- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിയേരിക്ക് പകരക്കാരനായി സെക്രട്ടറിയേറ്റിൽ എത്തുക എം വി ജയരാജൻ; ജയരാജനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രമോഷൻ നൽകി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കാനും ആലോചന; വൽസൻ പാനോളിക്കായും ചരടു വലികൾ; പി ജെ ഫാക്ടറിനെ അപ്രസക്തമാക്കി കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താൻ സി പി എമ്മിൽ ചർച്ചകൾ
കൊച്ചി: സി പി എമ്മിലെ പ്രമുഖ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ നിന്നും പാർട്ടിയും അണികളും ഇതുവരെ മുക്തമായിട്ടില്ലെങ്കിലും വരുന്ന പാർലമെന്റ് തെരെഞ്ഞടുപ്പിന് മുൻപ് പാർട്ടിയെ സജ്ജമാക്കേണ്ടതുണ്ട്. കോടിയേരിയുടെ വിയോഗത്തിലൂടെ പാർട്ടിക്കുണ്ടായ നഷ്ടം നികത്താനാവില്ലങ്കിലും അദ്ദേഹം വഹിച്ചിരുന്ന ചുമതലകളിൽ ഉത്തരവാദിത്വങ്ങളിൽ പുതിയ പേരുകൾ ഉയർത്തി കൊണ്ടു വരേണ്ടതുണ്ട്. ഇത് സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പാർട്ടി തലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. പോളിററ് ബ്യൂറോ കോടിയേരിക്ക് പകരക്കാരനായി പുതിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ എത്തും. ഇക്കാര്യത്തിൽ രണ്ടഭിപ്രായം ആർക്കുമില്ല. പി.ബിയിൽ അംഗമല്ലാത്തവരിൽ സീനിയറും പാർട്ടി സെക്രട്ടറിയുമായതുകൊണ്ട് തന്നെ അടുത്ത കേന്ദ്രകമ്മിറ്റി , പി.ബി യോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
എന്നാൽ സെക്രട്ടറിയേറ്റിലുണ്ടായ ഒഴിവ് എങ്ങനെ നികത്തപ്പെടും എന്ന ചർച്ചകളാണ് നേതൃത്വത്തിൽ നിന്നും ഉയരുന്നത്.കോടിയേരി കണ്ണൂർ സ്വദേശിയാണ്.കണ്ണൂരിൽ നിന്നുള്ള ഒഴിവായതു കൊണ്ട് തന്നെ മറ്റു ജില്ലകൾക്കോ നേതാക്കൾക്കോ ഇതിൽ പരിഗണനയില്ലെന്ന് സംസ്ഥാന നേതൃരംഗത്ത് നിൽക്കുന്ന കണ്ണൂരിലെ നേതാവ് പ്രതികരിച്ചു. പാർട്ടിയിലെ ചർച്ചകൾ മുന്നോട്ടു പോകുന്നത് അനുസരിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താനാണ് ധാരണ. പി ജെ ഫാക്ടറിനെ അപ്രസക്തമാക്കാൻ എം വി കൂടി സെക്രട്ടറിയേറ്റിൽ വേണം എന്നാണ് മലബാറിലെ നേതാക്കൾ പറയുന്നത്. പി ജെ ആർമി ഉയർത്തുന്ന വെല്ലു വിളികൾ പലപ്പോഴും പാർട്ടിക്ക് തല വേദന ആകാറുണ്ട്. എം വി ജയരാജൻ സെക്രട്ഠറിയേറ്റിലേക്ക് വരുന്നതോടെ പി ജെ യെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ക്യാപയിൻ പി ജെ ആർമി അഴിച്ചു വിടാൻ സാധ്യതയുണ്ട്.
ഇത് മുൻ കൂട്ടി കണ്ട് പി ജെ ഫാക്ടറിനെ നിഷ്പ്രഭമാക്കുന്ന നീക്കങ്ങളായിരിക്കും പാർട്ടി തലത്തിൽ ഉണ്ടാവുക. എം വി ജയരാജൻ പാർട്ടി സെന്ററിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയാൽ തലസ്ഥാനത്തു നിന്നും ഒരാൾ കണ്ണൂരിലേയ്ക്കും വണ്ടി കയറുമെന്ന സൂചനയാണ് സി പി എം നല്കുന്നത്. എം വി ജയരാജനെ പോലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പദവിയിൽ നിന്നുള്ള പ്രമോഷൻ എന്ന നിലയിൽ കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് ആലോചന. ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ ശരിയായി പോകുന്നുണ്ട്. പി ശശി കൂടി എത്തിയതോടെ തീരുമാനങ്ങൾക്ക് വേഗത വന്നുവെന്നാണ് പാർട്ടി കരുതുന്നത്. ഈ സാഹചര്യത്തിൽ കെ കെ രാഗേഷിന് പുതിയ ഉത്തരവാദിത്വം നല്കിയാലും മറ്റു പ്രതി സന്ധികൾ ഉണ്ടാവില്ലന്ന് പാർട്ടി കരുതുന്നു.
