- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്ന സുരേഷിനെ നിയമിച്ച കെ എസ് ഐ ടി ഐ എല്ലിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനമെന്ന് പരാതി. തമിഴ്നാട്ടിലെ പ്ലസ്ടു സർട്ടിഫിക്കറ്റ് ഹാജരാക്കി ഉന്നത ഉദ്യോഗസ്ഥയുടെ സുഹൃത്ത് ജോലി നേടിയത് അന്വേഷിക്കാൻ ഐടി വകുപ്പിനു വിജിലൻസിന്റെ നിർദ്ദേശം; അട്ടിമറിക്ക് മുന്നിൽ മുൻ ഐടി സെക്രട്ടറിയും; വീണ്ടും 'സ്വപ്നാ മോഡൽ' വിവാദം
തിരുവനന്തപുരം.കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിന് കീഴിലെ സ്പെയ്സ് പാർക്കിൽ സ്വപ്ന സുരേഷിനെ നിയമിച്ചത് പി ഡബ്ള്യൂ സി വഴിയായിരുന്നു. അന്നത്തെ ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ പ്രത്യേക താല്പര്യത്തിൽ നടത്തിയ നിയമനത്തിൽ സ്വപ്ന ഹാജരാക്കിയ യോഗ്യത സർട്ടിഫിക്കറ്റുകൾ ഒന്നു വേണ്ട പോലെ പരിശോധിച്ചില്ല. സ്വപ്നയുമായ ബന്ധപ്പെട്ട് നയതന്ത്ര ചാനൽ വഴി സ്വർണ കള്ളക്കടത്ത് നടന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് അവരുടെ സർട്ടിഫിക്കറ്റും വ്യാജമാണന്ന് തെളിഞ്ഞത്. ഇത് സംബന്ധിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കയ്യിലാണ്. ഈ വിവാദങ്ങൾ അവസാനിക്കും മുൻപ് തന്നെയാണ് കെ എസ് ഐ ടി ഐ എല്ലിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഉണ്ടായിരിക്കുന്നത്.
ഇവിടെത്തെ ഉയർന്ന ഉദ്യോഗസ്ഥയുടെ അടുത്ത സുഹൃത്തായ ക്ളറിക്കൽ അസിസ്റ്റന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് വെറും എസ് എസ് എൽ സി സി മാത്രമാണ് വിദ്യാഭ്യാസ യോഗ്യത. ഇവർ ജോലി ചെയ്യുന്ന ക്ളറിക്കൽ അസിസ്റ്റന്റ് തസ്തികയ്ക്ക് കുറഞ്ഞത് പ്ള്സ്ടു വിദ്യാഭ്യാസം വേണം. വേണ്ടത്ര യോഗ്യതയില്ലാത്ത ആൾക്ക് നിയമനം നല്കാൻ ഉയർന്ന ഉദ്യോഗസ്ഥയും കൂട്ടുകാരിയും ചേർന്ന് തമിഴ്നാട്ടിലെ ഹയർ സെക്കന്ററി സ്ക്കൂൾ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം. കൂടാതെ ഇത് സംബന്ധിച്ച് രേഖാ മൂലം പിന്നീട് പരാതിയും ലഭിച്ചു. കിട്ടിയ പരാതി അന്വേഷിച്ച് വസ്തുത റിപ്പോർട്ട് ചെയ്യാൻ വിജലൻസ് ആൻഡ് ആന്റി കറക്ഷൻ ബ്യൂറോ ഡയറക്ടർ ഐ ടി വകുപ്പിന് നിർദ്ദേശം നല്കി.
ഇതിനിടെ ബന്ധപ്പെട്ട ഫയൽ സെക്രട്ടറിയേറ്റിൽ എത്തിയെന്ന് മണത്തറിഞ്ഞ ഉന്നത ഉദ്യോഗസ്ഥയും ടീമും സെക്രട്ടറിയേറ്റിൽ എത്തി ഫയൽ മുക്കാൻ ശ്രമിച്ചുവെന്നും ആക്ഷേപം ഉണ്ട്. മുൻ ഐ ടി സെക്രട്ടറിയായ ഒരു ഉന്നതൻ ഇവരെ സഹായിക്കാൻ രംഗത്ത് ഉണ്ട്. ഈ വിഷയത്തിലുള്ള അന്വേഷണം മരവിപ്പിക്കാനും ആവിശ്യമെങ്കിൽ പിരിച്ചു വിടാനും കെ എസ് ഐ ടി ഐ എൽ തയ്യാറാണെന്നാണ് വിവരം. സർക്കാരിനെ സംബന്ധിച്ച് സ്വപ്നയുടെ വ്യാജ സർട്ടിഫിക്കറ്റിൽ നടപടി സ്വീകരിച്ചതു കൊണ്ട് തന്നെ ഇപ്പോഴത്തെ നിയമനത്തിലെ സർട്ടിഫിക്കറ്റും പരിശോധിച്ചെ മതിയാകു. സർട്ടിഫിക്കറ്റ് ഒർജിനൽ ആണെങ്കിൽ ഐ ടി വകുപ്പ് തന്നെ ഇക്കാര്യം വിജിലൻസിനെ അറിയിക്കും.
ക്ളറിക്കൽ അസിസ്റ്റന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സെക്രട്ടറിയേറ്റിലെ ഒരു സംഘം ഉദ്യോഗസ്ഥർ ഉടൻ കെ എസ് ഐ ടി ഐ എല്ലിൽ എത്തുമെന്നാണ് സൂചന. സർട്ടിഫിക്കറ്റുകൾ ഐടി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം വിശ്വാസ്യത ഉറപ്പിക്കാൻ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടും. സർട്ടിഫിക്കറ്റ് വ്യാജമാണോ അല്ലയോ എന്നത് സംബന്ധിച്ച് അവരുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമായിരിക്കും തുടർ നടപടി. ഇതിനിടെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നപ്പോൾ തന്നെ കെ.എസ് ഐ ടി ഐ എൽ മേധാവി സന്തോഷ് ബാബു ക്ലറിക്കൽ അസിസ്റ്റന്റിന്റെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന് ഈമെയിൽ ചെയ്തിരിക്കുകയാണ്.
