- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പിൽ തടിച്ചു കൊഴുത്തത് സിപിഐ നേതാവ് ഭാസുരാംഗനും ഇയാളുടെ കുടുംബവും. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബില്ല് എഴുതുന്ന ആളായിരുന്ന ഇയാൾ പിന്നീട് എൽ ഐ സി ഏജന്റായി ഒരു സൈക്കിളിലായിരുന്നു യാത്ര. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റായതിൽ പിന്നെ വെച്ചടിക്കയറ്റമായിരുന്നു. ഇന്നോവ ക്രിസ്റ്റയിലാണ് ഇപ്പോൾ യാത്ര. വീട്ടിൽ ബെൻസു പോലുള്ള മുന്തിയ കാറുകളുടെ ശേഖരവും. മാറനല്ലൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ വീടാണ് ഭാസുരാംഗിന്റേത്. ഇരുപത്തിയാറുകാരനായ മകനു ഹോട്ടൽ സൗത്ത് പാർക്കിനേക്കാൾ കപ്പാസിറ്റിയുള്ള ഹോട്ടൽ സമുച്ചയമാണ് നടത്തുന്നത്. ഇതെല്ലാം എങ്ങനെ സമ്പാദിച്ചു?
സിപിഐ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് മറുനാടൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയത് കോടികളാണ്. ഇയാളുടെ മുൻ സാമ്പത്തിക പശ്ചാത്തലത്തെക്കുറിച്ചും നിലവിലുള്ള സാഹചര്യത്തെക്കുറിച്ചും വിജിലൻസ് അന്വേഷിക്കണമെന്നാണ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവരുടെ ആവശ്യം.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ മറുനാടനോട് പറഞ്ഞതിങ്ങനെ: നിക്ഷേപകർ ജുലൈ മാസം അഞ്ചാം തിയ്യതി മുതൽ ഒരു വലിയ സമരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ 63 ഓളം കേസുകൾ പണം അപഹരണത്തിനു ബക്സ് ആക്ട് നിയമപ്രകാരം മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിൽ രണ്ടു കേസുകളിൽ ഇയാൾക്ക് ജാമ്യം ലഭിച്ചു. ബാങ്ക് പ്രസിഡന്റ് ആയതുകൊണ്ട് സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി അറസ്റ്റ് ചെയ്യരുത് എന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ടായിരുന്നു.
ഓഗസ്റ്റ് 24 നു ബാങ്കിലെ അഴിമതിയും ക്രമക്കേടും സഹകരണ നിയപ്രകാരം ഇവർക്ക് നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് അധികാരങ്ങളിൽ നിന്നും രാജിവച്ചു. ഇന്ന് സെപ്റ്റംബർ മാസമായിട്ടും പൊലീസ് ഇവരെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ടാണ്. 137 കോടി രൂപ ക്രമക്കേട് നടത്തിയ എൻ ഭാസുരാംഗനെയും മറ്റു ഭരണസമിതി അംഗങ്ങളെയും അറസ്റ്റ് ചെയ്യാത്തത് പിണറായി വിജയനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
ബാങ്കിൽ നിക്ഷേപം നടത്തിയ സാധാരണ ജനങ്ങൾ ഇന്ന് ആത്മഹ്യയുടെ വക്കിലാണ്. ചാനൽ ചർച്ചകളിലും മന്ത്രിമാരുള്ള വേദികളിലും പ്രതിയെന്നു പറയപ്പെടുന്ന ഇയാൾ സജീവമാണ്. ഒരു നിയമനടപടിയും ഇയാൾക്കെതിരെ എടുക്കുന്നില്ല. 200 കോടിയിലധികം അഴിമതി നടന്നതായാണ് അറിവ്. ഇന്ന് തിരുവനന്തപുരത്ത് മിൽമയുടെ അഡ്മിനിസ്ട്രേറ്റീവ് ആയിട്ടാണ്് അയാളെ നിയമിച്ചിരിക്കുന്നത്. 2000 കോടിയുടെ അഴിമതി നടത്തി മിൽമയും തച്ചു തകർക്കാനാണോ സർക്കാർ ഒത്താശ ചെയ്യുന്നത്? ഒരു സഹകരണ സ്ഥാപനത്തിൽ അഴിമതി നടത്തിയ വ്യക്തിയെ മറ്റൊരു സഹകരണ സ്ഥാപനത്തിൽ നിയമിക്കാൻ പാടില്ല.
