- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വാരപാലകര്‍ ക്ഷേത്രചൈതന്യത്തിന്റെ ഭാഗമാണെന്നും പുറത്തു കൊണ്ടു പോകുന്നത് ഉചിതമാവില്ലെന്ന് പറഞ്ഞ് ചെറുത്ത കണ്ഠരര് രാജീവര്; ടേണ്‍ മാറി മഹേഷ് മോഹനര് എത്തിയപ്പോള്‍ അനുമതിയും കിട്ടി; അങ്ങനെ ആ ക്ഷേത്ര ചൈതന്യം ചെന്നൈയിലും എത്തി; ശബരിമലയിലെ വിവാദങ്ങളില്‍ കണ്ഠരര് രാജീവര് തികഞ്ഞ അതൃപ്തയില്‍;എല്ലാം ധര്‍മ്മശാസ്താവ് തിരുത്തുമ്പോള്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ കടുത്ത ആചാര ലംഘനമുണ്ടായതായി വിലയിരുത്തല്‍. ശ്രീകോവിലിനു രൂപമാറ്റം വരുത്തണമെങ്കില്‍ ദേവപ്രശ്നം നടത്തി മാത്രമേ ചെയ്യാവൂ. കൂടാതെ തന്ത്രിയുടെ അനുമതിയും ആവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ മാറ്റം വരുത്തിയത്. വിവാദ വിഷയങ്ങളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് തന്ത്രി കണ്ഠരര് രാജീവര് മൗനത്തിലാണ്. തികഞ്ഞ അതൃപ്തിയിലാണ് അദ്ദേഹം. എല്ലാ തെറ്റുകള്‍ക്കും തിരുത്തല്‍ ധര്‍മ്മ ശാസ്താവ് തന്നെ ഉറപ്പാക്കുമെന്ന നിലപാടിലാണ് അദ്ദേഹം. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണപ്പാളി പുറത്തുകൊണ്ടുപോകുന്നതില്‍ തന്ത്രി കണ്ഠര് രാജീവര് മുന്‍പ് വിസമ്മതിച്ചിരുന്നു. മുന്‍പുണ്ടായ കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുമെന്ന ആശങ്കയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയത് ദേവസ്വം മാനുവലില്‍ പറഞ്ഞിട്ടുള്ള എല്ലാ ചട്ടങ്ങളും ലംഘിച്ചാണ്.
ശബരിമല ശ്രീകോവിലിനു രൂപമാറ്റം വരുംവിധമുള്ള വലിയ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ദേവപ്രശ്‌നം നടത്തണമെന്നാണ് ആചാരം. കൂടാതെ തന്ത്രിയുടെ അനുമതിയും വാങ്ങണം. ചെറിയ പണികളാണെങ്കില്‍ തന്ത്രിയുടെ അനുമതി മാത്രം മതി. ഇതു സംബന്ധിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ തന്ത്രിക്കു നല്‍കുന്ന ശുപാര്‍ശ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കാറുള്ളത്. ഇതൊന്നും തന്നെ ഇപ്പോള്‍ വിവാദമായ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ നിര്‍വഹിക്കപ്പെട്ടിട്ടില്ല. സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനം നടന്നതായും വിലയിരുത്തപ്പെടുന്നു. ദേവസ്വം വക സ്വര്‍ണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ലെന്ന് ദേവസ്വം മാനുവലില്‍ വ്യക്തമായി പറയുന്നുണ്ട് . അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണമെന്നും ദേവസ്വം മാനുവലില്‍ പറയുന്നുണ്ട്.
കണ്ഠരര് രാജീവര് തന്ത്രിയായിരുന്ന കാലയളവിലായിരുന്നു സ്വര്‍ണ്ണപ്പാളികള്‍ മാറ്റുന്നതു സംബന്ധിച്ച അഭിപ്രായം ദേവസ്വം ഉദ്യോഗസ്ഥരില്‍ ചിലര്‍ ചോദിച്ചിരുന്നത്. അദ്ദേഹം അനുമതി നല്‍കിയില്ല. അദ്ദേഹത്തിന്റെ ഒരുവര്‍ഷ കാലയളവിനുശേഷം കര്‍ക്കടകം 31 ആയ ഓഗസ്റ്റ് 16-ന് വൈകീട്ട് അഞ്ചിന് ചിങ്ങമാസപൂജകള്‍ക്ക് നട തുറന്നതുമുതല്‍ കണ്ഠര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. കണ്ഠര് മഹേഷ് മോഹനരില്‍ നിന്നാണ് പാളിയുടെ പണികള്‍ക്കുള്ള അനുവാദം ദേവസ്വം ബോര്‍ഡ് വാങ്ങിയത്. രാജീവരുടെ കാലാവധി തീരുന്നതിന് രണ്ടുമാസംമുന്‍പാണ് ചില ഉദ്യോഗസ്ഥര്‍ വിഷയം സംസാരിച്ചത്. എന്നാല്‍, ദ്വാരപാലകര്‍ ക്ഷേത്രത്തിന്റെ ചൈതന്യത്തിന്റെ ഭാഗമാണെന്നും പുറത്തുകൊണ്ടുപോകുന്നത് ഉചിതമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുകയായിരുന്നു.
