- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാന്തപുരത്തിനും വെള്ളാപള്ളിക്കും ഡി-ലിറ്റ്; കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിൽ പോര് മുറുകുന്നു; യുഡിഎഫ് കേന്ദ്രങ്ങളുടേത് അപവാദ പ്രചാരണമെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ; ഡിലിറ്റ് ചർച്ച നടന്നിട്ടില്ലെന്ന് രജിസ്ട്രാറും; കാന്തപുരം നിഷേധിക്കുമ്പോഴും വിവാദം പുതിയ തലത്തിലേക്ക്
മലപ്പുറം: കാലിക്കറ്റ് സർവകലാളാല കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർക്കും വെള്ളാപള്ളി നടേശനും ഡി-ലിറ്റ് നൽകണമെന്ന ആവശ്യത്തെ തുടർന്നുള്ള ചർച്ചയിൽ സിൻഡിക്കേറ്റിൽ പോര് മുറുകുന്നു. കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തെ ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങളും വൈസ് ചാൻസലറും എതിർക്കുകയായിരുന്നു. സിൻഡിക്കേറ്റംഗം ഇ.അബ്ദുറഹീം ആയിരുന്നു പ്രമേയം തയ്യാറാക്കി സിൻഡിക്കേറ്റിൽ അവതരിപ്പിക്കാൻ നീക്കം നടത്തിയത്.
സിൻഡിക്കേറ്റ് യോഗം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രമേയം തയ്യാറാക്കി വൈസ് ചാൻസലർക്ക് നൽകിയിരുന്നു. വി സി അനുമതി നൽകിയിരുന്നതിനു ശേഷമായിരുന്നു സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയാവതരണത്തിന് ഇ.അബ്ദു റഹീം എഴുനേറ്റ് നിന്നത്. എന്നാൽ പ്രമേയം അവതരിപ്പിക്കുന്നതിനെ ഇടതു സിൻഡിക്കേറ്റംഗങ്ങൾ തന്നെ എതിർത്തു. തുടർന്ന് പ്രമേയാവതരണത്തിൽ നിന്നു പിന്മാറാൻ സിൻഡിക്കേറ്റംഗത്തോട് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. പ്രമേയം യോഗത്തിൽ അവതരിപ്പിച്ചില്ലെങ്കിലും ഡി-ലിറ്റ് കാര്യങ്ങളുടെ ചുമതലയുള്ള ഡോ. വിജയ രാഘവൻ , ഡോ. റഷീദ് അഹമ്മദ്, ഡോ. വിനോദ് കുമാർ എന്നിവരുൾപ്പെടുന്ന സമിതിയുടെ പരിഗണനക്ക് പ്രമേയം കൈമാറാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ മേഖലകളിൽ മുന്നേറ്റത്തിന് ഇരു നേതാക്കളും നൽകിയ സംഭാവനകളെ മുൻ നിർത്തി ഡി-ലിറ്റ് നൽകണമെന്നാണ് സിൻഡിക്കേറ്റംഗം പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് ഡി-ലിറ്റ് നൽകിയാൽ മറ്റു സമുദായ നേതാക്കൾക്കും ഡി-ലിറ്റ് നൽകാൻ സർവകലാശാല തയ്യാറാകേണ്ടിവരുമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതെ സമയം ഇടതുപക്ഷ അനുകൂലിയായ സിൻഡിക്കറ്റ് അംഗം വൈസ് ചാൻസലറുടെ അനുവാദത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. ഡി.ലിറ്റ് നൽകാൻ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ല എന്നും പ്രമേയം പിൻവലിക്കണമെന്ന് ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും വിസിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അവതാരകനും ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ ഡിലീറ്റ് നൽകാൻ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിൻഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് ഈ പ്രമേയം നൽകാൻ സിൻഡിക്കേറ്റ് തീരുമാനിക്കു കയായിരുന്നു.