എം വി ജയരാജൻ സെക്രട്ടറിയേറ്റിൽ എത്തിയാൽ വൽസൻ പാനോളിയെ സെക്രട്ടറിയാക്കണമെന്ന ചർച്ചകളും പാർട്ടി തലത്തിൽ ചില നേതാക്കൾ ഉയർത്തി കൊണ്ടു വരുന്നുണ്ട്. വൽസൻ പാനോളി കർഷക സംഘത്തിന്റെ സംസ്ഥാന നേതാവായി പ്രവർത്തിക്കുന്നതുകൊണ്ടു തന്നെ പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതിനോടു മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾക്ക് യോജിപ്പില്ല. തിരുവനന്തപുരത്ത് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി പദവി കൂടി വഹിക്കുന്നതു പോലെ ജില്ലാ സെക്രട്ടറി സ്ഥാനവും എം വി ജയരാജൻ തന്നെ വഹിക്കട്ടെ എന്ന അഭിപ്രായക്കാരും പാർട്ടിക്കുള്ളിൽ ഉണ്ട്.
എന്നാൽ ആനാവൂർ ജില്ലാ സെക്രട്ടറി പദവി ഒഴിയാത്തത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ പ്രശ്നങ്ങൾ കാരണമാണെന്നും അത്തരം പ്രശ്നങ്ങൾ കണ്ണൂരിൽ ഇല്ലന്നും കണ്ണൂരിലെ പാർട്ടിക്കാർ പറയുന്നു. മാത്രമല്ല സെക്രട്ടറിയേറ്റ് ചുമതല വഹിച്ചു കൊണ്ട് കണ്ണൂരിലെ പാർട്ടിയെ നയിക്കുക എന്നത് അപ്രായോഗികവുമാണ്.അടുത്തു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും പുതിയ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തിന്റെ കാര്യം ചർച്ച ചെയ്യും. എം വി ജയരാജന് ഇത് സംബന്ധിച്ച സൂചനകൾ ചില മുതിർന്ന നേതാക്കൾ നല്കിയെന്നാണ് വിവരം.
എം വി ജയരാജൻ.കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി ആണ്. കണ്ണൂർ ജില്ലയിലെ എടക്കാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.വൈ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. നിയമബിരുദധാരിയാണ്. ജഡ്ജിമാരെ ശുംഭന്മാർ എന്ന് ആക്ഷേപിച്ചതിന് ഇദ്ദേഹത്തിനെതിരെ കോടതീയലക്ഷ്യത്തിന് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആറു മാസത്തെ സാധാരണ തടവിനും 2000 രൂപ പിഴയ്ക്കും 2011 നവംബർ 8-ന് ശിഷിച്ചിരുന്നു.
2010 ജൂൺ 26ന് കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഇദ്ദേഹം കോടതിയുടെ വഴിയോര യോഗ നിരോധന ഉത്തരവിനെതിരെ പരാമർശം നടത്തിയത്. അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിക്കുകയും സ്വാഭാവിക നീതി നൽകേണ്ടതായിരുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തുടർന്നാണ് നവംബർ 15-ന് ജയരാജന് ജാമ്യം അനുവദിച്ചത്. അതോടൊപ്പം പതിനായിരം രൂപയുടെ ബോണ്ട് ഹാജരാക്കുകയും ഹൈക്കോടതി പിഴയിട്ട രണ്ടായിരം രൂപ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു. സുപ്രീം കോടതി ജാമ്യം അനുവദിച്ച പ്രകാരം നവംബർ 16-ന് ജയരാജൻ ജയിൽ മോചിതനായി കോടതിയലക്ഷ്യക്കേസിൽ നാലുമാസം തടവുശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
എന്നാൽ, എം വി ജയരാജൻ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി അദ്ദേഹത്തിന്റെ ശിക്ഷ നാലാഴ്ചയായി കുറച്ചിരുന്നു. മുൻപ് ജയിലിൽക്കഴിഞ്ഞ ദിവസങ്ങൾ കുറച്ച് 19 ദിവസംമാത്രമാണ് അദ്ദേഹത്തിന് തടവിൽ കഴിയേണ്ടി വന്നത്. താൻ നടത്തിയതുപോലുള്ള പരാമർശങ്ങൾ നടത്തിയ ആരെയും ഇതുവരെ ശിക്ഷിച്ചിട്ടില്ലെന്നും കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് തന്നെ ശിക്ഷിച്ചതെന്നും ജയരാജൻ ആരോപിച്ചിരുന്നു..
ഫലിതരൂപത്തിലുള്ള പ്രയോഗത്തിനാണ് തന്നെ ജയിലിലടച്ചത്. ജയിൽശിക്ഷ കാരണം കോടതിയുടെ അന്തസ്സുയർന്നെങ്കിൽ താൻ കൃതാർത്ഥനായെന്നും ജയരാജൻ പറഞ്ഞിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്