കോഴിക്കോട്: കൂരാച്ചുണ്ടിൽ ആൺസുഹൃത്തായ ആഖിലിന്റെ അക്രമത്തിനിരയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ യുവതിയുടെ മൊഴിയെടുത്തു. മലപ്പുറം മഞ്ചേരിയിൽനിന്നും റഷ്യൻഭാഷ അറിയാവുന്ന യുവതിയെ എത്തിച്ചാണു കൂരാച്ചൂണ്ട് പൊലീസ് 28കാരിയായ റഷ്യൻയുവതിയുടെ മൊഴിയെടുത്തത്.

കോഴിക്കോട് കൂരാച്ചൂണ്ട് സ്വദേശിയും ഖത്തറിൽ ജോലിചെയ്യുകയുംചെയ്യുന്ന ആഖിലിനും റഷ്യൻ യുവതിയും അടുപ്പത്തിലാകുന്നതും ഖത്തറിൽ നിന്നു തന്നെയാണ്. തുടർന്നു ഇരുവരും ഒരുമിച്ചാണു ഖത്തറിൽനിന്നും നാട്ടിലെത്തിയത്. നിലവിൽ ഗുരുതര പരുക്കേറ്റ യുവതിയുടെ മൊഴി പരിശോധിച്ച ശേഷം ആഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ആഖിൽ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു കൂരാച്ചുണ്ട് സിഐ കെ.പി. സുനിൽകുമാർ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ആഖിൽ കസ്റ്റഡിയിലാണ്.

സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ആഖിൽ സ്വബോധത്തോടെയല്ല യുവതിയെ അക്രമിച്ചതെന്നും മറ്റു പല ദുശ്ശീലങ്ങളുള്ള വ്യക്തിയാണെന്നും അയൽവാസികൾ പറയുന്നു. ഇതുസംബന്ധിച്ചു യുവതിയും പുറത്തിറങ്ങിയപ്പോൾ പറഞ്ഞുവെന്നും ഈ സ്വഭാവങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നും അറിയാവുന്ന ഭാഷയിൽ യുവതി പറഞ്ഞതായും നാട്ടുകാർ പറയുന്നു.

കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആഖിലും യുവതിയും തമ്മിൽ പ്രശ്‌നമുള്ളതായും യുവതിയെ പരുക്കേറ്റ നിലയിലാണെന്നും നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് 28 വയസ്സുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവതി വീടിന്റെ പിറകുവശത്തൂകൂടി ടെറസിൽനിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം.

എന്നാൽ, കൈയിൽ മുറിവുണ്ടാക്കിയിട്ടുള്ള പരിക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതിനു പുറമെ ശരീരത്തിലേറ്റ മുറിവ് യുവാവ് കടിച്ചതാണെന്നും പി.എച്ച്.സിയിൽ പരിശോധിച്ച ഡോക്്ടറോടു യുവതി മൊഴി നൽകിയിരുന്നു. റഷ്യന്മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. തുടർന്നാണു മഞ്ചേരിയിൽനിന്നും റഷ്യൻഭാഷ പഠിച്ച യുവതിയെ പൊലീസ് കണ്ടെത്തി എത്തിച്ചത്.

കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്‌നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചിരുന്നു.

പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചുപോകുകയായിരുന്നു. നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്‌നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയുംചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.