തമിഴ്നാട് കേഡർ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കൂടിയായ സന്തോഷ് ബാബു തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത മനസിലാക്കാനുള്ള ശ്രമത്തിലാണ്. കേരള ഐടി ഇൻഫ്രാസ്ട്രക്റിലെ സ്വപ്ന സുരേഷിന്റെ നിയമനം വിവാദമായപ്പോൾ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഐടി വകുപ്പിലേക്കുള്ള ഭാവി നിയമനങ്ങൾ പരിശോധിക്കാനും നിലവിലെ ജീവനക്കാരുടെ പ്രകടനം വിലയിരുത്താനും കമ്മിറ്റി രീപീകരിച്ചുവെങ്കിലും പിന്നീടൊന്നും നടന്നില്ല.
2020 സെപ്റ്റംബറിൽ അന്നത്തെ അഡീഷണൽ സെക്രട്ടറി കെ മുഹമ്മദ് ഐ സഫറുള്ള ഐ എ എസ് പുറത്തിറക്കിയ ഉത്തരവാണ് ഐ ടി, ഇലക്ട്രോണിക് വകുപ്പുകളിലെ മേലധികാരികൾ ഇപ്പോഴും നടപ്പിലാക്കാതിരിക്കുന്നത്. ഉത്തരവ് പ്രകാരം കേരള ഐ ടി മിഷൻ, ടെക്നോപാർക്ക്, ഇൻപോ പാർക്ക്, സൈബർ പാർക്ക്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, കേരള ഐ ടി ഇൻഫ്രാസെട്രക്ചർ ലിമിറ്റഡ്, സിഡിറ്റ്, ഇൻസ്റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഇന്റർ നാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്ട് വെയർ ടെക്നോപാർക്ക്, ഇ ഗവർണൻസ് മിഷൻ, തുങ്ങിയ സ്ഥാപനങ്ങളിലെ കരാർ നിയമനങ്ങൾ പരിശോധിക്കാനാണ് ഐടി സെക്രട്ടറി ചെയർമാനും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ കൺവീനറുമായ അഞ്ചംഗ സമിതി രൂപീകരിച്ചത്.
ഈ കമ്മിറ്റിയുടെ അംഗീകരത്തോടെ മാത്രമേ മേൽപറഞ്ഞ സ്ഥാപനങ്ങളിൽ കരാർ നിയമം നടത്താവുവെന്നും കരാർ പുതുക്കുമ്പോഴും ഈ കമ്മിറ്റിയുടെ അനുമതി വേണമെന്നും ഉത്തരവിൽ പ്രത്യേകം നിഷ്കർഷിച്ചിരുന്നു. എന്നാൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ച കേരള ഐ ടി ഇൻഫ്രാസ്ടെക്ചർ ലിമിറ്റഡിൽ അടക്കം എല്ലാം സ്ഥാപനങ്ങളിലും ഈ കമ്മിറ്റി രൂപീകരിച്ച ശേഷം നൂറോളം പേർക്ക് നിയമനം ലഭിച്ചിച്ചുണ്ടെന്നാണ് വിവരം. നിയമനങ്ങളൊന്നു ഈ കമ്മിറ്റി പരിശോധിച്ചിട്ടില്ല. അതായത് യോഗ്യത ഇല്ലാതെയും സ്വപ്നമാരെ പോലെയും ഉള്ളവർ ഇനി ഇത്തരം സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ കടന്നു കൂടാതിരിക്കാൻ ഉള്ള ഉത്തരവ് ഫലത്തിൽ അട്ടിമറിക്കപ്പെട്ടരിക്കുകയാണ്.
സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഐ ടി ഇൻഫ്രാസ്ട്രക്ടചർ നിലപാട് എടുത്തത്. സ്വപ്ന സുരേഷനിന് മതിയായ യോഗ്യത ഇല്ലാതെയായിരുന്നു സ്പേസ് പാർക്കിൽ ജനറൽ മാനേജറായി നിയമിച്ചതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് വിശദീകരണം അന്ന് തേടിയത്. ഇതിന് നൽകിയ വിശദീകരണം സ്വീകാര്യമല്ലെന്ന നിലപാടാണ് ഐടി ഇൻഫ്രാസ്ടക്ചർ പിന്നീട് സ്വീകരിച്ചത്. ഇതേ തുടർന്ന് അവർക്ക് നിയമപരമായ നോട്ടീസും നൽകിയിരുന്നു. കേസ് ഇപ്പോൾ ഹൈക്കോടതിയിലാണെന്നാണ് വിവരം.
സ്വപ്ന സുരേഷിന്റെ നിയമനം വിഷൻ ടെക്നോളജി എന്ന സ്ഥാപനം വഴിയാണെന്നും അവരുടെ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചത് വിഷൻ ടെക്നോളജിയാണെന്നുമുള്ള നിലപാടാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്വീകരിച്ചത്. ഇങ്ങനെ യോഗ്യതകൾ പരിശോധിക്കുന്നതിനും മറ്റുമായി എച്ച് ആർ സൊല്യുഷൻസ് എന്ന മറ്റൊരു കമ്പിനിയുടെ സേവനം വിഷൻ ടെക്നോളജി നേടിയതായാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പറഞ്ഞത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്