- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോളാർ പീഡനക്കേസിൽ ഹൈബി ഈഡനും അടൂർ പ്രകാശിനും എപി അനിൽകുമാറിനും അടക്കം ക്ലീൻചിറ്റ് നൽകിയ സിബിഐ വലവിരിക്കുന്നത് കെസി വേണുഗോപാലിനു വേണ്ടിയോ ? കോൺഗ്രസിന്റെ ഹൈക്കമാണ്ട് നേതാവിനെ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് കുരുക്കാൻ മാസ്റ്റർ പ്ലാൻ; ഡിജിറ്റൽ തെളിവുകൾ കുരുക്കായേക്കും
കൊച്ചി: തട്ടിപ്പു കേസിൽ പെട്ട വിവാദനായികയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസുകളിൽ മുന്മന്ത്രിമാരായ അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർക്കെല്ലാം ക്ലീൻ ചിറ്റ് നൽകിയ സിബിഐ വലവിരിക്കുന്നത് കോൺഗ്രസ് നേതാവും ഹൈകമാൻഡിന്റെ ഭാഗവുമായ കെ.സി വേണുഗോപാലിനു വേണ്ടിയാണെന്ന് സൂചന.
പരാതിക്കാരിയുടെ ഡിജിറ്റൽ തെളിവുകൾ വേണുഗോപാലിന് കുരുക്കായേക്കുമെന്നാണ് സിബിഐ നൽകുന്ന വിവരം. ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് കുരുക്കാൻ ഡൽഹിയിൽ മാസ്റ്റർ പ്ലാൻ തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകളിൽ ഏറെക്കാലം സംസ്ഥാന സർക്കാരിന്റെ വജ്രായുധമായിരുന്ന സോളാർബോംബ് കേന്ദ്രസർക്കാരിന്റെ പക്കലാണിപ്പോൾ. സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സിബിഐ, എംഎൽഎ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി സീൻ മഹസർ തയ്യാറാക്കി. സിബിഐയുടെ ഇനിയുള്ള നീക്കങ്ങൾ ഉറ്റുനോക്കുകയാണ് കേരളം.
പീഡനക്കേസിൽ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സിബിഐയ്ക്ക് പരാതിക്കാരി കൈമാറിയിരുന്നു. സിബിഐയുടെ മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് തെളിവ് നൽകിയത്. 2012 മേയിൽ അന്ന് മന്ത്റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.
പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസത്രറങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വേണുഗോപാലിനു പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുന്മന്ത്രിയും എംഎൽഎയുമായ എ.പി.അനിൽകുമാർ, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് സിബിഐ ആറ് കേസുകളെടുത്തത്. ഇതിൽ മൂന്നുപേരെ സിബിഐ കുറ്റവിമുക്തരാക്കി കഴിഞ്ഞു.
വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്. അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്.
അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിജ്ഞാപനമിറക്കിയതിനെത്തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. എ. പി. അനിൽ കുമാറിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സി. ബി. ഐ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റഫർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പിന്നീട് യുവതിയുടെ പരാതിയിൽ കേസെടുത്ത ആറ് രാഷ്ട്രീയ നേതാക്കളിൽ മൂന്ന് പേർക്കെതിരായ അന്വേഷണം സി. ബി.ഐ അവസാനിപ്പിച്ചിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്