മാറനല്ലൂർ ഗ്രാമം ക്ഷീര ഗ്രാമം എന്നാണ് അറിപ്പെട്ടിരുന്നത്. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ ഉൾപ്പടെ പ്രസിഡന്റ് ഭാസുരംഗൻ ആയിരുന്നു. രണ്ടരക്കോടി രൂപ സാധാരണ ചാണകം വാരുന്ന ആളുകളുടെ പണം കൊണ്ടു വാങ്ങിയ ഭൂമിയെ ഇവിടെ കളങ്കപ്പെടുത്തിയിരിക്കുന്നു. ഇയാൾ ആദ്യം കോൺഗ്രസുകാരനായിരുന്നു. അന്ന് എൽഡിഎഫ് ഭരണകാലത്ത് പിണറായി വിജയൻ സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പരാതി കൊടുത്തപ്പോൾ അന്ന് തേച്ചുമാച്ചു കളഞ്ഞു. പിന്നീട് ഡിഐസിയലൂടെ ഇയാൾ സിപിഐയിലേക്ക് ചേക്കേറി. അന്ന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പരാതി നൽകി. അന്ന് കോൺഗ്രസും ഇയാളെ സഹായിച്ചു. അന്ന് സ്പീക്കറായ എൻ ശക്തൻ ഉൾപ്പടെയുള്ളവർ സഹായിച്ചു. കാനം രാജേന്ദ്രനും, കെ സുധാകരനുമെല്ലാം നിവേദം നൽകിയിരുന്നു.
ഭാസുരാംഗൻ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ബില്ല് എഴുതുന്ന ആളായിരുന്നു. പിന്നീട് എൽ ഐ സി ഏജന്റായി ഒരു സൈക്കിളിലായിരുന്നു യാത്ര. 1960 കളിൽ മാറനല്ലൂരിലെ പ്രകത്ഭരായ ചില ആളുകൾ സാധാരണക്കാരുടെ ഉപജീവന മാർഗ്ഗത്തിനുവേണ്ടി തുടങ്ങിയ സൊസൈറ്റിയാണിത്. 1987 ൽ കോൺഗ്രസിനു എല്ലാ സാമ്പത്തിക സഹായങ്ങളും ചെയ്തു കൊണ്ട് സൊസൈറ്റിയുടെ പ്രസിഡന്റായി. പിന്നീട് ഇക്കാലം വരെയും ഇദ്ദേഹം തന്നെയാണ് പ്രസിഡന്റായി വാഴുന്നത്.
ഭരണസമിതിയോടുള്ള വിശ്വാസത്തിൽ കൂറു പുലർത്തിക്കൊണ്ട് 2022 ഡിസംമ്പർ മാസം രണ്ടാം തിയ്യതി നടന്ന തിരഞ്ഞെടുപ്പിൽ കട്ടാക്കടയുടെ എം എൽ എ ഉൾപ്പടെയുള്ള ആളുകൾ നിയമസഭയിൽ പറഞ്ഞത് ഈ ബാങ്കിൽ അഴിമതിയുണ്ടെന്നാണ്. കാട്ടാക്കട എം എൽ എ ഐ വി സതീഷും, മാങ്കോട് രാധാകൃഷ്ണൻ (സിപിഐ ജില്ലാ സെക്രട്ടറി), എം എൽ എ സ്റ്റീഫനുമൊക്കെ വന്നു തൊട്ടടുത്ത കൺവെഷൻ സെന്ററിൽ തിരഞ്ഞെടുപ്പ് നടത്തി എല്ലാവരുടെയും കണ്ണിൽ പൊടിയട്ടു. പിന്നീട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ഇവിടെ ബോർഡ് മെമ്പറായി. ഭരിക്കുന്നത് ഇടതു പക്ഷമല്ലേ..? ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത് ഇടതു പക്ഷമല്ലേ? എന്നിട്ടും എന്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റും എം എൽ എയും ഇടപെട്ട് പാവപ്പെട്ട ജനങ്ങൾ നിക്ഷേപിച്ച പണം തിരിച്ചു കൊടുക്കാത്തത്? ഇതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഭരിക്കുന്ന സർക്കാരിനും വകുപ്പ് മന്ത്രിക്കുമാണ്. സിപിഎമ്മിന്റെ ഉന്നത നേതാക്കന്മാരുടെ ഒത്താശയുള്ളതുകൊണ്ടാണ് മാറനല്ലൂർ സ്റ്റേഷനിൽ അറുപത്തി രണ്ടോളം എഫ് ഐ ആർ ഇട്ടിട്ടും ഈ പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.
അതേസമയം ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെയെന്ന് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇങ്ങനെ 57.24 കോടിയുടെ തിരിമറിയാണ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ നടത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ തട്ടിപ്പുനടത്തിയത് ജാമ്യ വസ്തുവിന് മൂല്യനിർണയം നടത്താതെയും വസ്തുവിന്റെ മൂല്യനിർണയം കൃത്രിമമായി കൂട്ടിക്കാണിച്ചുമാണ്. 43.65 കോടി രൂപയാണ് ഇങ്ങനെ അനധികൃതമായി വായ്പയായും എം.ഡി.എസുകളായും വാങ്ങിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വസ്തുവിന്റെ ഈട് വെച്ച് ബാധ്യതകൾ തീർക്കാതെ നിരവധിത്തവണയാണ് വായ്പയെടുത്തത്. മൂന്ന് സെന്റിനു താഴെ വിസ്തീർണമുള്ള വസ്തു ജാമ്യമായി സ്വീകരിച്ച് നിരവധി വായ്പകൾ അനുവദിച്ചു.
ശമ്പള സർട്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ മൂന്നുലക്ഷത്തിലധികം വായ്പ അനുവദിച്ചു. എം.ഡി.എസ്.(മാസച്ചിട്ടി) കുടിശ്ശിക തുക പലിശയുൾപ്പെടെ ക്രമരഹിത വായ്പയാക്കി കൃത്രിമം കാണിച്ചതായും റിപ്പോർട്ടിലുണ്ട്. നിക്ഷേപത്തിന് രജിസ്ട്രാറുടെ സർക്കുലറുകളെ അധികരിച്ച് അധിക പലിശ നൽകിയതായും ഒരാൾക്കു നൽകാവുന്ന പരമാവധി തുകയെ അധികരിച്ച് വൻ തുക വായ്പയനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയാണ് അനധികൃത മാർഗങ്ങളിലൂടെ 43.65 കോടി രൂപ തട്ടിയെടുത്തത്.
അതേസമയം ബാങ്കിൽ നിയമവിരുദ്ധപ്രവൃത്തികൾ നടത്തിയ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ പേരിൽ സഹകരണനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ സഹകരണമേഖലയെ അപകടത്തിലേക്കു നയിക്കുമെന്നാണ് റിപ്പോർട്ടിലെ സംഗ്രഹത്തിൽ പറയുന്നത്.
ഒരു സഹകരണസ്ഥാപനം ചെയ്യാൻ പാടില്ലാത്ത പ്രവൃത്തികളാണ് കണ്ടല ബാങ്കിൽ നടന്നത്. നിക്ഷേപം സ്വീകരിക്കുന്നതിനും ചിട്ടിയിൽ ആളെ ചേർക്കാനും ബാങ്ക് ജീവനക്കാർക്ക് കമ്മിഷൻ കൊടുക്കുക, എം.ഡി.എസ്. തുക ഒരു ചിറ്റാളനു കൊടുക്കേണ്ട സ്ഥാനത്ത് നിരവധിപ്പേർക്കു നൽകുക, ഈ തുക ബാങ്കിൽ സാങ്കല്പിക നിക്ഷേപമായി കാണിച്ച് ഇല്ലാത്ത നിക്ഷേപത്തിന് കൂടിയ പലിശ നൽകുക തുടങ്ങി വിവിധയിനങ്ങളായ കാരണങ്ങളാലാണ് നിക്ഷേപച്ചോർച്ച വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിനാമി പേരിലാണ് ഇയാൾ നിക്ഷേപകരുടെ പണം തട്ടിയെടുത്തത്. 34.43 കോടി രൂപ ഇത്തരത്തിൽ തട്ടിയെടുത്തെന്നാണ് സഹകരണ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഭാസുരാംഗന്റെ കുടംബാംഗങ്ങളുടെ പേരിലെല്ലാം ബാങ്കിൽ നിന്നും ബിനാമി വായ്പ എടുത്തിട്ടുണ്ട്. ബന്ധുക്കളുടെ നിക്ഷേപങ്ങൾക്ക് ഇരട്ടി പലിശയും നൽകി. സഹകരണ ഇൻസ്പെക്ടർമാരുടെ ഓഡിറ്റിൽ നിന്നു ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. വായ്പ കൊടുത്തതിലും തിരിമറി നടത്തി കണക്കുകളിൽ വ്യത്യാസം വരുത്തി. വായ്പ വേണ്ടതിനേക്കാൾ തുക അനുവദിച്ചതിനു ശേഷം ആവശ്യപ്പെട്ടത് കഴിച്ച് ബാക്കി ഭാസുരാംഗൻ തട്ടിയെടുക്കുകയായിരുന്നു.
173 കോടി രൂപയുടെ നിക്ഷേപം മടക്കി നൽകാനുള്ളപ്പോൾ പിരിഞ്ഞു കിട്ടാനുള്ള വായ്പ 69 കോടി രൂപ മാത്രം. ബാങ്ക് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റ പണികൾക്കുമായി 15 ലക്ഷം മാറ്റി. എന്നാൽ പണികൾ എങ്ങും നടത്തിയിട്ടില്ലെന്നും കണ്ടെത്തി. സി ക്ലാസിൽ പ്രവർത്തിക്കേണ്ട ബാങ്കിനെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എ ക്ലാസിലേക്ക് മാറ്റി. ഇതിലൂടെ തസ്തിക കൂടുതൽ സൃഷ്ടിച്ച് ലക്ഷങ്ങൾ വാങ്ങി നിയമനം നടത്തി. മിൽമ തിരുവനന്തപുരം മേഖലാ ഭരണ സമിതി അംഗം കൂടിയാണ് ഭാസുരാംഗൻ. കണ്ടല സഹകരണ ആശുപത്രിയുടെ പേരിലും വെള്ളൂർക്കോണം ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ തിരിമറി ഭാസുരാംഗൻ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
മറുനാടൻ മലയാളി കൊല്ലം റിപ്പോർട്ടർ