തിരുവനന്തപുരം: ശരത് പവാർ കോൺഗ്രസിൽ ചേർന്നാൽ എല്ലാ അർത്ഥത്തിലും കുടുങ്ങുക കേരളത്തിലെ മന്ത്രി എകെ ശശീന്ദ്രൻ. എൻസിപിയിലുണ്ടായ പിളർപ്പും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനവും പാർട്ടിയുടെ അംഗീകാരം നൽകിയത് അജിത് പവാറിനാണ്. ബിജെപിക്കൊപ്പമാണ് അജിത് പവാർ. അജിത് പവാറിനെ തള്ളി ശരത് പവാറിനൊപ്പം നിൽക്കുകയായിരുന്നു ശശീന്ദ്രൻ. ഇതിന് കുറേ ന്യായവും പറഞ്ഞു. ഇതിനിടെയാണ് ശരത് പവാറും കോൺഗ്രസിൽ ലയിക്കുന്നത്. ഫലത്തിൽ ശരത് പവാറിനെ അംഗീകരിച്ചാൽ ലയനം സാധ്യമായാൽ ശശീന്ദ്രൻ കോൺഗ്രസ് എംഎൽഎയാകും. കേരളത്തിൽ കോൺഗ്രസ് പ്രതിപക്ഷത്താണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ എംഎൽഎയായി ശശീന്ദ്രൻ മാറും. കേരളത്തിൽ എൻസിപിക്ക് രണ്ട എംഎൽഎമാരുണ്ട്. കുട്ടനാട്ടെ തോമസ് കെ തോമസ് തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. തോമസ് കെ തോമസും മന്ത്രിസ്ഥാനത്തിനായി ചരടുവലികളിലാണ്. രണ്ടു പേരും ഒരുമിച്ച് നിൽക്കാത്തതും കേരളത്തിലെ എൻസിപിയുടെ ഭാവിയെ പ്രതിസന്ധിയിലാക്കും.

പിസി ചാക്കോയാണ് നിലവിൽ ഔദ്യോഗികമായി എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ. ഈ വിഭാഗത്തെയാണ് ഇടതുപക്ഷം അനുകൂലിക്കുന്നത്. ശശീന്ദ്രനും പിസി ചാക്കോയ്‌ക്കൊപ്പം. എന്നാൽ തോമസ് കെ തോമസ് കടുത്ത പിസി ചാക്കോ വിരുദ്ധനാണ്. ചാക്കോയെ മാറ്റി മറ്റൊരാളെ അധ്യക്ഷനാക്കാൻ തോമസ് കെ തോമസ് ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് എൻസിപി പിളർന്നതും അജിത് പവാർ ദേശീയ തലത്തിൽ ഔദ്യോഗിക പാർട്ടിയാകുന്നത്. ഈ അവസരം മുതലെടുത്ത് തോമസ് കെ തോമസ് ചാക്കോ വിഭാഗത്തിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശരത് പവാർ കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്ന സൂചനകൾ ചർച്ചയാകുന്നത്. അങ്ങനെ സംഭവിച്ചാൽ അജിത് പവാറിനൊപ്പം നിൽക്കുന്നവർ ബിജെപി പക്ഷക്കാരാകും. ശരത് പവാറിനെ പിന്തുണയ്ക്കുന്നവർ കോൺഗ്രസും. ബിജെപിയും കോൺഗ്രസും കേരളത്തിൽ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുക്കൾ. അതുകൊണ്ട് തന്നെ ശശീന്ദ്രൻ മന്ത്രിയല്ലാതെയാകും. രണ്ടു പക്ഷത്തും ചേരാതെ നിന്നാൽ ശശീന്ദ്രനും തോമസ് കെ താമസും അയോഗ്യതാ പരിധിയിലും വരും. അങ്ങനെ കേരളത്തിലെ എൻസിപി വലിയ പ്രതിസന്ധിയിലാണ്.