ശബരിമല ശ്രീകോവിലുമായി ബന്ധപ്പെട്ട എല്ലാ അറ്റകുറ്റപ്പണികളും കിഴക്കെ മണ്ഡപത്തില്‍ വച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാത്രമാണ് നടക്കാറുള്ളത്. ശബരിമല ശ്രീകോവിലിന് ചോര്‍ച്ചയുണ്ടായപ്പോഴും, ശ്രീകോവിലിന്റെ പ്രധാന വാതിലിന് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നപ്പോഴുമൊക്കെ വിദഗ്ധ സംഘത്തെ ശബരിമലയിലേക്ക് ക്ഷണിച്ചു വരുത്തി സന്നിധാനതു വച്ചു തന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
1998ല്‍ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവില്‍ വഴിപാടായി സ്വര്‍ണംപൂശിയപ്പോള്‍, അതിന്റെ ജോലികള്‍ നടന്നത് സന്നിധാനത്തു വെച്ചായിരുന്നു. 2017ല്‍ സ്വര്‍ണക്കൊടിമരം പ്രതിഷ്ഠിച്ചപ്പോഴും ചെമ്പുപറകള്‍ സ്വര്‍ണംപൂശിയത് സന്നിധാനത്തുവെച്ചായിരുന്നു. 2019ലാണ് ദ്വാരപാലകശില്പങ്ങളില്‍ സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ പിടിപ്പിച്ചത്. ബെംഗളൂരുവിലെ മലയാളിഭക്തന്റെ വഴിപാടായിട്ടായിരുന്നു അത്. ശില്‍പ്പരൂപത്തിലുള്ള അച്ചുകളില്‍ ചെമ്പ് ഉരുക്കിയൊഴിച്ചാണ് പാളികളുണ്ടാക്കിയത്. ശ്രീകോവില്‍ വാതിലിന്റെ ഇരുവശത്തുമായുള്ളത് ക്ഷുരികാപാണി, ഖഡ്ഗ ഹസ്തന്‍ എന്നീ പേരുകളിലുള്ള ദ്വാരപാലകരുള്ളത്. ധര്‍മശാസ്താവിന്റെ കാവല്‍ക്കാരാണിവര്‍. സ്വര്‍ണ്ണപ്പാളികള്‍ കടത്തിയതിനു പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഹൈന്ദവ സംഘടനളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മുന്‍പ് പ്രചരണമുണ്ടായിരുന്നു. ഈ കുറിപ്പിലും തന്ത്രിമാരുടെ അതൃപ്തിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പാരമ്പര്യ കാരാണ്മ അവകാശിയായ ചെങ്ങന്നൂര്‍, മുണ്ടന്‍കാവ്, താഴമണ്‍ മഠത്തിലെ കുടുംബ കാരണവരും, മുഖ്യ തന്ത്രിയും കണ്ഠരര് മോഹനരാണ്. കുടുംബത്തിലെ താന്ത്രി കാവശാശിയായ മറ്റൊരു തന്ത്രി കണ്ഠരര് രാജീവരാണ്. ഇവര്‍ രണ്ടു പേരോടും ശബരിമലയിലെ ദ്വാരപാലകരുടെ സ്വര്‍ണ്ണ ആവരണം ഇളക്കി മാറ്റി അറ്റകുറ്റപണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോകുന്ന കാര്യം അറിയിച്ചിരുന്നില്ല. 1201 ചിങ്ങം 1 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമലയിലെ താന്ത്രികാവകാശം താഴമണ്‍ കുടുംബത്തിലെ കാരണവരും, മുഖ്യ തന്ത്രിയുമായ കണ്ഠര് മോഹനര്‍ക്കാണ്. അദ്ദേഹത്തിന്റെ ടേണില്‍ മകന്‍ കണ്ഠര് മഹേഷ് മോഹനര് തന്ത്രിയുടെ ആള്‍പ്പേരായി ശബരിമലയിലെ താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നു എന്നു മാത്രമേയുള്ളു. ശബരിമലയിലെ താന്ത്രികാവകാശം കണ്ഠര് മോഹനര് തന്ത്രിക്കും, കണ്ഠരര് രാജീവര് തന്ത്രിക്കുമാണ്. ഇവരുടെ ടേണുകളില്‍ മക്കളായ കണ്ഠര് മഹേഷ് മോഹനരും, കണ്ഠര് ബ്രഹ്‌മദത്തനും ശബരിമലയില്‍ വന്ന് താന്ത്രിക ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് തങ്ങളുടെ പിതാക്കന്മാരുടെ പ്രതിനിധി ആയിട്ടാണ്.