആശയത്തിൽ എൽ.എം.എസ്. മുതൽ വെള്ളയമ്പലം വരെ വൈദ്യുതദീപങ്ങളാൽ തീർത്ത രൂപങ്ങളെക്കുറിച്ചാണ് പുതിയ തലമുറ വാട്ട്‌സ്ആപ്പിലും ഫേസ്‌ബുക്കിലും കുറിക്കുന്നത് ഇങ്ങനെയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് ഇത്തരം അലങ്കാരം പതിവാണ്. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നഗരവസന്തത്തിനൊപ്പം ദീപാലങ്കാരവും ടൂറിസം വകുപ്പ് ഒരുക്കിയത്. കനകക്കുന്നിന് ചുറ്റും ഒരുക്കിയിരിക്കുന്ന ഉദ്യാനം കാണാനെത്തുന്നവരുടെ തിരക്ക് കൂടാൻ കാരണം ഈ അലങ്കാരംതന്നെ. കാൽനടയായും വാഹനങ്ങളിലുമായി ആളെത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാത്രി ഒരുമണി വരെ പ്രദർശനം കാണാമെന്നതിനാൽ കുടുംബങ്ങൾ ധാരാളമായെത്തുന്നു. അവധിക്കാലം കൂടിയായതിനാൽ തിരക്കേറെയാണ്. കാഴ്ചകൾ കുട്ടികളെ ആകർഷിക്കുന്നുണ്ട്.

രാത്രിജീവിതമെന്ന ആശയത്തിന്റെ സാധ്യതകൾ കൂടി വിലയിരുത്താനാണ് പ്രദർശനം ഒരുമണി വരെയാക്കിയത്. മൂന്ന് ദിവസത്തെ ജനസാന്നിധ്യത്തിൽ നിന്ന് നഗരത്തിൽ 'നൈറ്റ് ലൈഫ്' അനിവാര്യമാണെന്നാണ് മനസ്സിലായതെന്ന് ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിരം ശൈലിയിൽനിന്ന് മാറി കാലോചിതമായ രീതിയിൽ ന്യൂജനറേഷനെ കൂടി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദ്യാനത്തിൽ ഇൻസ്റ്റലേഷനുകൾ ക്രമീകരിച്ചത്. കനകക്കുന്നിന് പുറത്ത് പലയിടത്തായി ചെറുപൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡരികിൽ ഇൻസ്റ്റലേഷനുകൾക്കൊപ്പവും സ്ഥാപനങ്ങൾക്ക് മുന്നിലും പൂച്ചെടികൾ ക്രമീകരിച്ചിട്ടുണ്ട്.

വിവിധ ഇനങ്ങളിലായി 60000 പൂച്ചെടികളാണ് നഗരവസന്തത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 6000 റോസാച്ചെടികളുണ്ട്. നാടൻ ഇനങ്ങൾക്കൊപ്പം ടുലിപ്‌സ്, ഒലിവ്, കമീലിയ, ഫൈലാൻഡസ് തുടങ്ങിയവയും ഉദ്യാനത്തിലുണ്ട്. നഗരവസന്തത്തിൽ 78 ലക്ഷം രൂപയുടെ ചെടികൾ ഒരുക്കിയിട്ടുണ്ടെന്ന് കേരള റോസ് സൊസൈറ്റി ഭാരവാഹി കരമന ഹരി അറിയിച്ചു. വസന്തോൽസവത്തെ ഹൈജാക്ക് ചെയ്തുവെന്ന ആരോപണം ശരിയല്ലന്നും ഇവർ പറയുന്നു. 25 ലക്ഷം രൂപയുടെ റോസ് ചെടി ബുക്ക് ചെയ്ത ശേഷമാണ് ടൂറിസം വകുപ്പ് പരാതിയുമായി വന്നത്. അതെല്ലാം രമ്യമായി പരിഹരിക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു.

കനകകുന്നിലെ മറ്റൊരു ആകർഷണമാണ് ഇലകളും വള്ളിയും പൂക്കളും ചേർത്ത് അലങ്കരിച്ച സ്ത്രീരൂപവും വാട്ടർ ഫൗണ്ടനും. ശനിയാഴ്ച മുതൽ രാത്രി ഒൻപതിന് ശേഷം നടത്തുന്ന സംഗീത പരിപാടികൾക്ക് സ്ഥിരം വേദിയില്ലെന്നതും പ്രത്യേകതയാണ്. ഉപകരണസംഗീത കച്ചേരികൾ നടത്തുന്നത് പൂന്തോട്ടങ്ങൾക്കിടയിലാകും. ഇതും നഗര വാസികളെ ആകർഷിക്കുന്നുണ്ട്. എന്തായാലും അടുത്ത വർഷം കനകകുന്നിൽ നഗരവസന്തത്തിന് സ്ഥാനം ഉണ്ടാകില്ലന്നില്ലന്നും വസന്തോൽസവം തന്നെ സംഘടിപ്പിക്കുമെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി.