- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളഞ്ഞ വഴിയിലൂടെ ഗവർണറെ കബളിപ്പിക്കാൻ കേരള സർവകലാശാല; പുതിയ വിസി നിയമനത്തിന് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ യോഗം വിളിച്ചാലും ക്വാറം തികയ്ക്കില്ല; 105പേരുള്ള സെനറ്റ് ചേരാൻ വേണ്ടത് അഞ്ചിലൊന്ന് അംഗങ്ങൾ; ഗവർണർ ശുപാർശ ചെയ്ത 14പേരും അട്ടിമറിക്കാർക്കൊപ്പം; ഗവർണർ-സർക്കാർ പോരിൽ കൂട്ടു ചേർന്ന് സർവകലാശാലയും
തിരുവനന്തപുരം : സെനറ്റിനെയും വൈസ്ചാൻസലറെയും ഗവർണർ പിരിച്ചുവിടുമെന്ന് ഭയന്ന് സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വാറം തികഞ്ഞില്ലെന്ന് വരുത്തി തീർത്ത് ഗവർണറെ കബളിപ്പിക്കാൻ തന്ത്രം മെനഞ്ഞ് കേരള സർവകലാശാല. ഒക്ടോബർ 24ന് വിരമിക്കുന്ന വി സി ഡോ.വി.പി മഹാദേവൻ പിള്ളയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തീരുമാനിക്കാനാണ് സെനറ്റ് വിളിക്കുന്നത്. 105പേരാണ് സെനറ്റിലുള്ളത്. ക്വോറം തികയാൻ അഞ്ചിലൊന്ന് അംഗങ്ങൾ വേണം.
പത്തിൽ താഴെ യു.ഡി.എഫ് അംഗങ്ങളാണ് സെനറ്റിലുള്ളത്. മറ്റ് അംഗങ്ങളാരും യോഗത്തിനെത്തേണ്ടെന്ന് രഹസ്യനിർദ്ദേശം സർവകലാശാലാ അധികൃതർ നൽകും. ഗവർണർ ശുപാർശ ചെയ്ത 14പേർ സെനറ്റിലുണ്ട്. ഇവരെയെല്ലാം നിർദ്ദേശിച്ചത് സർക്കാരായതിനാൽ അവരും പങ്കെടുക്കില്ല. നേരത്തേ ഗവർണർ സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരേ സെനറ്റ് പ്രമേയം പാസാക്കിയപ്പോഴും ഇവർ എതിർത്തിരുന്നില്ല. ഫലത്തിൽ വളഞ്ഞ വഴിയിൽ ഗവർണറെ വെട്ടാനുള്ള ഗൂഢനീക്കമാണ് സർവകലാശാല നടത്തുന്നത്.
സെനറ്റ് വിളിച്ചാലും ക്വാറം തികഞ്ഞില്ലെന്ന കാരണം പറഞ്ഞ് പ്രതിനിധിയെ നിശ്ചയിച്ചേക്കില്ലെന്ന സാഹചര്യം ഗവർണർക്ക് ബോദ്ധ്യമുണ്ട്. അങ്ങനെയായാൽ താൻ രൂപീകരിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയുമായി ഗവർണർ മുന്നോട്ടുപോവും. സെനറ്റിന്റെ പ്രതിനിധിയെ നൽകണമെന്ന് ആറു തവണ ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ഫലമില്ലാതായതോടെ സ്വന്തം നിലയിൽ മുന്നോട്ടുപോവാനാണ് ഗവർണറുടെ തീരുമാനം. സെനറ്റ് പ്രതിനിധിയെ നൽകിയില്ലെന്ന കാരണത്താൽ, വൈസ്ചാൻസലർ നിയമനത്തിന് വിജ്ഞാപനമിറക്കുന്നതടക്കമുള്ള നടപടികളുമായി ഗവർണർ മുന്നോട്ടുപോവാനാണ് സാദ്ധ്യത. മുൻകാലങ്ങളിൽ വി സി നിയമനത്തിനുള്ള സമിതിയുടെ കൺവീനർ ചീഫ് സെക്രട്ടറിയായിരുന്നു. നിയമനത്തിന് വിജ്ഞാപനം ഇറക്കിയിരുന്നതും ചീഫ് സെക്രട്ടറിയോ ഉന്നത വിദ്യാഭ്യാസ അഡി. ചീഫ് സെക്രട്ടറിയോ ആയിരുന്നു.
ഇത്തവണ സർക്കാരിനെ ആശ്രയിക്കാതെ വൈസ്ചാൻസലർ നിയമനത്തിന് രാജ്ഭവൻ സെക്രട്ടറിയെക്കൊണ്ട് വിജ്ഞാപനമിറക്കാനാണ് ഗവർണറുടെ നീക്കം. കേരള സർവകലാശാലാ വൈസ്ചാൻസലർ വി.പി.മഹാദേവൻ പിള്ളയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കുകയാണ്. ഈ ഒഴിവിലേക്ക് യുജിസി ചട്ടപ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാമെന്ന് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പരസ്യം നൽകാനാണ് ഗവർണറുടെ നിർദ്ദേശം. കമ്മിറ്റിക്ക് ഓൺലൈനായി എവിടെനിന്നുമുള്ള അപേക്ഷ സ്വീകരിക്കാം. യോഗ്യതകൾ വിലയിരുത്തി ഏറ്റവും മികച്ചവരുടെ പാനൽ നൽകണം.
മുൻപ് സെർച്ച്കമ്മിറ്രി കൺവീനറായിരിക്കുന്ന ചീഫ്‌സെക്രട്ടറിയാണ് കമ്മിറ്റിക്ക് യോഗം ചേരാനടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ സൗകര്യങ്ങൾക്കായി സർക്കാരിനെ സമീപിക്കേണ്ടതില്ലെന്നും എല്ലാ സൗകര്യങ്ങളും രാജ്ഭവനിൽ നിന്ന് നൽകാനും ഗവർണർ നിർദ്ദേശിച്ചു. രാജ്ഭവനിലോ കോഴിക്കോട് ഐ.ഐ.എമ്മിന്റെ ഗസ്റ്റ്ഹൗസിലോ സെർച്ച് കമ്മിറ്റിക്ക് യോഗം ചേരാം. കമ്മിറ്റിയുടെ എല്ലാ ചെലവുകളും രാജ്ഭവൻ വഹിക്കാനും ഗവർണർ നിർദ്ദേശിച്ചു. വി സി വിരമിച്ചാൽ മുതിർന്ന പ്രൊഫസർക്കോ മറ്റേതെങ്കിലും വി സിക്കോ ചുമതല നൽകി ഭരണസ്തംഭനം ഒഴിവാക്കാനും ഗവർണർ തീരുമാനിച്ചിട്ടുണ്ട്.
സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാതെ വി സി നിയമനത്തിന് തടയിടാൻ സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഗവർണറുടെ മിന്നൽനടപടികൾ.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്