- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യഥാർഥ ഭൂ ഉടമകളുടെ പേരുകൾ തെറ്റായി കാണിച്ചു; പ്ലാന്റേഷൻ ഭൂമിയെന്നത് മറച്ചുവെച്ച കൈവശാവകാശ രേഖ; കേസ് മറച്ചു വെച്ച് പട്ടയം നേടി; നോളജ് സിറ്റി ഉയരുന്നത് സർവ നിയമങ്ങളും കാറ്റിൽ പറത്തിയോ? ഭൂമിയുടെ രണ്ട് പട്ടയങ്ങളും വ്യാജമെന്ന് ജന്മികളായ കൊളായി തറവാട്ടംഗങ്ങൾ; കാന്തപുരത്തിന് വേണ്ടി അധികാരികൾ കണ്ണടയ്ക്കുമ്പോൾ
കോഴിക്കോട്: താമരശേരിക്കടുത്ത കോടഞ്ചേരിയിലെ വെഞ്ചേരി റബർ എസ്റ്റേറ്റിലെ മർക്കസ് നോളജ് സിറ്റിയുടേത് വ്യാജ പട്ടയങ്ങളാണെന്നും തോട്ടഭൂമി തരംമാറ്റാൻ സാധിക്കില്ലെന്നിരിക്കേ ഇവിടെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് നാലു ടവറുകളിലായി അറുനൂറോളം പാർപ്പിട സയുച്ഛയങ്ങൾ ഉയരുന്നതെന്നും ഭൂമിയുടെ ജന്മികളായ പലകുന്നത്തുകൊളായി കുടുംബാംഗങ്ങൾ. കേസിൽ സർക്കാർ അനുവദിച്ച പട്ടയങ്ങൾ ഹൈക്കോടതി ദുർബലപ്പെടുത്തിയിട്ടും സംസ്ഥാന സർക്കാരിൽനിന്ന് ഇവർക്കെതിരേ യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും കൊളായി കുടുംബാംഗമായ കെ രാധാകൃഷ്ണനും കെ വിശ്വനാഥക്കുറുപ്പും പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സമ്പാദിച്ച വ്യാജ പട്ടയങ്ങൾക്കെതിരേ ഞങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പട്ടയത്തിന് ഒത്താശചെയ്ത ഉദ്യോഗസ്ഥരെ ശക്തമായ ഭാഷയിൽ കോടതിവിമർശിച്ചിട്ടും നടപടുയണ്ടാവാത്തത് നോളജ് സിറ്റിയുടെ ഉടമകളായ കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരുടെ പിണറായിക്കു മേലുള്ള സമ്മർദ്ദത്താലാണെന്നും ഇവർ കുറ്റപ്പെടുത്തി. 1040 ഏക്കർ തോട്ടഭൂമിയായിരുന്നു 1948ലെ കരാറിന്റെ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ ഭൂമി പാട്ടത്തിന് കൊയപ്പത്തൊടി അഹമ്മദ് ഹാജിക്കു നൽകിയത്. പാട്ടക്കലാവധി അവസാനിച്ച ശേഷം റബർ എസ്റ്റേറ്റായ ഭൂമി തിരിച്ചു ചോദിച്ചെങ്കിലും തയാറാവാത്തതിനാൽ മധ്യസ്ഥ ശ്രമങ്ങളും പരാജയമായതോടെ പാട്ടം അവസാനിച്ചതായി 2010ൽ കൊയപ്പത്തൊടി കുടുംബത്തിന് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
ഇതിന് ശേഷമാണ് 2013ൽ കോഴിക്കോട് സബ്ബ് കോടതിയിൽ തിരികേ ലഭിക്കുവാൻ കേസ് ഫയൽ ചെയ്തത്. ഈ കേസിൽ പിന്നീട് ഹൈക്കോടതി കോഴിക്കോട് ലാന്റ് ട്രിബ്യൂണലിലേക്കു കേസ് റഫർ ചെയ്യുകയും ആർ സി 7/2017 നമ്പറായി കേസ് നടന്നു വരുന്നതുമാണ്. 1970ൽ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലായതിനാൽ ജന്മിത്വം അവസാനിച്ചെന്നായിരുന്നു കൊയപ്പത്തൊടിക്കാരുടെ വാദം. ഇത്തരം ഭൂമി സർക്കാരിൽ ലയിക്കുമെന്നും അവർ വാദിച്ചിരുന്നു. എന്നാൽ ഈ നിയമം തോട്ടം മേഖലക്ക് ബാധകമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്തരം ഒരു ദുർബല വാദം മുന്നോട്ടുവച്ചത്. തോട്ടം ഭൂമിയല്ലെങ്കിൽ കൊയപ്പത്തൊടി കുടുംബം എങ്ങനെയാണ് ഇത്രയും ഭൂമി കൈവശം വയ്ക്കുകയെന്നും ഞങ്ങൾ കോതയിൽ ഉന്നയിച്ചിരുന്നു.
1970ലെ ഭൂപരിഷ്കരണ നിയമ പ്രകാരം കേരളത്തിൽ ഒരു കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന തോട്ടമല്ലാത്ത ഭൂമിയുടെ പരമാവധി അളവ് 15 ഏക്കർ മാത്രമാണ്. വ്യക്തിയുടെ പേരിലാണെങ്കിൽ എട്ട് ഏക്കറിൽ കൂടരുത്. 2010ൽ ഞങ്ങൾ കേസ് തുടങ്ങിയിരിക്കുന്നത് ബോധ്യപ്പെട്ട കൊയപ്പത്തൊടി കുടുംബം റബർ എസ്റ്റേറ്റ് തുണ്ടം തുണ്ടമാക്കി വിൽപ്പന നടത്താൻശ്രമം തുടങ്ങി. 2012 13 കാലഘട്ടത്തിൽ പല ബിനാമി പേരുകളിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ പേരിലും മർക്കസ് അധികൃതർ വളരെ തുച്ഛമായ വിലക്ക് എസ്റ്റേറ്റ് ഭൂമി വാങ്ങി കൈവശം വെക്കാൻ തുടങ്ങി. 10 ഏക്കർ വീതമായിരുന്നു വാങ്ങിയത്. ഇത് റബർ തോട്ടമായതിനാൽ അത് വെട്ടിമാറ്റിയാൽ സ്വാഭാവികമായും സർക്കാരിലേക്കു മിച്ചഭൂമിയായി മാറേണ്ടതാണെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ അവർ കെട്ടിടങ്ങൾ കെട്ടിപ്പൊക്കുകയും അവയെല്ലാം വൻ വിലക്ക് വിൽപന നടത്തുകയുമായിരുന്നു. സെന്റിന് പരമാവധി 25,000 രൂപക്കാണ് മർക്കസ് അധികൃതർ ഭൂമി വാങ്ങിയത്. അത് തരംമാറ്റി ഇപ്പോൾ മൂന്നര ലക്ഷത്തിനും അതിൽ കൂടുതലിനുമാണ് മറിച്ചു വിൽക്കുന്നത്.
കോഴിക്കോട് നഗരത്തിൽനിന്ന് അൻപത് കിലോമീറ്ററിലധികം മാറിയാണ് മർക്കസ് നോളജ് സിറ്റി സ്ഥിതി ചെയ്യുന്നതെങ്കിലും കോഴിക്കോടിന്റെ നഗരഹൃദയങ്ങളിലെ ഭൂമിയിലുള്ള ഫ്ളാറ്റുകൾക്കുള്ള വിലയാണ് ഇവിടെ ഈടാക്കുന്നത്. 60 ലക്ഷം മുതൽ ഒരു കോടിക്കു മുകളിൽ വരെയാണ് വില. ഗൾഫ് രാജ്യങ്ങളിൽ ശക്തമായ കാമ്പയിൻ നടത്തിയാണ് വിൽപന. നിക്ഷേപകർക്ക് ഈ ഭൂമിയെക്കുറിച്ചോ, ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളെക്കുറിച്ചോ അറിയില്ലെന്നതാണ് യാഥാർഥ്യം. ഇവിടെ മർകസുമായി ബന്ധപ്പെട്ട് വാങ്ങിക്കൂട്ടിയ ഭൂമിയെല്ലാം പലരുടെയും പേരുകളിലാണെങ്കിലും അവയിൽ ബഹുഭൂരിഭാഗത്തിന്റെയും ഡോർ നമ്പർ കോഴിക്കോട്ടെ മർക്കസ് കോംപ്ലക്സിന്റേതാണ്. മുവ്വായിരം കോടി രൂപ മർക്കസ് നോളജ് സിറ്റിയിൽ മുടക്കിയെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ് ലിയാരും മകൻ എ പി അബ്ദുൽ ഹക്കീമും പറയുന്നത്. ഭൂമിക്ക് ഇപ്പോൾ അവർ അവിടെ വിൽപ്പന നടത്തുന്ന തുക വച്ചാണ് ഈ കണക്ക്.