കോൺഗ്രസുമായി ശരത് പവാർ ലയിച്ചാൽ ശശീന്ദ്രനോട് മുഖ്യമന്ത്രി പിണറായി വിജയൻ രാജി ആവശ്യപ്പെടാനും സാധ്യത ഏറെയാണ്. ശരത് പവാറും കൂട്ടരും കോൺഗ്രസിൽ ലയിക്കില്ലെന്ന പ്രതീക്ഷയിലാണ് പിസി ചാക്കോ വിഭാഗം. പുറത്തു വരുന്നത് വെറും 'കഥ'കൾ മാത്രമാണെന്നും അവർ വിശ്വസിക്കുന്നു. കോൺഗ്രസിൽ കലഹമുണ്ടാക്കി പുറത്തു വന്ന നേതാവാണ് പിസി ചാക്കോ. എന്നും ശരത് പവാറിന്റെ അതിവിശ്വസ്തനായിരുന്നു ചാക്കോ. അതുകൊണ്ടാണ് കേരളത്തിലെ വിഷയങ്ങളിൽ കോൺഗ്രസിൽ നിന്ന് അകന്ന് എൻസിപിയുടെ നേതൃത്വം ചാക്കോ എറ്റെടുത്തത്. അതുകൊണ്ട് തന്നെ ചാക്കോയ്ക്കും ശരത് പവാറിന്റെ ഇനിയുള്ള നീക്കം നിർണ്ണായകമാകും. ദേശീയ നേതൃത്വവുമായി ചാക്കോ ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. ചാക്കോയേയും ബാധിക്കുമെങ്കിലും പവാറിന്റെ നീക്കങ്ങൾ നിർണ്ണായകമാകുന്നത് മന്ത്രിയായ ശശീന്ദ്രനെ തന്നെയാണ്. കാത്തിരുന്ന് തീരുമാനിക്കുമെന്നാണ് തോമസ് കെ തോമസ് അടുപ്പമുള്ളവരോട് പറയുന്നത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ കോൺഗ്രസിലേക്ക് മടങ്ങിയേക്കും എന്നു തന്നെയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമായി സഹോദരപുത്രൻ അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചേക്കേറിയതിന് പിന്നാലെയാണ് പാർട്ടി കോൺഗ്രസിൽ ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.

മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ ജനകീയ മുഖമായിരുന്ന അശോക് ചവാനും ബിജെപി പാളയത്തിലേക്ക് പോയതോടെ കോൺഗ്രസിനും സംസ്ഥാനത്ത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശരദ് പവാറിനെ പാർട്ടിയിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിനും എതിർപ്പില്ല. ലയനം സംബന്ധിച്ച് ഇരുപാർട്ടികളും പ്രാഥമിക ചർച്ച നടത്തി. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പവാറിനെ സന്ദർശിച്ചിരുന്നു. എൻസിപിയിൽ കൂടിയാലോചനകൾ നടന്നതായും റിപ്പോർട്ടുണ്ട്. എല്ലാ അർത്ഥത്തിലും കോൺഗ്രസിന്റെ നേതൃത്വം ശരത് പവാറിന് നൽകാൻ കോൺഗ്രസ് ഹൈക്കമാണ്ടും തയ്യാറാണ്. മഹാരാഷ്ട്രയിൽ പാർട്ടിയുടെ നിയന്ത്രണം പൂർണമായും തന്റെ കൈകളിലേക്ക് എത്തിയാൽ മാത്രമേ ലയനം സാധ്യമാകൂ എന്ന നിലപാടിലാണ് പവാർ എന്നാണ് റിപ്പോർട്ട്.

അതേസമയം, പവാറിന്റെ മകളും പാർട്ടി വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ എംപിയും മറ്റു നേതാക്കളും ലയനനീക്കമെന്ന വാർത്തകളെ തള്ളിക്കളഞ്ഞു. ഇതാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷയും. അജിത് പവാർ പക്ഷവുമായുള്ള നിയമപോരാട്ടത്തിൽ ശരദ് പവാറിന് എൻസിപി ചിഹ്നവും പേരും നഷ്ടപ്പെട്ടിരുന്നു. ജനകീയ നേതാവായ അശോക് ചവാനെ കോൺഗ്രസിനും നഷ്ടപ്പെട്ടു. കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടാനുള്ള സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് ശരദ് വിഭാഗത്തെ തിരിച്ചെത്തിക്കാനായാൽ രാഷ്ട്രീയചിത്രം മാറുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ. എൻ.സി.പി ശരത് പവാർ വിഭാഗത്തിന് പുതിയ പേര് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരചന്ദ്ര പവാർ എന്ന പേരാണ് കമ്മിഷൻ നൽകിയിരിക്കുന്നത്. പാർട്ടിക്കായി പേരുകൾ നിർദ്ദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. പേരുകൾ സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ പേര് അനുവദിച്ചത്. അജിത് പവാർ വിഭാഗത്തെ യഥാർഥ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയായി (എൻ.സി.പി) അംഗീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. നിയമസഭയിലെ ഭൂരിഭാഗം പാർട്ടി എംഎ‍ൽഎമാരും അജിത്തിനോടൊപ്പം നിൽക്കുന്നത് കണക്കിലെടുത്താണ് പാർട്ടി പേരും ചിഹ്നവും അദ്ദേഹത്തിന് നൽകാൻ കമ്മിഷൻ തീരുമാനമെടുത്തത്.