അപവാദ പ്രചാരണമെന്ന് ഇടതു സിൻഡിക്കേറ്റംഗങ്ങൾ
അതേ സമയം പ്രമുഖരായ രണ്ട് സമുദായ നേതാക്കളെ മുൻ നിർത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ യു.ഡി.എഫ്. കേന്ദ്രങ്ങൾ നടത്തുന്ന അപവാദ പ്രചാരണമാണ് കാലിക്കറ്റിലെ ഡിലിറ്റ് വിഷയത്തിലെന്ന് ഇടതു സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗത്തിൽ ഡിലിറ്റ് നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടത്തുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്തിട്ടില്ല.
നാക് വിസിറ്റിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്ന സർവകലാശാലയെ മുൻ നിർത്തി അനാവശ്യ വിവാദങ്ങൾ ഉയർത്തി കൊണ്ടുവരാൻ ഏതോ കേന്ദ്രം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്. കോൺഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന പ്രവർത്തകനായിരുന്നതും കോളേജ് മാനേജ്‌മെന്റ് പ്രതിനിധിയായി സിൻഡിക്കേറ്റിലെത്തിയതുമായ ഒരംഗത്തിന്റെ വ്യക്തിഗതമായ അഭിപ്രായപ്രകടനങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. സർവകലാശാലയുടെ അക്കാദമിക് രീതി ശാസ്ത്രത്തെ സംബന്ധിച്ചുള്ള ധാരണ ക്കുറവിൽ നിന്ന് സംഭവിച്ചതാണിത്. സ്വകാര്യ സർവകലാശാലകൾ ഡിലിറ്റ് നൽക്കുന്ന മാതൃകയിലല്ല പൊതു സർവകലാശാലകൾ പ്രവർത്തിക്കുന്നത്.
ഇപ്പോൾ സർവകലാശാലയുടെ പരിഗണനയിൽ ആർക്കെങ്കിലും ഡിലിറ്റ് നൽകുന്ന വിഷയമേയില്ല. ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങൾ മുൻ നിർത്തി സ്ഥാപിതമായ സർവകലാശാലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കുകയില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സർവകലാശാല നിർബന്ധിതമാകുമെന്നും സിൻഡിക്കേറ്റ് സ്റ്റാഫ് സ്ഥിരം സമിതി കൺവീനർ കെ.കെ. ഹനീഫ അറിയിച്ചു.
സിൻഡിക്കേറ്റിൽ ഡിലിറ്റ് ചർച്ച നടന്നിട്ടില്ല-രജിസ്ട്രാർ
സെപ്റ്റംബർ അഞ്ചിന് ചേർന്ന കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ ഡിലിറ്റ് നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. ഏതെങ്കിലും ഒരംഗത്തിന്റെ പ്രമേയത്തിലൂടെയല്ല ഡിലിറ്റ് ശുപാർശ ചെയ്യപ്പെടുന്നത്.ഡോ. പി. വിജയരാഘവൻ അധ്യക്ഷനായ ഒരു സമിതി ഡിലിറ്റ് നാമനിർദ്ദേശങ്ങൾക്കായി നിലവിലുണ്ട്. ആർക്കെങ്കിലും ഡിലിറ്റ് നൽകുന്നതിനുള്ള നിർദ്ദേശം ഈ സമിതി വഴി എത്തുകയും സിൻഡിക്കേറ്റ് തീരുമാനിക്കുകയും വേണം.
സിൻഡിക്കേറ്റ് തീരുമാനം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിക്കുകയും ചാൻസലറുടെ അനുമതിയോടെ മാത്രം നടപ്പാവുകയും ചെയ്യുന്നതാണ്. ആദരസൂചകമായി ഒരു സർവകലാശാല നൽകുന്ന ബഹുമതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ലാതെ വാർത്തകൾ പ്രചരിക്കുന്നത് ഖേദകരമാണെന്ന് രജിസ്ട്രാർ അറിയിച്ചു.
- എല്ലാ മലയാളികൾക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ തിരുവോണ ആശംസകൾ. തിരുവോണ ദിനത്തിൽ (08/09/2022 -വ്യാഴാഴ്ച) ഓഫീസ് അവധി ആയതിനാൽ മറുനാടൻ മലയാളി സൈറ്റ് അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്