2021 ആയപ്പോഴേക്കും 200 ഏക്കർ ഭൂമിയാണ് മർക്കസിനായി പലരുടെയും പേരിൽ ഇവിടെ വാങ്ങിക്കൂട്ടിയത്. മർക്കസ് നോളജ് സിറ്റിയുമായി യോജിച്ച് ഇവിടെ പാർപ്പിട സമുച്ഛയങ്ങൾ ഒരുക്കുന്ന ലാന്റ് മാർക്ക് ബിൽഡേഴ്സിന്റെ ഉടമസ്ഥരായ അരുൺ കുമാറും അൻവർ സാദത്തും 45 ഏക്കറോളം ഭൂമിയാണ് ഇവിടെ പല കമ്പനികളുടെ പേരിലായി കൊയപ്പത്തൊടി കുടുംബത്തിൽനിന്നു വാങ്ങിയിരിക്കുന്നത്. ഇവരുടെ എല്ലാം ആധാരം പരിശോധിച്ചാൽ എന്തു അവകാശമാണ് രേഖകളുടെ ബലത്തിൽ ഇവർക്കുള്ളതെന്ന് വ്യക്തമാവില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ലാന്റ് ട്രിബ്യൂണലിൽ കേസ് നടന്നുവരുന്നതിനിടെയാണ് 2016-17ൽ കോടഞ്ചേരി വില്ലേജ് ഓഫിസറെ സ്വാധീനിച്ച് യഥാർഥ ഭൂഉടമകളുടെ പേരുകൾ മനപ്പൂർവം തെറ്റായി കാണിച്ചും പ്ലാന്റേഷൻ ഭൂമിയാണെന്ന വസ്തുത മറച്ചുവെച്ചും കൈവശാവകാശ രേഖ മർക്കസ് അധികൃതർ സമ്പാദിച്ചത്. കേസുള്ള ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് വ്യാജ കൈവശാവകാശ രേഖയുടെ ബലത്തിൽ ലാന്റ് ട്രിബ്യൂണലിൽനിന്ന് അന്നത്തെ തഹസിൽദാറുടെ ഒത്താശയോടെ പട്ടയം സമ്പാദിക്കുകയായിരുന്നു. ഈ പട്ടയം വ്യാജമാണെന്ന ഞങ്ങളുടെ വാദം മുഖവിലയ്ക്കെടുത്താണ് ഈ മാസം അഞ്ചിന ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
മോൺസൺ മാവുങ്കൽ ടിപ്പുവിന്റേതെന്ന വ്യാജേന കസേര വിറ്റത് മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയെ അതിൽ ഇരുത്തി ഫോട്ടോയെടുത്തായിരുന്നു. അതേ തന്ത്രമാണ് എ പിയും സംഘവും പയറ്റുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വയനാട് എം പി രാഹുൽ ഗാന്ധിയുമെല്ലാം നോളജ് സിറ്റി സന്ദർശിക്കുന്നതിന്റെ പടം ഉപയോഗപ്പെടുത്തിയാണ് വിദേശ രാജ്യങ്ങളിലും കേരളത്തിലും നിക്ഷേപകരെ ആകർഷിക്കുന്നത്. നോളജ് സിറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് കേൾക്കുന്നത്. ഇത്തരം വിശിഷ്ട വ്യക്തികളെയെല്ലാം പ്രദർശിപ്പിച്ചു വിശ്വാസ്യതയില്ലാത്ത ഒന്നിന് വിശ്വാസ്യതയുറപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നതെന്നും രാധാകൃഷണൻ ആരോപിച്ചു.
കൊളായി തറവാട്ടിലെ കാരണവരും രാധാകൃഷ്ണന്റെയും വിശ്വനാഥക്കുറുപ്പിന്റെയും മുത്തച്ഛനുമായിരുന്ന ചാത്തു നായരായിരുന്നു കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജിക്ക് തോട്ടഭൂമി ലീസിന് നൽകിയത്. ചാത്തു നായരുടെ പേരമക്കളായ രാധാകൃഷ്ണനും വിശ്വനാഥ കുറുപ്പിനും പുറമേ കെ ബാബു, കെ ഉഷ, കെ രാജേന്ദ്രൻ തുടങ്ങിയ 10 പേരാണ് ഈ സ്വത്തിന്റെ ഇപ്പോഴത്തെ അവകാശികൾ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്