- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലേക്ക് പോകാൻ തയ്യാറായി നിൽക്കുമ്പോൾ ഡോക്ടറെത്തി; രക്തം നൽകി യാത്ര; തുടർ പരിശോധനയിൽ തിരിച്ചറിഞ്ഞത് വില്ലനെ; ഫോണിലൂടെ റിസൾട്ട് പറഞ്ഞപ്പോൾ ഡോക്ടർ കേട്ടത് ചിരിയും; അസുഖം വന്നാൽ എന്തു ചെയ്യും ഡോക്ടറേ നമ്മുക്ക് ചികിത്സിക്കാം എന്ന മറുപടി പറഞ്ഞ വിപ്ലവ കരുത്ത്; ക്യാൻസർ തെളിഞ്ഞ ആദ്യ സിടി എടുത്തതും കണ്ണൂരിൽ; കോടിയേരിക്ക് പയ്യാമ്പലത്ത് ഇനി അന്ത്യവിശ്രമം
തിരുവനന്തപുരം : പ്രമേഹത്തിന് ദീർഘകാലം മരുന്ന് കഴിച്ചാൽ ക്യാൻസറുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. അതിനാലാണ് പ്രമേഹം വഷളാകുന്നതിന് മുമ്പ് പരമാധി പ്രതിരോധിക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ പ്രമേഹം വരുത്തിവയ്ക്കുന്ന ക്യാൻസറെന്ന മാരക വിപത്താണ് കോടിയേരി ബാലകൃഷ്ണന്റെ ജീവനെടുത്ത്. 18 വർഷത്തിലേറെയായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന വ്യക്തിയായിരുന്നു കോടിയേരി. കൃത്യമായ പരിശോധന നടത്തി പ്രമേഹ ചികിത്സ നടത്തുന്നതിൽ അദ്ദേഹം മടിച്ചില്ല.
എന്നാൽ പ്രമേഹ രോഗികളിലെ സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന പ്രമേഹരോഗ വിദഗ്ധനായ ഡോ. ജ്യോതിദേവാണ് ക്യാൻസർ പരിശോധന നടത്തുന്നതിനെ കുറിച്ച് ചോദിച്ചത്. പിന്നാലെ കോടിയേരി സമ്മതം മൂളി, 2019 ഒക്ടോബറിൽ പ്രമേഹ പരിശോധനയ്ക്കെത്തിയ കോടിയേരിയോട് കാൻസർ പരിശോധനയെ പറ്റി ഡോക്ടർ സംസാരിച്ചത്. പ്രമേഹ രോഗികൾക്ക് കാൻസർ സാദ്ധ്യത മറ്റുള്ളവരെക്കാൾ കൂടുതലായതിനാൽ ഇടയ്ക്കിടയ്ക്ക് രക്തം പരിശോധിക്കുമ്പോൾ കാൻസർ പരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്. എന്നാൽ എ്ന്താണോ ഭയപ്പെട്ടത് അതുതന്നെ സംഭവിച്ചു.
പാൻക്രിയാസിൽ ശക്തമായ കാൻസർ സാന്നിധ്യം. ആദ്യഫലം ഉറപ്പിക്കാൻ വീണ്ടും പരിശോധനയ്ക്കായി പിറ്റേദിവസം ഡോക്ടർ കോടിയേരിയെ കണ്ടു. കണ്ണൂരിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കോടിയേരി രക്തം നൽകി പിന്നാലെ യാത്ര തിരിച്ചു. തുടർപരിശോധനയും ക്യാൻസറാണെന്ന് ഉറപ്പിച്ചു. കണ്ണൂരിൽ ആയിരുന്ന കോടിയേരിയെ ഡോക്ടർ ഫോണിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അവിടെയും ചിരിയായിരുന്നു ആദ്യം. അസുഖം വന്നാൽ എന്തു ചെയ്യും ഡോക്ടറേ നമ്മുക്ക് ചികിത്സിക്കാം. എന്ന് ഉറപ്പോടെ മറുപടിയും. കണ്ണൂരിൽ വച്ചു തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അദ്ദേഹം സി.ടി. സ്‌കാനിംഗിന് വിധേയനായി. ഇതോടെ ക്യാൻസറിന്റെ സ്വഭാവം വ്യക്തമയി.
തിരിച്ച് തിരുവനന്തപുരത്ത് എത്തിയ കോടിയേരി ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ഡോക്ടറെ കാണാനെത്തിയത്. രോഗത്തെ കുറിച്ച് ചോദിച്ച് മനസിലാക്കിയ ശേഷം ഏറ്റവും നല്ല ചികിത്സ നൽകണമെന്ന് വാശിപിടിച്ചത് കോടിയേരിയുടെ ഭാര്യ വിനോദിനിയായിരുന്നു. അതിനുള്ള എല്ലാ പിന്തുണയും അവർ കോടിയേരിക്ക് നൽകി. അങ്ങനെയാണ് അമേരിക്കയിലേക്കുള്ള സാധ്യത കണ്ടെത്തിയത്. അമേരിക്കയിലേ ഹൂസ്റ്റണിലായിരുന്നു വിദഗ്ധ ചികിത്സ, കോടിയേരിക്കൊപ്പം ഡോ.ജ്യോതിദേവും ഹൂസ്റ്റണിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച ക്യാൻസർ ഡോക്ടർമാരിലൊരാളായ മാത്യു കിയേഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം കോടിയേരിയെ ചികിത്സിച്ചു.
ശസ്ത്രക്രീയ നടത്തി പാൻക്രിയാസിൽ കാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്തു. തുടർന്ന് നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ ഡോക്ടറായിരുന്ന ഇപ്പോൾ കൊച്ചിയിലുള്ള ഡോ. അജി മാത്യുവും തിരുവനന്തപുരം ജി.ജി ആശുപത്രിയിലെ ഡോ.ബോബൻ തോമസും തുടർ ചികിത്സ നടത്തി. കോടിയേരി തിരുവനന്തപുരത്തായിരുന്നതിനാൽ ഡോ.ബോബൻ തോമസായിരുന്നു എപ്പോഴും നോക്കിയിരുന്നത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസിൽ കോടിയേരിയെ ചെന്നെ അപ്പോളോയിൽ എത്തിച്ചതും അവിടെ ഡോക്ടർമാരുമായി ഏകോപനം നടത്തിയതും ഡോ.ബോബനായിരുന്നു. ചികിത്സക്കിടയിൽ എഴുന്നേറ്റ് നിൽക്കാനുള്ള ആരോഗ്യം കിട്ടിയാൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കും.
ചികിത്സയ്ക്കിടെ ഇടയിൽ ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തത് ആന്റിബയോട്ടിക്ക് ഇൻജക്ഷന്റെ സഹായത്തോടെയാണ്. കേരള ഹൗസിലെ ഒരു മുറി സജ്ജമാക്കി ഡോ.വർഗീസിന്റെ മേൽനോട്ടത്തിൽ ഇൻജക്ഷൻ നൽകിയ ശേഷമാണ് അദ്ദേഹം യോഗത്തിനു പോയത്. യോഗത്തിനു ശേഷം തിരികെ എത്തി വീണ്ടും അടുത്ത ഇൻജക്ഷനെടുത്തിരുന്നു. ആരും തളർന്നു പോകുന്ന ആ അവസ്ഥയിലും കോടിയേരി പിടിച്ചു നിന്നു. രോഗാവസ്ഥ ഇത്തിരി കൂടുതലാണ് ശ്രദ്ധിക്കണമെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ അതൊന്നും സാരമില്ല, നമ്മുക്ക് ശരിയാക്കാം എന്നായിരുന്നു ഡോക്ടർ ബോബനോടുള്ള കോടിയേരിയുടെ മറുപടി. കീമോ തെറാപ്പിക്ക് വിധേനായ ശേഷം പിറ്റേദിവസം പൊതുവേദിയിൽ കോടിയേരി എത്തും. ഇതിനിടയ്ക്ക് കോവിഡ് ബാധിച്ചപ്പോൾ ഡോക്ടർമാർ ആശങ്കപ്പെട്ടെങ്കിലും അതിനെ കോടിയേരി അതിജീവിച്ചു.
കഴിഞ്ഞ ഡിസംബറിൽ ഡോ. ബോബൻ തോമസ് എഴുതിയ അർബുദം അറിഞ്ഞതിനുമപ്പുറം എന്ന പുസ്തകം പ്രകാശനം ചെയ്ത് കോടിയേരിയായിരുന്നു. ആ വേദിയിൽ വച്ച് കോടിയേരി പറഞ്ഞു. ഞാൻ ഒരു കാൻസർ രോഗബാധിതനാണ്. ഇക്കാര്യം പറയുന്നതിന് എനിക്ക് മടിയില്ല. രോഗം വന്നാൽ ചികിത്സിക്കുകയാണേ വേണ്ടത്..... രോഗബാധിതനായി ചികിത്സയ്ക്ക് ശേഷം ഒരുചാനലിന് നൽകി അഭിമുഖത്തിൽ കോടിയേരി ഇങ്ങനെ പറഞ്ഞു. ജീവിതം ഒരു പോരാട്ടമാണ്. ജീവിതം ഒരു സമരമാണ്. ആ സമരത്തിന്റെ, പോരാട്ടത്തിന്റെ ഭാഗമായി പലതിനെയും അതിജീവിക്കേണ്ടതായി വരും. അത് പല രൂപത്തിലായിരിക്കുമെന്നു മാത്രം. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക എന്നതാണ് ഏതൊരു പ്രശ്നത്തേയും തരണം ചെയ്യാനുള്ള വഴിയെന്ന് ഞാൻ വിശ്വസിക്കുന്നു....അക്ഷരാർത്ഥത്തിൽ ക്യാൻസറുമായുള്ള കോടിയേരിയുടെ പോരാട്ടം ഈ വാക്കുകൾ തന്നെയായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്